Tuesday 10 September 2019

നമ്മള്‍ ഒരിക്കല്‍* *അതിജീവിച്ചവരാണ്;* *അതേ മാതൃകയാണ്* *ഇവരും കാണിച്ചുതന്നത്*/. അസ്ലം മാവിലെ



http://www.kasargodvartha.com/2019/07/article-about-patla-natives-by-aslam.html?m=1
*നമ്മള്‍ ഒരിക്കല്‍* *അതിജീവിച്ചവരാണ്;* *അതേ മാതൃകയാണ്* *ഇവരും കാണിച്ചുതന്നത്*
...........................
അസ്ലം മാവിലെ
...........................
കർക്കിടകം ആദ്യദിവസം തുടക്കമൽപം  മടിച്ചെങ്കിലും അന്ന് വൈകുന്നേരം തുടങ്ങിയ മഴ ഇന്നും നിർത്താതെ പെയ്യുകയാണ്. ശക്തി അൽപം കുറഞ്ഞിട്ടുണ്ട്. വരും നാളുകളിൽ  ഇനിയും കൂടാനും സാധ്യത ഇല്ലായ്കയില്ല. ഇടുക്കി, കാസർകോട് ജില്ലകൾക്ക് മാത്രമായി റെഡ്അലർട്ട് ഇപ്പഴുമുണ്ട്'.
കാസർകോടിനെ സംബന്ധിച്ചിടത്തോളം താഴ്ന്ന പ്രദേശങ്ങൾ മിക്കയിടത്തും വെള്ളപ്പൊക്കമുണ്ടാകാൻ ഈ ദിവസങ്ങളിലെ ശക്തമായ മഴ  കാരണമായി.  ഇവിടെ മാത്രം പെയ്തതല്ല, കാസർകോടിന്റെ അതിർത്തി സംസ്ഥാനത്ത് പെയ്ത തോരാത്ത മഴയാണ് ഒരു ദിവസത്തിനകം ചരിത്രത്തിലില്ലാത്ത വെള്ളപ്പൊക്കത്തിന് വഴി വെച്ചത്. മിക്കയിടത്തും വെള്ളിയാഴ്ച വൈകുന്നേരം 7 മണി മുതലായിരുന്നു ജലനിരപ്പ് ഉയർന്നതും പല പ്രദേശങ്ങളും വെളളത്തിനടിയിലായതും.
മധൂർ പഞ്ചായത്തിലെ മധൂർ, പട്ല പ്രദേശങ്ങൾ ഇതിൽ ഒരു ഉദാഹരണം മാത്രം. ഇവിടങ്ങളിൽ 1948 ന് ശേഷം ഉണ്ടായ അപൂർവം ചില വെള്ളപ്പൊക്കങ്ങളിലൊന്നായിരുന്നു വെള്ളിയാഴ്ചത്തേത്. അൽപം ശക്തി കുറഞ്ഞ് സമാനമായൊന്നു 2004ൽ ഉണ്ടായിരുന്നു.
*മാനസിക തയ്യാറെടുപ്പ് :*
പക്ഷെ, ഇത്ര വലിയ വെള്ളപ്പൊക്കം ഒറ്റ രാത്രി അപ്രതീക്ഷിതമായുണ്ടായെങ്കിലും മാനസികമായി അത് ഉൾക്കൊള്ളാനും നേരിടാനുമുള്ള തയ്യാറെടുപ്പ് പ്രളയ ബാധിത പ്രദേശത്തുളളവർക്കുണ്ടായി. ഇക്കഴിഞ്ഞ വർഷത്തെ അതിഭീകരമായ പ്രളയകേരളം ശരിക്കും യാഥാർഥ്യങ്ങളെ ഉൾക്കൊള്ളാനും അനാവശ്യ ഭീതി ഒഴിവാക്കാനും ജനങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ട് എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് പട്ല പ്രദേശവാസികൾ പ്രളയത്തെ അഭിമുഖീകരിച്ച രീതികൾ.
