Tuesday 10 September 2019

കാസർകോട്ടെ* *വായനക്കാർക്ക്* *കുറച്ചു നല്ല വർത്തമാനങ്ങൾ* / അസ്ലം മാവിലെ

http://www.kasargodvartha.com/2019/07/ibrary-science-academy-for-kasargod.html?m=1

*കാസർകോട്ടെ*
*വായനക്കാർക്ക്*
*കുറച്ചു നല്ല വർത്തമാനങ്ങൾ*
.............................
അസ്ലം മാവിലെ
.............................

ഇന്ന് ( 17/7/19) കൃത്യം മൂന്ന് മണിക്ക് ശിലാസ്ഥാപനം കഴിഞ്ഞിരുന്നു. ഞങ്ങളെത്തുമ്പോൾ ഉത്ഘാടന സെഷൻ തുടങ്ങുന്നു. സ്വാഗത പ്രസംഗകൻ മൈക്കിന് മുന്നിൽ നിൽപ്പുണ്ട്.

അധ്യക്ഷൻ അഡ്വ അപ്പുക്കുട്ടനാണ്. നേരത്തെയും അദ്ദേഹത്തിന്റെ പ്രഭാഷണം ഞാൻ കേട്ടിട്ടുണ്ട്. വായന, വായനയുടെ രാഷ്ട്രീയം, സാമൂഹ്യ പശ്ചാത്തലങ്ങൾ, പുതിയ വെല്ലുവിളികൾ എല്ലാം ഉപക്രമ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു വന്നു. മഹാകവി ഗോവിന്ദ പൈ കാസർകോട്ടുകാരനും കവിയും എന്നൊരറിവ് എനിക്കുണ്ട്, എല്ലാവരെയും പോലെ. മുൻരാഷ്ട്രപതി ഡോ. രാധാകൃഷ്ണന്റെ സതീർഥ്യനായിരുന്നു എന്നത് അപ്പുക്കുട്ടൻ സാർ പറഞ്ഞറിഞ്ഞു. 20 - 23 ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനറിയുന്ന വ്യക്തിത്വം. ബഹുഭാഷാപണ്ഡിതൻ.  എന്തിനേറെ, മഹാത്മാഗാന്ധിക്ക് ദണ്ഡിയാത്ര നടത്താൻ ഊന്നുവടി അയച്ചു കൊടുത്തത് ഗോവിന്ദ പൈ ആയിരുന്നുവത്രെ. 

വായന പരിപോഷിക്കുന്നതോടൊപ്പം ഇന്ത്യയുടെ പൈതൃകവും സംസ്കൃതിയും കൈമോശം വരാതെ നിലനിർത്തുവാനുള്ള ഭഗീരഥ യത്നം കൂടി വായനക്കാർ ഏറ്റെടുക്കണമെന്ന ആഹ്വാനത്തോടെ അദ്ദേഹം പ്രസംഗം ഉപസംഹരിച്ചു. ഒരു ഭാഷയും കൈ മോശം വന്നുപോകരുത്. ഗോകർണ്ണം മുതൽ പെരുമ്പുഴ വരെ വ്യാപിച്ച് കിടന്ന തുളുഭാഷാ സംസ്കൃതി പഴയ പ്രതാപത്തോടെ വീണ്ടെടുക്കാൻ നമുക്കാകണമെന്നും അദ്ദേഹം പറഞ്ഞു വെച്ചു. ചന്ദ്രഗിരിപ്പുഴയുടെ പഴയ തുളുനാടൻ പേരാണ് പോൽ പെരുമ്പുഴ. അതും പുതിയ അറിവ്.

