Wednesday 3 June 2020

പട്ലക്കായ്.... നട്ടിക്കായ്... കൂട്ടായ സംരംഭമായാലെന്താ ? / അസ്ലം മാവിലെ


പട്ലക്കായ്....
നട്ടിക്കായ്...
കൂട്ടായ സംരംഭമായാലെന്താ ? 


അസ്ലം മാവിലെ
▪️

ഇതൊരു ചർച്ചയ്ക്കിടുകയാണ്.

ഈ ഗ്രാമത്തിലെ ഓരോ വീട്ടുകാർക്കും ഒന്നാലോചിക്കാൻ ...

സംഗമങ്ങൾ
സംഘടനകൾ
കൂട്ടായ്മകൾ

ആർക്കും ഈ ആശയം
ഏറ്റെടുക്കാം.

ഇടവപ്പാതി വരാൻ ഇനി 13 ദിവസം കൂടി ഉണ്ട്. അതല്ലെങ്കിൽ ജൂൺ 3ന് കാലവർഷം തുടങ്ങും.

ആരും പറയാതെ
ആരുടെയും നിർദേശത്തിന് കാത്തിരിക്കാതെ
ഈ ഗ്രാമത്തിൽ സംഘടിത ഹരിത വിപ്ലവത്തിന് തുടക്കമിടാൻ സാധിക്കുമോ ?

ജാഗ്രതാ സമിതി പോലെ ഒന്ന്. കൃഷിപാഠ സമിതി / പാട സമിതി,  അവരുടെ മേൽനോട്ടം.. 

അഞ്ചു സെൻ്റുള്ളവൻ്റെ വിട്ടുവളപ്പിൽ, ടെറസിൽ എവിടെയും കൃഷി... പച്ചക്കറി കൃഷി

ഇടക്കിടക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ കുഞ്ഞു കുഞ്ഞു ഏരിയാ ഗ്രൂപ്പുകൾ ..

വിത്തുകൾ, തൈകൾ, കന്നുകൾ നൽകാൻ പരസ്പര ധാരണ, സഹായം ...

കൂട്ടത്തിൽ
കൃഷിഭവൻ്റെ സപ്പോർട്ട്

പറഞ്ഞവനെ വിട്ടേക്ക്
പക്ഷെ, പലയിടത്തും
പരീക്ഷിച്ചു വിജയിച്ചതാണ്

വിപണനവും നാം തന്നെ.
ആവശ്യം കഴിഞ്ഞ് വിൽക്കാം
ഇല്ലെങ്കിൽ gift നൽകാം

ഒരാലോചന
കൃഷിക്കളത്തിൽ പലരും
ഇറങ്ങിക്കഴിഞ്ഞു
എല്ലാവരും ഇറങ്ങാൻ
ഒരു കൂട്ടായ സംരംഭമാകാം


*ഗുണഫലങ്ങൾ*

▪️മാത്സര്യ ബുദ്ധി
▪️വിവിധ കാർഷിക വിള സാധ്യത
▪️പല നാട്ടറിവുകൾ
▪️സഹകരണ മനസ്ഥിതി
▪️വിത്ത് ബാങ്ക്
▪️പ്രാദേശിക വിപണനം
▪️വലിയ വിപണന സാധ്യത
▪️കൃഷിപാഠങ്ങൾ
▪️കുട്ടികളിൽ പുതിയ കൃഷി സംസ്കാരം
▪️വീട്ടമ്മമാർക്ക് ഒഴിവ് സമയം സജിവമാകൽ
▪️ചെറിയ സമ്പാദ്യ നിധി
▪️വിഷമില്ലാത്ത പച്ചക്കറി
▪️വിവിധ ആനുകൂല്യങ്ങൾ
▪️കാർഷികോൽപന്നങ്ങളിൽ സ്വയം പര്യാപ്തത

പടലവലങ്ങയെ അങ്ങിനെയാണ് നാം വിളിക്കുന്നത്. കാർഷിക ഇനം. നീണ്ടുനീണ്ടു വളരുന്ന നട്ടിക്കായ്. ഈ നിർദ്ദിഷ്ട ഡ്രീം പ്രൊജക്ടിനെ നമുക്ക്  അങ്ങിനെ വിളിക്കാം. (നല്ല പേര് സംഭവം തുടങ്ങുമ്പോൾ ചേർക്കാമല്ലോ)

*പട്ലയുടെ കാർഷിക ചരിത്രം* :

