Monday 23 September 2019

*മമ്മൂച്ചാക്ക്* *അല്ലാഹ് മഗ്ഫിറത്ത്* *നൽകട്ടെ* / അസ്ലം മാവിലെ


*മമ്മൂച്ചാക്ക്*
*അല്ലാഹ് മഗ്ഫിറത്ത്*
*നൽകട്ടെ*
..............................
അസ്ലം മാവിലെ
.............................

ഒരു മരണവാർത്ത കൂടി നാട്ടിൽ നിന്ന്  എന്നെ തേടിയെത്തിയിരിക്കുന്നു. ജുമുഅ: കഴിഞ്ഞ് നെറ്റ് ഓൺ ചെയ്തപ്പോൾ  പട്ലയിലെ ഒരു ഓൺലൈൻ ഗ്രൂപ്പിൽ നിന്ന്  അബ്ദുറഹിമാന്റെ വോയിസിൽ കൂടിയാണ് ആ മരണ വാർത്ത ഞാൻ കേൾക്കാനിടയായത് - മമ്മൂച്ച പൊയ്പ്പോയ് ! ഇന്നാലില്ലാഹ്.

മുമ്പ് ഞങ്ങൾ ബോംബെ കഥകൾ കേട്ടിരുന്നത് മമ്മൂച്ചാന്റെ അടുത്ത് നിന്നായിരുന്നു. ബിസ്തി മുല്ല (ബെഹസ്തി മൊഹല്ല ) കഥകളും ചാർനല്ലിയും അവിടെയുണ്ടായിരുന്ന മലയാളി ഹോട്ടൽ കഥകളും നിരത്തിത്തുറന്നിട്ട് ലാഭത്തിൽ ഓടിയിരുന്ന ട്രാവൽ ഏജൻസികളും സേമിൽ പോക്കും വിസക്കച്ചവടങ്ങളും   അത് പൊട്ടിയതും പൊട്ടാത്തതും ഓടിയതും ഒടുങ്ങിയതും എല്ലാമാ സംസാരത്തിലുണ്ടാകും.

മുഹമ്മദലി റോഡും ക്രാഫോർഡ് മാർക്കറ്റിലെ കാസർകോട്ട്കാരുടെ  പേരിക്കച്ചോടവും മസ്ജിദ് ബന്ദറിലെയും അബ്ദുറഹിമാൻ സ്ട്രീറ്റിലെയും മദനപുരയിലെയും  ലക്ഷങ്ങളുടെ ഹോൾസെയിൽ കച്ചവട തിരിമറികളും  നാട്ടുകാരുടെ  ബോംബെ ജീവിതങ്ങളും എന്റുപ്പയും കൂട്ടുകാരും നടത്തിയിരുന്ന മസാലപ്പീടികയും  അതിനോടനുബന്ധിച്ച കഥകളും  കപ്പൽ ജോലി തേടി മത്സരിച്ചെത്തിയിരുന്ന കാസർകോട്ടുകാരും കണ്ണൂർകാരും കോഴിക്കോട്ടുകാരും  എല്ലാം മമ്മൂച്ചാക്ക് ഓരോ നേരത്തെ ചൂടുചൂട് വിഷയങ്ങളായിരുന്നു. എന്റെ ഉപ്പ, ഹമീദ്സ്ച്ച, കപ്പൽ അദ്ലൻച്ച തുടങ്ങിയ പണ്ടത്തെ സെയിലർമാരുടെ കഥകളും അവരുടെ കപ്പൽ ജീവിതങ്ങൾക്കിടയിൽ  നിന്നും കേട്ട ത്രസിക്കും കടൽക്കഥകളും വള്ളിപുള്ളിവിടാതെ വീട്ടിലിരുന്ന് അവതരിപ്പിക്കുമ്പോൾ എന്റെ ഉമ്മയും അതൊക്കെ കേൾക്കാൻ ഇരിക്കുമായിരുന്നു.

ബോംബെയിലെ പട്ലക്കാരുടെ ജമാഅത്തുകൾ, അവയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ, അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങങ്ങൾ - മമ്മൂച്ചയ്ക്ക് എല്ലാം കാണാപാഠം.

അന്നൊക്കെ നാട്ടിൽ നിന്ന് കത്തെഴുതിയിരുന്നത് അറബിമലയാളത്തിലായിരുന്നു പോൽ. അപൂർവം ചിലർക്കാണ് അത് തന്നെ നല്ലക്ഷരത്തിൽ എഴുതാൻ അറിഞ്ഞിരുന്നതും. 5 നയാപൈസയുടെ ഇൻലന്റിലായിരുന്നു അന്നു കത്തെഴുതിയിരുന്നതത്രെ. ഗ്രാമം പട്ലയാണെങ്കിലും നമ്മുടെ പോസ്റ്റ് ഓഫീസ് മായിപ്പാടിയിലാണ്. പലരും കത്തെഴുതാൻ നാട്ടിൽ ആശ്രയിച്ചിരുന്നവരിൽ ഒരാൾ അന്നത്തെ വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയായിരുന്ന എന്റെ മൂത്ത മുക്രി അബ്ദുല്ല സാഹിബിനെയായിരുന്നെന്ന് മമ്മൂച്ച ആവേശത്തോടെ പറയും. ബോംബെയിൽ ഈ ഡ്യൂട്ടി PC ഹമീസ്ച്ചാക്കും.

