Tuesday 16 June 2020

ഒ എസ് എ ഓർമ്മകൾ* *പരിസര ഓർമ്മകൾ* /അസ്ലം മാവിലെ


*ഒ എസ് എ ഓർമ്മകൾ*
*പരിസര ഓർമ്മകൾ*
..............................
അസ്ലം മാവിലെ
..............................
35 - 40 വർഷങ്ങൾ പിന്നിലെ ഓർമ്മകളുമായാണ് എഴുത്തു തുടങ്ങുന്നത്.  പ്രസക്തമെന്നും തോന്നുന്നതും വിട്ടുപോയതുമായ കാര്യങ്ങൾ വായനക്കാർക്ക് ചൂണ്ടിക്കാണിക്കാവുന്നതുമാണെന്ന് ആദ്യമേ പറഞ്ഞു വെക്കട്ടെ.
പൂർവ്വവിദ്യാർഥികൾ എന്ന് മലയാളത്തിൽ ആദ്യം കേൾക്കുന്നതും അതിന് ഓൾഡ് സ്റ്റുഡൻറ്സ് എന്നാണ് ആംഗലേയ തർജുമ എന്നു അറിയുന്നതും  എന്റെ ഒമ്പതാം ക്ലാസ് കാലത്തായിരുന്നു. (അന്നത്തെ ഒമ്പതാം ക്ലാസ്സ് പ്രായം ഇന്നത്തെ എട്ടാം ക്ലാസ്സുകാരന്റെതാണ്.)
1983 ലെ ഓഗസ്റ്റോ മറ്റോ ആയിരിക്കണം. കുറച്ചു ചെറുപ്പക്കാരായ നാട്ടുകാർ  വൈകുന്നേരത്തോടടുപ്പിച്ചാണ് റ മോഡൽ സ്കൂൾ കെട്ടിടത്തിൽ യോഗം ചേരുന്നത്. സദർ ഉസ്താദ് എ, പി. അബൂബക്കർ മൗലവി ഉണ്ട്. ഹെഡ്മാസ്റ്റർ ആജാനുബാഹുവായ മൊഹ്യദ്ദീൻ ഖാനുമുണ്ട്. പി. ടി. എ. പ്രസിഡന്റ് അബ്ബാസ് മാസ്റ്റർ ഉണ്ട്. അന്ന് സ്കൂൾ അരമണിക്കൂർ നേരത്തെ ലോംഗ് ബെല്ലടിച്ചു. ആരോ പറഞ്ഞു - ഈ സ്കൂളിൽ നിന്ന് മുമ്പ് പഠിച്ചു പുറത്തിറങ്ങിയവർ സംഘടിക്കുന്നുണ്ട് പോൽ. 
ഞങ്ങൾ കുറച്ചു പേർ ഒരു കൗതുകത്തിന് ജനാലയ്ക്ക് സമീപം വന്നു എത്തിനോക്കി. പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് മാത്രമാണ് നാട്ടുകാരോടൊപ്പം ആ യോഗത്തിൽ  പ്രവേശനം. ഞങ്ങളെക്കണ്ട് അവർ അകത്ത് കയറിയിരിക്കാൻ പറഞ്ഞോ ? ഓർമ്മയില്ല,  എന്താണ് ആ യോഗത്തിൽ പ്രസംഗിച്ചതെന്നൊന്നും ഓർക്കാനും പറ്റുന്നില്ല. ഒഎസ്എയുടെ  പ്രസിഡൻറ് പി. അഹമ്മദ്  (സാക്കിർ പട്ലയുടെ ഉപ്പ ), ജനറൽ സിക്രട്ടറി എച്ച്. കെ. അബ്ദുൽ റഹിമാൻ മാഷും ട്രഷറർ സി. എച്ച്. അബൂബക്കറുമെന്ന് അറിയാൻ സാധിച്ചു.
അന്ന് എച്ച്. കെ.യും സി.എച്ചും കാസർകോട് ഗവ. കോളേജിൽ  ബിരുദ വിദ്യാർഥികളായിരുന്നു. ഒ എസ്. എ എന്ന ഒരാശയം  പട്ലയിൽ പരിചയപ്പെടുത്തുന്നത് എച്ച്.കെ.യും സി.എച്ചും തന്നെയാകണം. അന്ന് കാസർകോട് ഗവ. കോളേജിൽ പൂർവ്വ വിദ്യാർഥി സംഘടന വളരെ സജീവമായിരുന്നു. വിദ്യാർഥി രാഷ്ട്രീയത്തിലും പൊതു പ്രവർത്തനങ്ങളിലും  സജീവമായിട്ടുള്ള ഇവർ രണ്ട് പേർക്കും  പ്രസ്തുത പൂർവ്വ വിദ്യാർഥി സംഘടനാ പ്രവർത്തനങ്ങൾ അടുത്ത് നിന്ന് കാണാൻ ഇടയായിരിക്കണം.  അത്തരം സേവന പ്രവർത്തനങ്ങൾ  പട്ല പോലുള്ള റിമോട്ട് ഏരിയയിലുള്ള ഒരു സ്കൂൾ കേന്ദ്രമാക്കി വർക്ക് ഔട്ട് ആക്കുന്നതിന്റെ സാധ്യതകളും പരിമിതികളും അവർ നന്നായി ഗൃഹപാഠം ചെയ്തിരിക്കണം. ഇല്ലെങ്കിൽ തുടങ്ങിയ വർഷം തന്നെ ഒ എസ് എ പ്രസ്ഥാനം  പട്ലയിൽ ക്ലച്ച് പിടിക്കുമായിരുന്നില്ല.
