Tuesday 10 September 2019

*പട്ല സ്കൂൾ ഗൈഡ്സ്* *ജില്ലയിൽ മികച്ചത്* *ഉഷ ടീച്ചറുടെ മക്കൾക്ക്* *വലിയ കയ്യടി !* / അസ്ലം മാവിലെ


*പട്ല സ്കൂൾ ഗൈഡ്സ്*
*ജില്ലയിൽ  മികച്ചത്*
*ഉഷ ടീച്ചറുടെ മക്കൾക്ക്*
*വലിയ കയ്യടി !*
............................

അസ്ലം മാവിലെ
............................

ഞാനെന്റെ എഴുത്തുകളിൽ പല വട്ടം പല വിഷയങ്ങളും അതിനിശിതമായി വിമർശന വിധേയമാക്കിയിട്ടുണ്ട്;  എനിക്ക് കിട്ടുന്ന സ്പേസിൽ അതിന്റെ പതിന്മടങ്ങ് ,  അഭിനന്ദങ്ങൾ ചൊരിയാനും ഉപയോഗിച്ചിട്ടുണ്ട്.

വിമർശനമെന്നത് ആരോടുള്ള വൈരാഗ്യത്തിന്റെ പുറത്തല്ല.  മറിച്ചു അത് പാഠഭേദമാകാം. അവ്വിഷയത്തെ  ഇങ്ങിനെയും ചിലർ നോക്കിക്കാണുന്നെന്നറിയിക്കാനാകാം.    തിരുത്തപ്പെടേണ്ടത് തിരുത്താനോ ശ്രദ്ധയിൽ വരാത്തത് (കൺ)മുന്നിലെത്തിക്കാനോ  ആകാം. കണ്ടിട്ടും അവഗണിക്കുന്നത് പരിഗണിക്കമെന്ന് പറയാനുമാകാം.  എന്റെ കുറിപ്പുകൾ അങ്ങനെ മാത്രമേ വിലയിരുത്താവൂ.

ഇന്നൊരുഭിനന്ദനത്തിന് സ്കോപ്പുള്ള കാര്യമാണെഴുതുന്നത്. ഇന്നലെ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ പട്ല സ്കൂൾ ചരിത്രമെഴുതിയിരിക്കുന്നു. മറ്റൊന്നുമല്ല, ജില്ലയിലെ ഏറ്റവും നല്ല ഗൈഡ്സ് വിംഗായാണ് നമ്മുടെ സ്കൂളിലെ പെൺപുലികൾ   മന്ത്രിയിൽ നിന്ന് റോളിംഗ് ട്രോഫി ഏറ്റുവാങ്ങിയത്. യെസ്, നാമേറെ ആദരിക്കുന്ന പി ടി ഉഷ ടീച്ചറുടെ കുട്ടികൾ തന്നെ.

മുമ്പൊക്കെ സ്വാതന്ത്ര്യ, റിപബ്ലിക് ദിന പരേഡുകൾ ടി വി യിൽ മാത്രം കണ്ടോ പിറ്റേ ദിവസം പത്രത്തിൽ ചിത്രങ്ങൾ നോക്കിയോ  ആസ്വദിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഓഹ്, നമ്മുടെ സ്കൂളിലെ പിള്ളേർ എപ്പോഴാണാവോ ഇങ്ങനെയൊന്ന് മൊഞ്ചിൽ ചമഞ്ഞ് ആ ഗ്രൌണ്ടിലെത്തി പരേഡ് നടത്തുക എന്നൊക്കെ വെറുതെ ആലോചിച്ചിരുന്നവർ എന്നെപ്പോലെ അന്നും ഒരു പാടുണ്ടായിരുന്നു. 

ഇന്നതൊക്കെ മാറി, കാലം മാറ്റി. പല യൂനിറ്റുകളും പട്ല സ്കൂളിൽ നിലവിൽ വന്നു. കൂട്ടത്തിൽ സ്കൗട്ട്സും. രണ്ട് വർഷം ഇങ്ങനെയുള്ളൊരു ഓഗസ്റ്റിൽ മഴയൽപം മാറിയപ്പോൾ ഒരു 23-ാം തിയ്യതി സ്കൗട്ട് & ഗൈഡ്സിന്റെ ബല്യുസ്താദ് തന്നെ പട്ല സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു കളഞ്ഞു, മറ്റാരുമല്ല സ്കൗട്ട് & ഗൈഡ്സിലെ ഗൈഡ്സ് വിഭാഗം കാസർകോട് ജില്ലാ ഓർഗനൈസിംഗ് കമ്മീഷണർ പി ടി ഉഷ ടീച്ചർ തന്നെ.

