Monday 23 September 2019

*നാകം പണിയുന്നവർ;* *നരകവും* / അസ്ലം മാവിലെ ( 2 )

*നാകം പണിയുന്നവർ;*
*നരകവും* 
.............................
അസ്ലം മാവിലെ
.............................
.      ( 2 )

വിഷയങ്ങൾ എല്ലാ കാലത്തുമുണ്ട്. അവ പ്രശ്നങ്ങളായി എടുക്കിന്നിടത്താണ് പുഴുക്കുത്ത് വീഴുന്നത്. ആരെന്ത് പറഞ്ഞാലും ദമ്പതികളിൽ കൂടുതൽ പക്വത കാണുക പെണ്ണിനായിരിക്കും. അഞ്ചാറ് വയസ്സിന്റെ ഇളമയിൽ തന്നെ ഭർത്താവിന്റെ പ്രായത്തോളം പ്രായോഗിക ബുദ്ധിയും പക്വതാനിലപാടും പെണ്ണ് കാണിക്കുന്നിടത്തൊക്കെ ദാമ്പത്തിക ജീവിതം ഒരുവിധം വിജയിച്ചിട്ടുണ്ട്.

മുമ്പ് കത്തെഴുത്തു കാലമെങ്കിൽ ഇന്ന് ഓൺലൈൻ മെസ്സേജുകളുടെ (ടെക്സ്റ്റ്/വോയ്സ് ) കേളീരംഗമെന്ന വ്യത്യാസമേയുളളൂ. അവിടങ്ങളിലൊക്കെ ആണൊരുത്തൻ കാണിക്കുന്ന അതിരുകടക്കലുകളും അനാവശ്യ പരാമർശങ്ങളും (തമാശക്കാണെങ്കിലും) അവനോളം തറയാകാൻ പെണ്ണ് ഒരുമ്പെടാത്തത് നടേ സൂചിപ്പിച്ച പ്രായത്തിൽ കവിഞ്ഞ  മെച്ച്യുരിറ്റി തന്നെയാണ്. എന്നാൽ ഈ പരാമർശങ്ങളൊക്കെ അപ്പപ്പോൾ സ്വന്തം മാതാപിതാക്കളോട് ചെകിടോതുന്നത് കൊണ്ട് പെണ്ണിനു ലഭിക്കുന്ന ആകെ മെച്ചം, സ്ക്രീൻഷോട്ടെടുത്തോ ഒഴിഞ്ഞ ഫോൾഡറിലോ സേവ് ചെയ്ത് സൂക്ഷിച്ചാൽ
ഭാവിയിലെപ്പോഴെങ്കിലും  ലോ പോയന്റായി ഭവിക്കുമെന്ന കാഞ്ഞ ഉപദേശം മാത്രമായിരിക്കും. അതിനേ ആ തോറ്റംപാട്ട്  വഴിവെക്കുകയുള്ളൂ.  ഇത്തരം അസംബന്ധ പരാമർശങ്ങളിൽ നിന്നും നുള്ളി നോവിക്കലിൽ നിന്നും ലഭിക്കുന്ന മനോസുഖം  തൽക്കാലം തനിക്ക് വേണ്ടെന്ന് ചെറുക്കൻ തീരുമാനിച്ചാൽ പിന്നെ അവിടെ സ്വർഗ്ഗമേയുണ്ടാകൂ.

വർഷങ്ങൾക്ക് മുമ്പ്  ഒരു ജേഷ്ട സുഹൃത്ത് പഞ്ചായത്തിനിരുന്നപ്പോൾ പെണ്ണ് വക കുറെ കത്തിന്റെ ഫോട്ടോകോപ്പികൾ തെളിവായി പ്രൊഡ്യുസ് ചെയ്ത ഒരു സംഭവം  സംസാരമധ്യേ എന്നോടയാൾ പറഞ്ഞതോർക്കുന്നു. ഇന്നതിന് പകരം Screen shot എടുത്ത് സൂക്ഷിക്കുന്നു എന്ന വ്യത്യാസമേയുള്ളൂ. എന്തിനെന്ന് വെച്ചാൽ - ഭാവിയിൽ ഉപകാരപ്പെട്ടാലോ ?

