Tuesday 10 September 2019

*കാവേരി പുഴയോരത്തെ* *പ്രളയാനന്തര* *ഭീകരക്കാഴ്ചകള്‍* / അസ്ലം മാവിലെ



‍http://www.kvartha.com/2019/08/a-traveloge-to-flood-effected-areas-in.html
*കാവേരി പുഴയോരത്തെ*
*പ്രളയാനന്തര*
*ഭീകരക്കാഴ്ചകള്‍*
............................
അസ്ലം മാവിലെ
............................
രാവിലെ ഒമ്പത് മണിക്ക് മുമ്പ് തന്നെ ഞങ്ങൾ മടിക്കേരി ടൗണിലെത്തിയിരുന്നു. അന്തരീക്ഷത്തിൽ ചെറിയ മൂടൽ മഞ്ഞുള്ളത് പോലുണ്ട് അപ്പഴും. നഗരത്തിൽ നിന്ന് വലതുഭാഗത്തേക്കുള്ള റോഡ് താഴോട്ട് പോകുന്നത് മുർനാടിലേക്ക്. 16 കി.മീറ്റർ കൂടി പിന്നിട്ടപ്പോൾ ഒരു വഴിവക്കിൽ സമദ് കാത്തിരിപ്പുണ്ട്. അസ്ലം പട്ലയുടെ സുഹൃത്ത് ഇഖ്ബാൽ പറഞ്ഞയച്ച ഒരു നന്മമരം.
കണക്ടിംഗ്‌ പട്ല എന്ന സാമൂഹ്യക്കൂട്ടായ്മ നടത്തിയ ധനശേഖരണം എങ്ങിനെ ഈ ദുരിതക്കയത്തിൽ പെട്ടവർക്ക് വേണ്ടി ഉപയോഗപ്പെടുത്താമെന്നറിയാനും ഈ ദുരിതജീവിതങ്ങളെ നേരിൽ കാണാനുമായിരുന്നു ഞങ്ങളൊരു സംഘം അവിടെ എത്തിയത്. എം. എ. മജീദ്, അസ്‌ലം പട്ല, നാസർ കെ. എ., റാസ പട്ല എന്നിവരും കൂടെയുണ്ട്.
നാമാദ്യം ?
കൊണ്ടങ്കേരിയിലേക്ക് പോകാം. അവിടെയാണ് അതിഭയാനകം. 4 കി.മി. ഓടണം. സമദ് പറഞ്ഞു.
ഞങ്ങൾ അത്രയും ഓടി കാവേരി പുഴക്കരികിലെത്തിയപ്പോൾ സ്ഥിതിയാകെ മാറിയിരിക്കുന്നു. പുഴക്കിരുവശവും പിന്നെക്കണ്ടത് കരളലിയിപ്പിക്കുന്ന കാഴ്ചകൾ. മൂന്നാൾ ഉയരത്തിലുള്ള പാലത്തിൽ നിന്ന് ഞങ്ങൾ താഴെയിറങ്ങി. ഒരു ഗൈഡിന്റെ ആവശ്യമില്ലാത്ത രൂപത്തിൽ പ്രളയം നക്കിത്തുടച്ച അടയാളങ്ങൾ ബാക്കിവെച്ച കെട്ടിടങ്ങളും അവയ്ക്കിടയിൽ നിസ്സഹരായി നിൽക്കുന്ന കുറെ മനുഷ്യരെയും കണ്ടു !
പുഴക്കരികിൽ താമസമുറപ്പിച്ച പത്തറുപത് കുടുംബങ്ങൾ ഒരു വശത്ത്. ഒരു വണ്ടി പോകാൻ പാകത്തിന് മാത്രം  റോഡ് ഇവയ്ക്കിടയിൽ അലസമായി പോകുന്നുണ്ട്. ഈ റോഡിന് വലതു ഭാഗത്ത് പ്രളയം നാശം വിതക്കാത്ത ഒരു വീടുപോലുമില്ല. ചിലവ ഒരsളയവും അവശേഷിപ്പിക്കാതെ മൺകൂനകൾ മാത്രമായിരിക്കുന്നു. കുറച്ചു വീടുകൾ മാത്രം ഇനിയൊരു അറ്റകുറ്റപ്പണിക്ക് പോലും സാധ്യതയില്ലാത്ത വിധം ഭാഗികമായി നിലം പൊത്തിയാണുള്ളത്.
മുന്നോട്ട് നടക്കുന്തോറും ഒരേ കാഴ്ചകൾ തന്നെ. പുറത്ത് കുറെ ആൺ പെൺ ജീവിതങ്ങൾ  ബാക്കിയായ കസേര, വീട്ടുപകരണങ്ങൾ തുടച്ചു എന്നു വരുത്തുകയാണ്. അവർക്കറിയാം ഇവ എത്ര തന്നെ വൃത്തിയാക്കിയാലും ഉപയോഗ യോഗ്യമല്ലെന്ന്. ഇന്നലെയും മിനിഞ്ഞാന്നുമായി ദുരിതാശ്വാസ ക്യാമ്പിൽ നിന്നും 'താമസ'സ്ഥലത്തേക്ക് വന്നവരാണവർ !