*മുന്നറിയിപ്പ്*:
സോഷ്യൽ മീഡിയയുടെ എല്ലാ സാധ്യതകളും നാട്ടുകാർ ഉപയോഗിച്ചു. അപ്പപ്പോൾ മുന്നറിയിപ്പ് നൽകിയും ജാഗ്രതാ നിർദ്ദേശങ്ങൾ മെസ്സേജായി അയച്ചും പ്രദേശത്തെ വാട്സാപ് കൂട്ടായ്മകൾ കർമ്മനിരതരായി. ആത്മവിശ്വാസം  നൽകിയും  ധൈര്യം പകർന്നും ഫോൺ വഴിയും വാട്സാപ് വഴിയും ദുരിതരുടെ കൂടെ നിന്നു.
*പ്രാദേശിക ഡിസാസ്റ്റർ മാനേജ്മെൻറ്* :
പ്രദേശത്തെ മുതിർന്നവരും ചെറുപ്പക്കാരും സന്ദേശങ്ങൾ ലഭിച്ചയുടനെ അതത് ഭാഗങ്ങളിൽ സംഘടിച്ചെത്തി. സാധാരണ കാണാറുള്ള അമിതാശങ്കകൾ പങ്ക് വെക്കുന്നതിന് പകരം തികച്ചും പ്രൊഫഷണൽ ടീം പോലെയാണ് പ്രവർത്തിച്ചത്. പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ നേതൃനിരയിലുള്ളവരും അവസരത്തിനൊത്തുയർന്നു.
*ഏകോപനം*:
വാർഡ് അംഗം എം.എ. മജിദിന്റെ നേതൃത്വത്തിൽ പ്രദേശത്തെ മുഴുവൻ രാഷ്ട്രിയ - സാമൂഹിക പ്രവർത്തകരും ഒന്നിച്ചു. ആരെയും കാത്ത് നിൽക്കാതെ അതത് ഭാഗങ്ങളിൽ സംഘങ്ങളായി തിരിഞ്ഞു. അതേസമയം വാർഡ് മെമ്പർ നിരന്തരം വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥരായും കൺട്രോൾ റൂമുമായും ബന്ധപ്പെട്ടു അപ്പപ്പോൾ സ്ഥിതിഗതികൾ അറിയിച്ചു കൊണ്ടിരുന്നു. മധൂർ വില്ലേജ് റവന്യൂ ഉദ്യോഗസ്ഥരാകട്ടെ പോലിസ് സേന, അഗ്നിശമന വിഭാഗം,  കൺട്രോൾ റൂമിലെ ഡിസാസ്റ്റർ മാനേജ്മെൻറ് ഡെസ്ക് എന്നിവരുമായും ബന്ധപെട്ടു ശരിക്കും പ്രദേശത്തെ ഏറ്റവും പുതിയ സ്ഥിതിഗതികൾ അപ്ഡേറ്റ് ചെയ്തു കൊണ്ടിരുന്നു. അതിൽ മധൂർ വില്ലേജ് ഓഫീസറുടെ സേവനം എടുത്ത് പറയേണ്ടതാണ്.
*പോലിസ് & ഫയർ/റെസ്ക്യൂ വിഭാഗങ്ങളുടെ ഇടപെടൽ* :
പോലിസിന്റെ മൂന്ന് വാഹനങ്ങൾ പട്ല പ്രദേശത്ത് നിരന്തരം വന്നും പോയ്ക്കൊണ്ടുമിരുന്നു. അഗ്നി സുരക്ഷാ വിഭാഗങ്ങൾ സകല സന്നാഹവുമായി പതിനഞ്ചോളം വരുന്ന ടീം ഒമ്പത് മണിയോടെ പ്രദേശത്തെത്തി ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ആരംഭിച്ചു. അതിനായി സുരക്ഷാബോട്ടുകൾ വെള്ളത്തിലിറക്കി. ഒമ്പത് മണിക്ക് തുടങ്ങിയ യജ്ഞം പുലർച്ചെ 4 മണിയോടെ ഇടതടവില്ലാതെ തുടർന്നു. ഇവരിൽ തന്നെ കുറച്ച് പേർ കഴിഞ്ഞ പ്രളയ കാലത്ത് ആലുവ, വയനാട് റെസ്ക്യൂ ഓപറേഷനുകളിൽ ഭാഗമായവരായിരുന്നത് കൊണ്ട് കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായി.
