Monday 15 June 2020

മിണ്ടാപ്രാണികളും* *നമ്മുടെ ഇടപെടലുകളും* *പി.പി. ഹാരിസിൻ്റെ* *സദ്പ്രവർത്തിയും* /അസ്ലം മാവിലെ


*മിണ്ടാപ്രാണികളും*
*നമ്മുടെ ഇടപെടലുകളും* 
*പി.പി. ഹാരിസിൻ്റെ*
*സദ്പ്രവർത്തിയും* 
............................
അസ്ലം മാവിലെ 
............................

നല്ല മഴ ! 
പുറത്തിറങ്ങാൻ പറ്റുന്നില്ല.
മുറ്റത്തും വീട്ടുവളപ്പിലും ഒരിടത്തും...

അങ്ങിനെയാണ്  ഒരു മിണ്ടാപ്രാണിയെ പി.പി. ഹാരിസ് രക്ഷപ്പെടുത്തുന്ന വാർത്തയിലേക്കും  ചിത്രത്തിലേക്കും  എൻ്റെ കണ്ണുടക്കുന്നത്.

മുമ്പൊക്കെ ഉമ്മമാർ പറയും - ബായ് ബെരാത്ത ജീമനാദിനെ വെറുതെ ഉപദ്രവിക്കരുതെന്ന്. അന്നത്തെ കരുതലും സ്നേഹവും ജീവജാലങ്ങളോടുള്ള ഉമ്മമാരുടെ സ്നേഹമൊക്കെയാണ് അതിൽ നിഴലിച്ചിരുന്നത്. 

പയ്ക്കിടാവോ ആട് മാടുകളോ പൂച്ചക്കുട്ടികളോ ഒഴുക്കിൽ പെട്ടാൽ, കിണറ്റിൽ കാൽതെന്നി വീണാൽ എത്ര തിരക്കുണ്ടെങ്കിലും അതൊക്കെയൊഴിവാക്കി അവറ്റങ്ങളെ രക്ഷപ്പെടുത്തുക, ഞങ്ങളുടെ കുട്ടിക്കാലത്തെ സ്ഥിരം കാഴ്ചകളായിരുന്നു. മുതിർന്നവർ അതിന്നായി പ്രത്യേക ഉത്സാഹം തന്നെ കാണിച്ചിരുന്നു. ഉപ്പ ഇരിക്കുന്ന കസേരയിൽ പൂച്ചക്കുട്ടികൾ ഉറങ്ങുന്നത് കണ്ടാൽ, അവറ്റങ്ങളെ  വിളിച്ചുണർത്താതെ മറ്റൊരു സ്ഥലത്തേക്ക് മാറി ഭക്ഷണത്തിനിരിക്കുന്ന ഉപ്പാൻ്റെ ചിത്രം നേർ മുന്നിൽ വരുന്നു. 

കാരുണ്യം വറ്റാത്ത ഹൃദയങ്ങളായിരുന്നു അവരുടേത്. ആ കാരുണ്യത്തിൻ്റെ മഞ്ഞു കണങ്ങൾ  നമ്മുടെയുമുള്ളിൻ്റെയുള്ളിൽ ഒളിച്ചിരിപ്പുണ്ട്. പ്രപിതാക്കളും ജീവിത ചുറ്റുപാടുകളും ബാക്കി വെച്ചു പോയ വെർച്ച്വൽ ഒസ്യത്തുകളാണവ. 

ദൗർഭാഗ്യകരമെന്ന് പറയട്ടെ, ചില പ്രദേശങ്ങളിൽ പോയാൽ കാണാം. കുറെ മുടന്തുള്ള നായ്ക്കൾ, കാലൊടിഞ്ഞ പൂച്ചക്കുട്ടികൾ അങ്ങിനെ പലതും. അവയൊന്നും ജന്മനാ മുടന്തരായി ജനിച്ചവയല്ല. മനുഷ്യരിൽ ചിലർക്ക് വെറുതെയിരിക്കുമ്പോൾ ഉണ്ടാകുന്ന ക്രിമിനൽ മൈണ്ട് വർക്ക് ചെയ്യുന്നതിൻ്റെ ഫലമായുള്ള  പൈശാചികതയാണ് അവരുടെ കൺമുമ്പെ കടന്നു പോകുന്ന ഈ പാവം മിണ്ടാപ്രാണികളെ നടേ പറഞ്ഞ ദുരന്തത്തിലെത്തിക്കുന്നത്. 

മുറിക്കാൻ വെച്ച ഒരു മീൻ തുറന്ന പാത്രത്തിൽ നിന്ന് പൊക്കിയാൽ, പുറത്ത്  പോകാൻ നിവൃത്തിയില്ലാതെ  വീട്ടിനകത്ത് കാഷ്ഠിച്ചാൽ കേമത്തരം പോലെ നിർദാക്ഷിണ്യം പൂച്ചകുട്ടികളെ തച്ച് കാലൊടിക്കുന്നവർ ഇന്നും നമ്മുടെയിടയിലുണ്ട്. ഞങ്ങളുടെ  ഒരു മംഗാളംപൂച്ച അഞ്ചാറ് മാസം മുമ്പ് വലതുകാലൊടിഞ്ഞ് ഞൊണ്ടി ഞൊണ്ടി തീരെ വയ്യാണ്ടാണ് ഒരു വൈകുന്നേരത്ത് വീട്ടിൽ കയറി വന്നത്. ഒരു തമാശയ്ക്ക് വഴിയെപ്പോകുന്ന ആരെങ്കിലും ഉന്നം പരീക്ഷിച്ചതാകാം. പക്ഷെ,  പൂച്ച പെട്ടില്ലേ ? മൂന്ന് മാസമെടുത്തു ആ അരുമയുടെ കാലൊന്നു ശരിയാകാൻ. 

ഇങ്ങനെ ഒരുപാടൊരുപാട് കാര്യങ്ങൾ വായനക്കാർക്കും പറയാനും പങ്കുവെക്കാനുമുണ്ടാകും. അതിന്നിടയിലാണ് ഇടവമാസത്തിലെ അവസാന ദിനമായ ഇന്ന് ഇങ്ങനെയൊരു നല്ല വാർത്ത അതിരാവിലെ കേൾക്കുന്നത്. 

ചെറിയ വാർത്തകൾക്ക് വലിയ സന്ദേശമുണ്ട്. അത് വലിയ സന്ദേശമാകുന്നത് വായ്മൊഴിയിലും വരമൊഴിയിലൂടെയുമാണ്. ആ ഒരു ഉദ്ദേശം മാത്രമാണ് ഈ കുറിപ്പുകാരനും. 

പി.പി. ഹാരിസ് അഭിനന്ദനമർഹിക്കുന്നു. ആ മിണ്ടാപ്രാണിയെ   രക്ഷപ്പെടുത്തണമെന്ന നിയ്യത്ത് മുതൽ താങ്കളുടെ സദ്ചിന്തയും സദ്കർമ്മവും മാലാഖമാർ നന്മയുടെ  രേഖയിൽ കുറിച്ചിരിക്കും, അതുറപ്പ്. 

കൂട്ടത്തിൽ 
നമ്മുടെ കുഞ്ഞുതലമുറകൾക്ക് കരീം സാഹിബ് പോസ്റ്റ് ചെയ്ത ഫോട്ടോയും  എൻ്റെ ഈ കുറിപ്പും പോസിറ്റീവ് എനർജിയും ആർദ്രമനസ്സും നൽകട്ടെ. 

സുപ്രഭാതം ! 

No comments:

Post a Comment