Tuesday 10 September 2019

*യുവത* *ആദരവും അംഗീകാരവും* *അർഹിക്കുന്നു* / സാപ്

💠
*യുവത*
*ആദരവും അംഗീകാരവും*
*അർഹിക്കുന്നു*
====================

സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾ ജീവവായുവായി
കൊണ്ട് നടക്കുന്ന സമൂഹത്തിന് മാത്രമെ അതിജീവനത്തിന് അർഹതയുള്ളൂ!
മൂല്ല്യവത്തായ ഇടപെടലുകൾ കൊണ്ട് സാംസ്കാരികാന്തരീക്ഷം സജീവവമാക്കുന്ന ഏത് കൂട്ടായ്മകളും അഭിനന്ദനം അർഹിക്കുന്നു.

അങ്ങനെയൊരു ഇടപെടലാണ് ഇന്നലെ വൈകുന്നേരം സ്കൂൾ അങ്കണത്തിൽ SELUTE THE BRAVE എന്ന ബാനറിൽ  പട്ലയിൽ നടന്നത്.

ധീരത കൊണ്ട് ജീവിതം അടയാളപ്പെടുത്തിയ വ്യക്തികളെയും
കരുണയും സഹജീവി സ്നേഹവും കൊണ്ട് തങ്ങളുടെ സ്ഥാനം ശിലകളിൽ കോറിയിട്ട പ്രസ്ഥാനങ്ങളെയും സന്നദ്ധ സംഘടനകളെയും മറ്റും ആദരിക്കുന്ന ഒരു ചടങ്ങായിരുന്നു അത്.

കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിനും ജീവഹാനിക്കും മറ്റ് നാശനഷ്ടങ്ങൾക്കുമാണ് നമ്മൾ ഇരകളും സാക്ഷികളുമൊക്കെയായത്.
രാപകൽ വ്യത്യാസമില്ലാത്ത രണ്ട് ദിവസം ഉറക്കം പോലും ഉപേക്ഷിച്ച് പ്രളയത്തിൽ കുടുങ്ങിപ്പോയവരെ കരക്കെത്തിക്കാൻ കഴുത്തോളം വെള്ളത്തിൽ ഏറെ ശ്രമകരമായ ദൗത്യം നിർവ്വഹിച്ചവർ, തീർച്ചയായും അവർ ധീരരാണ്, അവർക്ക് ആദരവും അംഗീകാരവും ലഭിക്കേണ്ടതുണ്ട്.
അവർ സർക്കാർ സംവിധാനത്തിന്റെ ഭാഗമാണെന്നോ സാമൂഹ്യ ജീവകാരുണ്യ സംഘങ്ങൾ ആണെന്നോ ഉള്ള വേർതിരിവില്ല.
സർക്കാർ സംവിധാനത്തിലും ആത്മാർത്ഥതയുള്ളവർക്ക് മാത്രമെ ദൗത്യം സഫലമായി നിർവ്വഹിക്കാൻ സാധിക്കുകയുള്ളൂ എന്ന ഒരു വസ്തുതയുണ്ട്!

മനുഷ്യൻ എന്ന് പറയുന്നത് സാമൂഹ്യ ബന്ധങ്ങളുടെ ആകെത്തുകയെന്ന് കാൾ മാർക്സ് പറയുന്നുണ്ട്.  ഡയജനിസ് എന്ന യവന തത്വജ്ഞാനി പട്ടാപ്പകൽ വിളക്കും കത്തിച്ച്‌ അന്വോഷിച്ച് പോയത് മനുഷ്യരിൽ നിന്നും ശരിക്കുള്ള മനുഷ്യരെ കാണാനായിരുന്നു.  അന്നയാൾക്ക് ഏഥൻസിൽ എത്ര മനുഷ്യരെ കണ്ടെത്താൻ കഴിഞ്ഞു എന്ന് നമുക്കറിയില്ല!  അന്നത്തെ അപേക്ഷിച്ച് ഇന്ന് "മനുഷ്യർ" ഒരുപാട് വർദ്ധിച്ചിട്ടുണ്ട്.  അർദ്ധരാത്രിയിൽ പോലും വെളിച്ചമില്ലാതെ തന്നെ മനുഷ്യരെ കാണാൻ കഴിയുംവിധം മാനവികതയുടെ നിലാവ് ഭൂമിയാകെ നിറഞ്ഞിട്ടുണ്ട്. 