ഡോ. കുഞ്ഞിക്കണ്ണൻ സാറിന്റെ പ്രൗഢഗംഭിരമായ ഉത്ഘാടന പ്രസംഗം ശരിക്കും പഠനാർഹമായ ഒന്നായിരുന്നു. കേരള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പ്രസിഡന്റ് കൂടിയാണദ്ദേഹം. സമകാലിന ലോകത്ത് വായന എങ്ങനെ കടലെടുക്കുന്നുവെന്ന ആശങ്ക അദ്ദേഹം സദസ്യരോട് പങ്ക് വെച്ചു. അരുതാത്തത് വായിക്കുകയും ആവശ്യമുള്ളതിനോട് പുറം തിരിഞ്ഞു നിൽക്കുകയും ചെയ്യുമ്പോഴാണ് ഗൗരവ വായന പൊയ്പ്പോകുന്നതെന്നദ്ദേഹം പറഞ്ഞു. 

നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതിനും സ്വതന്ത്രാനന്തരം നമ്മുടെ അവകാശങ്ങൾ വകവെച്ച് കിട്ടിയതിന് വായനാനുഭവത്തിന് മുഖ്യപങ്കുണ്ട്.  സോദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ ജനാധിപത്യം അപചയം നേരിടുന്ന ഇന്നിന്റെ കാലത്ത് ഭരണഘടനാവകാശങ്ങളും പൗരധർമ്മവും നിരന്തരം വായനയ്ക്ക് വിധേയമാകേണ്ടതിന്റെ ആവശ്യകതയിലേക്ക് അദ്ദേഹം വിരൽ ചൂണ്ടി.


കാസർകോടിന്റെ അഭിമാനമായ
ലൈബ്രറി സയൻസ് അക്കാദമി മാർച്ച് 31ന് പണി പൂർത്തിയാകുമെന്നും കുഞ്ഞിക്കണ്ണൻ സാർ പറഞ്ഞു. ഈ വർഷം രജത ജൂബിലി (75 വർഷം) ആഘോഷിക്കുന്ന ലൈബ്രറി കൗൺസിൽ കേരളത്തിലൂടനീളം വായനാ സർവ്വേ നടത്താനുള്ള തയ്യാറെടുപ്പിലാണെന്നദ്ദേഹം പറഞ്ഞു. കടമ്മനിട്ടയുടെയും ഐ വി ദാസിന്റെയും നേതൃത്വത്തിൽ 25 വർഷം മുമ്പായിരുന്നത്രെ ഇതു പോലൊരു വായനാ സർവ്വെ നടന്നത്.

കാസർകോടിനെ സംബന്ധിച്ചിടത്തോളം ഉദയഗിരിയിൽ പണിയാൻ പോകുന്ന അക്കാഡമി കെട്ടിടം വലിയ പ്രതീക്ഷ നൽകുന്നു. രണ്ട് വർഷമായി ലൈബ്രറി സയൻസ് കോഴ്സ്  വാടകക്കെട്ടിടത്തിൽ നടന്നു വരുന്നുവെന്നതും നമുക്ക് പുതിയ അറിവാകാം. അതിനി ഈ കെട്ടിടത്തിലേക്ക് ഷിഫ്റ്റ് ചെയ്യും.

മാത്രമല്ല,  ലൈബ്രറി സയൻസിൽ മികച്ച ഒരു പഠന ഗവേഷണ കേന്ദ്രമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ലൈബ്രേറിയൻമാർക്കുള്ള ആധുനിക പരിശീലന സൗകര്യം , കോൺഫറൻസ് ഹാൾ ,  റഫറൻസ് ലൈബ്രറി  , മനോഹരമായ ഓഫീസ് മുറികൾ ,  പരിശീലനം നേടുന്നവർക്കുള്ള ഹോസ്റ്റൽ സൗകര്യം മുതലായവ നിർദ്ദിഷ്ട ലൈബ്രറി സയൻസ് അക്കാദമിയിൽ പെടുന്നുമുണ്ട്.

വായനയെ സ്നേഹിക്കുന്നവർക്ക് ഇതൊക്കെതന്നെയാണ് സന്തോഷവർത്തമാനങ്ങൾ.▪📕

No comments:

Post a Comment