കാര്യങ്ങൾ മനസ്സിലാക്കാൻ അധികമാരും കേൾക്കാറില്ല; പകരം  (ഉരുളക്കുപ്പേരി) മറുപടി പറയാനാണ് പലരും കേൾക്കുന്നത്. ഇതെല്ലാവർക്കുമുള്ള ഒരസുഖമാണ്.  ഇതാകട്ടെ കേൾക്കാതിരിക്കുന്നതിനേക്കാൾ അപകടകരമാണ്. കേൾക്കുക എന്നതിനെ തെറ്റിദ്ധരിച്ചവരാണെന്ന് തോന്നുന്നു  പഠിത്തം വേണ്ടുവോളമുള്ള പുതിയ തലമുറയിലധികവും.

പണ്ടൊക്കെ മതപഠനമെന്നത് ഓത്തുപുരകളിലെ ഏതാനും മാസങ്ങളിലെ  വിദ്യാഭ്യാസമായിരുന്നു. അന്നത്തെ ജീവിതസാഹചര്യങ്ങളിൽ അത്രയൊക്കെയേ പറ്റുമായിരുന്നുള്ളൂ.  അത് കഴിഞ്ഞ് വ്യവസ്ഥാപിതമായ മദ്രസ്സാ സിസ്റ്റം നിലവിൽ വന്നു. കുറെക്കാലം അഞ്ചോളം (അഞ്ചാം ക്ലാസ്സ് ) അതോടി. ഇപ്പോൾ പലയിടത്തും ഹയർസെക്കണ്ടറി വരെ മദ്രസ്സാ വിദ്യാഭ്യാസമുണ്ട്. ആവശ്യത്തിന് വിദ്യാർഥികളുമുണ്ട്. പോരാത്തതിന് അവധിക്കാലങ്ങളിൽ ഇതിന്റെ തന്നെ റിപ്പിറ്റേഷൻ വേർഷനും ഉണ്ട്. എന്നിട്ടും പ്രായോഗിക ജീവിതത്തിൽ അഭിമുഖീകരിക്കാൻ സാധ്യതയുള്ള വിഷയങ്ങളെ കുറിച്ച് സ്വയം പഠിക്കാൻ ആരും ശ്രദ്ധ കാണിക്കുന്നില്ല. പരീക്ഷയ്ക്കു മാത്രം ഉത്തരം എഴുതി കപ്പും സർടിഫിക്കറ്റുകളും വാങ്ങാനുള്ള പാഠഭാഗങ്ങളായാണ് സ്വഭാവവും സംസ്കരണവും മഹാന്മാരുടെ ജീവചരിത്രങ്ങളും എന്ന് തെറ്റിദ്ധരിച്ചവരാണധികവും.

എന്റെ ഉപ്പ, ഉപ്പാന്റെ സുഹൃത്തുക്കളോട്  ഇടക്കിടക്ക് പറയാറുള്ള ഒരു ദാമ്പത്യ തമാശ ഞാൻ കേട്ടിട്ടുണ്ട്: "അൽപം പോലും കാറ്റ് അകത്ത് കടക്കാതെ,  ഗ്ലാസ്സ് അടച്ചിട്ട ഒരു വണ്ടിയിൽ പോകുന്ന ദമ്പതികളെ കാണുമ്പോൾ സൂക്ഷിക്കണം, അവർ സ്വന്തം വീട്ടിൽ പറഞ്ഞു തീർക്കാനാവാത്ത ഒരു ഇഷ്യൂ പോകുന്ന വഴിയിലും തുടരുകയാണ്. അതിലും എത്രയോ ഭേദമാണ്  ഉടുത്ത മുണ്ട് കൊണ്ട്  രാത്രി കുടിൽ കെട്ടി, പകലതഴിച്ച്, പുതപ്പാക്കി, തോളത്തൊരു തുണിസഞ്ചിയും തൂക്കി പശി തേടിയിറങ്ങുന്ന ഓനും ഓളും - അവരേത് ആട്ടക്കാരായാലെന്ത് ?" 

ഇന്നത് കുറച്ചേറെത്തന്നെ ശരിയെന്ന് തോന്നിപ്പോകുന്നു, ഇയ്യിടെ ചിലരുടെ പരിഭവങ്ങൾ കേൾക്കാൻ ചെവികൊടുത്തപ്പോൾ.  മുമ്പ് വൺ വേ ട്രാഫിക്കായിരുന്നെങ്കിൽ (ആൺക്കോയ്മ),  ന്യൂ വേർഷനിൽ ഒരു വ്യത്യാസമുണ്ടാകും, കൊടുത്തപോലെ തിരിച്ചു മറുപടിയും കിട്ടും ! പിന്നെപ്പൂരം കത്തിപ്പടരാൻ സമയമധികം വേണ്ടല്ലോ !

(തുടരും )

* നാകം = സ്വർഗ്ഗം 

No comments:

Post a Comment