Tuesday 30 June 2020

സബാഷ് ഉഷ ടീച്ചർ / അസ്ലം മാവിലെ

പ്രിയ ഉഷ ടീച്ചർ,

താങ്കളുടെ വളരെ നല്ല ഇടപെടൽ.

കണ്ടു കണ്ടു മടുത്ത ചില സോ കോൾഡ് വി. ഐ.പി സ്കൂളുകൾ ഉണ്ട്. അവർ മാത്രമേ കാലാകാലങ്ങളായി എസ്. എസ്. എൽ. സി. പരീക്ഷാ ഫലങ്ങൾ വരുമ്പോഴും പ്ലസ് ടു റിസൾട്ട് പ്രസിദ്ധീകരിക്കുമ്പോഴും  പത്രങ്ങളിലെ  ലീഡ് ന്യൂസിലും പ്രാദേശിക പേജുകളിലും തെളിയാറുള്ളൂ.  ആ പള്ളിക്കൂടപ്പിള്ളേരും അധ്യാപകരും മാത്രമേ ചിരിക്കാറുള്ളൂ.


അവരുടെ ആഹ്ലാദം !
അവരുടെ സന്തോഷം !
അവരുടെ ചിരി !
അവരുടെ കളി !
അവരേ ഉള്ളൂ എവിടെയും. ഉള്ളുള്ളൂ എന്ന് പറഞ്ഞാലും തെറ്റില്ല.

ഓണം വന്നാലും
പെരുന്നാൾ പിറകണ്ടാലും
ക്രിസ്മസ് ദിനത്തിലും
എല്ലാം കാണാം സമാന വാർപ്പു രീതി ... ചില നാട്ടുകാർക്ക് മാത്രം പത്രപ്പേജിൽ വി. ഐ.പി പരിഗണന.

അത്തരമൊരു നടപ്പുശീലം  താങ്കളുടെ അവസരോചിതമായ ഇടപെടൽ കൊണ്ട് ബ്രെയ്ക്ക് ചെയ്തിരിക്കുന്നു.

ഒരു ദേശീയ പത്രമെങ്കിലും കാസർകോട് ജില്ലയുടെ മികവിൻ്റെ നിറവും നിലാവെളിച്ചവും വാർത്താവായനക്കൊപ്പം പട്ല സ്കൂളിലെ മക്കളുടെ, അധ്യപകരുടെ, രക്ഷിതാക്കളുടെ തൂവെള്ളച്ചിരിയിൽ കൂടി വായനക്കാർ അനുഭവിക്കാനുള്ള അവസരമൊരുക്കുന്നതിൽ  നിങ്ങൾ ചെയ്ത പ്രയത്നം അഭിനന്ദനാർഹമാണ്.  അതിപ്പോൾ പറയാൻ എനിക്ക് തോന്നി, എഴുതി,  ബ്ലോഗിലിട്ടു. (പിന്നെപ്പോൾ പറയണം ? )

"അപ്പപ്പോൾ ഇടപെടണം;
വൈകുക എന്നത് ന്യൂസ്‌ ഡെസ്കിൽ നിന്ന് നിങ്ങളുടെ വാർത്തകൾ കാതങ്ങൾ അകലെയെത്തിക്കും " മാധ്യമരംഗത്ത് പിച്ചവെച്ചു നടന്നിരുന്ന പൊയ്പ്പോയ ഗൾഫ് കാലത്ത് സീനിയർ പത്രപ്രവർത്തകനും എൻ്റെ വന്ദ്യഗുരുനാഥനുമായ കെ. എം. ജബ്ബാരി പറയാറുണ്ട്.

നല്ല വാർത്തകൾ
ചിത്രങ്ങൾ
കുറിപ്പുകൾ
കുറിപ്പടികൾ ഇവയൊക്കെ
ഒരു വ്യക്തി,  നാട് , നാട്ടാര് , നാട്ടിൻക്കൂട്ടങ്ങൾ - ഇവരുടെ സക്രിയമായ ദൃശ്യസാനിധ്യമാണ്, ആർച്ചീവ്സാണ്, സർഗ്ഗാത്മക ശേഖരമാണ്. നാം മിണ്ടിയില്ലെങ്കിലും മിണ്ടിപ്പറഞ്ഞില്ലെങ്കിലും പ്രോത്സാഹിപ്പിച്ചില്ലെങ്കിലും,  ഡസിൻ(ൻ്റ്) മാറ്റർ,  മറ്റിടങ്ങളിൽ ഈ വാർത്തകൾ കണ്ടും കാണിച്ചുമാണ് നന്മ നേതൃത്വങ്ങൾ അവരുടെ പാസ്സീവ് ഇടങ്ങളെ ഉദ്ദിവിപ്പിക്കുന്നതും ഊർജമാവാഹിപ്പിച്ചെടുക്കുന്നതും.

പറയാതെ വയ്യല്ലോ,
പട്ലയിലെ, 
പട്ല സ്കൂൾ ക്യാമ്പസിലെ, 
ഇക്കഴിഞ്ഞ മൂന്നു വർഷങ്ങളിലെ പച്ചപ്പിനും പ്രസരിപ്പിനും താങ്കളുടെ 'ഉസ്റ്കട്പ്പത്തിന് ' ചെറുതല്ലാത്ത പങ്കുണ്ട്.

സബാഷ് ടീച്ചർ,
സബാഷ്.... 🌷


NB : ഉസ്റ്കട്പ്പം കാസ്റോടൻ ശൈലീ പദമാണ്. എഴുതിബോധിപ്പിക്കാൻ എനിക്കത്ര വശമില്ല.


*അസ്ലം മാവിലെ*

No comments:

Post a Comment