അങ്ങനെയൊരുനാൾ മാനവികത പ്രകാശം പരത്തിയ അർദ്ധരാത്രിയിലാണ് ദുരന്തമുഖത്ത് രക്ഷാപ്രവർത്തനങ്ങളുമായി മഴനനയുന്ന ടി.പി അബ്ദുല്ലയെപ്പോലുള്ള, നിയാസിനെപ്പോലുള്ള അനേകം യുവാക്കളെ നാം കാണുന്നത്.  അവർക്കാരുടെയും നിർദേശങ്ങൾ ഉണ്ടായിരുന്നില്ല, വാസ്തവത്തിൽ അവർ ആരുടെയും ആഹ്വാനത്തിനും നിർദേശത്തിനും കാത്തു നിന്നില്ല എന്നതാണ് ശരി!
ഇന്നലെകളൊക്കെയും മഹത്തരമായിരുന്നെന്നും ഇന്നുകളൊക്കെയും ജീർണ്ണതകൾകൊണ്ട് നിറഞ്ഞതാണെന്നുമുള്ള കാഴ്ച്ചപ്പാട് തിരുത്തുകയാണ് ഈ യുവത ചെയ്തത്.  അത് കൊണ്ട് മനുഷ്യരെ കാണാൻ നമുക്ക് വേണ്ടത് സ്നേഹ ബന്ധത്തിന്റെ മാതൃകകളെ തിരിച്ചറിയാനും വിശകലന വിധേയമാക്കാനുള്ള ആർജവമാണ്.
ആർദ്രമായ സാമൂഹ്യബന്ധങ്ങളാണ് മനുഷ്യരെ സാധ്യമാക്കുന്നത്.  ഓരോ മനുഷ്യനും എത്രമാത്രം ഒറ്റയായിരിക്കുമ്പോഴും സമൂഹ്യമായ ഐക്യപ്പെടലുകളിലാണ് ഈ ഒറ്റയായ അവസ്ഥപോലും പുലരുന്നത് എന്ന് തിരിച്ചറിയണം.

ആരുടെതാണ് ലോകം വേദനിക്കുന്നവരുടെതല്ലാതെ എന്ന പി എൻ ഗോപികൃഷ്ണന്റെ കവിത ഇങ്ങനെയാണ്.

"ലോകം ആശുപത്രിയാകുന്നത്
ജനനവും മരണവും കൊണ്ടല്ല
വേദന കൊണ്ടാണ്.

എന്ത് കൊണ്ടാണ് ഭൂമി ഉരുണ്ടിരിക്കുന്നത്
എന്ന് ചോദിച്ചാൽ
കുട്ടികളെ നിങ്ങൾ പറയണം
വേദനകൊണ്ട്
കൂച്ചിവിലങ്ങിയതാണ്
എന്ന്"

അത് കൊണ്ട് തന്നെ വേദനിക്കുന്നവരുടെ കൂടെനിൽക്കുക എന്നത് പരമപ്രധാനമാണ്.  അവർക്ക് താങ്ങും തണലുമാകുക എങ്കിൽ നാം ജീവിതം അടയാളപ്പെടുത്തിക്കഴിഞ്ഞു.

"നിങ്ങൾ ജനിച്ചപ്പോൾ ലോകം ആനന്ദിച്ചു, പക്ഷെ നിങ്ങൾ കരഞ്ഞു.
നിങ്ങൾ മരിക്കുമ്പോൾ ലോകം കരയുകയും നിങ്ങൾ ആനന്ദിക്കുകയും ചെയ്യുന്ന തരത്തിൽ ജീവിക്കുക"  എന്ന ഒരു സംസ്കൃത പഴഞ്ചൊല്ലുണ്ട്. 

കർമ്മം രംഗം സജീവമാക്കി അങ്ങനെയൊരു ജീവിതം നമുക്കെല്ലാം സാധ്യമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.  ധീരത കൊണ്ട് ജീവിതം രേഖപ്പെടുത്തിയ യുവാക്കളെയും പ്രസ്ഥാനങ്ങളെയും അഭിവാദ്യം ചെയ്യുന്നു.

*സാപ്*
emailtosa@gmail.com
💠

No comments:

Post a Comment