പി ടി എ യുടെ പ്രവർത്തന മേഖലകളിൽ വരാത്ത ഭാഗങ്ങൾ പൂർവ്വ വിദ്യാർഥി കൂട്ടായ്മയ്ക്ക് ചെയ്യാനുണ്ടെന്നത് വസ്തുതയും വാസ്തവുമാണ്. പക്ഷെ, അവ ഇഴകീറി ഇലയ്ക്കും മുള്ളിനും കേടില്ലാത്ത തരത്തിൽ സ്കൂളിന്റെ  പുരോഗമന പ്രവർത്തനങ്ങളിൽ മുഴുകുവാനും സജീവമാകാനും ആദ്യ വർഷം തന്നെ ഒ എസ് എ നേതൃത്വത്തിന്  സാധിച്ചുവെന്നത് വലിയ കാര്യമായിരുന്നു.
എസ്. എ. അബ്ദുല്ല, എച്ച്. കെ. മൊയ്തു, പി. എ. മുഹമ്മദ്, ബി. എം. അബ്ദുല്ല, കെ. എച്ച്. ഹമീദ്, എസ്. എ. റഹിമാൻ, പി. അബ്ദുൽ ഖാദർ (അന്ത)  തുടങ്ങി ഒരു ചെറുസംഘം ആ നേതൃത്വത്തിലുണ്ടായിരുന്നു.
ഇന്നത്തെ പോലെ പി.ടി.എ. അന്ന് വലിയ തോതിൽ ജനകീയമായിരുന്നില്ലെങ്കിലും മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു പട്ല സ്കൂൾ പിടിഎ അന്നും വളരെ  സജീവമായിരുന്നു. മാത്രവുമല്ല വളരെ പക്വമായ രാഷ്ട്രിയ സാമൂഹ്യ നേതൃത്വങ്ങൾ   അന്നത്തെ പ്രത്യേകതയായിരുന്നു.  അന്ന് സ്കൂൾ പ്രിമൈസിൽ എപ്പഴും കണ്ടു വന്നിരുന്ന രണ്ടു മുഖങ്ങളുണ്ടായിരുന്നു -  പി. അബ്ബാസ് മാസ്റ്ററും മറ്റൊന്ന് പി. മുഹമ്മദ് കുഞ്ഞി സാഹിബും. സ്കൂൾ വിഷയങ്ങൾ എന്ത്  വരുമ്പോഴും  ഇവരായിരുന്നു അവിടെ ആദ്യം ഓടി എത്തുക.  മറ്റുള്ളവർ ആരും സജീവമല്ല എന്നിതിനർഥമാക്കരുത്. ഇന്നത്തെ പോലെ തന്നെ ഒരുപാട് വിദ്യാഭ്യാസ പ്രവർത്തകർ അന്നും പി ടി എ യിൽ അവരുടെ പരിമിതിക്കകത്ത് നിന്നു കൊണ്ട് സജീവമായിരുന്നു.
അന്നത്തെ ഏറ്റവും വലിയ വിഷയം ഇന്ന് നാം പറയാറുള്ള ഇൻഫ്രാസ്ട്രക്ച്ചർ അല്ലേ അല്ലായിരുന്നു, മറിച്ചു അധ്യാപകരുടെ ദൗർലഭ്യമായിരുന്നു. കാലു പൊളിഞ്ഞ ബെഞ്ചും ഡസ്ക്കും കയ്യൊടിഞ്ഞ  കസേരയും മേശയും തൂങ്ങിയാടുന്ന ജനലും വാതിലുമൊന്നും വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഒരസൗകര്യമായി അന്ന് തോന്നിയിരുന്നേയില്ല. (അതിലും പരിതാപകരമായിരുന്നല്ലോ അന്ന് മിക്ക വീടുകളിലെയും അവസ്ഥ). ഒരധ്യാപകൻ ഈ ഓണം കേറാമൂലയിൽ എത്തുക എന്നത് തന്നെയായിരുന്നു വലിയ വിഷയം. കൊല്ലാവസാനം ഏതെങ്കിലുമൊരു അധ്യാപകനോ അധ്യാപികയോ വന്നാൽ തന്നെ അവർക്ക് എവിടെയെങ്കിലും  താമസ സൗകര്യം ഒരുക്കുക എന്നതായിരുന്നു അന്നത്തെ പിടിഎയുടെ ഏറ്റവും വലിയ വെല്ലുവിളിയും. മൊട്ടക്കുന്നിലെ ഒറ്റപ്പെട്ട സ്കൂൾ കെട്ടിടം. മാർച്ചാകുന്നതിന് മുമ്പു വറ്റുന്ന സർക്കാർ കിണർ, യാത്രാ അസൗകര്യം, ചെക്ക്ഡാമിന്റെ ഭാഗമായി അൽപം വീതി കൂട്ടിയ പാലം, ഒരിക്കലും പരിഹരിക്കാൻ സാധ്യതയില്ലാത്ത  ബസ്സ് റൂട്ട് പ്രശ്നം, മഴ തുടങ്ങി മൂന്ന് മാസക്കാലം നേരിടുന്ന പ്രളയക്കെടുതികൾ, മഴക്കാലത്ത് പ്രളയഭീഷണി നേരിടുന്ന കുത്തിയൊഴുകുന്ന അക്കര റോഡ് - അങ്ങിനെ തീർത്തും ഒറ്റപ്പെട്ട, ഒരാനാഥ തുരുത്തായുള്ള പട്ല സ്കൂളിൽ വല്ലപ്പോഴും  നാല് അധ്യാപകർ സ്ഥിരമായി ഉണ്ടെങ്കിലേ അത്ഭുതമുണ്ടായിരുന്നുള്ളു.  