പട്ലക്കാർ പണ്ടേ മണ്ണുമായി ബന്ധമുള്ളവരാണ്, കർഷകരാണ്. ഒരു മൂട് ചേനയോ നാല് പച്ചൊളോ കയ്പ്പക്ക, ബെരീങ്ങ, ബെണ്ടേക്കായി, ദാര്പ്പീരെ, എൾത്തണ്ടെ, ക്വായ്ക്ക, ചെർങ്ങ, ബസളെ, ബെള്ളിര്ക്ക, കക്കിര്ക്ക, ചീരെ, ബപ്പങ്ങായി .. ഇതിലേതെങ്കിലും  ഒരൈറ്റം അല്ല നാലഞ്ചൈറ്റം ഇല്ലാത്ത വീട്ടുമുറ്റം  മുമ്പ് ഉണ്ടായിരുന്നില്ല.
എല്ലാ വീട്ട് മുറ്റത്തും കാണും രണ്ട് മൂന്ന് മാവ്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കുണ്ടോച്ചനും പുള്ളന്മാറും ബാദലും ഇതിൻ്റെ അടീന്ന് മാറലുണ്ടാകില്ല.
കേങ്ങിൻ്റെ കണ്ടം, ബെള്ളിരിൻ്റെ ചാല്, എള്ള്, മുദരെ, ബെത്തലെ എന്തെങ്കിലും കൃഷി ചെയ്യാത്ത സ്ഥലമുണ്ടായിരുന്നോ ? തെങ്ങ്, കൗങ്ങ് , ബായെ, കൊക്കോ - അത് വേറെത്തന്നെ.
മിക്ക പൊരേലും കാണും ഒരു പായേംകട്ച്ചി. ഒക്കത്തെ ചെറിയ ബൈപ്പണെ. അധികമാളുകളുടെയും ജീവിതം കൃഷിയായി ബന്ധപ്പെട്ടത്. നട്ടിപ്പെണ്ണുങ്ങളും ബളോം ബട്ടിയും പോത്തും നേങ്ങലും നാട്ടിൽ നിത്യ കാഴ്ചയായിരുന്നു.
വീട്ടുമുറ്റത്ത് പുര പോലെ പണിത പുല്ലിൻ്റെ ചൗട്ട്. ഇടത്തോ വലത്തോ പണിത അലാമത്തിൻ്റെ ബൈപ്പണെ, അതിനകത്തു മൂക്രയിടുന്ന മൂക്കുകയറിട്ട ആര്യനും അമ്പാടിയും. മുകളിൽ നിരയായി പാകി സ്റ്റോക്ക് ചെയ്ത പഴങ്കറ്റകൾ. ബൈപ്പണക്ക് മുന്നിൽ താഴെയായോ സൈഡായോ ചെരിച്ച് കെട്ടിയ പഴുത്തൊഴുത്ത്. അതിൽ എല്ലായ്പ്പോഴും വാലാട്ടി അകിടു ചുരത്തുന്ന അമ്മപ്പശു, കൂടെ കൊങ്കിളി പോലെ ഒരു പൈതൽ ക്ടാഉം. ...
അതൊരു കാർഷികകാലം. അന്നങ്ങിനെ കുറെ കൊയ്ത്തു കാലം. എത്രയിനം നെൽക്കാലങ്ങൾ, കാലവർഷത്തിന് വേറെ, അത് കഴിഞ്ഞു പിന്നെയും കൊറെ എണ്ണം ..കൊൾക്കെ, പുഞ്ചെ, കുട്ടിപ്പുഞ്ചെ...
അന്ന് കല്യാണവും ആണ്ടും ആഘോഷവും എല്ലാം പറഞ്ഞു ഒപ്പിക്കുന്നത് കൃഷിക്കാലം പറഞ്ഞായിരുന്നല്ലോ. കൊൾക്കെ ബാച്ചിറ്റ് ചെക്കന് മങ്ങൽത്തിൻ്റെ അന്താജാക്കാ... ആട്ത്തോളം എന്ക്കും പുർസത്തില്ല, പൊര്ക്കാര്ത്തിക്കും ഇല്ല..
പുതുനെല്ല് വെന്ത് ആദ്യമെടുക്കുന്ന പുതിയരിചോറ് ആഘോഷമായാണ് അയൽക്കൂട്ടങ്ങൾ കഴിച്ചിരുന്നത്. അതിനൊരുക്കുന്ന വിഭവങ്ങൾ മൊത്തം പാടത്ത് വിളയിച്ചത്.  ഒന്നും പുറത്ത് നിന്നല്ല. നോ നോൺ വെജി. അതൊരു കാലം.
പോത്തിനോടും പയ്യൂനോടും  മിണ്ടിയും പറഞ്ഞും നടന്നിരുന്ന ഒരു വല്ലാത്ത കാലം. കുട്ടികളെ ഒക്കത്തിരുത്തി അയലത്തെ തൊഴുത്തു കാണിച്ച് അവരെ കരച്ചിലടക്കിയിരുന്ന മൂത്തപെങ്ങന്മാർ... അതിനിടക്ക് ഓടാനറിയാത്ത പശുക്കിടാവിൻ്റെ ഓർക്കാപ്പുറത്തെ ഓട്ടം കണ്ട് ഭയന്നോടി നിലത്തു വീണ് മൂക്കും ചുണ്ടും കീറി അതിലും വലിയ കരച്ചിലുമായി വീടണയുന്ന പാവം പെമ്പിള്ളേർ ...
അങ്ങിനെയൊരു കാലം ഇയ്യിടെയാണ് പൊയ്മറഞ്ഞത്. പക്ഷെ, മണ്ണിവിടെത്തന്നെയുണ്ട്, അതെങ്ങും പോയിട്ടില്ല. ഒരു നിയോഗം പോലെ അക്കരെ വയലും ഇക്കരെ വയലിലെ ചെറിയ ഭാഗവും ബാക്കിത്ത് മാറിലെ ഒരു ഭാഗവും ഇപ്പഴും പാടങ്ങളായി അങ്ങിനെ തന്നെ കിടക്കുന്നു, ചില സ്ഥലത്ത് മാത്രം ഇപ്പഴ് കൃഷിയുണ്ട്. ബാക്കി ബെർദെ കിടക്കാണ് -  പട്ല്ട്ടന്നെ. ഇനിയവിടെ  ഏതായാലും കെട്ടിടം  പൊന്താൻ ഒപ്പിടി മുസ്ക്കിലാണ്.  എന്നാ പിന്നെ കൃഷി ചെയ്യാലോ, ചെയ്യുന്നവർക്ക് വിട്ടു കൊടുക്കാലോ ... ആലോചിക്കണം, അതിനാണ് ഈ കുറിപ്പ്.
സാധ്യതയുണ്ട്, അത് ഏറെയാണ്. ഒപ്പം വീട്ടുവളപ്പും കോൺക്രീറ്റ് ടെറസുകളും പലയിടത്തും വെറുതെ കിടക്കുകയുമാണ്. ആദ്യം ട്രയൽ തുടങ്ങേണ്ടത് വീട്ടുമുറ്റത്ത് തന്നെ. പിന്നെ, പുറത്തേക്കിറങ്ങാം..
ആളുകൾക്ക് കൃഷിക്കിറങ്ങാൻ  താൽപര്യമുണ്ട്. പക്ഷെ, അയൽപ്പക്കം തുടങ്ങിയാൽ, അമ്മായിൻ്റെ മക്കൾ തുടങ്ങീന്ന് അറിഞ്ഞാൽ മാത്രം ഞാൻ / എൻ്റെ കുടുംബം  തുടങ്ങുമെന്നേയുള്ളൂ. അപ്പോൾ ഒരു സ്റ്റാർട്ടിംഗ് ട്രബിളിൻ്റെ പ്രശ്നമാണ് കാതൽ. അതൊന്നു ശരിയാക്കി എടുത്താൽ പിന്നെ വണ്ടി മുമ്പട്ട് പൊക്കോളും.

