Monday 23 September 2019

കേരളത്തെ ദൈവം കാക്കട്ടെ./*അസ്ലം മാവിലെ*


ഇതൊരു ഇടത് പരിപ്രേക്ഷ്യത്തിൽ മലയാളക്കരയുടെ ഇന്നു - ഇന്നലെകൾ വായിച്ചെടുത്തതാണ്. പല പേരുകളും പല നേരങ്ങളും പല മുഹൂർത്തങ്ങളും ജലീൽ വിട്ടു പോയിട്ടുണ്ട്. അങ്ങനെ വിടാതെ എഴുതിയിരുന്നെങ്കിൽ എല്ലവർക്കും ഫോർവേർഡ് ചെയ്യാമായിരുന്നു. പ്രസക്തങ്ങളായ അത്തരം ചരിത്ര സന്ദർഭങ്ങളെ അപ്പടിപ്പകർത്താനുള്ള  മനസ്സുണ്ടാകുന്നില്ല എന്നതാണ് പൊതുവെയുള്ള ഒരു പരിമിതി. അതോണമായാലും വിഷുവായാലും പെരും നാളായാലും എന്തായാലും.

നവോത്ഥാനത്തെ  ഗുരുവിനെപ്പോലുള്ളവരിൽ മാത്രമൊതുക്കുന്നതിലും വലിയ അപരാധമുണ്ട്. പുതിയ തലമുറയ്ക്ക് വായിക്കാൻ മറ്റു സൂചനകളെങ്കിലും ചിലർ തരാറുമില്ല. പദക്കസർത്തുകൊണ്ട് ഞാനവ പറഞ്ഞു വിഷയത്തിന്റെ മർമ്മം ശ്രദ്ധ തിരിച്ചു വിടാൻ ഞാൻ വഴിമരുന്നിടുന്നില്ല.

ഇനി താഴെയുള്ളത് (എന്റെ അഭിപ്രായം )  സദുദ്ദേശത്തോടെയും (വേണമെങ്കിൽ വിമർശനബുദ്ധ്യാ ) വായിക്കുക.

*കേരളത്തെ ദൈവം കാക്കട്ടെ *

കേരളക്കരയിലെ മറ്റു മതസ്ഥരുടെ ആഘോഷങ്ങളെ വിലയിരുത്തുവാൻ ചിലരെന്തിന് മെനക്കെട്ടിറങ്ങുന്നു എന്നത് സ്വയം ചോദിക്കേണ്ട സന്ദർഭമാണിത്. ഇത് ഇയിടെ തുടങ്ങിയ ഏർപ്പാടാണ്. ഇതിന്റെ വീഡിയോ - ഓഡിയോ ക്ലിപ്പുകൾ ലഭ്യമാകുന്നത് കൊണ്ട് തത്പരകക്ഷികൾ എല്ലാ ആഘോഷകാലങ്ങളിലും സോഷ്യൽ മീഡിയകളിലും വീണ്ടും വീണ്ടും എടുത്തിടുക തന്നെ ചെയ്യും. പുതിയ വായനക്കാരന് പഴയ "കഥ "യാണെന്ന് അറിയുക പോലുമില്ല. അങ്ങിനെ അറിയാതിരിക്കാൻ "പോസ്റ്റുമാൻന്മാർ" എല്ലാ കൂട്ടുമസാലകളും ചേർക്കുകയും ചെയ്യും. ഫലം - വിദ്വേഷം തന്നെ.

മതത്തിനകത്തെ വിശ്വാസാചാരങ്ങളിലെ ചർച്ചകളും ആരോഗ്യ-അനാരോഗ്യ-സാന്ദർഭിക-അസാന്ദർഭിക സംവാദങ്ങൾ പോലെയെന്നാണിതുമെന്ന് ചില "അറിവുള്ളവർ " ധരിച്ചിട്ടുണ്ടെങ്കിൽ അവരെയാണ് തിരുത്തേണ്ടത്. ഐക്കണുകൾ (പബ്ലിക് പുള്ളർ)  എന്ന വിശേഷപ്പേരുള്ളത് കൊണ്ട് അവരൊട്ടതിന് തയ്യാറുമല്ല.

