Tuesday 16 June 2020

*പട്ല സ്കൂൾ :* *അന്ന്, ഇന്ന്* / അസ്ലം മാവിലേ '

*പട്ല സ്കൂൾ :*
*അന്ന്, ഇന്ന്*


പട്ലയിലെ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തിന് നൂറ്റാണ്ടുകളുടെ പഴക്കമണ്ട്.  ബ്രിട്ടിഷുകാരുടെ കാലത്തിന് മുമ്പ് വീടുകൾ കേന്ദ്രികരിച്ചായിരുന്നു പഠന സംവിധാനമുണ്ടായിരുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിന് പെൺ കുട്ടികൾക്ക് മാത്രമായി സ്ത്രീ അധ്യാപകർ വരെ ഉണ്ടായിരുന്നു പോൽ അക്കാലങ്ങളിൽ".

ഇന്ന് കാണുന്ന  ഏകദേശം മൂന്നേക്കറോളം വരുന്ന സ്ഥലത്ത് 1951 ലാണ് വ്യവസ്ഥാപിതമായി സ്കൂൾ സമുച്ചയം വരുന്നതെങ്കിലും പട്ലയുടെ കിഴക്ക് വശത്ത്  സ്രാമ്പിപ്പള്ളിക്കടുത്തുള്ള ഒരു ചെറിയ കെട്ടിടത്തിലാണ് ആദ്യമായി സ്കൂൾ തുടങ്ങുന്നത്. അന്ന് കാസർകോട് പ്രദേശം മൊത്തം  സൗത്ത് കാനറയുടെ ഭാഗമായത് കൊണ്ട്  പoനമീഡിയം കന്നഡയായിരുന്നു. ബ്രിട്ടിഷ് സർക്കാരിൻ്റെ കീഴിൽ തുടങ്ങിയ  ഒന്നു മുതൽ അഞ്ചു വരെയുള്ള എലിമെൻ്ററി സ്കൂളായിരുന്നു ഇത്. ഒരുനൂറ്റാണ്ടിലധികം പഴക്കം ഇതിനുണ്ടാകും.

 പട്ലയിലേക്കുള്ള പ്രധാന പോക്കുവരവ് പാത മധൂർ - ആറാട്ട് കടവ് - സ്രാമ്പി ഭാഗമായത് കൊണ്ട് അവിടെ അങ്ങിനെ ഒരു പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനം ഉയർന്നു വന്നതിൽ അത്ഭുതപ്പെടാനുമില്ല. അന്നത്തെ സാഹചര്യത്തിൽ എല്ലാവർക്കും എളുപ്പം എത്തിപ്പൊൻ പറ്റിയ സ്ഥലവുമാണ് താനും.   പ്രസ്തുത സ്ഥാപനത്തിൽ തന്നെ സാധാരണ പഠന സമയത്തിന് ഒരു മണിക്കൂർ മുമ്പ്   അറബിക് ഭാഷ പഠിപ്പിക്കുവാനും അനുമതി ഉണ്ടായിരുന്നു. കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുവാൻ വേണ്ടി അന്നത്തെ പ്രാദേശിക വിദ്യാഭ്യാസ പ്രവർത്തകർ  സ്കൂൾ അധികൃതർക്ക് മുമ്പിൽ വച്ച ഒരു നിർദ്ദേശമാകാം.
(+ 1934 ൽ അന്തരിച്ച പട്ല തായൽ ജമാഅത്ത് ഖതീബ് മമ്മുഞ്ഞി മൗലവി ഈ സ്ഥാപനത്തിൽ അറബിക് അധ്യാപകനായിരുന്നു)

 1951 ലാണ് പട്ലയിലെ നാലു പൗരപ്രമുഖർ മുൻകയ്യെടുത്ത് മൂന്നര ഏക്കറോളം വരുന്ന സ്ഥലത്ത് സ്കൂൾ കെട്ടിടം പണിയുന്നതും സ്കൂൾ പഠനം സ്രാമ്പിയിൽ നിന്നും പുതിയ ക്യാമ്പസിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതും. എം. അബ്ദുൽ ഖാദർ ഹാജി, പി. അബ്ദുൽ ഖാദർ, എസ്. അബ്ദുൽ ഖാദർ, മമ്മിഞ്ഞി ബാവ എന്നിവരായിരുന്നു ആ നാലു വ്യക്തിത്വങ്ങൾ. അവരിൽ എസ്. അബ്ദുൽ ഖാദർ, മമ്മിഞ്ഞി ബാവ എന്നിവർ പിന്നീട് സ്കൂൾ മാനേജ്മെൻറിൽ നിന്നും സ്വമേധയാ ഒഴിവായി.  1976 ൽ സർക്കാരിന് കൈമാറുന്നത് വരെ  എം. അബ്ദുൽ ഖാദർ ഹാജി, പി. അബ്ദുൽ ഖാദർ എന്നിവരുടെ  പേരിലായിരുന്നു പട്ല സ്കൂളും അതിലെ  ജംഗമസ്വത്തുക്കളും.  കേരളപ്പിറവിയോടെ 1957 മുതൽ പട്ല സ്കൂളിലെ പഠനം സമ്പൂർണ്ണമായി മലയാള മീഡിയത്തിലേക്ക് മാറാനുള്ള നടപടികൾ തുടങ്ങുകയും ചെയ്തിരുന്നു. (ഇന്ന് ഈ സ്കൂളിൽ മലയാളം, ഇംഗ്ലീഷ് എന്നീ രണ്ടു മീഡിയകളിലും  പഠന സൗകര്യമുണ്ട്)

