Monday 23 September 2019

*സെപ്റ്റംബറുകൾ* *ഇയ്യിടെയായി വന്നു* *പൊയ്ക്കൊണ്ടിരിക്കുമ്പോൾ* / അസ്ലം മാവിലെ

*സെപ്റ്റംബറുകൾ*
*ഇയ്യിടെയായി വന്നു*
*പൊയ്ക്കൊണ്ടിരിക്കുമ്പോൾ*
.............................
അസ്ലം മാവിലെ
.............................

ഈ സെപ്തംബർ പൊയ്മറയുമ്പോൾ എനിക്ക് അഞ്ചുവർഷനിറക്കൂടാണ് സമ്മാനിക്കുന്നത്.  വാട്സാപ്പിൽ ഞാൻ സജീവമായിട്ട് അഞ്ചുവർഷം  പൂർത്തിയാക്കിയ വർത്തമാനമാണത്.

കുറഞ്ഞ ഗ്രൂപ്പുകളിലേ ഞാൻ അംഗമായിരുന്നുള്ളൂ. ഞാനറിഞ്ഞ് അംഗമായതും എന്നെ മുൻകൂട്ടി അറിയിക്കാതെ അംഗമാക്കിയതുമായ ഗ്രൂപ്പുകളിൽ നിന്നും ചെറിയ ചെറിയ ഇടവേളകളിൽ തക്കം നോക്കി ഞാൻ പലപ്പോഴായി പുറത്ത് ചാടിയിട്ടുമുണ്ട്. പിന്നെ, ബാക്കിയായിരിക്കുക ഒന്നോ രണ്ടോ കൂട്ടായ്മകളായിരിക്കും.

അതൊക്കെ അവനവന്റെ വ്യക്തിപരം. പക്ഷെ, ഇക്കഴിഞ്ഞ ആയിരത്തി എണ്ണൂറ്റി ചില്ലാനം ദിവസങ്ങളിൽ എനിക്കുണ്ടായ നീക്കിയിരുപ്പ് എന്ന് പറയുന്നത് കുറച്ച് കുറിമാനങ്ങളാണ്. അതാണെനിക്ക് നിങ്ങളോട്  ഇന്ന് പറയാനുള്ളതും.

ആ കുറിമാനങ്ങളിൽ കാര്യമുണ്ട്, കഥയുണ്ട്, കളിയുണ്ട്,  നേരംപോക്കുണ്ട്, രാഷ്ട്രീയമുണ്ട്, കൗടുംബികമുണ്ട്, സാമൂഹ്യമുണ്ട്, സാംസ്കാരികമുണ്ട്, രോഷമുണ്ട്, ക്ഷോഭമുണ്ട്, ഓർമ്മകളുണ്ട്, ഓർമ്മപ്പെടുത്തലുകളുണ്ട്,  ഓർമ്മക്കുറിപ്പുണ്ട്, കുട്ടിക്കാലമുണ്ട്, അന്വേഷണങ്ങളുണ്ട്, അനുഭവങ്ങളുണ്ട്, യാത്രയിൽ കണ്ടതുണ്ട്, കേട്ടത് ശരിവെച്ചതുണ്ട്, എന്റെ മാതാപിതാക്കളുണ്ട്, അവരുടെ കൂട്ടുകാരുണ്ട്, എന്റെ അയൽക്കാരുണ്ട്, കത്തുകളുണ്ട്, നോട്ടീസുണ്ട്, ഹർജികളുണ്ട്, അപേക്ഷകളുണ്ട്, സഹായർഥനകളുണ്ട്, പരിചയപ്പെടുത്തലുകളുണ്ട്, ചിന്താശകലങ്ങളുണ്ട്, നാട്ടുവർത്തമാനങ്ങളുണ്ട്, അവലോകനങ്ങളുണ്ട്,  ക്ഷണികാഭിപ്രായങ്ങളുണ്ട്, പ്രതിഷേധങ്ങളുണ്ട്, പ്രതിയഭിപ്രായങ്ങളുണ്ട് ...
ഇവയൊക്കെ ഞാൻ ഒരു ബ്ലോഗിൽ ഒരക്ഷരം പോലും കളയാതെ സൂക്ഷിക്കുവാനും ആർക്കീവ് ചെയ്യുവാനും മാക്സിമം ശ്രമിച്ചിട്ടുമുണ്ട്.

ഇന്ന് ആ ബ്ലോഗ് (www.rtpen.blogspot.com) ശ്രദ്ധിച്ചപ്പോൾ 1300 + എണ്ണം കഴിഞ്ഞിരിക്കുന്നു. അതിൽ നൂറ്റിച്ചില്ലാനം മറ്റുള്ളവരുടേ എഴുത്തൊഴിച്ചാൽ ബാക്കി മുഴുവൻ ഞാൻ വാട്സാപ്പിൽ നിങ്ങളോട് സംവദിച്ചതും പങ്കുവെച്ചതുമായ നടേ എണ്ണിപ്പറഞ്ഞതും എണ്ണാൻ ബാക്കിയുള്ളതുമായ കാര്യങ്ങളാണ്.

