Monday 23 September 2019

*ശാസ്ത്രത്തിന്റെ* *ഒരു ചീന്ത് തന്നെയാണ്* *ഈ ദൗത്യങ്ങളൊക്കെയും* / അസ്ലം മാവിലെ

*ശാസ്ത്രത്തിന്റെ*
*ഒരു ചീന്ത് തന്നെയാണ്*
*ഈ ദൗത്യങ്ങളൊക്കെയും*

.............................
അസ്ലം മാവിലെ
.............................

നമുക്കേതായാലും വായിൽ കൊള്ളാവുന്ന ഒരു ഒളിംപിക്സ് വായനയില്ല. ലോകകപ്പ് ഫുട്ബോളിന്റെ സാധ്യതാ ലിസ്റ്റിൽ വരെ നാമിപ്പഴുമില്ല. അതിനൊരു സാധ്യത അടുത്തെങ്ങുമുണ്ടാകാനും വകുപ്പുമില്ല. ഓട്ടം, ചാട്ടം, നടത്തം, പിടുത്തം ഇതൊക്കെ ഒരു പരിധിവിട്ട് നമുക്ക് വാഴില്ല; അതിനാവതുമില്ല.  വല്ല മെഡലുകൾ ഉണ്ടെങ്കിൽ തന്നെ കോമൺവെൽത്തിലോ ഏഷ്യാഡിലോ മറ്റോ  ഒതുങ്ങും. അതു തന്നെ കൈപ്പിടിയിലൊതുങ്ങുന്നത് ചിലപ്പോൾ എതിരാളി ബി - ടീമയക്കുന്നത് കൊണ്ടു കൂടിയായിരിക്കും.   GDP താഴോട്ട്; നമ്മുടെ ഭൂട്ടാൻ രാജാവ് പറഞ്ഞ GNH  അതിലും കീഴോട്ട്. വേറെ പറയത്തക്ക ഭൂപടത്തിൽ മേപ്പട്ട് കയറുന്ന ഒന്നുമില്ല. അതിനിടയിൽ ഐ.എസ്.ആർ.ഓ യുടെയും സമാന സംവിധാനങ്ങളുടെയും  വാന ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങൾ കുന്നോളം വലുതാണ്; അല്ല, മാമലകൾക്കുമപ്പുറം. 

ഇതൊന്നും അഞ്ചു വർഷത്തിനിപ്പുറം  തുടങ്ങിയതല്ല; മോദി അധികാരത്തിൽ വന്നപ്പോൾ തട്ടിക്കൂട്ടിയതുമല്ല. അങ്ങിനെയാണെന്ന് മൂക്ക് താഴോട്ടുള്ള ആരും പ്രബുദ്ധലോകത്ത് സങ്കൽപ്പിക്കുക പോലുമില്ല.

ഒരു രാജ്യത്തിന്റെ ത്രില്ലിംഗ്  ഐക്കണുകളായ, അഭിമാനത്തിന്റെ അങ്ങേയറ്റമായ  ഒരു പറ്റം ശാസ്ത്രജ്ഞർ വർഷങ്ങളായി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പഠന - ഗവേഷണങ്ങളുടെ ത്രസിക്കും ഫലങ്ങളാണ് ആ സ്ഥാപനങ്ങളിൽ നിന്നും നാമും നമ്മെപ്പോലെ ലോകവും കേട്ടുകൊണ്ടിരിക്കുന്നത്,  അവയുടെ updatesകൾക്ക് അത്രയും വാർത്താ പ്രാധാന്യങ്ങളുണ്ട് താനും.