"നിങ്ങൾ അത്ര ദൂരെ നിന്ന് ഇതറിഞ്ഞു വന്നതിൽ വളരെ സന്തോഷം. ഒരു പാട് പേർ വന്നുപോയ്ക്കൊണ്ടിരിക്കുന്നു. കൊച്ചിയിൽ നിന്നു പോലും ഒരു വാഹനത്തിലിന്നലെ ആളുകൾ എത്തി". നഷ്ടപ്പെട്ടതിന്റെ ദു:ഖം മാറ്റിവെച്ചവർ  സമാശ്വസിപ്പിക്കാനെത്തിയവരെ നല്ല വാക്കുകൾ കൊണ്ട് പൊതിയുകയാണ്.
കുറച്ചു കൂടി മുന്നോട്ട് ഞങ്ങൾ നടന്നു. ഒരു വണ്ടിയിൽ നിന്നു സ്വയം പരിചയപ്പെടുത്തി യൂസുഫാക്ക പുറത്തിറങ്ങി. ആ വാർഡിലെ പഞ്ചായത്തംഗമാണ് യൂസുഫാക്ക. ആ ഭാഗത്തെ പ്രളയക്കെടുതിയുടെ മുഴുവൻ ചിത്രവും അദ്ദേഹം ഞങ്ങൾക്ക് വിവരിച്ചു.
പത്തറുപതിലധികം വർഷമായി കഴിയുന്ന ഈ കുടുംബങ്ങൾക്ക് ഇനി വേണ്ടത് തല ചായ്ക്കാൻ കൂരയാണ്. പഞ്ചായധികൃതർ ഇനിയിവർക്കിവിടെ വീടുകൾ പുതിക്കി പണിയാൻ അനുമതി നൽകില്ല. ചെങ്കുത്തായി പുഴയിടിഞ്ഞ ഭാഗം കാണിച്ചദ്ദേഹം പറഞ്ഞു.  പുഴയുടെ അക്കരയും (കോപ്പ ) ഇക്കരയുമായുളള 111 കുടുംബങ്ങൾക്ക് സ്വന്തമായ് വീടുകൾ വേണം. അതിനത്യാവശ്യമായ സ്ഥലവും ലഭിക്കണം. ഒരു മനുഷ്യസ്നേഹി 2 ഏക്കർ ഭൂമി സൗജന്യമായി നൽകിയിട്ടുണ്ട്. ഇനിയുമത്തരം ആളുകൾ മുന്നോട്ട് വരുമായിരിക്കും. എങ്കിലേ ഇത്രയും പേരെ മാറ്റിത്താമസിപ്പിക്കാൻ പറ്റൂ. യൂസഫാക്ക പറഞ്ഞു.
ഭക്ഷണവസ്തുക്കൾ അത്യാമുള്ളതെല്ലാം കിട്ടുന്നുണ്ട്. പുറത്ത് കല്ലിട്ട് ചായ ചൂടാക്കിക്കൊണ്ടിരുന്ന ഒരുമ്മ പറഞ്ഞു. പകൽ ഇവിടെ നിൽക്കാം. പക്ഷെ, ഞങ്ങളുടെയും കുട്ടികളുടെയും പ്രാഥമികാവശ്യങ്ങൾ എവിടെ ചെയ്യും ? എത്രനാൾ ബന്ധുവീടുകളിലും മറ്റും കഴിയും ? ഒരു സുരക്ഷയുമില്ലാതെ പ്ലാസ്റ്റിക് കൂരകെട്ടി അതിൽ എങ്ങിനെ താമസിക്കും ? ഞങ്ങൾക്കാർക്കും ഇങ്ങിനെയൊന്നും ചെയ്ത് ഒരു പരിചയവുമില്ല. കണ്ണുതുടച്ചു ആ സഹോദരി പറഞ്ഞു.
കാപ്പിത്തോട്ടങ്ങളിൽ പണിയെടുക്കുന്നവർ, അല്ലറചില്ലറ ജോലിയുള്ളവർ, ചെറിയ കൃഷിയുമായി കഴിയുന്നവർ, അന്നന്നത്തെ ജീവിതങ്ങൾ കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവർ... അവരിനി  അന്തിനേരത്തെ തലചായ്ച്ചുറങ്ങാൻ എന്ത് ചെയ്യുമെന്നത് വലിയ ചോദ്യം തന്നെയാണ്.
അടുത്തമാസം കല്യാണം നടക്കേണ്ട, മുൻവശം അൽപം അണിയിച്ചൊരുക്കിയ ഒരു വീടു കണ്ടു. മട്ടുപ്പാവോളം മുങ്ങിയ ചളിയിടങ്ങൾ മുൻവശത്ത് നന്നായി കാണാം. പക്ഷെ, അകത്ത് കയറിയപ്പോൾ ഒരു മുറി മാത്രം ബാക്കിയായുണ്ട്,  പിൻ ഭാഗം മുഴുവൻ പുഴകൊണ്ടു പോയി. പുറത്ത് ഒരു അടുപ്പിൽ എന്തോ തിളപ്പിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടിയെ ചൂണ്ടി ആ വീട്ടുടമസ്ഥൻ പറഞ്ഞു, ഇവളുടെ നിക്കാഹാണ് അടുത്ത മാസം ഈ വീട്ടിൽ നടക്കേണ്ടിയിരുന്നത് !
