Monday 15 June 2020

ഒരാവശ്യം മുന്നോട്ട് വെച്ചു ;* *അതപ്പടി അംഗീകരിച്ചു !* *ഇങ്ങനെയൊക്കെയാണ്* *പട്ലയിൽ എല്ലാ കാര്യങ്ങളും.../ Aslam Mavilae

▪️
*ഒരാവശ്യം മുന്നോട്ട് വെച്ചു ;*
*അതപ്പടി അംഗീകരിച്ചു !*
*ഇങ്ങനെയൊക്കെയാണ്*
*പട്ലയിൽ എല്ലാ കാര്യങ്ങളും...*

*ശരിയാണ് ബ്രൊസ്,*
*കൂട്ടായ്മകളുടെ മാത്സര്യബുദ്ധി ആർക്കുമനുഭവിച്ചറിയാൻ പട്ലയിൽ തന്നെ വരണം...*
.............................
അസ്ലം മാവിലെ
.............................

വെളിയിൽ നിന്നു കേട്ടത്.
ഇക്കഴിഞ്ഞ ടേമിലെ പട്ല സ്കൂളിലെ  ഹെഡ്മാസ്റ്റർ ട്രാൻസ്ഫറായി പുതിയ സ്കൂളിൽ  ചാർജെടുത്ത സന്ദർഭം. ആദ്യസ്വീകരണയോഗത്തിൽ ഒരാൾ വേദിയിൽ നിന്നു എഴുന്നേറ്റ് അദ്ദേഹത്തോട് ചോദിച്ചത്രെ,  ഇൻറർനാഷണൽ സ്കൂളിൽ നിന്നും ആരെങ്കിലും ഇങ്ങോട്ട് സ്ഥലം മാറ്റം വാങ്ങി വരുമോ എന്ന്.

അതവിടെ ഇരിക്കട്ടെ.
വല്ലപ്പോഴും  വായിക്കാനും
ആരൊടൊക്കെയോ മേനിയും മേമ്പൊടിയും പറയുമ്പോൾ ഇടക്കിടക്ക് ഓർമ്മയിൽ നിന്നെടുക്കാനും അതവിടെ  കുറിച്ചു വെച്ചതാണ്.

ഇനി പറയാനുള്ളത് തലക്കെട്ടിൽ നിന്ന് തന്നെ ഒന്നൂടെ ഞാൻ  പെറുക്കിയെടുക്കാം. അത് നമ്മുടെ നാട്ടിലെ കൂട്ടായ്മകളുടെ മാത്സര്യബുദ്ധിയെ കുറിച്ച് തന്നെ.  ശരിയാണ് ബ്രൊസ്,
നമ്മുടെ കളത്തിലെ കൂട്ടായ്മകളുടെ മാത്സര്യബുദ്ധി
അനുഭവിക്കാൻ പട്ലയിൽ
തന്നെ ആർക്കുമൊന്ന് കുന്നിറങ്ങി വരേണ്ടി വരും.

എത്ര പെട്ടെന്നാണ് ക്ലബുകളും സാമൂഹ്യ സാംസ്ക്കാരിക കൂട്ടായ്മകളും ഒരു സദുദ്ദേശത്തിൻ്റെ സാക്ഷാത്കാരത്തിന് വേണ്ടി ക്ലബ്ബ് ചെയ്ത് കളഞ്ഞത് ! പട്ല സ്കൂളിലെ പി ടി എ - എസ്. എം. സി യോഗം നടന്നു കൊണ്ടിരിക്കേ കിളിവാതിലിൽ കൂടി  ഒരു അഭിപ്രായം പുറത്തേക്ക് കാറ്റു കൊണ്ട് പോയതേയുള്ളൂ, കൈ മെയ് മറന്നു കൂട്ടായ്മകൾ ആ ദൗത്യം അത്യുത്സാഹത്തോടെ ഏറ്റെടുക്കുകയായിരുന്നു.

