Friday 19 June 2020

3 മാസത്തെ* *ഇടവേളക്ക് ശേഷം* *പട്ലയിലെ വിശ്വാസികൾ* *ഇന്ന് ജുമുഅ:യ്ക്കായി* *പള്ളികളിൽ ഒത്തു കൂടിയപ്പോൾ* /അസ്ലം മാവിലെ



*3 മാസത്തെ*
*ഇടവേളക്ക് ശേഷം*
*പട്ലയിലെ വിശ്വാസികൾ*
*ഇന്ന് ജുമുഅ:യ്ക്കായി*
*പള്ളികളിൽ ഒത്തു കൂടിയപ്പോൾ*

...............................
അസ്ലം മാവിലെ
...............................

പട്ലയിലെ വിശ്വാസികൾ സന്തോഷ കണ്ണീര് പൊഴിച്ചാണ് ഇന്ന് പള്ളികളിലേക്ക്  എത്തിയത്. അതിനപ്പുറം അൽഹംദുലില്ലാഹ് പറഞ്ഞാണവർ പള്ളി വാതിലുകൾ  കടന്നു പുറത്തിറങ്ങിയത്.


നമ്മുടെ മഹല്ലിലെ മിക്ക പള്ളികളിലും ഇന്ന് ജുമുഅ: നടന്നു.
പട്ല വലിയ ജുമുഅ: മസ്ജിദ്, അതിന് കീഴിലുള്ള മസ്ജിദുകൾ, പട്ല തായൽ ജുമുഅ: മസ്ജിദ്, പട്ല സലഫി ജുമുഅ: മസ്ജിദ് -  എല്ലിടത്തും വളരെ ഭംഗിയായാണ് കോവിഡ് സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചുകൊണ്ട് ജുമുഅ: പൂർത്തിയാക്കിയത്. ഇത്തരുണത്തിൽ മുഴുവൻ മഹല്ല് നേതൃങ്ങളെയും ഖതിബുമാരെയും മുക്തകണ്ഠം  അഭിനന്ദിക്കുന്നു.


 ഇന്നലെ രാത്രി മുതൽ പള്ളി കേന്ദ്രീകരിച്ചു ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. വളരെ കരുതലോടെയാണ് മഹല്ല് നേതൃത്വങ്ങൾ വിശ്വാസികളെ  ബോധവാന്മാരാക്കിയത്.  60 + പ്രായമുള്ളവർ മനംപുരട്ടിയാണെങ്കിലും ആരോഗ്യ- ആഭ്യന്തര വകുപ്പുകളുടെ നിർദ്ദേശം മാനിച്ചു പള്ളിയിൽ പോകാതിരുന്നു. പത്തിന് താഴെയുള്ള കുട്ടികളും അങ്ങിനെ തന്നെ.


ചിലയിടങ്ങളിൽ ടോക്കൺ സമ്പ്രദായം കൊണ്ടു വന്നു. അത്കൊണ്ട് തന്നെ ഈ ആഴ്ചയിൽ ടോക്കൺ കിട്ടാത്ത പ്രദേശവാസികൾക്ക് അടുത്ത ആഴ്ച  സ്വാഭാവികമായും മുൻഗണന ലഭിക്കുമായിരിക്കുമെന്ന് പ്രതീക്ഷിക്കാം. ലഭിക്കണം.


രെജിസ്റ്റർ, ഐഡെൻറിഫിക്കേഷൻ ഡോക്സ്, സാനിറ്റൈസർ, വീട്ടിൽ നിന്നുള്ള അംഗശുദ്ധി, നിസ്ക്കാരപ്പായ, മാസ്ക്, അകലം പാലിച്ചുള്ള ഇരുത്തം, ബാങ്ക് വിളി ഡെഡ്‌ ലൈൻ...