1977 കാലത്താണ്  UP വിഭാഗത്തിന് പുതിയ കെട്ടിടം വരുന്നത്. അത് വരെ "റ" മോഡൽ കെട്ടിടം തന്നെയാണ് ആകെ ഉണ്ടായിരുന്നത്. ( നിലവിലുള്ള പഴയ UP കെട്ടിടമുള്ള സ്ഥലത്ത് വേറെ ബിൽഡിംഗ് ഉണ്ടായിരുന്നില്ല  എന്ന് തന്നെയാണ് എന്റെ ഉറപ്പ്). ആ "റ" മോഡൽ (3KER) കെട്ടിടത്തിന് 4 വാതിലുകൾ. മൂന്ന് വാതിൽ മുൻവശത്ത് (ഇടത്തും വലത്തും മധ്യത്തിലും ), പിന്നൊന്ന് ഒത്ത നടുവിൽ ഓഫീസ് മുറിയുടെ പിൻവശത്തേക്കായി ഒരു വാതിൽ. ഇത് ചെന്നു ചേരുന്നത് വടക്കു ഭാഗത്ത് ചെരിച്ചു കെട്ടിയ ഉപ്പുമാവ് കിച്ചനിലേക്കാണ്.
അകത്ത് വേർതിരിക്കാൻ മതിലുകളില്ലാത്ത "റ" കെട്ടിടത്തിലാണ് 7 ക്ലാസ്സ് മുറികളും ഓഫിസ് മുറിയും സ്റ്റാഫ് മുറിയും 1977 വരെ  പ്രവർത്തിച്ചിരുന്നത് !  (1977 ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയായിരുന്നു UP ബ്ലോക്ക് ഉത്ഘാടനം ചെയ്തത്. ആ സമയത്ത് മുഖ്യമന്ത്രി  എ. കെ. ആൻറണിയായിരുന്നു). പച്ച/നീല കർട്ടൺ കൊണ്ടുണ്ടാക്കിയ ഡിവൈഡറുകളായിരുന്നു അന്നത്തെ ക്ലാസ് മതിലുകൾ. 
ഒഎസ്എ രൂപീകരിക്കുന്നതിന് രണ്ട് വർഷം മുമ്പാണ് - 1980ൽ ( നായനാർ  മന്ത്രിസഭയുടെ കാലത്ത് )  പട്ല സ്കൂൾ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെടുന്നത്. അന്ന്  ഒരു വ്യവസ്ഥ അന്നത്തെ മന്ത്രി ബേബി ജോണിന്റെ വിദ്യാഭ്യാസ വകുപ്പ്  പി ടി എ യ്ക്ക് മുന്നിൽ വെച്ചു -  അപ്ഗ്രേഡു സർക്കാർ ചെയ്യും അധ്യാപകരെ സർക്കാർ തരും. പക്ഷെ, കെട്ടിടം നാട്ടുകാർ പണിയണം.  പി. സീതിക്കുഞ്ഞി സാഹിബ്, എം.എ. മൊയ്തീൻ കുഞ്ഞി ഹാജി സാഹിബ്, വാർഡ് മെമ്പറായിരുന്ന ബി.എസ്. ടി. അബൂബക്കർ സാഹിബിന്റെയും പി. അബ്ബാസ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള പി.ടി.എ. സംഘത്തിന്റെയും  സജീവമായ ഇടപെടൽ ഇക്കാര്യത്തിൽ വലിയ മുതൽകൂട്ടായി. അവർ ഏകസ്വരത്തിൽ യെസ് പറഞ്ഞു. സ്കൂൾ മുറ്റത്ത്  വടക്ക് - കിഴക്കായി ഇന്നും സ്ഥിതി ചെയ്യുന്ന ഓടിട്ട മൂന്ന് മുറി കെട്ടിടം അന്നങ്ങിനെ നാട്ടുകാരുടെ പ്രയത്നം കൊണ്ട് ഉണ്ടായതാണ്.  അവനവന് കഴിയുന്നത് നൽകി സഹകരിച്ചും സാമ്പത്തികമായി അതിന് പറ്റാത്തവർ അവിടെ വന്ന് രാപ്പകൽ പണിയെടുത്തുമാണ് ഹൈസ്ക്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയത്. ഇതിനിടയിൽ ഞാൻ നാലാം ക്ലാസ്സിലോ മൂന്നിലോലോ പഠിച്ചു കൊണ്ടിരിക്കെ ഒരു അൽ സമരം നടന്നു.  ഞങ്ങൾ, വിദ്യാർഥികൾ, പിടിഎയുടെ ആശീർവാദത്തോടെ ഗ്രാമം ചുറ്റി ഒരു സമരം. ആ സമരാഭാസം എന്തിനായിരുന്നെന്ന് മനസ്സിലായില്ല. ഒരു പക്ഷെ, നാട്ടുകാരും വിദ്യാർഥികളും സമരതീച്ചൂളയിലെന്ന് വിദ്യാഭ്യാസ വകുപ്പിനെയും വകുപ്പ് മന്ത്രിയെയും  ബോധ്യപ്പെടുത്താൻ നാട്ടിലെ രാഷ്ട്രിയ പൗരനേതൃത്വം എടുത്ത തീരുമാനമാകാം.   ആ സമരത്തിന്റെ മുന്നിൽ നിന്ന്  അധ്യാപകർ വിളിച്ചു പറഞ്ഞ  ഒരു മുദ്രാവാക്യം ഇങ്ങനെ : 
"ജി എസ് ബി എസ് പട്ളക്ക്
ഹൈസ്ക്കൂൾ കൂട്ടിത്തന്നില്ലെങ്കിൽ
സമരം ചെയ്യും പോരാടും
പോരാടും പോരാടും
സമരം ചെയ്യും പോരാടും."
