Monday 15 June 2020

തിരിച്ചുപിടിക്കുന്ന ഗ്രാമീണ നന്മകൾ!* /*സാപ്*

🔲
*തിരിച്ചുപിടിക്കുന്ന ഗ്രാമീണ നന്മകൾ!*

*സാപ്*

ചിലർ ജീവിതത്തെ അടയാളപ്പെടുത്തുന്നത് വളരെ വ്യത്യസ്തമായ ശൈലിയിലൂടെയാണ്. ഇതാ ഇവിടെയൊരാൾ, മർഹും പി.മുഹമ്മദ് കുഞ്ഞി സാഹിബിന്റെ മകൻ കരീം സാഹീബ്. പലർക്കും അപരിചിതമായ പുതുവഴികളിലൂടെ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണദ്ദേഹം. പട്ല വെസ്റ്റ് റോഡിലുള്ള സ്വന്തം വീട്ടുപറമ്പിലൂടെ മൂന്നര മീറ്റർ വീതിയിലും അറുപത് മീറ്ററോളം നീളത്തിലും റോഡ് നിർമ്മിച്ച് നാടിനും നാട്ടുകാർക്കും പുതുവഴി കാട്ടിക്കൊടുക്കുന്നു.
പൊതുകാര്യ പ്രസ്തനായ അദ്ദേഹം സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാനിധ്യമാണ്. നാട്ടിൽ അനേകം മുഖ്യപാതകളും നടപ്പാതകളും ഒരുക്കുന്നതിന്റെ പിന്നിൽ അദ്ദേഹത്തിന്റെ തീവ്ര പരിശ്രമങ്ങളായിരുന്നു.

പഴയ കാലം എന്നത് ഇല്ലായ്മകളുടെ കാലം കൂടിയായിരുന്നല്ലോ. ആ ഇല്ലായ്മകളുടെ പഴയ കാലത്തും
ഇത് പോലുള്ള പലരുടെയും മനസ്സിന്റെ നന്മയും ത്യാഗസന്നദ്ധതയും ഒക്കെയാണ് ഓരോ നടവഴികളും വലിയ ടാറിട്ടതും കോൺഗ്രീറ്റ് ചെയ്തതുമായ ഗംഭീരറോഡുകളായി മാറിയത്.
പൊതുനന്മ എന്നത് ലോകമാന്യതക്കും സ്വയം മേന്മ നടിക്കാനും മാത്രമായി അധഃപതിച്ചുപോയ കാലത്തെ
വളരെ അപൂർവ്വമായ കാഴ്ചകളിലൊന്നാണിത്.  ഇത് പള്ളികൾക്കും വിദ്യാലയങ്ങൾക്കും സ്ഥലം ധാനം ചെയ്തിരുന്ന നല്ല മനുഷ്യരുടെ ആ പഴയ നല്ല കാലത്തെ ഓർമ്മിപ്പിക്കുന്നു.

ഇതെഴുതുമ്പോൾ കരിം സാഹിബിന്റെ തറവാടു മുറ്റത്ത് കൂടി ദിവസം അഞ്ചും പത്തും പ്രാവശ്യം അസ്ലമിന്റെയും ബി.ബഷീറിന്റേയും വീടുകളിലേക്ക്
നടന്നും പാഞ്ഞും പോയിരുന്ന ചെറുപ്പകാലമാണ് ഓർമ്മകളിൽ മിന്നിമറയുന്നത്.  അന്ന് പലർക്കും അവരുടെ വേലി കെട്ടിയോ മതില് കെട്ടിയോ വേർതിരിക്കാത്ത വീടും പറമ്പും പൊതുസ്വത്ത് എന്ന പോലെയായിരുന്നു.
പണ്ടൊക്കെ അങ്ങിനെയായിരുന്നല്ലോ.  അയൽ വീട്ടുകാർക്കിടയിൽ നിരന്തരമായ ഉപയോഗത്താൽ ഒരിക്കലും പുല്ല് കിളിർക്കാത്ത പാറപോലെ ഉറച്ച കാൽനടപ്പാതകളുണ്ടായിരുന്നു.  അയൽപ്പക്ക ബന്ധങ്ങളെ ദൃഢപ്പെടുത്തിയിരുന്ന പങ്കുവെപ്പുകളുടെയും കൊടുക്കൽ വാങ്ങലുകളുടെയും ദൃഢമായ നടപ്പാതകൾ!   ആ ഇടവഴികളിലെ വേലിത്തലപ്പുകൾക്കിടയിൽ എന്റെ ഓർമ്മകളുടെ ഒത്തിരി കോളാമ്പിപ്പൂക്കൾ ചിതറിക്കിടക്കുന്നുണ്ട്.