കഴിഞ്ഞ മാസം മാത്രം പുതുക്കിപ്പണിത് പാർക്കാനെത്തിയ ഒരു കുടുംബത്തെ കണ്ടു. അവരുടെ വീടങ്ങനെ തന്നെ ചീട്ടുകൊട്ടാരം  തകർന്നത് പോലെ നിലത്തിരുന്നിരിക്കുന്നു. അങ്ങനെ എത്രയെത്ര പാർപ്പിടക്കൂമ്പാരങ്ങൾ !
കട്ടയമാടു എന്ന സ്ഥലത്തും സമാന കാഴ്ചകൾ തന്നെ. അവിടെ വീടുപണിയാൻ സ്ഥലമെങ്കിലുമുണ്ട്. അഞ്ചു സെൻറ് മുതൽ ഒന്നും രണ്ടും ഏക്കർ ഭൂമിയുള്ളവരക്കൂട്ടത്തിൽ ഉണ്ട്. കാപ്പി, കുരുമുളക് കൃഷിക്കാർ, പണിക്കാർ. കട്ടയാടിലും മൂന്ന് നാലു വീടുകൾ തകർന്നു തരിപ്പണമായിരിക്കുന്നു. ഒന്നും ബാക്കിയില്ല. മധൂർ - പട്ലയിൽ കുടുംബവേരുകളുള്ള  നെട്ടണിഗെ ഗോപാലനെയും കുടുംബത്തെയും കണ്ടു. മൂന്നേക്കർ സ്ഥലത്ത് ഒരു ചെറിയ വീടുകെട്ടി കാപ്പികൃഷി ചെയ്യുകയായിരുന്നവർ. വീടിന്റെ രണ്ടു മതിലുകൾ മാത്രം ഇപ്പോൾ  ബാക്കിയുണ്ട്. ബാക്കിയൊക്കെ തവിടുപൊടിയായിരിക്കുന്നു !
ഇനിയെന്ത് ഗോപാലാ ?
ഒരു ചാപ്പ കെട്ടിയാൽ സർക്കാർ 50,000 തരുമെന്ന് പറയുന്നു. വീടു പണിയാൻ 5 ലക്ഷം കിട്ടുമത്രെ. പക്ഷെ, കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് ഇത് വരെ ആ സംഖ്യ കിട്ടിയിട്ടില്ല, പിന്നെ ഞങ്ങൾക്കെങ്ങിനെ കിട്ടും ? അയാൾ കൈ മലർത്തി. 
ബെത്രി, ബലമുടി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചപ്പോഴും നിലം പൊത്തിയ കുറെ വീടുകളും അവയ്ക്കിടയിൽ നിന്ന് കല്ലും മണ്ണും മോന്തായവും ചികഞ്ഞു മാറ്റി എന്തിനൊക്കൊയോ വേണ്ടി വെറുതെ കണ്ണുകൾ പായ്ച്ചു കൊണ്ടിരിക്കുന്ന കുറെ  ജീവിതങ്ങളും കണ്ടു. എല്ലവരും ഖിന്നരാണ്. വളരെ പ്രയാസത്തിലാണ്.
വൈകുന്നേരം 5 മണിയോടെ കോപ്പയിൽ നിന്നും വാഹനം നാട്ടിലേക്ക് തിരിക്കുമ്പോൾ ഒരിക്കൽ കൂടി ഞങ്ങൾ കാവേരിപ്പുഴ നോക്കി.  എല്ലാത്തിനും  സാക്ഷിയായ കാവേരി സാധാരണപോലെ ഒഴുകിക്കൊണ്ടിരിക്കുന്നു. ചെളിയും പൂഴിയും നിറഞ്ഞ് അതിനാഴം നന്നേ കുറഞ്ഞിരിക്കുകയാണീയിടെ.  ഇക്കഴിഞ്ഞ ആഴ്ചകളിലെ  രൗദ്രഭാവമതിനില്ല. ജലനിരപ്പ് ഒരുപാട് താഴ്ന്നിട്ടുണ്ട്. അതിന്റെ  ഇരുവശങ്ങളിലും പ്രളയത്തിൽ നക്കിയെടുത്ത കളിപ്പാട്ടങ്ങൾ മുതൽ  സകല  സാധനസാമഗ്രികളും  ഒരുപയോഗത്തിനും പറ്റാത്തരൂപത്തിൽ  ഇനിയുമൊഴുകാതെ ബാക്കിയുണ്ട്.  ഈ നദിക്കിരുവശവുമിപ്പോൾ  ഒരുപാട് ദുരിതജീവിതങ്ങളാണുള്ളത്. അവരെ പുനരധിവസിപ്പിക്കുക എന്നത് തന്നെയാണ് ഇപ്പഴത്തെ .ഏറ്റവും വലിയ വെല്ലുവിളിയും. 

No comments:

Post a Comment