ഇന്നു മുതൽ കോവിഡുകാലത്തെ പള്ളിയിലേക്കുള്ള പോക്കുവരവുകൾക്കും പള്ളികളിലെ സംഘടിത നമസ്ക്കാരങ്ങൾക്കും പുതിയ നിബന്ധനകൾ   അവിഭാജ്യ ഘടകങ്ങളാകുകയാണ്. ഇത് പോലെ ജാഗ്രത പാലിച്ചാൽ പരാതികളില്ലാതെ നമുക്ക് മുന്നോട്ട് പോകാം. ചെറുതായി സഡ്ലായാലോ ഒന്നയഞ്ഞാലോ കാര്യങ്ങൾ കയ്യീന്ന് വിടുകയും ചെയ്യും. എല്ലരും ഇത്പോലെത്തന്നെ കരുതലോടെ  സഹകരിക്കുക.


എങ്ങിനെ സഹകരിക്കണമെന്ന് ?
അത് കൃത്യമാണ്. 
പറഞ്ഞ സമയത്തിന് പള്ളിയിലെത്തുക.  മാസ്ക് ധരിക്കുക. (മാസ്ക് മറന്നത് പോലീസ് കണ്ടാൽ 500 പോയിക്കിട്ടും, പളളിപ്പരിസരത്ത് തുറിച്ച നോട്ടങ്ങളും കിട്ടും). നിസ്ക്കാരപ്പായ കൊണ്ട് വരിക.  (മുസല്ല എന്നാൽ പള്ളിമിനാര ചിത്രപ്പണിയുള്ളത് മാത്രമല്ല, വൃത്തിയുള്ള വെള്ള ഒരു മുണ്ട് മാത്രം മതി. എച്ച്. കെ. മൊയ്തു സാഹിബ് സൂചിപ്പിച്ചത് പോലെ,  അതാകുമ്പോൾ വീട്ടിൽ എത്തിയ ഉടനെ അലക്കി വൃത്തിയാക്കാൻ വളരെ എളുപ്പവുമാണ്.) 


ഇതൊന്നും ( വയസ്, മാസ്ക്, നിസ്കാരപ്പായ, ഐഡി കാർഡ് ) ഞങ്ങൾക്ക് പ്രശ്നമല്ലെന്ന് പറഞ്ഞ് നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി പള്ളി ലക്ഷ്യമാക്കി വരുന്ന ആരെങ്കിലും  ഉണ്ടെങ്കിൽ അവരെ കണ്ടറിഞ്ഞ് കാര്യങ്ങൾ ബോധ്യപ്പെടുത്തേണ്ടത് മഹല്ലു നേതൃത്വങ്ങളുടെ, ജാഗ്രതാ സമിതി അംഗങ്ങളുടെ, ഭാരവാഹികളുടെ മാത്രം ചുമതലയല്ല, എല്ലരുടെയുടെയും കൂടി ബാധ്യതയാണ്.


വെള്ളിയാഴ്ച വിശ്വാസിക്ക് പള്ളിപ്പെരുന്നാളാണ്. പ്രായം കടമ്പയായത് കൊണ്ട് മാത്രം  മസ്ജിദിൽ വരാനാകാത്ത ഒരു പാടു പേരുണ്ട് നമ്മുടെയിടയിൽ. അവരുടെ പ്രയാസങ്ങൾ എല്ലർക്കും മനസ്സിലാകുന്നുമുണ്ട്. എങ്കിലും താൻ കാരണം മറ്റുള്ളവർക്കും മഹല് സംവിധാനത്തിനും പ്രയാസമാകരുതെന്ന ഒറ്റക്കാരണം കൊണ്ട് മാത്രം പ്രായമുള്ളവരേ, നിങ്ങൾ ഓരോരുത്തരും ക്ഷമിച്ചേ മതിയാകൂ.


എന്നും ഇങ്ങിനെ ഒരു സ്ഥിതി ഉണ്ടാകില്ലല്ലോ. ഇങ്ങിനെയൊന്നു എപ്പഴുമുണ്ടായിപ്പോകാതിരിക്കാനാണ് ഈ നിയന്ത്രണങ്ങളൊക്കെയും. ഇൻ ശാഅല്ലാഹ് വളരെ പെട്ടന്ന് തന്നെ കാര്യങ്ങൾ സാധാരണ നിലയിലാകുമെന്ന് കരുതാം.


പ്രാർഥനകളോടെ,
പ്രതീക്ഷയോടെ.....

▪️

No comments:

Post a Comment