ടീച്ചറുടെ വരവോടെ കാര്യങ്ങൾ 'നടക്കുന്നതിൽ ' നിന്നും ഓടാൻ തുടങ്ങി, ഇപ്പോൾ പറ പറക്കുകയാണ് എന്ന് പറഞ്ഞാൽ തെറ്റില്ല. അറിയണോ ? തള്ളല്ല, ഉള്ളതാണ്,  പട്ല സ്ക്കൂളിലാണ് കാസർകോട് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ സകൗട്ടിന്റെ വിവിധ യൂനിറ്റുള്ളത് - 7 എണ്ണം.  നമുക്കതൊന്ന് എണ്ണിക്കളയാം, ആരെങ്കിലും ചോദിച്ചാൽ പറയണമല്ലോ.  സ്കൗട്ട്സിന് 2, ഗൈഡ്സിന് 2. എത്രയായി ? 4 യൂനിറ്റ്. രണ്ടെണ്ണം കബ്സ് , ഒരെണ്ണം ബുൾബുൾ. ഏഴായോ ? ഇനി ഇക്കൊല്ലം  രണ്ട് യൂനിറ്റ് ബണ്ണീസ് കൂടി വന്നാൽ  BE PREPERED വിഭാഗത്തിലേക്ക്  9 യൂനിറ്റാകും. ഇതൊക്കെ കേട്ടാൽ ഹണി - ബണി കാർടൂൺ സീരിയലിലെ one mister ഖന്നാ സാർ പറയുന്നത് പോലെ നിങ്ങളും ഉറക്കെ  പറഞ്ഞു പോകും - അടി കൈ !

എന്താണ് സ്കൗട്ട്, ഗൈഡ്സ്, കബ്സ്, ബുൾബുൾ, ബണ്ണീസ് ? സംശയം തല പൊക്കിക്കാണും.  ഒറ്റ ശ്വാസത്തിൽ പറഞ്ഞാൽ, സ്കൗട്ട് 10- 17 വയസ്സുള്ള ആൺപിളേളരുടെ വിംഗ്, അതിലെ പെൺ വിംഗാണ് ഗൈഡ്സ്. കബ്സ്  ഒന്നാം ക്ലാസ്സ് മുതൽ 4 വരെ  യുള്ളവരുടെ ആൺപട, ബുൾബുൾ പെൺകൂട്ടവും. പൊടിമക്കളുടെ ടീമാണ് ബണ്ണീസ് - പ്രിസ്കൂൾ കുട്ടികൾക്ക്.

ഉഷ ടീച്ചർക്കും രാധാമണി ടീച്ചർക്കുമാണ് ഗൈഡ്സ് ചുമതല. അനിത, പ്രീത ടീച്ചർമാർ സ്‌കൗട്ട് നോക്കുന്നു. കബ്സിന്റെ നേതൃത്വം സവിത, സീനത്ത് അധ്യാപികമാർക്ക്. അദബിയ ടീച്ചർ ബുൾബുളിന്റെ മേൽനോട്ടം വഹിക്കുന്നു. ബണ്ണീസ് ഒരുക്കാൻ രണ്ടധ്യാപികമാർ ഇപ്പോൾ ട്രൈനിംഗിലാണ്, ശോഭ ടീച്ചറും കോമളവല്ലി ടീച്ചറും.

ഇനി പറ, നമ്മുടെ കുട്ടികൾക്ക് ജില്ലയിൽ ഗൈഡ്സിന്  ഒന്നാം സ്ഥാനം ലഭിച്ചത് വെറുതെയാണോ ? അല്ലേയല്ല, വലിയ കഠിന പ്രയത്നം  ഇതിന്റെ പിന്നിലുണ്ട്. ഒരു പാട് ഗൃഹപാഠം നടന്നിട്ടുണ്ട്. കുട്ടികളെ അങ്ങനെയൊന്നു തടി വളച്ചെടുക്കുക എന്നത് ചെറിയ  കാര്യമല്ലല്ലോ. അങ്ങനെയങ്ങ് റോമാ രാജ്യം വെറുതെയുണ്ടാമോ ?

അപ്പോൾ, ഇതൊന്നും ഹയർസെക്കണ്ടറിക്ക് ബാധകമല്ലേ ? ആണ്, ബാധകമാണ്. പക്ഷെ, മെനക്കേടുണ്ട്.  സ്കൗട്ടും ഗൈഡ്സും വെറുതെ ആ പടിഞ്ഞാറ് വശത്തുള്ള ഗേറ്റിന് പുറത്ത് ഒരു തളികയിൽ പൊതിഞ്ഞു ആരും ഹോണടിച്ചു കൊണ്ടൊന്നും തരില്ല. ഒന്നു രണ്ട് അധ്യാപകർ ഒരുങ്ങി ഇറങ്ങണം. ഒരാഴ്ചയോളം വരുന്ന ട്രൈയിനിങ്ങൊക്കെ കാണുമായിരിക്കും. അവർ റെഡിയായാൽ പിള്ളേർ പിറ്റേ ദിവസം ക്യൂ ഉണ്ടാകും. കാരണം, 11, 12 ലെ പിള്ളേർ പഴയ പത്തിലെ സ്കൗട്ടും ഗൈഡ്സുമാണ്.  മാത്രമല്ല, ഗ്രേസ് മാർക്ക് കിട്ടുന്ന കേസുമാണ്. ഹയർ സെക്കണ്ടറിലെ ഫാക്കൽറ്റിക്കും പി ടി എ, എസ്. എം സി കൾക്കും മനസ്സിലാകുന്നുണ്ടല്ലോ അല്ലേ ?

 


No comments:

Post a Comment