Friday 19 June 2020

പ്രളയ സാധ്യത:* *മുൻകരുതൽ ആവോളം വേണം* /അസ്ലം മാവിലെ


*പ്രളയ സാധ്യത:*
*മുൻകരുതൽ ആവോളം വേണം*
.............................
അസ്ലം മാവിലെ
.............................

പ്രളയം വരാതിരിക്കട്ടെ.

ഇൻ കേയ്സ് -  ഇനിയെങ്ങാനും -  പ്രളയം വന്നാൽ...
സ്വാഭാവികമായും പട്ലയിലെ താഴ്ന്ന പ്രദേശങ്ങളെയും അവിടങ്ങളിലെ പ്രദേശവാസികളെയും ബാധിക്കും.

അപ്പോൾ, അതിന് മുന്നോടിയായി ചില ഗൃഹപാഠങ്ങൾ നാം അവശ്യം ചെയ്യേണ്ടതുണ്ട്.

ഇക്കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ പട്ലയിലെ 98 വീട്ടുകാരെയാണ് സാരമായും അല്ലാതെയും ദുരിതം ബാധിച്ചത്. ഒരുപാട് നാശനഷ്ടങ്ങളുണ്ടായി.

ആ കുടുംബങ്ങളുടെ നമ്പരുകൾ, പേരു വിവരങ്ങൾ ഇക്കഴിഞ്ഞ വർഷം കണക്ടിംഗ് പട്ല ശേഖരിച്ചിട്ടുണ്ട്. അത് നമ്മുടെ വാർഡ് അംഗത്തിൻ്റെ കയ്യിൽ ഭദ്രമായുണ്ട്.

അവയുടെ ഒരു കോപ്പി ജാഗ്രതാ സമിതിയെയോ അല്ലെങ്കിൽ അത് പോലുള്ള ഒരു സംവിധാനത്തെയോ ഏൽപ്പിക്കണം. നേരത്തെ തന്നെ ആ വീടുകൾ ഉൾപ്പെട്ട വാട്സാപ് ഗ്രൂപ്പ് രൂപീകരിക്കുകയാണെങ്കിൽ വളരെ  വളരെ നല്ലതാണ്.  ബന്ധപ്പെട്ട നേതൃത്വങ്ങൾ അപ്പപ്പോൾ അലേർട്ട് സന്ദേശങ്ങൾ അവർക്കയക്കാൻ സാധിക്കും.  ജാഗ്രതാ നിർദ്ദേശങ്ങൾ പരസ്പരം കൈ മാറാം. ക്രൈസിസ് /ഡിസാസ്റ്റർ മാനേജ്മെൻ്റിന് കൂടുതൽ എളുപ്പത്തിൽ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനാകും. വളരെ പെട്ടെന്ന് വിവിധ ഭാഗങ്ങളിൽ നിന്ന്  കൊണ്ട് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമാകും.

മറ്റൊന്ന്, ഇപ്രാവശ്യം   പ്രളയദുരിതാശ്വാസ കേന്ദ്രം നമ്മുടെ സ്കൂളിൽ തന്നെ തുറക്കുമെന്ന്  നേരത്തെ ഉറപ്പുവരുത്തണം. മതിയായ സൗകര്യങ്ങൾ അവിടെ സന്നദ്ധ പ്രവർത്തകർ ഇടപെട്ട്  ഒരുക്കുകയും വേണം. ദുരിതബാധിതരെ കുടിയൊഴിപ്പിച്ചാൽ നേരെ അങ്ങോട്ട് തന്നെ മാറ്റുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറണം. സ്കൂൾ മേധാവികളും പിടിഎ നേതൃത്വവും ഈ വിഷയത്തിൽ  പ്രയോറിറ്റി ലിസ്റ്റിലെ ഒന്നാം പേജിൽ തന്നെ  നമ്പർ വണ്ണായി നക്ഷത്ര ചിഹ്നമിട്ട് വെക്കുകയും വേണം.

ഇതൊക്കെ കഴിഞ്ഞുള്ള ശുചീകരണ പ്രവർത്തനങ്ങളും കിണർ - കുടിവെള്ള ക്ലോറിനേഷനും വളരെ ശാസ്ത്രിയമായും  ആസൂത്രിതമായും സംഘടിതമായും ഇക്കുറിയും  നടത്താനാകണം. ഇത്തരം  വിഷയങ്ങളിൽ പൊതുജനങ്ങൾ ബദ്ധശ്രദ്ധരാകണമെന്നും ഒരു നല്ല സംഘടിത യുവനിര അതിനായുണ്ടാകണമെന്നും നിരന്തരം എഴുതിയിരുന്നത് ഓർമ്മയിൽ വരുന്നു.

ഏതാലായാലും ഇപ്രാവശ്യം ശുചീകരണ പ്രവർത്തനങ്ങൾക്ക് ആളുണ്ടാകില്ല എന്ന പരാതി  പൊതുവെ ഉണ്ടാകില്ല എന്ന് തന്നെ പറയാം. . അത്രമാത്രം പ്രബുദ്ധമായിക്കഴിഞ്ഞു നമ്മുടെ ആരോഗ്യ- ശുചിത്വ  കാഴ്ചപ്പാട്. അത്രമാത്രം പൊതുബോധം നമ്മെ സാക്ഷരരാക്കിക്കഴിഞ്ഞു എന്നർഥം .

ഒരിക്കൽ കൂടി പറയട്ടെ,
കഴിഞ്ഞ മൺസൂൺ സീസണിലെ പ്രളയം പോലൊന്ന് മുന്നിൽ കണ്ട് തന്നെ വേണം ഇപ്രാവശ്യവും  നമ്മുടെ ഓരോ കാൽവെപ്പും കണക്കുകൂട്ടലുകളും. ഇക്കഴിഞ്ഞ ഡിസാസ്റ്റർ മാനേജ്മെൻ്റിലും റീഹാബിലിറ്റേഷൻ മാനേജ്മെൻറിലും വന്ന  പാളിച്ചകൾ, പിഴവുകൾ  ശ്രദ്ധയിൽ പെട്ടത് ഇപ്രാവശ്യം നമുക്ക് പഴുതടക്കാനാകുമെന്ന് പ്രത്യാശിക്കാം

ഒപ്പം, പ്രളയ ബാധിത കുടുംബങ്ങൾ രക്ഷാപ്രവർത്തകരോട് വളരെ കൊപറേറ്റീവായി തന്നെ പ്രതികരിച്ചേ മതിയാകൂ. പകൽ നേരങ്ങളിൽ തന്നെ പാർപ്പിടം വിട്ട് രക്ഷാ തുരുത്തുകളിലെത്താൻ ശ്രമിക്കണം. രാത്രി കൂടുന്തോറും റിസ്ക് സാധ്യത അപകടകരമാം വിധം വർദ്ധിച്ചേക്കും.

അത് പോലെ, ദുരിത ബാധിത കുടുംബങ്ങൾക്കും കർഷകർക്കും അവർക്ക് മതിയായ നഷ്ടപരിഹാരങ്ങൾ അധികൃതരിൽ നിന്ന് വാങ്ങിക്കൊടുക്കുവാനുള്ള ശ്രമങ്ങൾ കഴിഞ്ഞ വർഷത്തെ പോലെ ഇക്കുറിയും ഉണ്ടാകണം, മതിയായ ഫോളോഅപ്പും. 

ഒരിക്കൽ കൂടി ആഗ്രഹിക്കുന്നു, പ്രളയം ഇക്കുറി നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കാതിരിക്കട്ടെ.

www.Rtpen.blogspot.com

No comments:

Post a Comment