Tuesday 16 June 2020

ഷൈനി അസ്ഹർ:* *പട്ലക്കാരിയായ ഈ നഴ്സ്* *കോവിഡ് കാലത്ത് ഗവ. കാസർകോട് ആസ്പത്രിയിൽ ശുശ്രൂഷാതിരക്കിലാണ്* /എ. എം. പി.

*ഷൈനി അസ്ഹർ:*
*പട്ലക്കാരിയായ ഈ നഴ്സ്*
*കോവിഡ് കാലത്ത് ഗവ. കാസർകോട് ആസ്പത്രിയിൽ  ശുശ്രൂഷാതിരക്കിലാണ്*
............................
എ. എം. പി.
............................

ഷൈനി അസ്ഹർ  സർക്കാർ ആസ്പത്രിയിലെ ഒരു സാധാരണ നഴ്സായി സേവനം ചെയ്യുന്നു എന്നതു വാർത്തയേ അല്ല.  പക്ഷെ കാസർകോട് ജില്ലാ കോവിഡ് പ്രതിരോധ മെഡിക്കൽ ടീമിലെ ഒഴിച്ചു കൂടാനാകാത്ത ഏതാനും പേരുകളിൽ ഷൈനിയുണ്ടെന്നത് വലിയ അഭിമാനം നൽകുന്ന വാർത്ത തന്നെയാണ്.

കാസർകോട് ജില്ലയിൽ ആദ്യമായി ഒരു രോഗി കാസർകോട് താലുക്ക് ആസ്പത്രിയിൽ കോവിഡ് പരിശോധനയ്ക്ക് എത്തുമ്പോൾ അയാളെ അറ്റൻഡ് ചെയ്തത് ഷൈനിയായിരുന്നു - മാർച്ച് 10ന്. തുടർന്ന് മാർച്ച് 16ന് വന്ന രോഗിയെയും മാർച്ച്19 ന് എത്തിയ രോഗിയെയും  ഷൈനി തന്നെ അറ്റൻഡ് ചെയ്തു. ഇവർക്ക് രണ്ടു പേർക്കും പിന്നീട് കൊറോണ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. അതോടെ ഷൈനി ആരോഗ്യ മുൻകരുതലിന്റെ  ഭാഗമായി  കോറെൻറയിൻ പ്രോട്ടോകോളിലേക്ക്...

ഏപ്രിൽ ഏഴോടെ ഷൈനി  വീണ്ടും ഡ്യൂട്ടിയിലെത്തി. അതോടെ തിരക്കിന്റെ ബഹളമയം. ആസ്പത്രി കാര്യങ്ങൾ മാത്രമല്ല, തത്സംബന്ധമായ എല്ലാ കൂടിയിരുത്തങ്ങളിലും ഷൈനി അവിഭാജ്യഘടകമായി മാറി.

ഇതിനകം മന്ത്രിയുടെ വിളികൾ, കാസർകോട്ടെ കോവിഡ് വിശേഷങ്ങൾ അറിയാൻ സിനിമാ നടന്മാരുടെ കോളുകൾ, ജില്ലയിലെ ആദ്യ കോവിഡ് രോഗിയെ പരിചരിച്ച അനുഭവങ്ങൾ പങ്കുവെക്കാൻ മാധ്യമപ്രവർത്തകരുടെ ഫോൺവിളികൾ... പട്ലക്കാരിയായ ഷൈനിക്ക് തിരക്കൊഴിഞ്ഞ നേരമില്ല.

നഴ്സിങ്ങിൽ ബിരുദധാരിയായ ഷൈനി  മഞ്ചേശ്വരം ഗവ. ആസ്പത്രിയിലാണ് നഴ്സിംഗ്‌  ജോലി പ്രവേശനം. പിന്നീട് കാഞ്ഞങ്ങാട് ആസ്പത്രിയിലേക്ക്.. അവിടെയുള്ള കാൻസർ പരിചരണ വിഭാഗത്തിലായി ഡ്യൂട്ടി. കാഞ്ഞങ്ങാട് നിന്നും വീടിനു തൊട്ടടുത്തുള്ള കാസർകോട് ഗവ. ആസ്പത്രിയിൽ സ്റ്റാഫ് നഴ്സായി സ്ഥലം മാറ്റം.

ഭർത്താവ് ഫാർമസിസ്റ്റും സാമൂഹ്യ പ്രവർത്തകനുമായ അസ്ഹർ പട്ല ഗൾഫിലാണ്. അസ്ഹറിന്റെയും കുടുംബത്തിന്റെ നല്ല പിന്തുണ ഷൈനിക്ക് എന്നുമുണ്ട്.

കോവിഡ് കഴിഞ്ഞാലും പട്ലയുടെയും പട്ലക്കാരുടെയും അഭിമാനമായ ഷൈനി ആതുര സേവന രംഗത്ത് കൂടുതൽ ഷൈൻ ചെയ്യട്ടെയെന്ന് നമുക്കാഗ്രഹിക്കാം.

No comments:

Post a Comment