ഓർക്കുക
വാട്സാപ്പിൽ എത്ര വിതറിയാലും വിത്തു മുളക്കില്ല. ഇറങ്ങിത്തിരിച്ചാലേ കാര്യങ്ങൾ നടക്കൂ.
▪️
*പട്ലക്കായ്....*(.....2.....)

*നേതൃസമിതി*

അത് വേണം. എല്ലാവർക്കും സ്വീകാര്യരായ ഏതാനും പ്രതിനിധികൾ. ഒപ്പം ഇരുത്തം വന്ന കർഷകർ - പ്രായമുള്ളവരും ചെറുപ്പക്കാരും. കൂടെ വാർഡ് പ്രതിനിധി + കൃഷിഭവൻ ഉദ്യോഗസ്ഥർ + പഞ്ചായത്ത് ബോർഡിലെ കൃഷിയിൽ താൽപര്യമുള്ള ഒരു ഉന്നത വ്യക്തി + ( പ്രസിഡൻ്റോ വൈസോ എസ്.സി.സി യോ - ഒരാൾ മതി ), ജമാഅത്ത് പ്രതിനിധി ഒന്നു വീതം + വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒരാൾ
മേൽനോട്ടം നല്ലതാണ്. പരാതി പറയാനും പരിഹാരം കേൾക്കാനും ഭാവി പദ്ധതികൾ മെനയാനും ഗൈഡൻസ് തരാനും കോർഡിനേഷനും എല്ലാം എല്ലാം ...

*ഏരിയ തിരിക്കൽ" 

അതെങ്കിൽ വളരെ ഗംഭീരം. ഓരോ ഏരിയക്കും രണ്ടോ മൂന്നോ ലീഡർ. നേതൃസമിതിയുടെ കീഴിലാണ് ഈ ടീം. സൗകര്യത്തിനാണ് ഇങ്ങിനെ ഏരിയ തിരിക്കുന്നത്. മറ്റൊന്ന് ഇത് വഴി മാത്സര്യ ബുദ്ധി ഉണ്ടാകും. ഓരോ ഏരിയക്കും ഓരോ പേരിടാം, കാർഷിക വിളയുമായി ബന്ധപ്പെട്ടത്..

*ഒരാസ്ഥാനം*

അത്യാവശ്യാണ്. ഒന്ന് ഓഫീസ്. ചെറിയ ഗോഡൗണായി ഉപയോഗിക്കാൻ പറ്റുന്നത് നല്ലത്. വിത്ത് , വളം, കീടനാശിനി, ഗ്രോബാഗ്, സ്പോൺസർ ചെയ്ത് കിട്ടുന്ന പണിയായുധങ്ങൾ... അങ്ങനങ്ങനെ ഒരു പാട് കാര്യങ്ങൾക്ക്.
പിന്നൊന്ന് മഴ തോരുന്ന ഒരു ചെറിയ ഓലപ്പന്തൽ. അതെന്തിനെന്ന് പിന്നെ ചർച്ച ചെയ്യാം.