ക്ഷിപ്രവേഗതയിൽ
ത്സടുതിയിൽ
അതിവേഗം
എല്ലവരിൽ നിന്നും യെസ് വിളികൾ വന്നു. പട്ല ജി.എച്ച്. എസ്. എസിലെ കുഞ്ഞുമക്കൾക്കു വേണ്ടി ടിവിയും കേബിൾ കണക്ഷനും ഓഫീസ് മുറിയും എല്ലാം റെഡി ! ഞങ്ങളുടെ വക റെഡി !

യുനൈറ്റഡ് പട്ല
സ്റ്റാർ ക്ലബ്
പട്ല യൂത്ത് ഫോറം
കണക്ടിംഗ് പട്ല
സംഘം ക്ലബ് ...
എല്ലരും മത്സരിക്കുകയായിരുന്നു.

പി ടി എ - എസ്. എം.സി. യോഗം ചേരുന്നത് വെള്ളിക്കളം. ദേ, ഇന്ന്, തിങ്കൾദിനം ഓൺലൈൻ പഠന സെഷൻ അതിൻ്റെ സമ്പൂർണ്ണാർഥത്തിൽ സർവ്വ സൗകര്യങ്ങളോടെ തുടങ്ങുകയും ചെയ്തിരിക്കുന്നു. നാളെ മുതൽ അംഗനവാടികൾ, വായനശാലകൾ എല്ലാം സജീവമായിത്തുടങ്ങും.

പ്രസ്ഥാനങ്ങൾക്കിടയിൽ അവശ്യം ഉണ്ടാകേണ്ട ആരോഗ്യപരമായ മാത്സര്യബുദ്ധിയെ പരാമർശിക്കുന്നിടത്ത് വിദഗ്ദ്ധർ  ചൂണ്ടിക്കാണിക്കുന്ന 5 തൊപ്പിക്കുന്നൻ പോയൻ്റുകളുണ്ട്.
Conscientiousness, Taking Initiative, Innovativeness, Problem solving, Perseverance. അവയ്ക്ക് വളവുള്ള ഭാഷ്യം :  മനസ്സാക്ഷി, ആവശ്യമുള്ളിടത്ത് നാളേയ്ക്ക് വെക്കാതിരിക്കൽ, തീരുമാനങ്ങളിൽ പുതുമ വരുത്തൽ, മുന്നറിഞ്ഞുള്ള  പ്രശ്നപരിഹാരം, സ്ഥിരോത്സാഹം.  ഇവയൊക്കെ ഓരം ചേർന്ന് നിൽക്കണമെങ്കിൽ "ആരുണ്ട്" എന്ന് ചോദിക്കുന്ന നേതൃത്വം "ഞങ്ങളില്ലേ" എന്ന് തിരിച്ചു പറയുന്ന അണികളും വേണം.  പട്ലയിലെ നടേപറഞ്ഞ കൂട്ടായ്മകൾക്കിപ്പറഞ്ഞത് മുഴുവൻ ആവോളമുണ്ടെന്ന് നമുക്ക് പരത്താതെ പറയാം.

ചുരുക്കാം,
കുഞ്ഞുമക്കൾ കുഞ്ഞു സ്വപ്നങ്ങൾ മാത്രമേ കാണുവത്രെ. അങ്ങിനെയാണവരുടെ മൈണ്ട് സെറ്റ്. ചെറിയ ചെറിയ നേട്ടങ്ങളിലാണ് അവരുടെ കണ്ണും കാതും കപാലവും. അത്കൊണ്ടാണത്രെ അവർ എന്നും ലക്ഷ്യങ്ങൾ കരഗതമാക്കുന്നത്. ചെറിയ ലക്ഷ്യങ്ങൾ മുന്നിൽ വെച്ച് വലിയ കാര്യങ്ങൾ  ചെയ്യാൻ നമ്മുടെ കുഞ്ഞു വട്ടത്തിലെ സകല കൂട്ടായ്മകൾക്കുമിനിയും സാധിക്കട്ടെ, തോരാത്ത മിഥുനപ്പെയ്ത്തിൽ എല്ലവർക്കും നമുക്കാശംസിക്കാം !

www.rtpen.blogspot.com
▪️

No comments:

Post a Comment