Monday 23 September 2019

*മിണ്ടിപ്പറയാൻ* *കുശലം തിരക്കാൻ* *ഇനി എനിക്ക് കെയിച്ച ഇല്ല !* /അസ്ലം മാവിലെ

*മിണ്ടിപ്പറയാൻ*
*കുശലം തിരക്കാൻ*
*ഇനി എനിക്ക് കെയിച്ച ഇല്ല !*
..............................
അസ്ലം  മാവിലെ
.............................

വലിയ പെരുന്നാൾ ദിവസമാണോ അതല്ല അതിന് ഏതാനും ദിവസങ്ങൾ മുമ്പാണോ എന്നോർക്കുന്നില്ല. എന്റെ പെങ്ങളുടെ വീടിനടുത്തുള്ള ഒരു വളവിൽ കെ.ഇ. മമ്മദുൻച്ച ഉണ്ട്. അപ്പോൾ എന്റെ ശ്രദ്ധ മറ്റെവിടെയോ ആയിരുന്നു. പേരെടുത്ത് എന്നെ അദ്ദേഹം അടുത്തു വിളിച്ചു. ഞാൻ അടുത്ത് ചെന്ന്  ഹസ്തദാനം ചെയ്തു. അദ്ദേഹത്തിന്റെ കൈ മുറുകെപ്പിടിച്ചു   ഞാൻ പതിവുപോലെ കുശലാന്വേഷണം തുടങ്ങി.

സാധാരണഗതിയിൽ  ഞാനങ്ങോട്ട് ചോദിക്കുന്നതിലുപരി സ്നേഹാന്വേഷണങ്ങൾ അദ്ദേഹം ഇങ്ങോട്ട് ചോദിച്ചറിയും. അതായിരുന്നു ഞാനന്നും കെയിച്ചാന്റേന്ന്  പ്രതീക്ഷിച്ചിരുന്നത്. എപ്പോൾ മുഖദാവിൽ കണ്ടാലും സ്നേഹാദരവു ഒരുപാടൊരുപാട് തോന്നാറുള്ള അദ്ദേഹത്തെപ്പോലുള്ളവർ, നമ്മുടെ സീനിയർ തലമുറയിൽ പെട്ടവർ, ഇങ്ങോട്ടു വിശേഷങ്ങൾ ആരായുമ്പോഴും അവർക്ക് തൃപ്തിവരുവോളം  ചാരെ നിന്നു നാമരോട് മറുപടി പറയുമ്പോൾ അവരുടെ മുഖത്തു വിരിയുന്ന വിവിധ ഭാവങ്ങൾ വാക്കുകൾക്കുമപ്പുറമാണ്.
രണ്ടു തലമുറകൾ  പരിമിതികൾ മുഴുവൻ  തിരിച്ചറിഞ്ഞു,  പരസ്പരം ഒന്നാകുന്ന, സ്നേഹവും ആദരവും കടലോളം കൈ മാറുന്ന വേളകളാണവയൊക്കെയും.

അവസാനം കണ്ടപ്പോൾ കെയിച്ച പതിവിന് വിപരീതമായാണ് എനിക്ക് മറുപടി തന്നത് : "എന്ത്.. മോനേ.., ഇയ്യിടെയായി എനിക്ക് ഉറക്കം തീരെ കുറവാണ്, ഇടക്കിടക്ക് ചുമ വല്ലാതെ അലട്ടുന്നു." അങ്ങോട്ടുമിങ്ങോട്ടും സലാം പറഞ്ഞും സമാധാനിപ്പിച്ചും ആ വളവിൽ ഞങ്ങളന്ന് രണ്ടു വഴിക്കു നടന്നു നീങ്ങി.

ഇന്ന് കെഇച്ചാന്റെ മരണവാർത്ത കേട്ടപ്പോൾ ആദ്യം ഓർമ്മ മുന്നിൽ വന്നു നിന്നത് അവസാനത്തെ ആ കൂടിക്കാഴ്ചയായിരുന്നു.

എന്റെയും കുടുംബത്തിന്റെയും ഏറ്റവും നല്ല ഗുണകാംക്ഷിയായിരുന്നു എന്നും കെഇച്ച. എന്റെ സഹോദരീഭർത്താവിന്റെ ബന്ധുവെന്നതിലുപരി എന്റെ ഉപ്പാനോടുള്ള സ്നേഹബന്ധങ്ങൾ കൂടി ഗുണകാംക്ഷനിറഞ്ഞ അദ്ദേഹത്തിന്റെ  ആ ജീവിതത്തിലുണ്ടായിരുന്നു. വിടപറഞ്ഞു പോയ നമ്മുടെ മാതാപിതാക്കൾ പലപ്പോഴും വീണ്ടും വീണ്ടും അവരുടെ ഇന്നലെകൾ ഓർമ്മിക്കപ്പെടുന്നത് ഇവരുടെയൊക്കെ കൂടിക്കാഴ്ചകളിലും അവർ അയവിറക്കുന്ന ഓർമ്മച്ചീന്തുകളിലുമൊക്കെയാണല്ലോ. ഇനിയെന്റെ ഉപ്പാന്റെ നല്ല ഓർമ്മകൾ വീണ്ടും വീണ്ടും പറയാനും അതിന്റെ നിറവിൽ സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും കെയിച്ച ഇല്ലല്ലോ !

ശരീഫ്, സമീർ, താഹിറ, സമീറ, ഫരീദ, റൈഹാന - ഞാൻ ചെറുപ്പത്തിൽ തന്നെ അറിയുന്ന  സ്നേഹവാത്സല്യനിധികളായ  അദ്ദേഹത്തിന്റെ മക്കളുടെയും  ആ മക്കളുടെ പ്രിയപ്പെട്ട ഉമ്മയുടെയും ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു. ഈ ദുഃഖം താങ്ങാനുള്ള ക്ഷമയും സഹനവും അവർക്ക് അല്ലാഹു നൽകുമാറാകട്ടെ. ഞങ്ങളുടെ, ഞങ്ങളുടെ കുടുംബത്തിന്റെ ഗുണകാംക്ഷിയായ,  സ്നേഹനിധിയായ കെയിച്ചാന്റെ പരലോക ജീവിതം പടച്ചതമ്പുരാൻ വിജയിപ്പിക്കുമാറാകട്ടെ, അദ്ദേഹത്തിന്റെ പാപങ്ങൾ പൊറുത്ത് സ്വർഗ്ഗലബ്ദി കരഗതമാക്കട്ടെ - ആമീൻ യാ റബ്ബ്.

മുതിർന്ന തലമുറയിലെ ഓരോ വേർപാടും ഒരുപാടൊരുപാട് നഷ്ടങ്ങളും നൊമ്പരങ്ങളുമാണ് എന്റെ മനസ്സിൽ കോരിയിടുന്നത്. മിണ്ടാനും പറയാനും കുശലാന്വേഷണം തിരയാനും സ്നേഹാശ്ലേഷണം നടത്താനും വഴിത്തിരിവുകളിൽ ഇനി എന്റെ കെയിച്ച ഉണ്ടാകില്ലല്ലോ. പ്രയാസക്കടലിന്റെ ആഴം അത്രയും വലുതാണ്.

റബ്ബദ്ദേഹത്തിന് മർഹമത്ത് ചൊരിയട്ടെ, മഗ്ഫിറത്ത് നൽകുമാറാകട്ടെ.

No comments:

Post a Comment