*സ്ത്രീ കൂട്ടായ്മ* 

എന്തിന് ? ആര് മുന്നിൽ നിൽക്കും ?
നമ്മുടെ ഗ്രാമത്തിൽ എട്ടിലധികം കുടുംബശ്രീ ഗ്രൂപ്പുകൾ ഉണ്ട്. ചെറിയ തോതിൽ വായ്പ ഇടപാടാണ് നടക്കുന്നത്. അവർ കൂടി ഇതിൽ സജീവമായാൽ ടെറസ് - അടുക്കളത്തോട്ടങ്ങൾ സജീവമാക്കാം.
സംഭവം പച്ചവെച്ചാൽ പച്ചക്കറി കച്ചോടം കുടുംബശ്രിക്കാർ തന്നെ ഏറ്റെടുത്തോളും.
*ലീഫ് ലെറ്റ്/ ഓൺലൈൻ നോട്ടീസ്*
അപ്പപ്പോൾ കൃഷി സംബന്ധമായ വളരെ ആവശ്വമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി നോട്ടീസുകൾ വിതരണം ചെയ്യാം. അതിന് ആളൊന്നും വേണ്ട. ഓരോ ഏരിയയിലേക്കും ഒരു കെട്ട് നോട്ടീസ്. ഒരാൾ ഒരു വീട്ടിൽ എത്തിക്കുന്നു, ആ വീട്ടിലെ നോട്ടീസ് എടുത്ത് ബാക്കി അടുത്ത വീട്ടിലേക്ക് ... ഒരു മണിക്കൂറിൽ പട്ല മൊത്തം നോട്ടിസെത്തും.
കോവിഡ് കാലത്ത് ഓൺലൈൻ നോട്ടിസും ധാരാളം ...

*ധനശേഖരണം*

200 രൂപ വെച്ച് ആസ്തി ഉണ്ടെങ്കിൽ നല്ലതാണ്, ഉള്ളവർ മാത്രം. ഇല്ലാത്തവർക്ക് വായ്പ നൽകാം, പിന്നീട് നൽകണമെന്ന വ്യവസ്ഥയിൽ. ഇതൊന്നിനും പറ്റാത്തവരെയും ഒഴിവാക്കരുത്. തുടക്കത്തിൽ ഉണ്ടാകുന്ന ചെറിയ ചെലവുകൾക്കാണ്.
*പണിയായുധശേഖരണം*
ഏത് വീട്ടിലും കാണും തള പോയ കൈകോട്ട്/പിക്കാസ്. രണ്ട് കമ്പ് വെട്ടി കമുകിൻ്റെ പാള കീറി ഇട്ടു കൊടുത്താൽ തീരുന്ന വിഷയമാണ്. വെറുതെ കിടക്കുന്ന ഇത്തരം സാധനങ്ങൾ ഏരിയാ ടീമിനെ ഏൽപ്പിക്കണം. അതിൻ്റെ മെയിൻ്റനൻസ് അവർക്കാണ്. ചട്ടി, വട്ടി, ബാഗ് എന്തൊക്കെ എക്സ്ട്രാ അൽപം കംപ്ലയിൻ്റുള്ളത് വാങ്ങുക. പറ്റാവുന്നത് ശരിയാക്കുക. ഇല്ലാത്തവന് തിരിച്ചു തരണം എന്ന വ്യവസ്ഥയിൽ രേഖപ്പെടുത്തി കൊടുക്കുക. എഴുത്തു കുത്തൊക്കെ സ്കൂൾ പിള്ളന്മാർ ഏറ്റെടുത്തോളും.

*ചെറിയ പരിശീലനം*

അനുഭവസ്ഥർ ഒന്നു വേലിയുടെ സൈഡ് നിന്ന് പറഞ്ഞു കൊടുത്താൽ മാത്രം മതി. അതങ്ങിനെ, ഇങ്ങനെ എന്നൊക്കെ.. രണ്ടീസം കഴിഞ്ഞാൽ ഇവർ പിന്നെ ഉസ്ദായിക്കോളും.

*(നാൽ )ക്കാലിശല്യം*

എല്ലാരും പൊരൻ്റെ മുറ്റത്തുണ്ടെങ്കിൽ നാൽക്കാലികളുടെ ശല്യം ഒരിക്കലും ഉണ്ടാകില്ല. അങ്ങനെ കെട്ടയച്ചു ആരും വിടുകയുമില്ല. അതൊരു ഭിഷണി ആകില്ല.

*വിത്ത് ശേഖരണം* 

എന്ത് മാർഗ്ഗമെന്ന് അനുഭവസ്ഥർ പറയട്ടെ, അങ്ങിനെ വിത്ത് ശേഖരിക്കാം. നമുക്ക് തന്നെ വിത്ത് കളക്ട് ചെയ്യാം. ഉള്ളവർ അങ്ങോട്ടുമിങ്ങോട്ടും നൽകാം. കൃഷിഭവൻ വഴി വാങ്ങാം. വിവിധ കാർഷിക സ്ഥാപനങ്ങൾ വഴി ലഭിക്കും.
അതിനോരോ വഴികൾ കണ്ടെത്താൻ സാധിക്കും. ചില സുമൻസ്കർ വിത്ത് സ്പാൺസർ ചെയ്തെന്നും വരും.

