Tuesday 30 June 2020

കണ്ണൂര്‍ യുണിവേഴ്‌സിറ്റി എം. എ. എക്കണോമിക്‌സ് പരീക്ഷയില്‍ ഒന്നാം റാങ്കുമായി മുര്‍ഷിദ സുല്‍ത്താന, പട്ലക്കഭിമാനം* ./അസ്ലം മാവിലെ


*കണ്ണൂര്‍ യുണിവേഴ്‌സിറ്റി എം. എ.  എക്കണോമിക്‌സ് പരീക്ഷയില്‍ ഒന്നാം റാങ്കുമായി മുര്‍ഷിദ സുല്‍ത്താന, പട്ലക്കഭിമാനം*
..............................
അസ്ലം മാവിലെ
.............................
രണ്ടു വർഷം മുമ്പ് പത്രങ്ങളിൽ വന്ന വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു - കണ്ണൂര്‍ യുണിവേഴ്‌സിറ്റി ബി. എ.  എക്കണോമിക്‌സ് പരീക്ഷയില്‍ ഒന്നാം റാങ്കുമായി മുര്‍ഷിദ സുല്‍ത്താന, ഷഫഖ് മഹലിലേക്ക് റാങ്ക് എത്തുന്നത് ഇത് രണ്ടാം തവണ.

കൃത്യം രണ്ട് വർഷം 22 ദിവസം കഴിഞ്ഞ ഇന്നാ വാർത്ത ഇങ്ങിനെ ഞാൻ മോഡിഫൈ ചെയ്യുന്നു - *കണ്ണൂര്‍ യുണിവേഴ്‌സിറ്റി എം. എ.  എക്കണോമിക്‌സ് പരീക്ഷയില്‍ ഒന്നാം റാങ്കുമായി മുര്‍ഷിദ സുല്‍ത്താന, ഷഫഖ് മഹലിലേക്ക് റാങ്ക് എത്തുന്നത് ഇത് മൂന്നാം  തവണ*.

പട്ല സ്വദേശികളായ മുഹമ്മദ് ഷാഫി-ജമീല ദമ്പതികളുടെ മകളാണ് മുര്‍ഷിദ. അവൾ കാസര്‍കോട് ഗവണ്‍മെന്റ് കോളജിലെ വിദ്യാര്‍ത്ഥിനിയാണ്.

( നേരത്തെ എല്‍ ബി എസ് എഞ്ചിനിയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന കാര്‍ട്ടൂണിസ്റ്റ് കൂടിയായ സഹോദരന്‍ മുജീബ് പട്ല മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ മൂന്നാം റാങ്ക് നേടിയിരുന്നു.)

പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തി വന്നിരുന്ന മുര്‍ഷിദയുടെ പ്രൈമറി വിദ്യാഭ്യാസം പട്ല ന്യൂ മോഡല്‍ സ്‌കൂളിലും ജി. എച്ച്. എസ്. എസ്.  പട്ലയിലുമായിരുന്നു. ഹൈസ്‌കൂള്‍ വിദ്യഭ്യാസം ഉളിയത്തടുക്ക ജയ്മാതാ സ്‌കൂളിൽ. ( കഴിഞ്ഞ രണ്ടു വർഷമായി  ജയ്മാതാ സ്‌കൂളിനടുത്താണ് മുർഷിദ മാതാപിതാക്കളോടൊപ്പം താമസം ).
നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും ഉന്നത മാർക്കോടു കൂടി ഹയര്‍സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാണ് കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ ബി എ എക്കണോമിക്‌സിന് ചേര്‍ന്നതും  അവിടെ തന്നെ എം എ എക്കണോമിക്‌സ് പഠനം തുടർന്നതും.

കാർട്ടൂണിസ്റ്റു മുജീബ് പട്ല സഹോദരൻ. ആയിശത്ത് ഷമീമ, ഷറീന ഫാത്തിമ എന്നിവര്‍ സഹോദരിമാരാണ്.
എം. എ. പഠന കാലത്തു തന്നെയാണ്  മുർഷിദ NET പരീക്ഷയിൽ ഉന്നത  വിജയം നേടിയത്.  ഗവേഷണ പഠനത്തിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ  നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ JRF പരീക്ഷയിൽ  ഡിസ്റ്റിംഗ്ഷനോടു കൂടിയാണ് Junior Research Fellowship  മുർഷിദ ഇക്കഴിഞ്ഞ വർഷം കരഗതമാക്കിയത്.  