ചെടിക്കമ്പുകൾ കൊണ്ട് വളയം ഉണ്ടാക്കി കാറും ബസ്സും ഓടിച്ചിരുന്ന ബാല്യകൗമാരങ്ങൾ പുതുതലമുറകൾക്ക് അന്യമാണല്ലോ, ഒപ്പം ഇതുപോലുള്ള നന്മകളും!
നഷ്ടപ്പെട്ടു പോയ ഒരുപാട് പഴയകാല സമ്പന്നതകളിൽ ഒന്നാണിത്.  നഷ്ടപ്പെട്ട പലതും വീണ്ടെടുക്കാനാവാത്തതാണ്. പക്ഷെ നടന്നു നടന്നു തളരുമ്പോൾ കാലുകൾ കുഴയുമ്പോൾ ഇരിക്കാൻ ഒരു മരത്തിന്റെ തണൽ എല്ലാവർക്കും ആവശ്യമായ് വരും.  അത് കൊണ്ട് തന്നെ പൊതുജന സേവനത്തിന്റെ നന്മയുടെ ഇത്തരം തണൽ മരങ്ങൾ നടാൻ എല്ലാവർക്കും കഴിയട്ടെ.

ഇന്ന് തലയുയർത്തി നിൽക്കുന്ന പള്ളികളും പള്ളിക്കൂടങ്ങളും റോഡും മറ്റു സൗകര്യങ്ങളും തനിയെ ഉണ്ടായതല്ല.  പഴയ കാലങ്ങളിലെ കരിം സാഹിബുമാരുടെ ആത്മാർത്ഥതയും ഹൃദയവിശാലതയും കൊണ്ടുണ്ടായതാണ്. ഭാവിതലമുറയ്ക്കായുള്ള അവരുടെ കരുതലായിരുന്നു അത്.

അറുപത് മീറ്ററോളം നീളമുള്ള ഈ റോഡ് യാഥാർത്ഥ്യമാകുന്നത് കരീം സാഹിബിന്റെ അയൽവാസിയായ  അസ്ലമിന്റെ ആത്മാർത്ഥ ശ്രമത്തിന്റേയും ത്യാഗസന്നദ്ധതയും കൊണ്ട് കൂടിയാണ്.  അസ്ലം സാഹിബിന്റെ പറമ്പിൽ നിന്നും പ്രസ്തുത പാതയ്ക്ക് വേണ്ടി സ്ഥലം നൽകിയിട്ടുണ്ട്.   സാമൂഹിക സേവന മേഖലകളൊക്കെ അപലപനനീയമാം വിധത്തിൽ അപചയം സംഭവിച്ചു പോയ കാലത്ത് ഇത്തരം സാമൂഹ്യ പ്രതിബദ്ധതകളാണ് വീണ്ടെടുക്കപ്പെടേണ്ടത്.

ഈ നന്മകൾ കരിം സാഹിബിനും സുഹൃത്ത് അസ്ലമിനും ഇഹ പരലോകങ്ങളിൽ തണലായും കാവലായും തീരട്ടെ.


No comments:

Post a Comment