*കീടശല്യം*
*വളർച്ചക്കുറവ്*
*മറ്റു പ്രശ്നങ്ങൾ ..*

ഇതൊക്കെ അപ്പപ്പോൾ അതത് ഏരിയ വിംഗിന് റിപ്പോർട്ട് ചെയ്യണം. അവർ സെൻട്രൽ ടീടിനെ അറിയിക്കണം. ആവശ്യമായ പരിഹാരം ഉടനെ. പിന്നെ അത് ഓൺലൈനിൽ പരസ്യപ്പെടുത്തണം.

*വിളവെടുപ്പ്* 

ചീരയ്ക്കാകും ആദ്യം ചാൻസ്. പിന്നെ ഓരോന്ന് ഓരോ ഘട്ടത്തിൽ. അതിങ്ങനെ മുന്നോട്ട് പോകും. കേന്ദ്രം വില നിശ്ചയിക്കാം. അത് വെച്ചു വിൽക്കാം. വെറുതെ നൽകാം.
ചന്തയിൽ വിൽക്കാം. അതിനാണ് ആദ്യം പറഞ്ഞ മഴ തോരുന്ന ഓലപ്പന്തൽ - നമ്മുടെ പട്ലക്കായ്ച്ചന്ത !

*വിളകൂടിയാൽ ?*
എന്താ സംശയം, പട്ലയ്ക്ക് പുറത്തേക്ക് പോകണം, പല മാർക്കറ്റിലേക്കും. കൊല്യ, മധൂർ, മായിപ്പാടി, കുഞ്ചാർ, സീതാംഗോളി, അറന്തോട്, ഉളിയത്തട്ക്ക, ...
*ഓൺലൈൻ ബിസിനസ്*
അതിനും സൂപ്പർ സാധ്യത. തുടക്കം നാലഞ്ച് വാട്സാപ് ഗ്രൂപ്പിൽ ആരംഭിക്കാം. അന്നന്നത്തെ അവൈലബ്ൾ ഇനങ്ങൾ അപ്പപ്പോൾ പബ്ലിഷ് ചെയ്യുന്നു. ബുക്ക് ചെയ്യുന്നു. ഒരു കൃത്യ സമയത്ത് സാധനങ്ങൾ എത്തിക്കുന്നു. അങ്ങിനെ വരുമ്പോൾ ഓരോ വീട്ടിലും (പട്ലക്ക് പുറത്ത്/അകത്ത് ) അവർക്കാവശ്യമായ പച്ചക്കറികൾ എന്തൊക്കെ എന്ന ധാരണ കിട്ടും. കിറ്റുകളായി ഒരാഴ്ചക്കുള്ള വിഭവങ്ങൾ നൽകാം. എല്ലാം കൊമേഴ്സ്യൽ മൈണ്ടിൽ എടുക്കണം.

*ഓർക്കുക*
വാട്സാപ്പിൽ എത്ര വിതറിയാലും വിത്തു മുളക്കില്ല. ഇറങ്ങിത്തിരിച്ചാലേ കാര്യങ്ങൾ നടക്കൂ.

*നട്ടിക്കായ്...*
*പട്ലക്കായ്.... (.....3.....)

*ഗൃഹസന്ദർശനം*
ആര് ? അഞ്ച് അയൽ വീട്ടുകാർ. സ്ത്രീകൾ. അവർ അടുക്കള കൃഷിത്തോട്ടം കാണട്ടെ. കുറവുകൾക്ക് പരിഹാരം ആരായട്ടെ, പറഞ്ഞു തരട്ടെ. എങ്ങിനെ വിത്തിട്ടു ? എന്ത് വളമിട്ടു ? എത്ര അളവിൽ ? അങ്ങനങ്ങനെ പ്രാഥമിക വിവരങ്ങൾ.
അത് പോലെ പുരുഷന്മാർ...
വീടു സന്ദർശനത്തിൻ്റെ ഉദ്ദേശം കൃഷിക്കാര്യമന്വേഷിക്കാനുമാകട്ടെ. തിരിച്ചു പോകുന്നത് പുതിയ അറിവായിട്ട്, അല്ലെങ്കിൽ ഒരറിവ് അങ്ങോട്ട് നൽകി.

*സംശയങ്ങൾ ചോദിക്കാൻ*
അതിന് നേതൃസമിതി മേൽ നോട്ടം വഹിക്കണം. കൃഷിഭവൻ എന്തിനാ ? അഞ്ചാറ് പേർക്ക് അവിടെ വൈന്നേരം വരെ വന്നിരിക്കാനല്ലല്ലോ. നമുക്ക് ആവശ്യമായ സഹായങ്ങൾ തരാനാണ്. അവർ തരികയും ചെയ്യും'. അവരെ സഹകരിപ്പിച്ച് കൊണ്ട് സംരംഭത്തിന് തുടക്കമിടണമെന്ന് പറയുന്നത് അത് കൊണ്ടാണ്.
എല്ലാ സംശയങ്ങൾക്കും മറുപടി കിട്ടി. അവർക്കായില്ലെങ്കിൽ അവരെക്കാളും വലിയവരോട് ചോദിച്ച് സംശയം തീർക്കും. പോരാത്തതിന് കേരളത്തിലെ അറിയപ്പെടുന്ന 1- 2  കൃഷി വിദഗ്ദ്ധരെ കൂടി നമുക്ക് ഗ്രൂപ്പിലിടാം.