ആ മുദ്രാവാക്യം പക്ഷെ ഞങ്ങൾ പലരും പിന്നിൽ നിന്ന് കേട്ട് ഏറ്റ് ചൊല്ലിയത് ഇങ്ങനെ :
"ജി എസ് ബി എസ് പട്ളക്ക്
ഹൈസ്ക്കൂൾ കെട്ടിത്തന്നില്ലെങ്കിൽ
സമരം ചെയ്യും കോലാടും.
കോലാടും കോലാടും
സമരം ചെയ്യും കോലാടും "
അങ്ങനെ സർക്കാർ കെട്ടിത്തന്നില്ലെങ്കിലും  ഞങ്ങൾ കോലാടി കിട്ടിയ ഹൈസ്കൂൾ കൂടിയാണ് നമ്മുടെ GHS പട്ല.
അതേ സമയം  അന്ന് കാസർകോടിന് അനുവദിച്ച ആന്റിഡിസാസ്റ്റർ ഷെൽട്ടർ കെട്ടിടങ്ങളിൽ രണ്ടെണ്ണം അന്നത്തെ വാർഡ് മെമ്പർ ബി. എസ്. ടി. അബുബക്കർ സാഹിബിന്റെ താത്പര്യപ്രകാരം പട്ല സ്കൂൾ മുറ്റത്ത് 1983 അവസാന മാസങ്ങളിൽ  പണി തുടങ്ങുകയും ചെയ്തിരുന്നു. അതിന്റെ വർക്ക് തീരുന്നതിനു  മുമ്പ് പക്ഷെ, വളരെ ദു:ഖകരമായ വാർത്ത ഞങ്ങളെ തേടി എത്തി.   1984 മാർച്ചിൽ ( SSLC പരീക്ഷാ കാലത്ത് ) പൗരപ്രമുഖകനും വാർഡംഗവും ഈ സ്ഥാപനത്തിന് വേണ്ടി അഹോരാത്രം പരിശ്രമിച്ച വ്യക്തിയുമായിരുന്ന ബി. എസ്. ടി. അബൂബക്കർ സാഹിബ് മരണപ്പെട്ടു. അന്ന് അദ്ദേഹത്തിന്റെ മകൻ  ഹാരിസ് എട്ടാം ക്ലാസ്സ് വിദ്യാർഥിയാണ്. എന്റെ അറിവിൽ പട്ലയിൽ ആദ്യമായി ഒരു സർവ്വകക്ഷി അനുശോചന യോഗം നടന്നതാണ് അന്നാണ്. പട്ല എം.എച്ച്. മദ്രസ്സയിൽ നടന്ന പ്രസ്തുത അനുശോചന യോഗത്തിന് മുൻകൈ എടുത്തത് അന്നത്തെ സദർ എ.പി. അബൂബക്കർ മൗലവി ആയിരുന്നു.  സി .ടി . അഹമ്മദലി,  രാമണ്ണ റൈ, ഉൾപ്പടെയുള്ള വിവിധ രാഷ്ട്രീയനേതാക്കൾ അന്നാ യോഗത്തിൽ സംബന്ധിച്ചുവെന്നാണ് എന്റെ ഒരു ഓർമ്മ.
രാവും പകലും പി ടി എ യുടെ നേതൃത്വത്തിൽ നടന്ന ഹൈസ്ക്കൂൾ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളും അതോടനുബന്ധിച്ചു  അന്നത്തെ മുതിർന്നവരുടെയും ചെറുപ്പക്കാരുടെയും ഇഴകിച്ചേരലുകളും സംസാരങ്ങളും  ചർച്ചകളും മറ്റുമാണോ തൊട്ടടുത്ത വർഷം ഒ എസ് എ എന്ന ആശയത്തിലേക്ക് കൊണ്ടെത്തിച്ചത് ? അതുമൊരു നിമിത്തമാകാം, ആലോചനയാകാം. എനിക്കറിയില്ല. സ്ഥാപക നേതാക്കൾ പ്രതികരിക്കട്ടെ.