ഓർക്കണം, റഷ്യയുടെ ചന്ദ്രനിലേക്കുള്ള ലാൻഡർ ദൗത്യങ്ങളിൽ  11 ഉം പരാജമായിരുന്നു. അവരുടെ ലൂണ 9 വിജയം പന്ത്രണ്ടാമത്തെ ശ്രമഫലമാണ്.  അമേരിക്കയുടെ 3 ദൗത്യങ്ങളും വഴിക്ക് വെച്ചു പരാജയപ്പെട്ടു. ഇസ്രയേൽ ഒന്നു നോക്കി പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. അവിടെയാണ് ഇന്ത്യ വർഷങ്ങൾക്ക് മുമ്പ് ഒന്നാം ശ്രമത്തിൽ വിജയിച്ചത്. 

ആകെ അങ്ങാകാശത്ത് കളിച്ചത് അമേരിക്ക,  റഷ്യ എന്നിവ കൂടാതെ ഇസ്രയേലും ചൈനയും ജപ്പാനും യൂറോപ്യൻ സ്പേസ് ഏജൻസിയും മാത്രമാണ്.
ഇവർക്കിടയിലാണ് ഒട്ടും മോശമല്ലാത്ത ഇന്ത്യയുടെ സംഭാവനകൾ, പ്രകടനങ്ങൾ. ഏറ്റവും അവസാനം നടന്ന ചാന്ദ്രയാൻ രണ്ടാം ദൗത്യമാകട്ടെ വികസിത രാഷ്ട്രങ്ങൾക്കു ജിജ്ഞാസ പൂർവ്വവും, ബാക്കിയുള്ളവർക്ക് അത്ഭുതപൂർവ്വവുമായി  മാത്രം നോക്കിക്കാണാവുന്നതായിരുന്നു !

ഇതൊക്കെ കൂട്ടി യോജിപ്പിച്ചു വായിക്കുമ്പോൾ   ഇന്നലെയുണ്ടായ  ചാന്ദ്രയാൻ രണ്ടാം പ്രൊജക്ടിലെ അപ്രതീക്ഷിത വീഴ്ചകൾ ഫിനിഷിംഗ് പോയിന്റിലെ കുഞ്ഞു തടസ്സം മാത്രമാണ്. ഇന്ത്യൻ ശാസ്ത്രലോകത്തിന്  അവരുടെ പ്രവർത്തനങ്ങൾ ഒന്നു കൂടി കരുതലുണ്ടാക്കാനും  കരുത്തു  പകരാനുമായിരിക്കും ഇവ ഉപകരിക്കുക തന്നെ. അവസാന  നിമിഷത്തിന് തൊട്ടു മുമ്പുള്ള സകല ഘട്ടങ്ങളും വാന ശാസ്ത്രലോകത്തിന് പുതുമകളും പുതിയ അറിവുകളുമാണ്. അത് കൊണ്ട് തന്നെ ഇന്ത്യൻ ശാസ്ത്രലോകം കേടുള്ളിടം റെക്റ്റിഫൈ ചെയ്യും, വളരെ പെട്ടെന്ന് ദൗത്യം വിജയിക്കുകയും ചെയ്യും.

ഇന്നലെ  രാവിലെ മുതൽ  ചില മെസ്സേജുകൾ പാറിക്കളിക്കുന്നത്  കണ്ടു. ഉള്ളടക്കമെന്തെന്നോ ?  പണി പാളിയെന്ന്.  FB യിലും മറ്റു സോഷ്യൽ മീഡിയയിലും  അമ്മാതിരി പാളിയ മെസ്സേജുകൾ കറങ്ങിക്കൊണ്ടിരിക്കുന്നു. നമുക്ക് -  ഈ വിഷയത്തിൽ വലിയ പിടിപാടില്ലാത്ത നമുക്ക് - അങ്ങിനെ തോന്നിയതിലും പരോക്ഷമായി പരിഹാസച്ചിരി വരുന്നതിലും അത്ഭുതമില്ല. പക്ഷെ, ഇത്തരം വിഷയങ്ങളിൽ നാം കൂടുതൽ upate ആയേ തീരു.

