Tuesday 10 September 2019

*ഉമ്മ ഓർമ്മകൾ (3)* / അസ്ലം മാവിലെ

*ഉമ്മ ഓർമ്മകൾ (3)*

.............................
അസ്ലം മാവിലെ
............................

ഫക്രുദ്ദീൻ അലി അഹമദ് മരിക്കുന്നത് 11 ഫെബ്രവരി 1977, വെള്ളിയാഴ്ച. ആ ദിവസവും ഫക്രുദീൻ അലി അഹമദും കാസർകോടുമായി  ബന്ധപ്പെടുത്തി  50 + പ്രായമുള്ളവർക്ക് നന്നായി ഓർമ്മയിൽ നിന്ന് വായിച്ചെടുക്കാൻ പറ്റും.

CPCRI അറിയുമല്ലോ. Central Plantation Crops Research Inst. കൊക്കോ, അടക്ക, തേങ്ങ തുടങ്ങിയ ധാന്യവിളകളെ കുറിച്ചുള്ള ഗവേഷണ സംബന്ധമായ പഠനകേന്ദ്രമാണ് ICAR ന്റെ  കീഴിലുള്ള CPCRI. പ്രാധന ആസ്ഥാനം (ഹെഡ്ക്വാട്ടേർസ് ) കാസർകോട്ടും.  പശ്ചിമ ബംഗാളിലും ആസാമിലും കർണ്ണാടകയിലുമാണ്  കാസർകോട്ടുള്ള CPCRI ക്ക് കീഴിലുള്ള ഗവേഷണ കേന്ദ്രങ്ങൾ. അതേസമയം കായംകുളത്തും വിട്ടലിലും റിജ്യണൽ കേന്ദ്രങ്ങളും ഉണ്ട്.

1977ഫെബ്രവരി 11 ന് ഇന്ത്യൻ രാഷ്ട്രപതി കേരളത്തിലെത്തേണ്ടതായിരുന്നു. മുഖ്യസന്ദർശനം കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനമായ കാസർകോട്ടുള്ള CPCRI തന്നെ.  ആ കെട്ടിടസമുച്ചയം ഉത്ഘാടനമാണോ രാഷ്ട്രപതിയുടെ പ്രോഗ്രാം  എന്നെനിക്കറിയില്ല. (ഇന്നും അറിയില്ല)  എനിക്ക് അന്ന് 7 വയസ്സു പോലുമായിട്ടില്ലല്ലോ. ജസ്റ്റ് രണ്ടാം ക്ലാസ്സുകാരൻ.

പക്ഷെ, രാഷ്ട്രപതി മരണപ്പെട്ട വാർത്ത കേട്ടതറിയാം. അദ്ദേഹത്തിന്റെ വരവിനോടനുബന്ധിച്ച് CPCRI യിൽ ഒരു വലിയ എക്സിബിഷൻ സംഘടിപ്പിച്ചിരുന്നു. ഒരു പക്ഷെ,  കെട്ടിട ഉത്ഘാടനത്തിന്റെ ഭാഗമായിട്ടായിരിക്കണം ആ പ്രദർശനം.

ആ ചെറിയ പ്രായത്തിൽ രാഷ്ട്രപതിയുടെ മരണകാരണമൊക്കെ ഞാൻ കേട്ടത് ഇങ്ങിനെ: വുളു എടുക്കാൻ പോകുന്നതിനിടയിലോ, വുളു എടുത്തു കഴിഞ്ഞോ അദ്ദേഹം ഓഫിസിലേക്ക് നടന്നു വരുമ്പോൾ  കാല് വഴുതി വീണു. ഉടനെത്തന്നെ അദ്ദേഹം മരണപ്പെട്ടു !  പത്രവായനയൊക്കെ തുടങ്ങിക്കഴിഞ്ഞപ്പോഴായിരുന്നു ഹൃദയാഘാതമായിരുന്നു (Cardiac Attack) അദ്ദേഹത്തിന്റെ മരണകാരണമെന്ന് അറിയുന്നത്.

എന്റെ ഉമ്മവീട് CPCRI ക്ക് തൊട്ടടുത്താണ്. അത്കൊണ്ട് ഒരു സ്കൂളൊഴിവ് ദിനത്തിൽ അന്നത്തെ  ആ എക്സിബിഷൻ കാണാൻ ഉമ്മയുടെ കൂടെ പോയതോർമ്മയുണ്ട്, കൂടെ ഉമ്മാന്റെ കുറെ കൂട്ടുകാരികളും. 

