Tuesday 10 September 2019

*ഞങ്ങൾക്കായിരുന്നു* *ആ നിറഞ്ഞ ചിരിയുള്ള* *ഫോട്ടോകൾ* *അമൂർത്ത നിമിഷങ്ങൾ* *വേണ്ടിയിരുന്നത്* /. അസ്ലം മാവിലെ



*ഞങ്ങൾക്കായിരുന്നു*
*ആ നിറഞ്ഞ ചിരിയുള്ള*
*ഫോട്ടോകൾ*
*അമൂർത്ത നിമിഷങ്ങൾ* *വേണ്ടിയിരുന്നത്*
.............................
അസ്ലം മാവിലെ
.............................
നിങ്ങളുടെ ചുറ്റുവട്ടത്ത് ഒരാൾ പരീക്ഷയിൽ ഉന്നത വിജയം നേടി, ഒരുദ്യോഗം കിട്ടി,  കളിയിൽ മികവ് സ്വന്തമാക്കി,  മറ്റുവല്ലതും... സ്വാഭാവികമായും അവരുടെ കഴിവിനെ പ്രശംസിക്കും, പ്രകീർത്തിക്കും. അതിന് കൂട്ടായ്മകൾ മുൻപന്തിയിലുണ്ടാകും. ആളും ബാളും ബഹളവുമുണ്ടാകും.
പലപ്പോഴും സാമൂഹിക സേവനങ്ങൾ ശ്രദ്ധയിൽ പെടുമ്പോൾ അവരെ പുറം തട്ടി അഭിനന്ദിക്കാൻ പലരും മറന്നു പോകാറുണ്ട്.  മിക്കയിടങ്ങളിലും ഇതൊരു വിഷയം തന്നെ ആകാറില്ല. അവിടെ നൂറ് നൂറ് ഞായങ്ങൾ കൊണ്ട് വന്ന് അത്തരം സേവനങ്ങളെ ഒന്നുമല്ലാതാക്കി ചുരുട്ടിക്കൂട്ടി മൂലക്കിട്ടുകളയും.
സ്വാർഥതയാണ്, കാര്യലാഭമാണ്, വേറെ ഉദ്ദേശങ്ങളുണ്ട്, എന്തെങ്കിലും കാണാതെ അത് ചെയ്യാനിറങ്ങില്ല, ഈ ചെയ്തവൻ സ്വന്തം കുടുംബത്തിൽ വല്ലതും ചെയ്തോ ? അന്നത് ചെയ്തോ ? ഇന്നെന്തിനാ ഇത് ചെയ്തത് ? നാല് വട്ടം ആലോചിക്കണം. ആ പ്രശ്നമുണ്ട്. അവനെ സ്വീകരണമൊരുക്കിയാൽ മുമ്പൊരാൾക്ക് ഒരുക്കാത്തതിന്റെ പേരിൽ ചോദ്യം വരും. അപ്പഴെന്ത് മറുപടി പറയും ? പോട്ട്പ്പാ, ചാട്ട്പ്പാ..
എന്തൊക്കെ കാരണങ്ങൾ സംഘാടകരുടെ  മുന്നിൽ വരും.
എത്രയെത്ര ഒഴികഴിവുകൾ വരിവരിയായി നിന്നിരിക്കും. പിന്നെയും ഒരുപാട് എക്സ്ക്യൂസുകൾ ടോക്കണെടുത്ത് വരിക്കിടയിൽ നുഴഞ്ഞ് കയറാൻ കാത്തിരിക്കുന്നുമുണ്ടാകും, ആ പരിപാടി സംഘടിപ്പിക്കാതിരിക്കാൻ.
അത്തരം ഒരു സമകാലീന പരിപ്രേക്ഷ്യത്തിൽ നിന്ന് വേണം കണക്ടിംഗ് പട്ലയുടെ സ്നേഹാദര സദസ്സ് ഒരുക്കിയതിനെ വായിച്ചെടുക്കാൻ. അവിടെ ഉദ്യോഗസ്ഥരെന്നോ അനുദ്യോഗസ്ഥരെന്നോ വേർതിരിവില്ല.  പരിചിതരെന്നോ അപരിചിതരെന്നോ ബന്ധുക്കളെന്നോ ബന്ധുത്വമില്ലാത്തവരെന്നോ വിഷയമേ അല്ല.
