Monday 23 September 2019

*പന്തലഴിച്ച് വിലയിരുത്തലുകൾ* *അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ* / അസ്ലം മാവിലെ ( 3 )

*പന്തലഴിച്ച് വിലയിരുത്തലുകൾ*
*അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ* 
.............................
അസ്ലം മാവിലെ
.............................
.      ( 3 )

നിലവിൽ സാഹചര്യങ്ങൾ മാറിയിട്ടുണ്ട്. പഴയ തലമുറയിലെ മാനദണ്ഡം കൊണ്ടു പുതുപ്പെണ്ണിനെയും പുതുചെറുക്കനെയും അളക്കാൻ തുനിയരുത്. അന്നത്തെ ജീവിത സാഹചര്യങ്ങൾ പരുപരുക്കനായിരുന്നു. മൂന്ന് നേരം പശിയടക്കാനുള്ള വെപ്രാളത്തിൽ മുമ്പിലുള്ള ലക്ഷ്യം അന്നത്തെ ആ ഒരു ദിവസം മാത്രമായിരുന്നു മിക്കവർക്കും. അടുത്ത ദിവസത്തെ അന്നത്തിനുള്ള വക തൊട്ടടുത്ത ദിവസത്തെ  പ്രഭാതത്തിൽ മാത്രം ആലോചിക്കാനേ സാധിക്കുമായിരുന്നുള്ളൂ. അവരുടെ മക്കളാണ് ഇന്നത്തെ 50 + തലമുറ.

ആ ഓട്ടത്തിനിടക്ക് അന്നത്തെ തലമുറയ്ക്ക് മക്കളെ മതിയാവോളം  താലോലിക്കുക, അവരെ ഖ്യാലാക്കുക, അവരെ കേൾക്കുക എന്നതൊക്കെ അസംഭവ്യമാണ്. എത്ര അകലം കാണിച്ചുവോ ആ അകലത്തിനനുസരിച്ച് ആദരവ് അളന്നിരുന്ന കാലത്തിന് വ്യത്യസ്തമായ ഒരു ചുറ്റുപാടിലാണ് ഇന്നത്തെ മുതിർന്ന തലമുറ ജീവിതം നയിക്കുന്നത്. ഇപ്പറഞ്ഞ മുതിർന്ന തലമുറയുടെ മക്കളാണ് ഇന്നത്തെ ദാമ്പത്യജീവിതത്തിൽ കാലെടുത്ത് വെച്ചവരും വെക്കേണ്ടവരും. തങ്ങൾ കടന്നുപോയ പരുപരുക്കൻ ജിവിതം പറഞ്ഞ് പുതിയ ദമ്പതിമാരുടെ ജീവിതത്തിൽ പഴയ കാരണവരുടെ വേഷം കെട്ടാതിരിക്കലാണ് സമകാലീന ചുറ്റുപാടിൽ മുതിർന്ന തലമുറയിൽ നിന്നും ഉണ്ടാകേണ്ട ഒന്നാമത്തെ നടപടിക്രമം. എഴുതാൻ എളുപ്പമാണെങ്കിലും, ഇങ്ങിനെയൊരു മൈണ്ട്സെറ്റ് കാലത്തിന്റെ വിളിക്കനുസരിച്ച് ഉണ്ടാക്കി എടുത്തേ തീരൂ.

മറ്റൊരു വിഷയം , ഭാര്യാ വീട്ടുകാരുടെ അമിത പ്രതീക്ഷയും ആവശ്യത്തിൽ കൂടുതലുള്ള കണക്ക് കൂട്ടലുകളുമാണ്. ഇത് രണ്ടും പിഴച്ച ചിന്താഗതിയാണ്. ഈ ഏർപ്പാടുമായി മുന്നോട്ട് പോയാൽ ഒന്നും എവിടെയുമെത്തില്ല. മുമ്പുകാലങ്ങളിൽ നേരെ തിരിച്ചായിരുന്നു സംഭവിച്ചിരുന്നത് ( ഭാര്യാ വീട്ടുകാർക്ക് പകരം, ഭർത്തൃ വീട്ടുകാർ ).

നവവധുവിനേക്കാൾ വലിയ ആശങ്ക അവളുടെ മാതാപിതാക്കൾക്കോ കുടുംബാംഗങ്ങൾക്കോ ഉണ്ടാവുക എന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. പ്രതീക്ഷിച്ച പോലെ ആയില്ല, അൽപം ധൃതികൂടിപ്പോയി, പഠിക്കാൻ സമയം കിട്ടിയില്ല, ലഭിച്ച ഡാറ്റ പിഴച്ചു പോയി തുടങ്ങി ഡിപ്ലമാറ്റിക്കായ അസ്സെസ്മെന്റ് മുതൽ തറ വിലയിരുത്തൽ വരെ നടത്തി കുടുംബാന്തരീക്ഷത്തിൽ കരിനിഴൽ ഉണ്ടാക്കിയ ഒരുപാട് സംഭവങ്ങൾ ഓരോരുത്തർക്കും പറയാനുണ്ടാകും. ബന്ധങ്ങൾക്ക് തുടക്കമിടുന്നതിന് മുമ്പ് ഒരളവിൽ ഇതൊക്കെ അന്വേഷിച്ചു തീർക്കുന്നതിന് പകരം പന്തലഴിച്ച ശേഷം മതിലിനു വരെ ചെവി മുളക്കുന്ന നേരത്ത്  തോറ്റം പറയേണ്ട സബ്ജക്ടേയല്ല ഇതൊന്നും.

ഇത്കൊണ്ടുണ്ടാകുന്ന ഏക നേട്ടം നാമ്പുകിളിർക്കുന്ന കുടുംബാന്തരീക്ഷത്തിൽ അസംതൃപ്തി ബീജാവാപം ചെയ്യുമെന്നത് മാത്രമാണ്. അത് മുഖഭാവങ്ങളിൽ പ്രകടമാകും. എത്ര മുഖം കഴുകിയാലും അകത്തുള്ളത് പുറത്ത് കരുവാളിച്ച് കാണും. സെറ്റായിക്കൊണ്ടിരിക്കുന്ന നവവധുവിനത് കൺഫ്യൂഷനുണ്ടാക്കും. നവവരനും തുടർന്നവന്റെ കുടുംബത്തിനും പിന്നെ മണക്കാൻ വലിയ സമയവും വേണ്ടി വരില്ല. 

( തുടരും )

No comments:

Post a Comment