പക്ഷെ, വളരെ ആപ്റ്റായ സമയത്ത് തന്നെയാണ് ഒഎസ് എ നിലവിൽ വന്നതും അതിന്റെ നേതൃത്വം സ്കൂൾ വിഷയങ്ങളിൽ  സക്രിയമായി ഇടപെട്ട് തുടങ്ങിയതും.  എം.എച്ച്. എം. സദർ  എ.പി. അബൂബക്കർ മൗലവിയുടെ നല്ല ഗൈഡൻസും ഇക്കാര്യത്തിലുണ്ടായിരുന്നു. 
.      (തുടരും )
*ഒ എസ് എ ഓർമ്മകൾ*
*പരിസര ഓർമ്മകൾ*
( രണ്ടാം ഭാഗം )
..............................
അസ്ലം മാവിലെ
..............................
ചെറിയ തുടക്കം. പഠന കാര്യങ്ങളിൽ ചെറിയ ശ്രദ്ധ. സ്കൂളുമായി നിരന്തര സമ്പർക്കം. സ്കൂൾ പ്രോഗ്രാമുകളിൽ നിറഞ്ഞ സാനിധ്യം.
ഐസ്എ നേതൃത്വം അങ്ങിനെയൊരു എൻട്രിയായിരുന്നു ആഗ്രഹിച്ചത്.  കുസൃതി കാണിച്ചിരുന്ന പിള്ളേർക്ക് അസ്വസ്ഥത സ്വാഭാവികം. വൈകി വരുന്ന, "അപ്രഖ്യാപിത" അവധിയെടുക്കുന്ന കുറച്ചു അധ്യാപകർക്ക് വിമ്മിഷ്ടവും ഉണ്ടാവുക അത്രതന്നെ സ്വാഭാവികം. ഇവർ രണ്ടു കൂട്ടർക്കൊഴിച്ചു ഒഎസ്എ യുടെ സാന്നിധ്യം സ്കൂളിന് വലിയ ആശ്വാസമായിരുന്നു.
ശരിക്കും പ്രധാനധ്യാപകരായി വരുന്നവർക്കാണ് ഒഎസ്എ യുടെ നിറസാന്നിധ്യം വലുതായി ഇഷ്ടപ്പെട്ടത്. പിടിഎയോട് പറഞ്ഞു ചെയ്യിക്കാൻ പറ്റാത്തതൊക്കെ യുവതുർക്കികളെ ഏൽപ്പിച്ചു ചെയ്യാൻ അക്കാലങ്ങളിലെ പ്രധാനധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വൈകി എത്തുന്ന അധ്യാപകരെ നിലക്കു നിർത്താൻ വേണ്ടിടത്തും അല്ലാത്തിടത്തും ഹെഡ്മാസ്റ്റർമാർ ബ്രഹ്മാസ്ത്രം പോലെ ഒഎസ്എ യുടെ പേരുപയോഗിച്ചിരുന്നോ എന്നും എനിക്കും സംശയമുണ്ട്.  "നിങ്ങൾ വൈകി വരുന്നതിൽ എനിക്ക് പ്രശ്നമില്ല, പക്ഷെ, ഒ എസ് എക്കാർ കഴിഞ്ഞയാഴ്ചയും സൂചിപ്പിച്ചിരുന്നു" എന്നൊക്കെ അർഥം വെച്ചു പറഞ്ഞാൽ എച്ചെമ്മിന് സെയ്ഫായി സ്കൂട്ടാവാം, ഉദ്ദേശിച്ച കാര്യം നടക്കുകയും ചെയ്യും, ചെറുതല്ലാത്ത വിരോധം ലേറ്റ് കമേർസിന് ഒഎസ്എയോടു തോന്നാനും അത് മതി. ബാക്കിയുള്ളവന്മാർക്ക് ഒരു കൊട്ടാവുകയും ചെയ്യും. അധ്യാപക- ഒഎസ്എ അച്ചുതണ്ടിനുള്ള വിദൂര സാധ്യത ഒഴിവാക്കുകയും ചെയ്യാം എന്ന ഏതൊരു സ്ഥാപന മേധാവിയുടെ (Even ഞാനായിരുന്നെങ്കിലും)  സൈക്കളോജിച്ചൽ മൂവ്മെൻറ് അന്നത്തെ എച്ചെമ്മുമാർ പുറത്തെടുത്തതിലും അത്ഭുതമില്ല. ആ സമയത്തൊന്നും ആധികാരിക പ്രസ്ഥാനമായ പി ടിഎ നേതൃത്വം ഒരിക്കൽ പോലും ഒഎസ്എ യുടെ പ്രവർത്തനങ്ങളെ തടസ്സം വാദം പറഞ്ഞു എതിർക്കാൻ വന്നിരുന്നില്ല.