നൂറുക്കണക്കിന് ശാസ്ത്രജ്ഞർ, അതിന്റെ ഫലം കാത്തു കണ്ണിളച്ച് കാത്തിരുന്ന ഗവേഷണ വിദ്യാർഥികൾ , അദ്ധ്യാപകർ, ലോകവാർത്താചാനലുകൾ ഇവരെയൊക്കെയാണ് ഇന്നത്തെ ചെറിയ പിഴവ് പിടിച്ചുലച്ചത്. കൂട്ടത്തിൽ ഇന്ത്യയെയും. നമ്മുടെ ഹൃത്തും മനസ്സും അവരോടൊപ്പമാകണം.

സോഷ്യൽ മീഡിയ പേജുകളിലെ ചിലർക്ക്, തങ്ങൾക്കിതിലൊന്നും താൽപര്യമില്ലെന്നത്, എല്ലാവർക്കും താൽപര്യമില്ല എന്നാകുന്നില്ല. ശാസ്ത്ര സാങ്കേതിക പരീക്ഷണ- നിരീക്ഷണ- ഗവേഷണ സംവിധാനങ്ങൾ സുഗമമായി നടക്കട്ടെ. Stone ഏജിൽ നിന്നും Space ഏജിലേക്കുള്ള ദൂരത്തിനിടക്ക് ഒരു പാട് കാലിടർച്ചകൾ ഉണ്ടായിട്ടുണ്ട്. ആ ഇടർച്ചകൾ തന്നെയായിരുന്നു മുന്നോട്ടുള്ള ഗമനത്തിന് ചവിട്ടുപടികളായതും.

ശാസ്ത്ര ലക്ഷ്യവും സാങ്കേതിക വിദ്യാ പ്രദർശനവുമെന്ന ദ്വിമുഖ ടാർജറ്റുമായി ആകാശത്തേക്ക് പായിച്ച ഈ ദൗത്യം 98 % ഘട്ടങ്ങളും വിജയിച്ചു വെന്ന് പറയുന്നത് രാഷ്ട്രീയക്കാരല്ല; ഇസ്റോയുടെ ഉത്തരവാദിത്വമുള്ള ചെയർമാൻ ഡോ. കെ. ശിവനാണ്. പോയത് നാളെ അറബിക്കടലിൽ വീഴാൻ ആരും കാത്തിരിക്കുകയും വേണ്ട, 7 വർഷം  ദൗത്യനിർവ്വഹണത്തിന്റെ ഭാഗമായി അവിടെയത് സ്പേസിലുണ്ടാകും.

ചാന്ദ്രയാൻ ദൗത്യം വിജയിക്കുക തന്നെ ചെയ്യും, അതിന്റെ പ്രായോജകരും ഉപഭോക്താക്കളും ആരുമാകട്ടെ, അതൊരു ശാസ്ത്ര സംരംഭമാണ്. ഇന്ത്യക്കാരന്റെ  ബുദ്ധിയും പ്രയത്നവും പ്രതിബദ്ധതയും ടീം വർക്കും ഒന്നിച്ചു വർത്തിച്ച ബഹിരാകാശ ശാസ്ത്ര സംരംഭം.

പിൻകുറി :
ഒരു സാധാരണക്കാരനായിരുന്ന ( എന്നാൽ നല്ലൊരു വായനക്കാരനുമായിരുന്ന)  എന്റെ ഉപ്പ  എന്നോട്  ഇടക്കിടക്കു പറയാറുണ്ടായിരുന്ന വാചകം  -  Science എന്നതിനർഥം തന്നെ ബുദ്ധി എന്നാണ്, എന്ന് വെച്ചാൽ  ബുദ്ധിയാണതിന്റെ അടിസ്ഥാനമെന്ന്. വിക്കിപീഡിയയിൽ intelligence ന് കൊടുത്ത ഒരു ദീർഘ വിശദീകരണമുണ്ട്'. അത് കൂടി വായിച്ചാൽ ഇപ്പറഞ്ഞതിന്റെ മർമ്മം കുറച്ചു കൂടി വ്യക്തമാകും. ▪

No comments:

Post a Comment