മനുഷ്യപ്പറ്റുള്ളവരെ തിരിച്ചറിയുന്നു എന്ന അവശ്യം ഉണ്ടായിരിക്കേണ്ട ഒരു കൂട്ടായ്മയുടെ കടമ കണക്ടിംഗ് പട്ല നിർവ്വഹിച്ചിരിക്കുന്നു ! യോജിക്കാനേ പറ്റു.
സദസ്സൊരുക്കി, ഒരതിഥി മെഡലു ചാർത്തി, കൈ പിടിച്ചു നെഞ്ചോടു ചേർത്തു ഇതൊക്കെ സ്നേഹാദരവ് സദസ്സിന്റെ കുറെ ഭാഗങ്ങളിൽ ഒന്നു മാത്രമാണ്. അതിലും എത്രയോ മുമ്പ് തന്നെ സോഷ്യൽ മീഡിയയിലൂടെയും വായ്ത്താരിയിലൂടെയും വാമൊഴിയായും  അവരുടെ സേവനമഹത്യം സംഘാടകർ  പൊതുമനസ്സിലെത്തിച്ചു കഴിഞ്ഞിട്ടുണ്ട്. അത് വഴി ആയിരങ്ങളുടെ പ്രാർഥനകളും ആശംസകളും ആ ചടങ്ങിന് മുമ്പ് തന്നെ അവർക്ക് കിട്ടിക്കഴിഞ്ഞു. അതോടെ  Recognition (തിരിച്ചറിയൽ) നടന്നു, മറ്റുള്ളവരിൽ നിന്ന് ഇവർ വ്യത്യസ്തരാണ് എന്ന തിരിച്ചറിയൽ തന്നെ.
ആ Recognition ആകട്ടെ, സേവനം ചെയ്തവർക്ക് ഒരുൻമേഷമാണ്. ഇവയൊക്കെ നന്ദിപൂർവ്വം ഓർക്കുന്ന ഒരു സമൂഹമുണ്ടെന്നത്  അവരെ തീർച്ചയായും വിനീതരാക്കും. സമൂഹത്തോടത് പറയാൻ ഒരു കൂട്ടായ്മയെങ്കിലും ഉണ്ടെന്ന  സന്തോഷമവരിൽ ആവേശം പകരും. മറ്റു കൂട്ടായ്മകൾക്കും സമാദരിക്കാനിത്  പ്രചോദനമാകും.
പിന്നെയുള്ളതാണ് ചടങ്ങ്, സെഷൻ. സ്വീകർത്താവിനെ സംബന്ധിച്ച് ചെറുത് വലുത് എന്നൊന്നില്ല. പരാമർശ വ്യക്തികളിൽ കോൺഫിഡൻസ് (ആത്മവിശ്വാസം) ഒന്നുകൂടി  വർദ്ധിപ്പിക്കാനുള്ള ഏതാനും മിനുറ്റുകളുടെ വേദിയാണത്. അദൃശ്യമായ ദശലക്ഷക്കണക്കിന് പോസിറ്റീവ് ഊർജം പകർന്ന് തരുന്ന നിമിഷങ്ങൾ. ആദരവ്, അതൊരു ഒലിവ് ഇലത്തുണ്ടായാലും, ഏറ്റുവാങ്ങുമ്പോൾ ലഭിക്കുന്ന ഒരു  സന്തോഷമുണ്ട്. സദസ്സിന്റെ ഒരു മൂലയിൽ ഇരുന്ന് തന്റെ  സുഹൃത്തിന്, അയൽക്കാരന്, ഭാര്യക്ക്, മക്കൾക്ക്,  മാതാപിതാക്കൾക്ക്, സഹോദരർക്ക്, കൂട്ടുകാർക്ക് അതൊക്കെ കണ്ട് ആനന്ദക്കണ്ണീരൊഴുക്കാൻ കൂടിയുള്ള അവസരമാണ് ആ വേദി !