അന്ന് പറയാൻ ഉണ്ടായിരുന്ന ഏക സന്നദ്ധ കൂട്ടായ്മ പട്ല സ്റ്റാർ ക്ലബ്ബായിരുന്നു. പലയിടത്തുമായി ക്ലബിന്റെ ബോർഡ് ചെരിഞ്ഞ് തൂങ്ങുമെങ്കിലും മാസാമാസം  മീറ്റിംഗ്‌ വിളിക്കുന്ന ഏർപ്പാടൊന്നും അക്കാലത്ത് ഇവർക്ക് ഇല്ലെന്നാണ് അകലെ നിന്നും കണ്ട ഒരാളെന്ന നിലയിൽ ഞാൻ മനസ്സിലാക്കിയത്.
ആ കാലഘട്ടത്തിൽ വോളിബോൾ പട്ലക്കാരെ പെരുമക്കളിയായിരുന്നു . അത് കഴിഞ്ഞാൽ കബഡി. ഫുട്ബോളിന് സ്ഥാനം അണ്ടർ ആം ക്രികറ്റും കഴിഞ്ഞായിരുന്നു. അന്നും ഇന്നും ഫുട്ബോളിനെ നെഞ്ചേറ്റിയിരുന്ന ഒരു കുടുംബമുണ്ട് - മൊഗർ റസാഖ് ഫാമിലി. വേനൽ വെളുക്കെച്ചിരിച്ചു വരാൻ തുടങ്ങിയാൽ റസാഖും അബ്ദുല്ലയും സംഘവും അക്കര വയലിൽ കമുക് പോസ്റ്റിട്ട് കളി തുടങ്ങും. ബക്കർ മാഷിന്റെ സാന്നിധ്യമുള്ള സംഘം ക്ലബ് വന്നതോടെ ഫുട്ബോൾ അവർക്കും വലിയ കളി ഇനമായി മാറി.
അപ്പഴും വോളിബോൾ രാജകീയ പരിവേശത്തിൽ തന്നെ പട്ലയിൽ തുടർന്നു പോന്നു. എവിടെയൊക്കെയാണ് വോളിബോൾ കോർട്ട് ഉണ്ടായിരുന്നത് എന്ന് ചോദിച്ചാൽ എണ്ണിത്തിട്ടപ്പെടുത്താൻ പ്രയാസം. എവിടെയൊക്കെ ഇല്ലായിരുന്നു എന്ന് പറയുന്നതാകും എളുപ്പം.
പണ്ട്, ഞാനൊക്കെ ഭൂജാതനാകുന്നതിന് മുമ്പ് പട്ലയിലെ ഒരു ടീം എരിയാലോ മറ്റോ നടന്ന വോളി ടൂർണമെന്റിൽ പങ്കെടുത്തതും സ്റ്റാർ ക്ലബ് റണ്ണർ അപ്പായതും അവിടെ കളി നടന്നു കൊണ്ടിരിക്കെ സ്മാഷടി താരമായിരുന്ന പി. അഹ്മദ്ച്ചാന്റെ പെർഫോമൻസിനെ കുറിച്ച് കാണികൾ പറഞ്ഞിരുന്ന തമാശക്കമന്റുകളുമൊക്കെ അക്കാലങ്ങളിൽ ഇടക്കിടയ്ക്ക് ആളുകൾക്കിടയിൽ  പറഞ്ഞ് കേൾക്കാമായിരുന്നു.
കൊല്യയിൽ വോളിബോൾ കോർട്ടുണ്ടായിരുന്നു. പതിക്കാലിൽ രണ്ടിടത്ത്, പട്ല സെൻററിൽ, സ്കൂൾ ഗ്രൌണ്ടിൽ , ബാക്കിത്താമാർ കണ്ടത്തിൽ, മധൂര്, മായിപ്പാടി.. അങ്ങിനെ നിരപ്പും ഡ്രൈയുമായ രണ്ട് സെന്റ് സ്ഥലം കാണുന്നിടത്തൊക്കെ വോളിബോൾ പട്ളക്കാർ കോർട്ടിട്ടു കളയും. കളിക്കാർ പക്ഷെ, ഏകദേശം ഒരേ ആൾക്കാരുമായിരിക്കും ! ഇവരാണ് മാറിമാറി ഓരോ കോർട്ടിലേക്കും സീസൺ നോക്കി എത്തുക. മധൂർ, ഉളിയത്തട്ക്ക,  ചൂരി, എരിയാൽ ഭാഗങ്ങളിലുള്ള കളിക്കാർ ചിലപ്പോൾ കളിക്കാനായി ഇങ്ങോട്ട് വരും, ഇല്ലെങ്കിൽ ഇവിടന്ന് ചിലർ  അങ്ങോട്ട് പോവുകയും ചെയ്യും. പി. അബ്ദുൽ കരീം, പി. അഹ്മദ്, നീരാൽ പോക്കുച്ച, കുമ്പള അദ്രാൻച്ച, എസ്. അബ്ദുല്ല, അന്ത്ക്ക, അബ്ബാസ്, കൊപ്പളം അബൂബക്കർ, ഇബ്രാഹിം, പി. മുഹമ്മദ്, എച്ച്. കെ. മൊയ്തു അടക്കം ഒരു വലിയ  വമ്പൻ ടീം അക്കാലങ്ങളിൽ തന്നെയുണ്ടായിരുന്നു. അന്നത്തെ  വോളിബോളിന്റെ ഒന്നാം ക്ലാസ് പ്രവേശനം സെർവ് ചെയ്യാൻ കോർട്ടിന്റെ ഒരു മൂലയിൽ ഒരാളെ നിർത്തുക എന്നതാണ്. അതിൽ ജയിച്ചാൽ കോർട്ടിലെ ചില അപ്രധാന സ്ഥലത്തേക്ക് സ്ഥാനക്കയറ്റം നൽകും. "ഐ ഷാൽ... " വിളികൾ മാത്രം അക്ഷര സ്പുടതയോടും ഇല്ലാതെയും കോർട്ടിൽ നിരന്തരം കേട്ടു കൊണ്ടിരിക്കുമായിരുന്നു. ഞാനൊക്കെ അക്കാലങ്ങളിലെ "പ്രമുഖ ബോൾ പെറുക്കി"കളിൽ ഒരാളായിരുന്നു.