*ശാസ്ത്രീയമായ കൃഷിരീതി*
*സ്ഥലത്തിനനുസരിച്ച കൃഷിയിറക്കൽ*
അഞ്ചു സെൻ്റുള്ളവൻ നാലഞ്ച് വാഴമൂട് കിളച്ചിട്ടാൽ പിന്നെ വേറെ കൃഷിക്ക് സ്ഥലം തികയാതെ വരും. സ്ഥല ലഭ്യതക്കനുസരിച്ചുള്ള കൃഷിരീതി വരണം. അതിനാണ് വിദഗ്ദ്ധർ. അവരുടെ അഭിപ്രായങ്ങൾ പ്രധാനമാണ്. ടെറസിൽ എങ്ങിനെ ? മതിൽ കെട്ടിൽ എങ്ങിനെയൊക്കെ കൃഷിസ്ഥലമൊരുക്കാം. അങ്ങിനെ ഒരുപാട് കാര്യങ്ങൾ.

*ജൈവവള നിർമ്മാണം*
എല്ലാ വീടും ഓരോ ജൈവവള ഫാക്ടറി ആകാൻ പോവുകയാണ്. അതെങ്ങിനെ ചുരുങ്ങിയ ചെലവിൽ ഉണ്ടാക്കാം ? , കൃഷി ഭവൻ ആവശ്യമായ പരിശീലനം അഞ്ചെട്ട് പേർക്ക് തന്നാൽ കാര്യം കഴിഞ്ഞു. അവർ ഡെമോ കാണിക്കുന്നു.  നാലീസത്തിനുള്ളിൽ എല്ലാ വീട്ടിലും മൈക്രോഫാക്ടറി റെഡി! . നാം വെറുതെ കളയുന്ന എച്ചിൽ വസ്തുക്കൾ രണ്ട് മാസത്തോടെ സൂപ്പർ വളമായി മാറുമത്രെ. പറഞ്ഞു കേട്ടത് നമുക്ക് പ്രാവർത്തികമാക്കാം.

*കൂട്ടുകൃഷി & വിപണി*
ഇതൊരു സുപ്പർ സംരംഭമാണ്. എന്താണ് മാർക്കറ്റ് സാധ്യത അതിനനുസരിച്ച് വേണം കൃഷി ഇനം തെരഞ്ഞെടുക്കാൻ. വലിയ മാർക്കറ്റാണ് ലക്ഷ്യം. അതിനുള്ള വിപണി സാധ്യത നേരത്തെ അറിയണം. പട്ലയിൽ നിന്നു തന്നെ ചിലർ പുറം നാടുകളിലേക്ക് എക്സ്പോർട്ട് ചെയ്യുന്നുണ്ട്. അത്തരം ദീർഘദൃഷ്ടിയോടെയാകണം വലിയ തോതിൽ കൂട്ടുകൃഷിക്കിറങ്ങാൻ. നെല്ല് മുതൽ അങ്ങോട്ട് എന്തുമാകാം...
നന്നാല് വീതമുള്ള ഗ്രൂപ്പുകളാക്കി മറ്റോ ഉണ്ടാക്കി ഏരിയ തിരിച്ച് മാത്സര്യ ബുദ്ധിയോടെ കളത്തിലിറങ്ങിയാൽ ബഹു രസമായിരിക്കും. ഇതിന് ഒരു ജോഗ്ഗിംഗും മോർണിംഗ് വാക്കും  സമമാകില്ല. തടിയനങ്ങി സമ്പാദ്യം.
ജലലഭ്യതയുള്ള കുന്നിൻ പ്രദേശത്തോ തരിശായിക്കിടക്കുന്ന തോട്ടങ്ങളിലോ പാടങ്ങളിലോ ഇത്തരം കൃഷിക്കുള്ള സാധ്യത വളരെ കൂടുതലാണ്.

*ഉള്ള കൃഷിക്ക് സഹായം*
നമ്മുടെ തന്നെ നിലവിലുള്ള  കമുക്, തെങ്ങ്, വാഴ കൃഷിക്കാവശ്യമായ പരിചരണവും കൂട്ടത്തിൽ ചെയ്യാം. കൂട്ടത്തിൽ ഓരോ ചോട്ടിലും നല്ല ഇനം കുരുമുളക് വള്ളിയും പടർത്താം. ഒഴിഞ്ഞ സ്ഥലത്ത് പുതിയ ഇനം തെങ്ങ്, കമുക് നടാം. 

*പച്ചക്കറിയല്ലാത്ത*
*മറ്റിനങ്ങൾ*
അതും സൈഡായി നടക്കും. മാത്തൈ, പൈനാപ്പിൾ, ഫാഷൻ ഫ്രൂട്ട്, സീതപ്പഴം, പേര, ചക്ക, നാരകം, വാഴ, ചാമ്പ മുതൽ  സ്ഥല ലഭ്യതക്കനുസരിച്ച്  പത്തിരുപതോളം ഐറ്റംസ് മികച്ചതും വിശ്വാസ്യതയുള്ളതുമായ കേന്ദ്രങ്ങളിൽ പോയി കൊണ്ട് വരാം. ഇവിടെ എത്തിക്കാനുള്ള ഏർപ്പാടാക്കാം.