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? സമ്മാനം വാങ്ങാൻ പേര് വിളിക്കുന്നതും നോക്കി വളരെ ആധിയോടെ കാത്ത് നിൽക്കുന്നത് ആരാണ് ? വാങ്ങുന്നവരേക്കാളും കൂടുതൽ വെപ്രാളം അത് കാണാൻ വന്നവർക്കായിരിക്കും. അവരിൽ സമ്മാനർഹരായവരുടെ പിതാവ് ഉണ്ടാകാം, മാതാവുണ്ടാകാം, സഹോദരരുണ്ടാകാം, അധ്യാപകരുണ്ടാകാം, ബന്ധു - മിത്രാദികളുണ്ടാകാം. അവിടെ സമ്മാനർഹൻ എത്താൻ ഒരൽപം വൈകിയാലോ ? വരാൻ പറ്റിയില്ലെങ്കിലോ ? ആർക്കായിരിക്കും പ്രയാസം ?
എന്തൊക്കെ പരിമിതികൾ എന്നെപ്പോലെ നിങ്ങൾക്കുമാകൂട്ടായ്മയിൽ, സി.പി.യിൽ,  കണ്ടാലും ഇങ്ങനെയൊക്കെയെങ്കിലും ചെയ്യാൻ ഇവരുണ്ടല്ലോ, ഇവരുടെ നേതൃത്വത്തിനാകുന്നുണ്ടല്ലോ  എന്ന യാഥാർഥ്യം  ചെറിയ കാര്യമല്ല. അതൊക്കെ കൊണ്ട് തന്നെയാണ്  ആശീർവദിക്കാനെത്തിയ സദസ്സ് നിറസാനിധ്യം കൊണ്ട് ശ്രദ്ധേയമായത്. ടി.പി. അബ്ദുല്ലയെപ്പോലുള്ള രക്ഷാപ്രവർത്തകരും മനുഷ്യ സ്നേഹികളായ റെസ്ക്യൂ - റെവന്യൂ - പോലീസ് - ഹെൽത്ത് ഉദ്യോഗസ്ഥരും ആദരവ് ഏറ്റുവാങ്ങിയപ്പോൾ, അവരെ ഒന്നു കൂടി കൺകുളിർക്കെ കാണാൻ  സദസ്സിലെത്തിയ നാട്ടുകാരുടെ അതിയായ ആഗ്രഹം പൂവണിയാനായത്.
1985 ലെ എന്റെ ഒരോർമ്മ. പട്ല സ്കൂളിൽ SSLC ക്ക് 60 % + മാർക്ക് കിട്ടിയത് എനിക്കും  മധൂരിലെ എം. ഐ. ശാഫിക്കുമായിരുന്നു. ഞാനുമായി ഒരു തരത്തിലും ഒത്തു പോകാത്ത ഒരു കൂട്ടായ്മ എന്നെ അനുമോദിക്കാൻ ക്ഷണിച്ചു. പോകാൻ ഞാനൽപ്പം മടിച്ചപ്പോൾ ഉപ്പ കണ്ണുരുട്ടിയതോർക്കുന്നു - "അവഹേളിക്കാനല്ലല്ലോ, ആദരിക്കാനല്ലേ ? പോയി സ്വീകരിക്കണം, നിനക്ക് വേണ്ടെങ്കിലും ഞങ്ങൾക്ക് വേണം. പോകുന്നില്ലെങ്കിൽ പറയണം, പകരം കടയടച്ചു ഞാൻ പോകും. ഞങ്ങൾക്കത് നാല് പേരോടെങ്കിലും  പറഞ്ഞ് സന്തോഷിക്കണം."
ഓർക്കുക : Recognize ചെയ്യപ്പെട്ടവർ ഒരിടത്തല്ല, ഒരായിരം സ്ഥലങ്ങളിലാണ് സംസാരവിഷയമാകുന്നത്. നിങ്ങളെക്കാളേറെ ഞങ്ങൾക്ക്, അഭ്യുദയ കാംക്ഷികൾക്കാണ് ആ നിറഞ്ഞ ചിരിയുള്ള ഫോട്ടോകൾ, അമൂർത്ത നിമിഷങ്ങൾ വേണ്ടിയിരുന്നത്. ▪

No comments:

Post a Comment