Tuesday 10 September 2019

*സന്തോഷത്തിന്റെ* *നാഡിഞരമ്പ്* /അസ്ലം മാവിലെ

*സന്തോഷത്തിന്റെ*
*നാഡിഞരമ്പ്*
............................

അസ്ലം മാവിലെ 
.............................

മുംബൈയിലെ ചെറിയ സന്ദർശനത്തിനിടക്ക് പരിചയപ്പെട്ട ഒരു സുഹൃത്ത്, ശാഫി തെക്കിൽ, എനിക്ക് ഇന്നലെ അയച്ച ഒരു വീഡിയോ ക്ലിപ്പ് ഇന്നാണ് ശരിക്കു കണ്ടത്. അതിലൊരിടത്ത്,   അഭിമുഖത്തിനെത്തിയ ആളോട് ഭൂട്ടാൻ രാജാവ് നൽകുന്ന മറുപടി ഇങ്ങനെ - "ഭൂട്ടാന്റെ  GDP ( Gross Dem Prod) എത്രയെന്ന് ഞങ്ങൾ അളക്കാറില്ല, പക്ഷെ, ഭൂട്ടാന്റെ GNH ( Gross National Happiness) ആണ് ഞങ്ങൾ അളക്കാൻ ശ്രമിക്കുന്നത്. "

നല്ല ഭരണാധികാരിയുടെ   സ്വപ്നമാണത്, കാഴ്ചപ്പാടാണ്.  സന്തോഷത്തിന്റെ അളവ് നോക്കി, നാടിന്റെ ക്ഷേമവും വികസനവും തിട്ടപ്പെടുത്തുക എന്നത്.

സന്തോഷം ചെറിയ കാര്യമല്ല. തൃപ്തി അങ്ങിനെയങ്ങ് ഒഴിവാക്കേണ്ടതുമല്ല.

എങ്ങനെ പോകുന്നു ജീവിതം ?
ഉത്തരം : സുഖം. അതിൽ നിർത്തരുത് സന്തോഷവുമാകണം. അത് പറയാനാകണം. അതവനവൻ പരുവപ്പെടുത്തി എടുക്കേണ്ടതാണ്.

പoനത്തിൽ സന്തോഷവാനാണോ ? പത്ത് കുട്ടികളോട് ചോദിച്ചു നോക്കൂ. ജോലിയിൽ സംതൃപ്തനാണോ ? വാ പറയാതെ തന്നെ ആ മുഖങ്ങൾ ഉത്തരം പറഞ്ഞേക്കും.

സന്തോഷം നമ്മുടെ പ്രവൃത്തിയിലെ ആത്മാർഥതയിലാണ്. അതിൽ കാണിക്കുന്ന പ്രതിബദ്ധതയിലാണ്. നന്മ ചെയ്ത് നോക്കൂ, ചിലർ പറയും, ഉറപ്പായും പറയും - അതവന്റെ/അവളെ സ്വാർഥതയെന്ന്,  എന്തെങ്കിലും കാണാതെ അയാളങ്ങിനെ ചെയ്യില്ലെന്ന്. പറയുന്നവരുടെ വായ മൂടിത്തുന്നാൻ എന്തിന് ടൈലറാകണം ? ഉദ്ദേശം ശരിയെങ്കിൽ, സന്തോഷം നൽകുന്നെങ്കിൽ, മുന്നോട്ടു തന്നെ പോകണം.

നിങ്ങൾ  ചിന്തിക്കുന്നതും പറയുന്നതും ചെയ്യുന്നതും ഒത്തൊരുമിച്ചു വരുമ്പോഴാണ് സന്തോഷമുണ്ടാവുകയെന്ന് ഗാന്ധിജി  ഒരിടത്ത് പറയുന്നുണ്ട്.  അങ്ങിനെയവ മൂന്നും ഒത്തുവരുന്നതിലേ സന്തോഷം കണ്ടെത്താനുമാകൂ എന്നർഥം.  സേവനപ്രവർത്തകരുടെ ആനന്ദം യഥാർഥ അളവിലുള്ള ആനന്ദമാകുന്നതും അതൊക്കെ കൊണ്ട് തന്നെയാകാം.

നിങ്ങളുടെ പ്രായം  എണ്ണേണ്ടത് നന്മമരങ്ങളുടെ സൗഹൃദങ്ങൾ കൊണ്ടാകണം, ജീവിച്ചു തീർത്ത വർഷങ്ങൾ കൊണ്ടാകരുത്; നിങ്ങൾ ജീവിച്ചു തീർത്തതെണ്ണേണ്ടതാകട്ടെ സന്തോഷം കൊണ്ടാകണം, സന്താപം കൊണ്ടാകരുത്. പകുത്ത് നൽകാനും പങ്കിടാനുമാകുമ്പോഴാണ് രണ്ടാമത് പറഞ്ഞത്, സന്തോഷം,  നമ്മുടെ കണക്ക് ബുക്കിൽ എണ്ണാൻ കിട്ടൂ.

ആനന്ദത്തിന്റെ, സന്തോഷത്തിന്റെ ആത്മാവ് മന:സാക്ഷിയത്രെ.
ഫ്രഡറിക് ലൂയിസ് ഡൊണാൾഡ്സൺ എണ്ണിയ 7 സാമൂഹിക പാപങ്ങളിലൊന്നാകട്ടെ മനസാക്ഷിയില്ലാത്ത ആനന്ദവും. യാത്രയിലെ എഴുത്തു നീണ്ടു, നിർത്തുന്നു. 

പിൻകുറി :
പടിഞ്ഞാറെ സാന്താക്രൂസിൽ ഒരു ഓട്ടോയിൽ  സഞ്ചരിച്ചു കൊണ്ടിരിക്കെ  ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ഒരു ബോർഡു തൂങ്ങുന്നു -  Happy Thinking People Pvt Ltd. എന്ത് ഉദ്ദേശമെന്ന് എന്നറിയാൻ  mail ചെയ്തിട്ടുണ്ട്. No Reply so far.  സന്തോഷത്തിൽ മറുപടി വരുമായിരിക്കും.

No comments:

Post a Comment