*തേനീച്ച വളർത്തൽ*
ഇതിനും നമുക്ക് സാധ്യത ഉണ്ട്. കുറച്ച് വീടുകളിൽ ആദ്യം  പരീക്ഷിക്കട്ടെ. സംഗതി ഒത്താൽ കുറച്ചു പേർ ആ കൃഷിയിലും  മുഴുകാമല്ലോ. തേൻ വേണ്ടാത്തവർ ആരുമുണ്ടാകില്ല. പത്ത് രൂപ വില കുറച്ച് കൊടുത്താൽ ഒറിജിനൽ വാങ്ങാൻ ധാരാളമാളുകൾ ക്യൂ  ഉണ്ടാകും. "പട്ല ഹണി" - അതൊരു ഉട്ടോപ്യൻ മാറ്ററല്ല.

*ഒരു വീട്ടിൽ ഒരു കോഴിക്കൂട്*
ചെറിയ പദ്ധതിയാകണം. പത്ത് മുട്ടക്കോഴികൾ. 10 കോഴിക്കുള്ള കൂടൊക്കെ മാർക്കറ്റിൽ കിട്ടും. ഗവ. ഏജൻസി സബ്സിഡിയിൽ കിട്ടാൻ സാധ്യതയുണ്ട്.  ഒരു നിശ്ചിത മാസം കഴിഞ്ഞാൽ മുട്ടയോട് മുട്ട. എന്നും എല്ലാന്നാളും. 10 മുട്ട ദിവസം. 100 വീട്ടിൽ 1000 മുട്ട. വിപണി എങ്ങിനെ ഉണ്ടാകും. അതിനുള്ള ആഹാരം മൊത്തമായി വാങ്ങുമ്പോൾ നല്ല വിലക്കുറവിന് കിട്ടും. കോയിത്തീട്ടം സൂപ്പർ വളമല്ലേ. (പട്ലയിൽ മുട്ടക്കോഴി യൂനിറ്റുള്ള വീടുകൾ ഉണ്ടെന്നാണറിവ്. അവർ മതി നിർദ്ദേശങ്ങൾ നൽകാൻ )
കാട, കൊമ്പൻ, ബത്ത് ഇതൊക്കെ പരീക്ഷിക്കാവുന്നതാണ്

*മീൻകൃഷി*
10 പേർ വിചാരിച്ചാൽ ബൂഡിൽ ഉള്ള ഒരു പഞ്ചായത്ത് കുളം ഇതിനായി ആലോചിക്കാം. പരിചരിക്കാൻ ആ കുളത്തിന് ചുറ്റുമുള്ള വീട്ടുകാർ തന്നെ മതി. പുറത്തുള്ളവർ വേണ്ടല്ലോ. (കൃത്യമ കുളമുണ്ടാക്കിയും ഇപ്പോൾ ഒരുപാട് പേർ പലയിടത്തും മത്സ്യകൃഷി ചെയ്യുന്നുണ്ട് )

*ഔഷധസസ്യങ്ങൾ*
*പൂച്ചെടികൾ*
പനിക്കൂർക്ക (സാമ്പ്രാണി), തുളസി, ചൊക്കി മുതൽ എത്രയെത്ര  ഔഷധസസ്യങ്ങൾ നമ്മുടെ മണ്ണിൽ ഉണ്ടായിരുന്നു. എത്രയെത്ര പൂക്കൾ മുമ്പ് കാണായിരുന്നു - റോസും ചെമ്പരിത്തിയും നാല്മണിയും ജാസ്മിനും തൊട്ട് ഒരു ഡസൻ പൂച്ചെടികൾ ഇല്ലാത്ത വീടുകൾ മുമ്പ് കുറവായിരുന്നു.  അതും പുതിയ പൂക്കളും നമുക്കും പരീക്ഷിക്കാം. പൂക്കൃഷി എന്നത് ചെറിയ നെത്തോലിയല്ല.
*പുതിയ പരീക്ഷണങ്ങൾ*
മല്ലി, മഞ്ഞൾ, ഇഞ്ചി, കാരറ്റ്, ബീറ്റ്റൂട്ട്, നിലക്കടല തുടങ്ങി ജർജീർ,  മുന്തിരി വരെ പരീക്ഷിക്കാവുന്ന ഇനങ്ങളാണ്. ആയങ്ക് ഒരു പാക്ക്, പോയങ്ക് ഒരു തലയാ  ബിത്താ. അത്രേയുള്ളൂ.

*ഇൻഷുറൻസ്*
ചിലതിന്നൊക്കെ ഇൻഷൂർ ചെയ്യേണ്ടതുണ്ട്. അതൊക്കെ കൃത്യമായി ഉദ്യോഗസ്ഥർ പറയും. അതൊക്കെ നമ്മുടെ സ്കൂൾ/കോളേജ് കുട്ടികൾ  Front ഓഫിസിൽ വന്ന് പൂരിപ്പിച്ച് കൊടുത്തോളും.

