Thursday 19 December 2019

അതങ്ങിനെ വരാതിരിക്കാൻ വഴിയില്ലല്ലോ; പ്രളയാശ്വാസധനം അക്കൗണ്ടിൽ അനക്കം വന്നുതുടങ്ങി* / അസ്ലം മാവിലെ

*അതങ്ങിനെ വരാതിരിക്കാൻ വഴിയില്ലല്ലോ; പ്രളയാശ്വാസധനം  അക്കൗണ്ടിൽ അനക്കം വന്നുതുടങ്ങി*
................................
അസ്ലം മാവിലെ
................................

പ്രളയദുരിതാശ്വാസ ധനസഹായം ലഭിക്കുവാൻ ഇവിടെ (പട്ലയിൽ)  വളരെ ആസൂത്രിതമായാണ് ഹെൽപ് ഡെസ്ക് തുറന്നത്. പക്ഷെ, അത്രയൊക്കെ ചെയ്തിട്ടും അതിന്റെ റിസൾട്ട് കിട്ടാതായപ്പോൾ സ്വാഭാവികമായും എല്ലാവർക്കും പ്രയാസമുണ്ടായിരുന്നു,  പത്രത്തിൽ പ്രസ്‌താവന കണ്ടതല്ലാതെ നടപടിയൊന്നും തുടക്കത്തിൽ കാണാതായപ്പോൾ പ്രത്യേകിച്ചും.

ഇക്കഴിഞ്ഞമാസം വീണ്ടും ഈ  വിഷയം പൊതുജനങ്ങൾക്കിടയിൽ  ചർച്ചാവിഷയമായി. അന്വേഷണത്തിൽ അർഹതപ്പെട്ടവർക്ക് ദുരിതാശ്വാസ ധനം അനുവദിച്ചുകൊണ്ട് നടപടിയാരംഭിച്ചെന്നുള്ള വാർത്ത ലഭിച്ചു. കാസർകോട്ട് നിന്നാണ് പ്രസ്തുത കോംപൻസേഷൻ വിതരണം ചെയ്യാനുള്ള ആക്ഷൻ ഇനിയുണ്ടാകേണ്ടതെന്നും ചില പ്രദേശങ്ങളിലുള്ളവർക്ക് അവ ലഭിച്ചുതുടങ്ങിയെന്നും അറിയാനിടയായി. ഒപ്പം, പട്ലയിലെ അപേക്ഷകരിൽ 95% പേരും  സമാശ്വാസധനത്തിന് അർഹരെന്നും  വൈകാതെ ലഭിക്കുമെന്നും.

ഇന്ന് കിട്ടിയ റിപ്പോർട്ടനുസരിച്ച് പട്ലയിലെ പ്രളയദുരിതമനുഭവിച്ചവർക്കും   ആശ്വാസ തുക ലഭിച്ചു തുടങ്ങിയിരിക്കുന്നു. അഞ്ചോളം കുടുംബങ്ങൾ ഇവരിൽ പെടും. ബാക്കിയുള്ളവർക്കും പിന്നാലെ ലഭിക്കുമെന്ന് നമുക്ക് കരുതാം. എങ്കിലും,  ടൗണിൽ പോകുന്നവർ  താലൂക്കാപിസിൽ കയറി  ഒന്നന്വേഷിക്കുവാൻ മറക്കരുത്.

എന്റെ അഭിപ്രായത്തിൽ ഏകദേശം ആളുകൾക്ക് സഹായധനം ലഭിക്കുന്നതോടെ രണ്ടാം ഘട്ട സമാശ്വാസ തുക ലഭിക്കുവാൻ ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കി സമർപ്പിക്കണം. 10,000 രൂപയിൽ തീരുന്നതല്ലല്ലോ മിക്കവരുടെയും നാശനഷ്ടങ്ങൾ. പക്ഷെ, ഈ അപേക്ഷ സമർപ്പിക്കുന്നത് ആദ്യ ഗഡു 80% പേർക്കെങ്കിലും കിട്ടിയതിന് ശേഷമായാൽ നല്ലതാണ്, എല്ലാവർക്കും ഒന്നിച്ചു നൽകാമല്ലോ.

പല ഏജൻസികൾ വഴിയും കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തിൽ നിന്നും മറ്റുമായി  പ്രളയത്തിന് മാത്രമായി വകയിരുത്തുന്ന സഹായ ധനമാണിത്. നാം രേഖകൾ അടക്കം അപേക്ഷ നൽകാത്തതിന്റെ പേരിൽ ഇതിനായി നീക്കിവെച്ച പണം ലാപ്സായി തിരിച്ചു പോകാനും സാധ്യതയുണ്ട്. അതുണ്ടാകരുത്. അപേക്ഷിച്ചു നോക്കാമല്ലോ.

ഇതൊക്കെ പറയാനേ പറ്റൂ. മുൻകൈ എടുക്കേണ്ടത് അവനവൻ തന്നെയാണ്. വീണ്ടുമൊന്ന് ശ്രമിച്ചു നോക്കുക, ഇതൊക്കെ മുമ്പേ ഉള്ള ഏർപ്പാടാണ്. നാമാരും ശ്രമിച്ചില്ലെന്നേയുള്ളു.  (ഇതിനൊക്കെ സഹായം ചെയ്തു തരേണ്ട ഇവിടെയുള്ള ചില ഉദ്യോഗസ്ഥർ ഇതൊന്നും ആർക്കും  കിട്ടാൻ പോകുന്നില്ല എന്നൊക്കെ പറഞ്ഞതായും അറിഞ്ഞിട്ടുണ്ട്. സർക്കാരിനില്ലാത്ത പിശുക്ക് ഇവരെന്തിനാണ് കാണിക്കുന്നത് ?) 

മറ്റൊരു കാര്യം: ഒന്നാം ഗഡു കിട്ടിയവർ,  ഏറ്റവും കുറഞ്ഞത് വാർഡ് മെമ്പറെയെങ്കിലും വിളിച്ചു പറയണം. അദ്ദേഹത്തിന്റെ കയ്യിൽ അപേക്ഷ നൽകിവരുടെ നീണ്ട ലിസ്റ്റുണ്ട്, അതിലെങ്കിലും പ്രസ്തുത വിവരങ്ങൾ രേഖപ്പെടുത്താൻ പറ്റും, പിന്നീട് ഫോളോഅപ്പിനത്  ഉപകരിക്കുകയും ചെയ്യും.  അടുത്ത വർഷവും ഇക്കുറി പെയ്തപോലെയുള്ള  മഴയാണ് പെയ്യുന്നതെങ്കിൽ മഴക്കെടുതി രൂക്ഷമാകാനാണ് കൂടുതൽ സാധ്യത എന്നതും കൂട്ടിവായിക്കുക.

No comments:

Post a Comment