1962 ലാണ് പട്ല സ്കൂൾ U.P യായി അപ്ഗ്രേഡ് ചെയ്യപ്പെടുന്നത്. നേരത്തെ ഉണ്ടായിരുന്ന U ആകൃതിയിലുള്ള കെട്ടിടത്തിൽ തന്നെയാണ് ഏഴാം സ്റ്റാൻഡേർഡ് വരെ തുടർന്നും ക്ലാസുകൾ നടത്തിയത്. 1976ലാണ് യു.പി. വിഭാഗത്തിന് മാത്രമായി പ്രത്യേക  കെട്ടിടം അനുവദിക്കുന്നതും 1977 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ സി. എച്ച് . മുഹമ്മദ് കോയ  പുതിയ ബ്ലോക്ക് ഉത്ഘാടനം ചെയ്യുന്നതും.

നാട്ടുകാരുടെ നിരന്തരമായ സമ്മർദ്ദത്തിൻ്റെയും അന്നത്തെ വിദ്യാഭ്യാസ പ്രവർത്തകരുടെയും പിടി.എ.നേതൃത്വത്തിൻ്റെയും സംഘടിത ശ്രമത്തിൻ്റെയും ഫലമായി 1980 ൽ മധൂർ പഞ്ചായത്തിലെ ആദ്യ ഗവ. ഹൈസ്ക്കൂളായി പട്ല സ്കൂൾ മാറി. ചെറിയ വരുമാനക്കാരായിരുന്നിട്ടു പോലും സ്വന്തം സാമ്പാദ്യത്തിൽ നിന്നും പിരിച്ചെടുത്തായിരുന്നു നാട്ടുകാർ അന്ന് ഹൈസ്കൂൾ കെട്ടിടം പണിതത്. സാമ്പത്തികമായി സഹായിക്കാൻ പറ്റാത്തവർ സൈറ്റിൽ വന്ന് പണിയെടുത്തും ഈ സംരംഭത്തിൻ്റെ ഭാഗമായി.

2004 ലാണ് പട്ല ഹൈസ്കൂൾ ഹയർ സെക്കണ്ടറിയായി അപ്ഗ്രേഡ് ചെയ്യപ്പെടുന്നത്. ഇന്നും മധൂർ പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ  പട്ല ജി. എച്ച്. എസ്. എസ് തന്നെ.

നിലവിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ 1100. വിദ്യാർഥികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 240 വിദ്യാർഥികളുമുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ ഓരോ വർഷവും ആനുപാതികമായി കുട്ടികളുടെ വർദ്ധനവും രേഖപ്പെടുത്തുന്നുണ്ട്, അതിനനുസരിച്ചുള്ള ഭൗതിക സൗകര്യങ്ങൾ ഇല്ല എന്നതാണ് വാസ്തവം. കഴിഞ്ഞ ഏതാനും വർഷങ്ങളായി എസ്.എസ്. എൽ.സി യിൽ നൂറ് മേനിയാണ് കൊയ്യുന്നത്. മികച്ച പഠനവും ഫാക്വൽറ്റിയും സ്റ്റുഡൻൻ്റ്സ് ഫ്രണ്ട്ലി ക്യാമ്പസ് അന്തരീക്ഷവും പാഠ്യേതര വിഷയങ്ങളിൽ ലഭിക്കുന്ന പ്രോത്സാഹനവും സ്കൗട്ട്സ് & ഗൈഡ്സ് രംഗത്ത് ലഭിക്കുന്ന മികച്ച പരിശീലനവുമൊക്കെയാകാം യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതകളുണ്ടായിട്ടു പോലും  മറ്റു സ്കുളുകളിൽ നിന്നും കുട്ടികളെ പട്ല GHSS ലേക്ക് ആകർഷിക്കാൻ പ്രധാന കാരണം.

ഹയർ സെക്കണ്ടറി തലത്തിൽ കൊമേഴ്സ്, സയൻസ് എന്നീ രണ്ട് ബാച്ചുകളാണ് നിലവിലുള്ളത്. ഹ്യുമാനിറ്റീസിനുള്ള ആവശ്യം ഇപ്പോൾ ഉയർന്നു വരുന്നുണ്ട്. അതനുവദിച്ചു കിട്ടുവാൻ ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തതയും വലിയ വെല്ലുവിളിയാണ്.

തയ്യാറാക്കിയത് :
*അസ്ലം മാവിലെ*

+ മുകളിൽ പരാമർശിച്ച മുഗു മൊയ്തീൻകുട്ടിയുടെ പേരമകനും ഫക്രുദ്ദീൻ ബാവയുടെ മകനുമായ മമ്മൂഞ്ഞി മൗലവി എൻ്റെ പിതാമഹൻ കൂടിയാണ്. 

No comments:

Post a Comment