മറ്റൊന്നാണ് ഞാൻ സൂചിപ്പിച്ച കബഡിക്കളി. നമ്മുടെ പി.പി. സഹോദരന്മാരാണ് ഇത് കൊണ്ടു നടന്നത്. അന്ന് ചേനക്കോട് കടയുണ്ടായിരുന്ന മുഹമ്മദ് കുഞ്ഞി മുതൽ ഷംസു വരെ ഇതിന്റെ ആശാൻമാരായിരുന്നു. പരേതരായ എം. എ. റസാഖ്, മജീദ്, മുഹമ്മദ് കുഞ്ഞി, ജി. അബൂബക്കർ , എഫ്. മുഹമ്മദ് ഇവർ വളരെ ചെറുപ്പത്തിൽ തന്നെ കബഡി താരങ്ങളായിരുന്നു. മജൽ ബഷിർ, ടി.എച്ച്. അബ്ദുറഹിമാൻ, നാരായണൻ, ഇബ്രാഹിം, ബാപ്പുഞ്ഞി, റസാഖ്, ജി. മുഹമ്മദ് കുഞ്ഞി ഒരു വലിയ യുവനിര തന്നെ കബഡിക്കുണ്ടായിരുന്നു. കളി തീരുമ്പോൾ ഏതെങ്കിലും ഒരുത്തന്റെ പുറം കാലിലെയോ തുടയിലെയോ "ചെപ്പെ" പോകുന്നത് എപ്പഴും പ്രതീക്ഷിച്ചിരുന്ന  സ്ഥിരം കാഴ്ചയുമായിരുന്നു.
പിന്നെയുള്ളത് ക്രിക്കറ്റ്. ഇന്നത്തെ പോലെ തന്നെ  ഫലത്തിൽ ക്രികറ്റിന്റെ സോല്  അന്നും മാറിയിരുന്നില്ല. ഇന്ത്യ, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ് മത്സരങ്ങളുടെ ഫലം കാണുക, റേഡിയോവിൽ ദൃക്സാക്ഷി വിവരണം കേൾക്കുക,  അതിന്റെ മദ്ഹും വീരവാദവും കണ്ടവരോടൊക്കെ പറഞ്ഞു നടക്കുക, ക്രിക്കറ്റിൽ ഇൽമില്ലാത്തവനെ കൂട്ടത്തിൽ നിന്ന് ഒറ്റപ്പെടുത്തുക, ഫീൽഡിംഗിലെ നാല് പൊസിഷൻ തിരിയാത്തവനെ ലോകം തിരിയാത്തവരിൽ ഉൾപ്പെടുത്തുക തുടങ്ങിയ കലാപരിപാടികൾ അന്നും ഉണ്ടായിരുന്നു (അതേ ഉണ്ടായിരുന്നുള്ളൂ). ഞാനൊക്കെ അന്ന് മനുഷ്യന്മാരുടെ കൂട്ടത്തിൽ നിന്ന് പുറത്താവാതിരിക്കാൻ അറ്റകൈയ്ക്ക് സ്വീകരിച്ച ഉപായം എന്തെന്നോ ?  ടൂർണമെന്റിൽ ഇടിച്ചു കയറി എല്ലാം അറിയാമെന്ന മട്ടിൽ റണ്ണിംഗ് കമന്ററി  കണ്ണടച്ച് തട്ടിവിടുക എന്നത് തന്നെ. രണ്ടു മൂന്ന് കാര്യം - ഒന്നു മനുഷ്യരുടെ ദറജയിൽ പെടും, കളി തണൽ കൊണ്ട് കാണാം, കട്ടനും കായക്കടിയും കിട്ടുകയും ചെയ്യും.  പിന്നെ, ഞാൻ ഇടക്കിടക്ക് ബി. ബഷീറിന്റെ വീട്ടിൽ പോയി ടു ബാൻഡ് റേഡിയോയിൽ കൂടി റണ്ണിംഗ് കമന്ററിക്ക് ചെവിപിടിച്ചു എന്തൊക്കെ കേട്ടെന്ന് വരുത്തി  എന്നെ കേൾക്കാൻ നിന്നു തരുന്നവന്റെ ചെവിയിൽ നിർദാക്ഷിണ്യം  ഒഴിച്ചു കൊടുക്കും. അതിൽ പകുതിയെങ്കിലും ശരിയുമുണ്ടാകും. എത്ര പരിഷ്ക്കാരം പറഞ്ഞാലും പട്ലയിൽ അന്ന്  ക്രിക്കറ്റ് കളിക്കുക മീൻസ് അണ്ടർ ആം എറിഞ്ഞു കളിക്കുക എന്ന്തന്നെ. (ക്രികറ്റ് കളിക്കിടെ നടന്ന ചില അതിരസകരമായ സംഭവങ്ങളൊക്കെ ഓർക്കാൻ മാത്രമല്ല ചിരിക്കാനും  ഉണ്ട്. ചിലതൊക്കെ ഞാൻ മുമ്പ് RT യിൽ കുട്ടിക്കാലക്കുസൃതിക്കണ്ണുകൾ പരമ്പരയിൽ എഴുതിയത് ഓർക്കുമല്ലോ.) ഇപ്പറഞ്ഞ ക്രിക്കറ്റിലും മുമ്പ് പറഞ്ഞ കബഡി - വോളി - ഫുട്ബോൾ പാർട്ടി തന്നെയാണ് ഗ്രൗണ്ടിലിറങ്ങിയിരുന്നത്.  