*റവന്യൂ ഉദ്യോഗസ്ഥയുടെ സാന്നിധ്യം*
കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരോടൊപ്പം രാത്രി പത്തര മണിക്ക് എത്തിയ മധൂർ വില്ലേജ്  ഓഫിസർ പുലർച്ചെ അവസാനത്തെ വിക്ടിമും സുരക്ഷാ സ്ഥാനത്തെത്തി എന്ന് ഉറപ്പ് വരുത്തിയാണ് മടങ്ങിയത്. ഇതിനിടയിൽ അവരും റെസ്ക്യൂ ടീമും പോലിസും  പ്രദേശിക നേതൃത്വവും നാട്ടിലെ യുവാക്കളുടെ ഡിസാസ്റ്റർ സപ്പോർട്ടിംഗ് ടീമും നിരന്തരം കൂടിയാലോചനകൾ നടത്തിയത് രക്ഷാപ്രവർത്തനങ്ങൾ വളരെ  സുതാര്യമാക്കാൻ വഴിവെച്ചു.
*വൈദ്യുതി വിച്ഛേദനം*
പട്ലയിൽ രണ്ട് ട്രാൻസ്ഫോർമറുകൾ ഉള്ളത് കൊണ്ട് കാസർകോട്, സീതാംഗോളി വൈദ്യുതി ഡിപാർട്മെന്റിലെ ഉദ്യോഗസ്ഥരും രാത്രി തന്നെ എത്തി. അവരും അലേർട്ടിൽ തന്നെയായിരുന്നു.  അപകടങ്ങൾ സാധ്യതയുള്ള ഭാഗങ്ങളിലെ വൈദ്യുതി നേരത്തെ തന്നെ ജനങ്ങളെ  അറിയിച്ച് കൊണ്ട്  വിച്ഛേദിച്ചു.  (യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് ഇവിടെയുള്ള ഒരു ട്രാൻസ്ഫോർ, ബൂഡ് ഏരിയ,  വളരെ താഴ്‌ന്ന പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ളതെന്ന് കൂട്ടത്തിൽ സൂചിപ്പിക്കുന്നു.)  
*അവസരത്തിനൊത്തുള്ള പി.ടി.എ നേതൃത്വം*
അത്യാവശ്യ ഘട്ടം വന്നാൽ പ്രളയ ബാധിതരെ താമസിപ്പിക്കാൻ പി.ടി.എ. നേതൃത്വം പട്ല സ്കൂൾ തുറക്കാൻ തീരുമാനിച്ചു. രാത്രി 12 മണിക്ക് തന്നെ സ്കൂളിന്റെ താക്കോൽ വില്ലേജ് ആഫിസറെ ഏൽപ്പിക്കുകയും, ഉദ്യോഗസ്ഥർ  നേരിട്ടെത്തി അവിടെയുള്ള സൗകര്യങ്ങൾ  വിലയിരുത്തുകയും ചെയ്തു. കുടിവെള്ളം, ടോയിലറ്റ്, ഭോജന ശാല തുടങ്ങി പ്രാഥമികാവശ്യങ്ങൾ അടക്കം എല്ലാ സൗകര്യങ്ങളും  പട്ല സ്കൂളിൽ ഉള്ളത് കൊണ്ട് എത്ര പേരെ ഉൾക്കൊള്ളാനും സ്കൂൾ പ്രിമൈസ് മതിയായിരുന്നു. 