ഈ കുറിപ്പിനൊപ്പം ഇക്കഴിഞ്ഞ വർഷം RTPEN ബ്ലോഗിൽ ഞാൻ എഴുതിയ കുറിപ്പിൻ്റെ ലിങ്ക് കൂടി തുറന്ന്  വായിക്കണമെന്ന് അഭ്യർഥിക്കുന്നു.
http://rtpen.blogspot.com/2019/08/blog-post_21.html?m=1

ഒന്നും പറയാനില്ല. സ്വപ്നതുല്യമായ നേട്ടം. ഇനി അടുത്തത് പി. എച്ച്. ഡി.
പേരിന് മുന്നിൽ ചുരുങ്ങിയ വർഷങ്ങൾക്കകം ഡോക്ടർ. അതിലൊന്നും നമ്മുടെ മുർഷിദ  (മുഴുപേര് സൂചിപ്പിക്കുന്നത് പോലെ മുർഷിദ സുൽത്താന, മുർഷിദ രാജകുമാരി ) ഒതുങ്ങില്ലെന്ന് ഞങ്ങൾക്കറിയാം.

സിവിൽ സർവ്വീസിൽ അത്യുന്നതമായ സ്ഥാനം. അല്ലെങ്കിൽ സാമ്പത്തിക ശാസ്ത്ര രംഗത്ത് ഉയരങ്ങൾ കീഴടക്കുന്ന പ്രതിഭ. അതിലുമപ്പുറം എന്തെങ്കിലും.  അറിയില്ല - മുർഷിദയുടെ മനസ്സിലെന്തെന്ന്.

ഒന്നുറപ്പിക്കാം, സ്വന്തം ക്ലാസ് മേറ്റ്സിൻ്റെ കൂടി അധ്യാപികയായ മുർഷിദ, പ്രതീക്ഷകൾക്കുമപ്പുറം  നമുക്ക് മനം നുകരുന്ന, കവരുന്ന  വാർത്തയുമായി വരുമെന്ന് തീർച്ചയായും കരുതാം.

പ്രിയപ്പെട്ട മുർഷിദാ, 
അതിരുകളില്ലാത്ത അറിവിൻ്റെ ചക്രവാളങ്ങളിൽ  നീയിനിയും  അത്ഭുതങ്ങൾ സൃഷ്ടിക്കുക.
നമ്മുടെ കുഞ്ഞുപട്ലയിലെ സ്രാമ്പിപ്പള്ളിക്കടുത്തുണ്ടായിരുന്ന  എലിമെൻ്ററിസ്കൂളിൽ, ആരുടെയും അനുവാദം ചോദിക്കാതെ കടന്നുവന്ന് അലിഫ് ബാ താക്ഷരങ്ങൾ കുഞ്ഞുമക്കൾക്ക്  പഠിപ്പിച്ചിരുന്ന ഒരധ്യാപകനുണ്ടായിരുന്നു - 1930 കളിൽ. ജീവിതത്തിൻ്റെ യൗവ്വനത്തിൽ തന്നെ പടച്ചവനിലേക്ക് തിരിച്ചു പോയ പ്രപിതാവായ ആ അധ്യാപകൻ്റെ,   മമ്മുഞ്ഞി ഉസ്താദിൻ്റെ,  പ്രാർഥനയുടെ ഫലമാകാം ഒരുപക്ഷെ, അദ്ദേഹത്തിൻ്റെ നാലാം തലമുറക്കാരിയായ നിൻ്റെ ഇക്കാണുന്ന നേട്ടങ്ങളൊക്കെയും, നിൻ്റെ പിതാമഹൻ അബ്ദുല്ല സാഹിബും ഒരു കാലത്ത് വിദ്യാഭ്യാസ സാംസ്ക്കാരിക രംഗങ്ങളിൽ ഈ ഗ്രാമത്തിൻ്റെ വെള്ളിവെളിച്ചമായിരുന്നല്ലോ.

നന്മകൾ, പ്രാർഥനകൾ!
എൻ്റെ ജേഷ്ടപുത്രികൂടിയായ മുർഷിദക്കൊരിക്കൽ കൂടി അഭിനന്ദനങ്ങൾ !
ഈ സന്തോഷം ഞങ്ങളും ആഘോഷിക്കട്ടെ, നിൻ്റെ കൂടെ നിൻ്റെ മാതാപിതാക്കളുടെ കൂടെ ....

No comments:

Post a Comment