ഇൻഡോർ ഇനങ്ങളും അക്കാലത്തു സജിവമായിരുന്നു. കാരംസാണ് ഒന്നാമൻ. ചെസ്, കട്ട (ഡോമിനോസ് ) ഏകദേശം ഒരേ കാലത്താണ് സജീവമായത്. പിന്നൊരു അകലം പാലിച്ച കളിയുണ്ട് - ചീട്ടുകളി. ആ കളിയോട് പലരും  പ്രത്യക്ഷത്തിൽ ഒരുമാതിരി ചതുർഥി കാണിക്കുകയും ചെയ്യും, ഒപ്പം  വൈകുന്നേരങ്ങളിൽ  കുന്നിൻ പുറത്തെ  മരത്തണലിൽ  ഓരോ പിടിയുമായി ഇരിക്കുകയും ചെയ്യുമായിരുന്നു. ബാക്കി കളിയൊക്കെ മഗ്റിബ് ബാങ്ക് കേൾക്കുമ്പോൾ നിർത്തും, ചീട്ടുകളി ബാങ്കിന് 15 മിനിറ്റെങ്കിലും മുമ്പ് നിർത്തി പൊടിയും തട്ടി കുന്നിറങ്ങും. ഇതിന്റെ ഗുട്ടൻസ് ഇപ്പഴും എനിക്കറിയില്ല. ആരും അറിയിച്ചിമില്ല.
കാരംസിൽ പ്രായമുള്ളവരൊക്കെ അന്ന് ആക്ടിവായിരുന്നു. തോട്ടത്തിലെ ഔക്കുച്ച, തടിയൻ ഔക്കൻച്ച മുതൽ ഒട്ടേറെ പേർ കാരംസ് ഹരമാക്കിയവരാണ്. എസ്. അബ്ദുല്ല, പി. അബ്ദുൽ കരീം, പി. അഹമദ്, അബ്ബാസ് തൊട്ട് ഡസൻ കണക്കിന് ആളുകൾ മഗ്രിബ് കഴിഞ്ഞാൽ ഒത്തുകൂടും. ക്ലബ്ബിലോ ചില കടകൾ കേന്ദ്രീകരിച്ചോ ആയിരിക്കും കാരംസ് കളി. 
ചെസ് നാലാളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത് 84- 85 കാലങ്ങളിലാണ്. അപ്പഴാണ് ചില വില്ലാളിവീരന്മാർ പട്ലയിലും ഉണ്ടെന്ന് നാട്ടുകാർ അറിഞ്ഞു തുടങ്ങുന്നത്. തോട്ടത്തിൽ ഔക്കുച്ച, പാറ അദ്ലൻച്ച, തോട്ടുംഭാഗം അന്തച്ച, എച്ച്. കെ. മൊയ്തു തുടങ്ങി എണ്ണം പറഞ്ഞ ആളുകൾ പട്ലയിൽ ചതുരംഗപ്പലക നിരത്തിയവരാണ്. 
ഇങ്ങനെയൊക്കെ കായിക ഇനങ്ങൾ ഇടവിളകൾ പോലെ നടന്നു കൊണ്ടിരിക്കെയാണ് ഒഎസ്എ   ഒരാശയം യുവാക്കളുടെ  മുന്നിൽ വെക്കുന്നത് - തങ്ങൾ കായിക ഇനങ്ങൾ ഗ്രൂപ്പ് തിരിച്ച് പട്ലക്കാർക്കായി  മത്സരം നടത്താൻ ഉദ്ദേശിക്കുന്നു,  അതിന്റെ സമ്മാനങ്ങളും ആദരവുകളും കളർഫുള്ളായി നടക്കുന്ന ഒരു  സദസ്സിൽ നൽകും,  ആ ദിവസം വലിയ ആഘോഷമായി കലാപരിപാടികളും മറ്റും ഉൾപ്പെടുത്തി ഗംഭീരമായി നടത്തും.
.    (തുടരും )

No comments:

Post a Comment