*സപ്പോർട്ട്*
*സഹകരണം*
*പബ്ലിസിറ്റി*
ഒന്നു വിജയിച്ചാൽ പിന്നെ പറയണ്ട.  അത് മീഡിയക്കാർ ഏറ്റെടുത്തോളും. നമ്മുടെ ഉഷ ടിച്ചറെപ്പോലെയുള്ളവർ നന്നായി മാധ്യമകവറേജ് ചെയ്യാൻ മുമ്പിൽ ഉണ്ടാകും. നാട്ടിൽ തന്നെ മാധ്യമ രംഗവുമായി പരിചയമുള്ളവർ വേറെയും ഉണ്ടല്ലോ.
ഇതിന് ഇറങ്ങി എന്ന് പറഞ്ഞാൽ തന്നെ വിജയിച്ചു എന്നാണ് മാധ്യമഭാഷ. 'മണ്ണുണ്ട്, വിത്തുണ്ട്, വളമുണ്ട്, ആളുണ്ട്. പിന്നെ എന്താ വേണ്ടത് ? മനസ്സ്. അതായാൽ പിന്നെ എല്ലാം ചേരുംപടിയായി.

*ഇനി.....*
ഇനിയോ? ഇനിയെന്താ ? നാട്ടിൽ ഇതൊക്കെ സംഘടിതമായി ചെയ്യണം, ചെയ്ത് കാണണം എന്നാഗ്രഹമുള്ളവർ ഇറങ്ങണം. അവർ നേതൃനിരയിൽ വരട്ടെ. നമുക്കവരുടെ നിർദ്ദേശങ്ങൾ കാതോർക്കാം. വിവിധ ഗ്രൂപ്പുകളിൽ ചർച്ച വരട്ടെ. നാട് പച്ച പിടിക്കുകയല്ലേ ? അതൊരു പുണ്യകർമ്മം കൂടിയാണല്ലോ.

*അനുബന്ധ സംരംഭങ്ങൾ*
വാണിജ്യാടിസ്ഥാനത്തിൽ വിവിധ ഇനങ്ങളുടെ അച്ചാർ, ജാം തുടങ്ങി വലിയ മുന്നൊരുക്കമില്ലാത്ത സംരംഭങ്ങൾ തുടങ്ങാം.

*പ്രോത്സാഹനങ്ങൾ*
നാട്ടിലെ വിവിധ കൂട്ടായ്മകൾ, വ്യക്തികൾ  കാർഷിക സംബന്ധ മത്സരങ്ങൾക്ക് പ്രാധാന്യം നൽകണം, സമ്മാനങ്ങൾ നൽകാം- അത് വളമായോ ക്യാഷായോ ഗ്രോബാഗായോ പണിയായുധങ്ങളായോ എന്തും...

*വിളവെടുപ്പുത്സവം*
കൂട്ടുകൃഷി വിളവെടുപ്പ് വലിയ സുദിനമായി കൊണ്ടാടാം. അതിഥികൾ, മാധ്യമ സംഘങ്ങൾ, ഉന്നത ഉദ്യോഗസ്ഥർ, ജനനേതാക്കൾ . മൊത്തം കളർഫുളളാകും.

*ചൊല്ല്*
ഉപ്പിനും ചിംണെണ്ണക്കുമത്രെ മുൻതലമുറ കുന്നിറങ്ങിയിരുന്നതെന്ന ഒരു ചൊല്ലുണ്ട് ! ബാക്കിയുള്ളതൊക്കെ അവരവർ തന്നെ  പാടത്തും പറമ്പിലും ഉണ്ടാക്കും പോൽ. ഈ ചൊല്ലന്വർഥമാക്കി പുറത്ത് നിന്നും ഒരാൾ പട്ലയിൽ ഇല്ല എന്ന് പറയാത്ത ഒരു "പട്ലശ്ശേരി" നമ്മുടെ സ്വപ്നത്തിൽ മാത്രമല്ല ലക്ഷ്യത്തിലും പിടിപ്പിച്ചു നോക്കിയേ.... 

*പ്രചോദനം & ഉദ്ദേശം*
ഈ എഴുത്തിൻ്റെ ചേതോവികാരം ഇത്രമാത്രം - ഈ സംരംഭത്തിന് ആരെങ്കിലും മുന്നിട്ടിറങ്ങി തുടക്കമിട്ടാൽ അനുഭവസ്ഥരിൽ നിന്നും  കൃഷി ബാലപാഠം പഠിച്ചു ഒന്ന് മണ്ണിലിറങ്ങണം. എൻ്റെ വീട്ടുവളപ്പിലും മട്ടുപ്പാവിലും ഒരു ശ്രമം നടത്തണം.
( എല്ലാ നാട്ടിലുമുള്ള കൂട്ടായ്വമകളുടെ ശ്രദ്ധയിൽ വരാൻ ചെറിയ മാറ്റങ്ങളോടെ ഈ ലേഖനം ഓൺലൈൻ മീഡിയയിലും പ്രതീക്ഷിക്കാം)

*ഓർക്കുക*
വാട്സാപ്പിൽ എത്ര വിതറിയാലും വിത്തു മുളക്കില്ല. ഇറങ്ങിത്തിരിച്ചാലേ കാര്യങ്ങൾ നടക്കൂ.

No comments:

Post a Comment