ചിലത് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടണം. ചിലവ അതിലാകരുത്. രണ്ടിനും സാഹചര്യങ്ങളാണ് പ്രധാനം. അനുചിതമെന്ന് കരുതുന്നത് പൊതു ഇടങ്ങളിൽ വരരുത്. അതാര് എന്ത് എങ്ങിനെ ന്യായീകരിച്ചാലും.

ഇന്നത്തെ കാലത്ത് വാചകക്കസർത്തിനേക്കാളേറെ പ്രസക്തമായിട്ടുള്ളത് പരിമിതപ്പെടുത്തി വാക്കുകൾ സൂക്ഷിച്ച് സംസാരിക്കുക എന്നതിലാണ്. നിങ്ങളൊരു മിതഭാഷി ആയതുകൊണ്ട് ആരും നിങ്ങളെ അംഗീകരിക്കാതിരിക്കുന്ന വിഷയമില്ല. കൈ വിട്ട വാക്കുകൾക്ക് ന്യായീകരിക്കാൻ പതിന്മടങ്ങ് സമയം  റെഫർ ചെയ്യേണ്ടിവരും, ചില നുണകളും അർദ്ധനുണകളും അകമ്പടിയായും വരും.

ഭൂമിക പ്രധാനമാണ്. ഒരു കൂട്ടായ്മയുടെ സ്വഭവമനുസരിച്ചാണ് വിഷയങ്ങൾ അവിടെ  പുനർചർച്ചകൾക്ക് വിധേയമാകുക. എല്ലാ കൂട്ടായ്മകളും ( ഗ്രൂപ്പുകളും) മിതത്വവും അനുഭാവവും കാണിക്കുക എന്ന് കരുതരുത്. അത് പക്ഷെ പല നേരങ്ങളിലും ചില ചില  സാമിയും പാതിരിയും കപ്യാരും മൊയ്ല്യാരും മൗലവിയും തലയ്ക്കെടുക്കുന്നില്ല എന്നതാണ് വലിയ അസംബന്ധം.

നിങ്ങളുടെ കുട്ടി എവിടെ പോകണം എന്ത് ചെയ്യണം എന്ന് നിങ്ങൾക്ക് ഉപദേശിക്കാം. അത് കേട്ടവർ പോവുകയോ വരികയോ ചെയ്യുന്നുണ്ടോ എന്നത് വേറെക്കാര്യം.   അത് പറയാൻ ഒരുപാട് സന്ദർഭങ്ങളുണ്ട്. എല്ലാം മൈക്ക് കെട്ടി പറയാനുള്ളതല്ല; എല്ലാം മൈക്കിൽ ചോദിക്കാനുമുള്ളതല്ല.

പറഞ്ഞവർ അടുത്ത ഫ്ലൈറ്റിന് വിമാനം കയറി തങ്ങളുടെ കമ്പനിജോലി നിരതരായിരിക്കും. ഇരുപക്ഷവും പിന്നെ  നിക്ഷ്പക്ഷവും ന്യായീകരിച്ച് ന്യായീകരിച്ചു ക്ഷീണിച്ചവശരാകുന്ന പതിനായിരങ്ങളെ അവർ കാണുന്നില്ലല്ലോ. ഇക്കാലയളവിൽ ചിലർ  ഊരിയ കവുക്കോലുകളുടെ എണ്ണം എത്ര ആയിരിക്കും ? കത്തിച്ചൂതി എറിഞ്ഞ ബീഡിക്കുറ്റികൾ എത്രയായിരിക്കും ? മഹാന്മാരേ, നിങ്ങൾ അതെങ്കിലും എണ്ണാൻ ഒരിക്കൽ കൂടി കേരളക്കരയിൽ വരണം.

എന്തൊരു ജന്മങ്ങൾ ! ഇവിടെ എത്രയെത്ര മുതിർന്ന പണ്ഡിതകേസരികൾ ഉണ്ട്. ജ്ഞാന വൃദ്ധരുണ്ട്.  അവർക്കൊന്നും മനസ്സിലാകാത്തതാണല്ലോ ഈ യുവ കേസരികൾ വെച്ചു വിളമ്പുന്നത്, സംശയം തീർത്തു തരുന്നത്, അതും സ്ഥലകാലബോധമില്ലാതെ.

കേരളത്തെ ദൈവം കാക്കട്ടെ.

*അസ്ലം മാവിലെ*

No comments:

Post a Comment