ഒരു  പ്രദർശന ഐറ്റം മാത്രം എനിക്ക്  ഇപ്പഴും മനസ്സിൽ മായാതെയുണ്ട്.  അവിടെ ഒരു മൂലയിലാണ് ഈ ഇനം ഒരുക്കിയിട്ടുള്ളത്. ഒരു മെല്ലിച്ച കോലമുള്ള ഒരാൾ ചുണ്ടിൽ ബീഡി  കത്തിച്ചു അവിടെ ഒരു മൂലയിൽ
ഇരിക്കുന്നു. തൊട്ട്താഴെ ഒന്നു രണ്ടു കത്തുന്ന ബീഡികുറ്റികളിൽ നിന്ന് പുക നിലയ്ക്കാതെ ചെറുതായി പുറത്തു വരുന്നുണ്ട്. പശ്ചാത്തലത്തിൽ  ഒരു വലിയ കാട്.  വൈദ്യുത ലൈറ്റിട്ട് അത്  കത്തിയമരുന്ന ഫീലുണ്ടാക്കിയിട്ടുണ്ട്. ഒരു മരച്ചില്ലയിൽ പോലും പച്ചില പോയിട്ട്  ഉണക്കിലപ്പോലുമില്ല.

അന്നത്തെ ആ പ്രായത്തിൽ  നമ്മുടെ കൺകണ്ട അധ്യാപിക എന്നത് ഉമ്മയായിരിക്കുമല്ലോ. എന്ത് സംശയം നിവൃത്തി വരുത്തുക ഉമ്മയോട് ചോദിച്ചായിരിക്കും.

ഉമ്മയോട് ഞാൻ സംശയം ചോദിച്ചു.  അതെന്താണെന്ന് ഉമ്മ എനിക്ക് കൊങ്കാട്ടത്തിൽ പറഞ്ഞു തന്നു, ഉമ്മാന്റെ ഭാഷയിൽ തന്നെ  - ആ ഇരിക്കുന്ന ആൾ അശ്രദ്ധമായി  എറിഞ്ഞ ഒരു ബീഡിക്കുറ്റിയാണ് പോൽ ഒരു വനമാകെ കത്തിയെരിയാൻ കാരണമായത്. എന്നിട്ട് ഉമ്മാന്റെ സ്വതസിദ്ധമായ  പരിഭവം - ഒരി ലോകാകെ കത്തിച്ചിറ്റ് ഓനാടെ മൂലക്ക് കുത്ത്ർന്ന്റ്റ് നോക്ക്ന്നെ നോട്ടം കണ്ടില്ലേ ?

കഥ ചമയ്ക്കാൻ സ്ത്രീകൾ പൊതുവെ വിദഗ്ദ്ധരാണല്ലോ. ഉമ്മവീട്ടിൽ  ഞങ്ങൾ എത്തും വരെ ഉമ്മാന്റെ കൂടെയുണ്ടായിരുന്ന പെണ്ണുങ്ങൾ ഓരോരുത്തരും CPCRI കാട്ടിലെ  അഗ്നിബാധയ്ക്ക് പിന്നിലെ ബീഡിവാലയുടെ മുഖച്ഛായ കൊളങ്കര -എരിയ നാട്ടിലെ  ഓരോരുത്തന്റെയും മുഖത്തോട് സാമ്യപ്പെടുത്തി ഓരോ ഉപകഥകൾ പറഞ്ഞുകൊണ്ടേയിരുന്നു, കത്തിച്ചത് ഇന്നയിന്ന ആൾ തന്നെയാണെന്ന്.

"ആ ചേക്കു ഇല്ലണേ, ചേക്കു. ഓനന്നെണെ, അത്.. ഓനല്ലാതെ ഈ ചേല് ചെയ്യേലാ ഉമ്മാ.. ഒരി നാട് മുയ്മനു അല്ലേ ഓന് ആ സാധു ബീഡി ബെൽച്ചിറ്റ് അയിനെ കെട്ത്താദെ കാട്ട്ളേക്കെർഞ്ഞിറ്റ് ഹലാക്കാക്കീറ്റെ..." കൂട്ടത്തിലെ ഒരു രസിക ശിരോമണിയുടെ അവതരണം കേട്ട് അവർ ചിരിച്ചു വീണു. ▪

No comments:

Post a Comment