*റിച്ച് മാൻ പവർ*
ഒരു പ്രദേശത്തിന് ഏറ്റവും അത്യാവശ്യം യുവമനുഷ്യശക്തിയാണല്ലോ, പ്രത്യേകിച്ച് ദുരിത പ്രദേശങ്ങളിൽ. ട്രൈയിനിംഗ് ലഭിച്ച സുരക്ഷാസേനയ്ക്കൊപ്പം സഹകരിക്കുക എന്നതാണ് വലിയ വിഷയം. അവരുടെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് യഥാവിധി രക്ഷാ പ്രവർത്തനങ്ങൾ നടത്തുക. അതിൽ പട്ലയിലെ യുവശക്തി വിജയിച്ചിട്ടുണ്ട്. അതേ സമയം സുരക്ഷാ ടീം എത്തുന്നതിന് മുമ്പ് പ്രദേശത്തെ യുവാക്കൾ പറ്റാവുന്ന വിധത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു.
*വെല്ലുവിളികൾ, തടസ്സങ്ങൾ, പരിഹാരം തേടുന്നവ*:
പട്ല ശരിക്കും മധൂർ പഞ്ചായത്തിലെ  ഏറ്റവും വലിയ ജനസാന്ദ്ര പ്രദേശമാണ്. (ഇതേ ജനസാന്ദ്ര പ്രദേശമാണ് ഗൈൽ പൈപ്പ് ലൈനിടാൻ അധികൃതർ തെരഞ്ഞെടുത്തെന്നതും മറ്റൊരു വിരോധാഭാസം). പത്തിരുപത് വർഷങ്ങൾക്ക് ശേഷം പട്ലയിൽ പാർപ്പിടങ്ങൾ ഒരുപാട്  വർദ്ധിച്ചിട്ടുണ്ട്. കിഴക്കു ഭാഗത്ത് നിന്ന് മധു വാഹിനിയിൽ കൂടിയും അല്ലാതെയും  ഒഴുകി വരുന്ന വെള്ളം മഴക്കാലത്ത് ഒഴികിപ്പോകാൻ മതിയായ സംവിധാനമില്ലാതെ വരുന്നു. അത്കൊണ്ട് ദിവസങ്ങളോളം ഇവിടെ വെള്ളം കെട്ടി നിൽക്കുകയും ചെയ്യുന്നു.
മധു വാഹിനി പുഴയാണെങ്കിൽ ചരലും പൂഴിയും നിറഞ്ഞ് നാൾക്ക് നാൾ ആഴം കുറഞ്ഞു കുറഞ്ഞു വരുന്നു.  മുമ്പൊക്കെ ചുറ്റുഭാഗങ്ങളിലുള്ള കമുകിൻ തോട്ടങ്ങൾക്ക് ഏപ്രിൽ മാസങ്ങളിൽ ചരൽമണ്ണിട്ടിരുന്നത് പുഴയിൽ നിന്നായിരുന്നു. നിയമം ഭയന്ന് അതൊക്കെ നിർത്തി കാലങ്ങളേറെയായി. മധ്യവാഹിനി പുഴയുടെ ഇരുഭാഗങ്ങളിലും പൊന്തക്കാടുകൾ നിറഞ്ഞു വീതി കുറഞ്ഞു കുറഞ്ഞു വന്നു. പത്തിരുപത് വർഷം മുമ്പ് വരെ പായ, വട്ടി തുടങ്ങിയവ ഉണ്ടാക്കാൻ ഉപയോഗിക്കുവാൻ ഈ പൊന്തക്കാടുകളായിരുന്നു ആശ്രയിച്ചിരുന്നത്. ഇപ്പോഴതൊന്നുമില്ല. മധുവാഹിനി പുഴ നവീകരണ പദ്ധതിയെ കുറിച്ച് മുമ്പ് കേട്ടിരുന്നെങ്കിലും അതെവിടം വരെ എത്തി എന്നാർക്കുമറിയില്ല.
