Friday 19 June 2020

സ്റ്റാർ പട്ലയ്ക്ക്* *ഭാവുകങ്ങൾ,* *ഈ പുതിയ പ്രഭാതത്തിൽ !*/ അസ്ലം മാവിലെ

▪️
*സ്റ്റാർ പട്ലയ്ക്ക്* *ഭാവുകങ്ങൾ,*
*ഈ പുതിയ പ്രഭാതത്തിൽ !*
................................

അസ്ലം മാവിലെ
................................

പട്ല സ്റ്റാർ ക്ലബ് ഗ്ലോബൽ നേതൃത്വത്തിനും,
മുഴുവൻ അംഗങ്ങൾക്കും
സ്നേഹാന്വേഷണങ്ങൾ  !

വലിയ പ്രതീക്ഷയോടെയാണ് ഈ പുതിയ നേതൃത്വത്തെ നാട്ടിലെ കലാ- കായിക - സാമൂഹിക- സാംസ്ക്കാരിക രംഗത്ത് പ്രവർത്തിക്കുന്നവർ നോക്കിക്കാണുന്നത്.

അത് കൊണ്ട് നല്ല ഉത്തരവാദിത്വമുണ്ട്. അൻപതിനടുത്ത വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള നമ്മുടെ നാട്ടിലെ ഏക ക്ലബ്ബായ സ്റ്റാറിന് ചെറിയ ഇടവേളയിൽ ഉണ്ടായ മയക്കവും അക്കാലങ്ങളിൽ ക്ലബിനെ സ്നേഹിച്ച സാധാരണക്കാർക്കുണ്ടായ മനപ്രയാസവും ഇനിയൊരിക്കലും ഉണ്ടാകില്ല എന്നുറച്ച ദൃഢപ്രതിജ്ഞയായിരിക്കണം  പകുതി വഴിക്കുപേക്ഷിക്കപ്പെട്ട ബാറ്റൺ കുനിഞ്ഞെടുക്കുമ്പോൾ ഈ ഗ്ലോബൽ നേതൃത്വത്തിനുണ്ടാകേണ്ടത്. ഓർക്കുക ബാറ്റൺ  കൈമാറാനുള്ളതുമാണ്. കൈമാറാൻ കൈകൾ നീളണം. അതിനുള്ള സാഹചര്യമുണ്ടാക്കേണ്ടത് അതത് നേതൃത്വമാണ്.

എല്ലാ രംഗത്തും നാം സജീവമായിട്ടുണ്ട്. കായികരംഗത്ത് മുൻതൂക്കം നൽകാൻ മറക്കുകയുമരുത്. ഒപ്പം മുൻകാലങ്ങളിലെ നേതൃത്വങ്ങൾ കാണിച്ച വഴികൾ വഴിവിളക്കുമാകണം. വലിയ സ്വപ്നങ്ങളുള്ള, എല്ലരെയും ഉൾക്കൊള്ളാൻ മനസ്സുള്ള വ്യക്തിത്വങ്ങളാണ് ഈ നേതൃത്വത്തിലുള്ളത്.

കായിക രംഗത്തോടൊപ്പം ശ്രദ്ധയാർന്ന ഒട്ടേറെ പുതുമകൾ നൽകുന്ന ഒട്ടേറെ പരിപാടികൾ ചെറിയ ബഡ്ജറ്റിൽ നടത്താൻ നമുക്കാകും. കോവിഡ് കാലത്ത് വീട്ടിൽ ഒതുങ്ങിക്കഴിയുന്ന ജേഷ്ടന്മാർ,  ഉമ്മമാർ, സഹോദരിമാർ, വിദ്യാർഥികൾ ഇവർക്ക് കൂടി പങ്കാളിത്തമുള്ള പ്രോഗ്രാമുകൾ ഓൺലൈൻ വഴി നടത്താൻ പറ്റുന്നവർ ഈ നേതൃത്വത്തിലുണ്ട്. അങ്ങിനെ ഒരു കുഞ്ഞുവേളയിൽ മേഘം മറ നിന്ന താരകകുടുംബത്തിലെ  ഈ സൂര്യൻ, സ്റ്റാർ, പതിവിലും പതിന്മടങ്ങ് മാറ്റിലും പകിട്ടിലും  പ്രശോഭിക്കട്ടെ. ഈ ആകാശത്തിൽ നമ്മുടെ സ്റ്റാർ എന്നും ജ്വലിച്ചു നിൽക്കട്ടെ.

