Monday 23 September 2019

*പിടുത്തം തരാത്ത* *യാദൃശ്ചികതകൾ* / അസ്ലം മാവിലെ


*പിടുത്തം തരാത്ത*
*യാദൃശ്ചികതകൾ*
............................
അസ്ലം മാവിലെ
............................

മാസങ്ങൾക്കു മുമ്പ് ടൗണിൽ നിന്ന് നാട്ടിലേക്ക് ബസ്സ് കയറുമ്പോൾ ഒരു കുടുംബം എന്നോട് വഴി ചോദിച്ചു. ഹിന്ദിക്കാരാണ്. മുംബെയിൽ നിന്നുള്ളവർ. ബ്രാഹ്മണ കുടുംബം.  മധൂര് റോഡിലാണവർക്ക് ബന്ധുവീടു തേടി പോകേണ്ടത്. അവരുടെ കൂടെ ഞാനും പകുതിക്കിറങ്ങി, റിക്ഷക്കാരനെ വിളിച്ചു ഇവരെ ഏൽപ്പിച്ചു അടുത്ത ബസ്സിൽ തന്നെ ഞാൻ വീട്ടിലേക്ക് തിരിച്ചു. ഒന്നിച്ചുള്ള സംസാരിക്കുന്നതിനിടക്കെപ്പൊഴോ എം.ബി.എ. വിദ്യാർഥിയായ മകൻ എന്റെ നമ്പർ കുറിച്ചെടുത്തിരുന്നു.

ഒരാഴ്ച കഴിഞ്ഞിരിക്കണം എന്നെ അവർ ഫോണിൽ വിളിച്ചു തിരിച്ചു ഠാണയിലേക്ക് പോകുവാണെന്ന് പറഞ്ഞു, മുംബെ വന്നാൽ അവരുടെ ഠാണയിലുള്ള വീട്ടിലോ മൂത്ത മകന്റെ പനവേലിനടുത്തുള്ള വീട്ടിലോ വരണമെന്നും പറഞ്ഞു.  അതൊരുപചാര സംസാരത്തിലപ്പുറമൊന്നുമായിരുന്നില്ല,

പനവേലിന് തൊട്ടുമുമ്പുള്ള സ്റ്റേഷനാണ് ഘണ്ഡേശ്വർ.  ഇന്ന്  വണ്ടിയിറങ്ങി ഹൗരി നിർമിതി എന്ന  കെട്ടിടമന്വേഷിച്ചവിടെ ഞാൻ വട്ടം കറങ്ങുന്നതിനിടയിൽ ദേ, മുമ്പിൽ നാട്ടിൽ അന്ന് കണ്ട  ഠാണേകുടുംബം ! എനിക്കും അവർക്കും ഒരു പോലെ അത്ഭുതം.  അന്നവർക്കായിരുന്നു ലൊക്കേഷൻ അറിയേണ്ടിയിരുന്നത്, ഇന്നെനിക്കും ! 

ഞാനന്വേഷിക്കുന്ന ഇരുപത്തിരണ്ടാം സെക്ടറിലെ ഹൗറി നിർമ്മിതി കെട്ടിടത്തിൽ തന്നെയാണ്  അയാളുടെ മൂത്ത മകന്റെ ഫ്ലാറ്റും ! അവരുടെ വീട്ടിലേക്കുള്ള ക്ഷണത്തിന് മുന്നിൽ വേറൊരൊഴികഴിവും എനിക്കുണ്ടായിരുന്നില്ല.  പോകേണ്ടി വന്നു.

മൂത്ത മകൻ എഞ്ചിനീയർ, ആർട്ടിസ്റ്റ്, നല്ല വായനക്കാരൻ.  മതിലുകളും ഷെൽഫും ബാൽക്കണിയിലെ കുരുവിക്കൂടുകളും വിശദീകരണമൊന്നുമില്ലാതെ എല്ലാം വ്യക്തമായി പറയുന്നുണ്ട്.  ഞാൻ പോകുമ്പോൾ ആ കലാകാരൻ അവിടെ ഇല്ലായിരുന്നു. അത് കൊണ്ടദ്ദേഹത്തിന്റെ കലാ-സാഹിത്യ പ്രവർത്തനങ്ങളെക്കുറിച്ചു നേരിട്ട് ചോദിച്ചറിയാനുമായില്ല.

ഒരിക്കലും പ്രതീക്ഷിക്കാത്ത,   അവിചാരിത കണ്ടുമുട്ടൽ !  ഫ്ലാറ്റിൽ നിന്നിറങ്ങുമ്പോൾ, ഫോണിൽ അങ്ങേത്തലക്കൽ എം.ബി.എ ക്കാരൻ പയ്യന്റെ ഫോൺ വിളി - അങ്കിൾ, പ്ലീസ് ഗിവ്മി  എ കോൾ, വൺസ് യു കംപ്ലീറ്റ് യുവർ വർക്.  ഐ വിൽ ഡ്രോപ് യു അറ്റ് ആർ -സ്റ്റേഷൻ "

ചില യാദൃശ്ചികതൾക്ക് മുന്നിൽ നമുക്കൊന്നും പറയാനുണ്ടാകില്ല, പറയാനുമാകില്ല. വാക്കുകൾ പുറത്ത് വരില്ല. മൗനങ്ങൾ മാത്രം വാചാലമാകും.  അത്തരം യാദൃശ്ചികതകളുടെ പരിണാമഗുപ്തി സ്നേഹവാത്സല്യങ്ങളിൽ ചാലിച്ചത്  കൂടിയാകുമ്പോഴോ ? പിന്നെ പറയാനുമില്ല.  തിരിച്ചുള്ള യാത്രയിലിക്കരെ എത്തുവോളും ഇത് തന്നെയായിരുന്നു എന്റെ മനസ്സിൽ.

**********************

www.bestlifeonline.com എന്ന വെബ്സൈറ്റിലെ culture പേജിൽ നാല്പതോളം തെരഞ്ഞെടുത്ത യാദൃശ്ചിക സംഭവങ്ങൾ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.  രസകരങ്ങളാണവ.  സമയമുണ്ടെങ്കിൽ എല്ലാവരും വായിക്കണം.

*പിൻകുറി :*
അനാലിറ്റിക്കൽ സൈക്കോളജിയുടെ ഉപജ്ഞാതാവായ സ്വീഡിഷ് മനശാസ്ത്രജ്ഞൻ സി. ജി. ജംഗിൽ നിന്ന് - I often dream about people from whom we receive a letter by the next post. I have ascertained on several occasions that at the moment when the dream occurred the letter was already lying in the post-office of the addressee."
ഇങ്ങനെയോ ഇത്പോലെയോ ഉള്ള അനുഭവങ്ങൾ ജീവിതത്തിൽ   പലർക്കുമുണ്ടായിട്ടുണ്ടാകും.

No comments:

Post a Comment