പ്രളയകാലത്ത് ഉള്ള ഏറ്റവും വലിയ പ്രശ്നം വിക്ടിംസ് വീട്ടിന്ന് പുറത്തിറങ്ങാൻ മടിക്കുന്നു എന്നതാണ്. ഇരു നില കെട്ടിടങ്ങൾ സുരക്ഷയാണെന്ന തോന്നൽ പലർക്കുമുണ്ട്. ജലവിതാനം ഉയർന്ന് ഒരു നിശ്ചിത പരിധി കഴിഞ്ഞാൽ റെസ്ക്യൂ ഓപറേഷൻ അതിന്റെ ഏറ്റവും സങ്കീർണ്ണമാകുന്ന അവസ്ഥയിലെത്തുമെന്ന് എത്ര പറഞ്ഞാലും ഇവർക്ക് മനസ്സിലാകുന്നില്ല. ജലനിരപ്പ് താഴുമെന്ന പാഴ് പ്രതീക്ഷയിലാണ് പലരും പുറത്തിറങ്ങാൻ മടിക്കുന്നത്. സ്ത്രീകളാണ് ഇക്കാര്യത്തിൽ കൂടുതൽ അമാന്തം കാണിക്കുന്നത്. 
റെഡ് അലർട്ടിന്റെ മുന്നൊരുക്കങ്ങളെ കുറിച്ചും പലരും ബോധവാന്മാരല്ല. അതിനെ കുറിച്ച് സരളമായ ബോധന ക്യാപയിൻ ഈ പ്രദേശങ്ങളിൽ അത്യാവശ്യമാണ്. ഏറ്റവും അത്യാവശ്യമായി ഒരു അതിജീവന കിറ്റ് ഈ പ്രദേശങ്ങളിലുള്ള ഒരുക്കി വെക്കേണ്ടതാണ്. ഈ വിഷയത്തിൽ മുസ്ലിം പ്രദേശങ്ങളിലുളള കുടംബങ്ങളെ ബോധവൽക്കരിക്കാൻ മഹല്ല് മതനേതൃങ്ങളും മുൻകൈ എടുക്കുകയും ആത്മവിശ്വാസം നൽകുകയും വേണം. പള്ളിക്കമ്മറ്റികൾക്ക് ഒരുപാട് ഇടപെടാൻ സാധിക്കുന്ന മേഖല കൂടിയാണ്.  
മറ്റൊരു പ്രശ്നം, പ്രളയാനന്തര ശുചീകരണമാണ്. ഇക്കാര്യത്തിൽ പലരും അജ്ഞരാണ്. പരിസരത്ത് തളം കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പലരും. പ്രളയത്തിൽ ഒഴുകി എത്തിയ ഇവ താമസം വിനാ മാറ്റാൻ പഞ്ചായത്തധികൃതർക്ക് മേലധികാരികൾ നിർദ്ദേശങ്ങൾ നൽകണം. മറ്റൊന്നു താഴ്ന്ന പ്രദേശങ്ങളിൽ പല വിടുകളിലും  നിറഞ്ഞ് കവിഞ്ഞൊഴുകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇവ എങ്ങിനെ പരിപൂർണ്ണമായി വൃത്തിയാക്കാമെന്നതിനെ കുറിച്ചും ബോധവത്കരണം ബന്ധപ്പെട്ടവർ നടത്തണം. ലക്ഷങ്ങൾ ചെലവഴിച്ച് പണിത വീടുകൾ പ്രളയം മൂലം ഭംഗി നഷ്ടപ്പട്ടു ഒന്നുമല്ലാതാകുന്ന അവസ്ഥ ഒഴിവാക്കാനാണിത്. ഡിസാസ്റ്റർ മാനേജ്മെന്റിനോടൊപ്പം പോസ്റ്റ് ഡിസാസ്റ്റർ മാനേജ്മെൻറും ഉണ്ടാകണം. അതിൽ റിലീഫ് , റീഹാബിലിറ്റേഷൻ, റികൺസ്ട്രക്ഷനോടൊപ്പം ശുചീകരണ പ്രക്രിയയ്ക്കും അതിനുള്ള ഗൈഡൻസിനും പ്രധാന്യം നൽകണം.