വലിയ കുടയാണിത്. An x-large Umbrella. ആർക്കും കൂടണയാൻ പറ്റുന്ന തരത്തിൽ ഇതിൻ്റകം വിശാലമാണ്. എനിക്കതിൽ സ്പേയ്സില്ല എന്ന തോന്നൽ തന്നെ അസ്ഥാനത്താണ്. എല്ലരും ഒന്നകത്തേക്ക് കടന്ന് വരൂ, അപ്പോഴറിയാം അതിനകത്തെ വിശാലത.

ഓർമ്മയുണ്ടാകണം, കൂട്ടായ്മക്ക് എന്നും മുതൽക്കൂട്ട് അച്ചടക്കമുള്ള അണികളും അവരെ പറയാതെ നിയന്ത്രിക്കാൻ പറ്റുന്ന നേതൃത്വവും ആ നേതൃത്വത്തിൻ്റെ സ്വപ്നതുല്യമായ കാഴ്ചപ്പാടുകളുമാണ്.

ഒന്നും നടക്കായ്കയില്ല,
ശ്രമിച്ചാൽ എല്ലാമാകും. ഒറ്റയിരിപ്പിനാകില്ലെന്നേയുള്ളൂ. രണ്ട് തരം പ്രൊജക്ടുകളുണ്ട്. ഒന്ന് ഷോർട്ട് ടേം. മറ്റൊന്ന് ലോംഗ് ടേം. ഇത് രണ്ടും തിരിച്ചറിയാത്തിടത്താണ് സൗന്ദര്യപ്പിണക്കങ്ങൾ വരുന്നത്. പ്രൊജക്ട് വഴിയിൽ ഉപേക്ഷിച്ചു എന്നൊക്കെ പരാതി ഉണ്ടാകുന്നത്.

ലോംഗ് ടേം പദ്ധതി ഒറ്റക്കൊല്ലം തീരില്ല. ഘട്ടം ഘട്ടമായേ നടക്കൂ. ബാറ്റൺ പദ്ധതിയാണത്. അടുത്ത നേതൃത്വമാണ് അതിൻ്റെ രണ്ടാം ഘട്ടം ഏറ്റെടുക്കേണ്ടത്, പിന്നെ മൂന്നാം ഘട്ടം, അങ്ങനങ്ങനെ മുന്നോട്ട് ലക്ഷ്യം കൈവരിക്കും വരെ തുടരണം.

നേതൃത്വത്തിൽ ഞാൻ ഉൾപ്പെട്ടില്ല എന്നതൊന്നും വിഷയമാക്കരുത്. ഉൾപ്പെടാത്തവർക്കാണ് പ്രവർത്തിക്കാൻ കൂടുതൽ അവസരങ്ങൾ. എൻ്റെ അഭിപ്രായങ്ങൾ മൊത്തം പരിഗണിച്ചില്ല എന്നും പയ്യാരം പറയരുത്. തീരുമാനങ്ങളിൽ ചിലത് നിങ്ങൾ മനസ്സിൽ കണ്ട ആശയങ്ങൾ തന്നെയാണ്.

വാർഷിക പരിപാടികൾ അവധാനതയോടെ കൂടിയാലോചിച്ച് ആസൂത്രണം ചെയ്യുക, അവയിൽ ലോഗ് - ഷോർട്ട് ടേം പ്രൊജക്ടുകൾ ഉൾപ്പെടുത്തുക. സ്റ്റാർ മുന്നോട്ട് പോകും, ഉറപ്പ്.

ഭാവുകങ്ങൾ,
പുതിയ പ്രഭാതത്തിൽ !
ചെയ്യാനാകട്ടെ
ചെറിയ ചെറിയ കാര്യങ്ങൾ, അവയ്ക്ക് ആത്മാർഥത കൊണ്ടും സക്രിയത കൊണ്ടും  വലുതിലൂമപ്പുറമുള്ള റിസൾട്ട് ലഭിക്കുമാറാകട്ടെ !
20/06/2020
visit :
www.rtpen.blogspot.com

No comments:

Post a Comment