അവകാശപ്പെടാൻ ഒന്നുമില്ല. ഒരു കുഞ്ഞുഗ്രാമത്തിന്റെ ഭൂമികയിലിരുന്ന് നിങ്ങളോട് സംസാരിച്ചതും ഇടപ്പെട്ടതും കലഹിച്ചതും കലപില കൂടിയതും ശിഷ്ടകാലത്തെപ്പോഴെങ്കിലും തിരിഞ്ഞു നോക്കാനും അവ വായിച്ച് എന്റെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ആവശ്യമെങ്കിൽ തിരുത്താനും ചിലത് വഴിമാറിച്ചിന്തിക്കാനും മറ്റു ചിലവ വായിച്ചും ഓർത്തും സ്വകാര്യാഹ്ലാദം കണ്ടെത്തുവാനും എനിക്ക് തന്നെയായിരിക്കും ഉപകരിക്കുക. വായനാകുതുകികളായ ഒരു തലമുറയ്ക്ക് എപ്പോഴെങ്കിലും വെറുതെയൊന്ന് കണ്ണോടിച്ചു പോകാനുമായെങ്കിൽ, കൂട്ടത്തിൽ അതുമായി.

ഈ വരമൊഴികളിൽ ചിലത്  തെരഞ്ഞെടുത്ത് പുസ്തകമാക്കണമെന്ന്  ഒന്ന് രണ്ടധ്യാപകരും എന്നോട് പല കാര്യങ്ങളിലും വിയോജിപ്പുള്ള  എന്റെ സ്നേഹനിധികളായ അഭ്യുദയകാംക്ഷികളും പറഞ്ഞിരുന്നു. "കുട്ടിക്കാലക്കുസൃതിക്കണ്ണുകൾ" പത്തമ്പതോളം ലക്കങ്ങൾ ആർ ടി യുടെ ഗതകാല പ്രതാപകാലങ്ങളിൽ എഴുതിയപ്പോഴും ഇതേ അഭിപ്രായം തന്നെ അന്നും വന്നിരുന്നു. അന്ന് പറഞ്ഞത് പോലെ ഇന്നും എന്റെ മറുപടി ഇതാണ് - സമയമിനിയും കിടക്കുന്നുണ്ടല്ലോ, നോക്കാം.

എന്റെ ചുറ്റുവട്ടത്തെ 200 +  അല്ലെങ്കിൽ അതിലധികം അഭിസംബോധകരുമായി അവർക്കു കൂടി യോജിക്കാവുന്ന അഭിപ്രായങ്ങളും വല്ലപ്പോഴും വേറിട്ട ചിന്തകളും പങ്കുവെക്കാൻ സാധിച്ചതിലുള്ള സന്തോഷം മാത്രമാണെനിക്ക്. എന്റെ എഴുത്തുകളിൽ പ്രസക്തമെന്ന് തോന്നുന്നവ മറ്റുപലരിലും ഞാനറിയാതെ  എത്തിക്കുവാൻ സഹകരിച്ച സൗഹൃദങ്ങളോടും സഹൃദയരോടും എന്റെ ഹൃദ്യമായ കടപ്പാടുണ്ട്. 

ഈ എഴുത്തുകളിലെ ചില ആശയങ്ങളും അഭിപ്രായങ്ങളും ഈ കുഞ്ഞുവട്ടത്തെ ജീവിതാന്തരീക്ഷത്തെ പരോക്ഷമായി അൽപമെങ്കിലും സ്വാധീനിച്ചിട്ടുണ്ടെങ്കിൽ അത് തന്നെ എനിക്ക് ധാരാളമാണ്. അവ വിലയിരുത്തേണ്ടതാകട്ടെ എന്ന സാകൂതം വായിച്ചവരും വിമർശന ബുദ്ധ്യാ നിരീക്ഷിച്ചവരുമാണ്.

ചില എഴുത്തുകളിലൊക്കെ എന്റെ മാതാപിതാക്കളും അവരുടെ കൂട്ടുകാരും സാന്ദർഭികമായി ഇടം പിടിച്ചിട്ടുണ്ടെങ്കിൽ, ക്ഷമിക്കുക, അതൊരു നിയോഗവും അവരോടുള്ള സ്നേഹവാത്സല്യങ്ങളും പൊയ്പ്പോയ കാലത്തിന്റെ ഓർമ്മപ്പെടുത്തലുമാണെന്ന് കരുതിയാൽ മതി.

നന്മകൾ മാത്രം !
-------------------------------------------------
എന്നെ ട്രോളിയവരെ ഞാനെപ്പോഴും ഹ്യൂമർ സെൻസിലേ അവരുടെ കുസൃതികളെ  കാണാറുള്ളൂ. പൊലിമകാലത്തെ,  പഞ്ചാബി ഹൗസിൽ നിന്നും മുറിച്ചെടുത്ത "ബബ്ബബ്ബ" ക്ലിപ്പ് എന്റെ FB പേജിൽ എവിടെയോ ഒരിടത്ത് ഒളിപ്പിച്ചിട്ടുണ്ട്,  വല്ലപ്പോഴും നോക്കി ആസ്വദിക്കാൻ. പലരുടെയും മൊബൈലിൽ സീക്രട്ട് ഫോൾഡറിലത് കാണുമായിരിക്കും.

ചില  നേരമ്പോക്കുകൾ ചിരിച്ചാലും പിന്നെയും ഓർത്തു ചിരി വരും, മഴ തീർന്നാലും മരം പെയ്യും പോലെ. അത് പോലെയുള്ള ഒന്നായിരുന്നു അത്. വീട്ടിൽ പിള്ളേർ ഈ സീൻ നോക്കി കൺട്രോളില്ലാതെ ചിരിച്ചു വീഴുമ്പോൾ മാത്രം ശുണ്ഠി വരുമെന്നേയുള്ളൂ.

അത്കൊണ്ട് കൗടുംബികത്തെ കുറിച്ച് ഇന്ന് വിശദീകരണമില്ല. അത് പറഞ്ഞാൽ ഈ ട്രോളിലെ നിർദ്ദോശ ഹാസ്യത്തിന് പ്രസക്തി ഇല്ലാതാകും, Let us Enjoy together .. 

No comments:

Post a Comment