മമ്മൂച്ച ശരിക്കും ബൈ പ്രൊഫഷൻ  ഒരു ടെക്നീഷ്യനായിരുന്നു. അന്ന് മുംബെയിൽ ഗ്യാസിന് പകരം ഓരോ വീട്ടിലും മണ്ണെണ്ണസ്റ്റൗ ആയിരുന്നല്ലോ കത്തിക്കാനുള്ള ഡിവൈസായി ഉപയോഗിച്ചിരുന്നത്. സ്റ്റൗ റിപ്പയറിംഗായിരുന്നു  മമ്മൂച്ചന്റെ  മുംബയിലെ ജോലി തന്നെ.

അൽപം സാമ്പത്തികമായി പച്ചപിടിച്ച നേരങ്ങളിൽ മമ്മൂച്ച തനിക്ക് പറ്റാവുന്നവരെയൊക്കെ കയ്യയഞ്ഞ് സഹായിച്ചിരുന്നെന്ന് എന്റുപ്പ പറഞ്ഞത് എന്റെ പഴയ ഓർമ്മയിൽ നിന്ന് തെളിഞ്ഞു തെളിഞ്ഞു വരുന്നു. ഉപ്പാന്റെ അന്നത്തെ ആ ഓർമ്മ പങ്കിടൽ തന്നെയാണ് എന്റെ ഈ സ്മരണാഞ്ജലിക്കും  ഓർമ്മക്കുറിപ്പിനുമാധാരവും.

ഡോംഗ്രി, ഡോംഗ്രിയിലെ ഡോൺ (ഗജപോക്കിരിമാർ), ടെംകർ മൊഹല്ല,   ചോർബസാർ, ചോർ ബസാറിൽ നടക്കുന്ന പാതിരാകച്ചവടങ്ങൾ, ഹാജിമസ്താൻ - കരീം ലാലാ - മുതലിയാർ കഥകൾ ...നല്ല സമയവും നേരവും ഒത്തുകിട്ടിയാൽ  മമ്മൂച്ചാ തനിക്ക് കേട്ടറിഞ്ഞതും കണ്ടറിഞ്ഞതും ഞങ്ങളോട് യഥേഷ്ടം പറയുമായിരുന്നു.

മമ്മൂച്ചാ പറയാറുള്ള ബോംബെ കഹാവത്തുകളുണ്ട്. നിങ്ങൾക്കു  പലർക്കും ഓർമ്മ കാണും.  ഒന്ന് രണ്ടെണ്ണം ഓർമ്മയിൽ നിന്നെടുക്കാം.
ഘർ കീ ദാല്‍ മുർഗീ ബറാബർ(പൊരേൽത്തെ ഉപ്പിന്റണ്ണി പൊർത്തെ കോയി മഞ്ഞത്തണ്ണിക്ക് സമം), ഭാഗ്‌താ ഭൂത്‌ കു ലംഗോടി ഹീ സഹീ(തടി എൾക്കീറ്റ് പായുമ്പോ കിട്ടിയേനെ എട്ത്ത്റ്റ് പായണം), ആ ഭൈല്‍ മുജെ മാർ (കുത്താൻ ബെര്ന്നെ പോത്തിനോടാരും ഓതീറ്റ് കൊട്ക്കാൻ ന്ക്കണ്ട). സ്പോക്കൺ ഹിന്ദി മാത്രമല്ല, മറാഠി ഭാഷയും നന്നായി  കൈകാര്യം ചെയ്യുമായിരുന്നു മമ്മൂച്ച.

അദ്ദേഹത്തിന്റെ തറവാട് എന്റെ വീടിന് നാല് വീട് താഴോട്ടാണ്. മമ്മൂച്ചാന്റെ ഉമ്മ ഐസിഞ്ഞ എന്റെ ഉമ്മമാക്ക് ( ഉപ്പാന്റെ ഉമ്മാക്ക്)  ഏറെ വേണ്ടപ്പെട്ട സ്ത്രീയും. ഉമ്മമ മരിച്ചിട്ടും (1978)  ആ ഉമ്മ ഇടക്കിടക്ക് ഞങ്ങളുടെ തറവാട് വീട്ടിൽ വന്നു ആ സ്നേഹബന്ധം പുതുക്കുമായിരുന്നു. അതൊക്കെ ആ പഴയ തലമുറയിൽ മാത്രം കണ്ടിരുന്ന നന്മ തുരുത്തുകൾ എന്ന് പറയാം!

പുതിയ തലമുറയ്ക്ക് മമ്മൂച്ച ഒരു സാദാ നാട്ടുമ്പുറത്തുകാരാനായിരിക്കാമെങ്കിലും എന്റെ തലമുറയ്ക്കദ്ദേഹം അനുഭവങ്ങളുടെ വൻ കേദാരമാണ്.

ഉപ്പ "മമ്മൂ" എന്നുറക്കെ വിളിച്ചാൽ "ഓഉ" എന്ന് മറുപടി പറഞ്ഞ് അടുത്തെത്തിയിരുന്ന,  പ്രായത്തെയും അറിവിനെയും അനുഭവജ്ഞാനത്തെയും ആദരിക്കാനും ഉൾക്കൊള്ളാനും  സ്വയം പര്യാപ്തി നേടിയിരുന്ന പഴയ തലമുറവൃക്ഷത്തിലെ ഒരു ഇലകൂടി ഇന്ന് ഞെട്ടറ്റു വീണു. ഇന്നാലില്ലാഹ് ...

യാ അല്ലാഹ്... മമ്മൂച്ചാന്റെ സർവ്വപാപങ്ങളും പൊറുത്ത് നീ അദ്ദേഹത്തെ ജന്നാത്തുൽ ഫിർദൗസിൽ പ്രവേശിപ്പിക്കേണമേ, ആമീൻ.

No comments:

Post a Comment