*അഭിനന്ദനങ്ങളില്ല, മീഡിയാ കവറേജില്ല*
ഇത്രമാത്രം ആസൂത്രിതമായി റെസ്ക്യൂ ഓപറേഷൻ നടത്തിയ ഉദ്യോഗസ്ഥ സംവിധാനത്തെയോ അവരുടെ നേതൃത്വത്തെയോ പ്രാദേശിക പൗരനേതൃത്വത്തെയോ യുവശക്തിയെയോ അർഹിക്കുന്ന രൂപത്തിൽ അഭിനന്ദിക്കുവാൻ മധൂർ പഞ്ചായത്ത് മുതൽ മുകളിലോട്ടുള്ള ജനപ്രതിനിധികൾ കാര്യമായി മുന്നോട്ട് വരണമായിരുന്നു.  ഒപ്പം മീഡിയകളുടെ  ശ്രദ്ധയിൽ ഇത്തരം മനുഷ്യത്വപൂർണ്ണമായ പ്രവർത്തനങ്ങൾ  വേണ്ട വിധം വരുന്നില്ലെന്നതും പറയാതെ വയ്യ. നേരെ മറിച്ച് ഇത്തരം ഏകോപനപ്രവർത്തനത്തിന്റെ അഭാവം മൂലം  വല്ല ജീവഹാനിയോ അപകടങ്ങളോ സംഭവിച്ചിരുന്നതെങ്കിൽ ഇവരൊക്കെ ഓടിയെത്താൻ ഉത്സാഹം കാണിക്കുകയും ചെയ്യുമായിരുന്നു. ഏതായാലും ബന്ധപ്പെട്ടവർക്ക് ഇനിയും സമയം വൈകിയിട്ടില്ല എന്ന് പ്രത്യാശിക്കുന്നു.
*നഷ്ടപരിഹാരം*
നൂറുക്കണക്കിന് ഏകർ കൃഷിസ്ഥലമാണ് വെളളത്തിനടിയിലായത്. കൃഷി നാശം ഒരു പാടുണ്ടായി. വിവിധ വിടുകൾക്ക് കേടുപാടുണ്ടായി. വളർത്തു മൃഗങ്ങൾ,  കന്നുകാലികൾ ഒഴുക്കിൽ ഒലിച്ചു പോയി. പല പ്രധാന രേഖകൾ നഷ്ടപ്പെട്ടവരുണ്ട്. പണം, ധാന്യങ്ങൾ, വീട്ടു സാമഗ്രികൾ തുടങ്ങിയ സമ്പാദ്യങ്ങൾ പോയ്പ്പോയവരുണ്ട്. അവയ്ക്കൊക്കെ പരിഹാരങ്ങൾ ഉണ്ടാകണം. ആശ്വാസ പ്രവർത്തനങ്ങൾ സർക്കാർ നടത്തണം. എത്രയും പെട്ടെന്ന് കണക്കെടുപ്പ് നടത്തേണ്ടതുമുണ്ട്. മതിയായ നഷ്ട പരിഹാരങ്ങൾ നൽകിയേ മതിയാകൂ.
ഇക്കഴിഞ്ഞ പ്രളയ കാലത്ത് സോഷ്യൽ മീഡിയ വഴിയും വീടുവീടാന്തരം കയറി ഇറങ്ങിയും പ്രവാസികളെ പങ്കെടുപ്പിച്ചും സ്കൂൾ മുഖേനയും പത്ത് ലക്ഷത്തിലധികം രൂപ  ശേഖരിച്ചു ദുരിതാശ്വാസ പ്രവർത്തനത്തിൽ സജീവമായ മാതൃകാ പ്രദേശം കൂടിയാണ് പട്ല എന്ന് കൂട്ടത്തിൽ സുചിപ്പിക്കട്ടെ.

No comments:

Post a Comment