Tuesday 10 September 2019

*ഓർമ്മയിലെ* *ആ കണക്കധ്യാപകൻ* /. അസ്ലം മാവിലെ

http://www.kvartha.com/2019/09/article-about-national-teachers-day.html?m=1

*ഓർമ്മയിലെ*
*ആ കണക്കധ്യാപകൻ*
............................
അസ്ലം മാവിലെ
............................

ഏഴാം ക്ലാസ്സിലാണ് അന്ന് ഞാൻ. കണക്ക് പഠിപ്പിക്കാൻ ഞങ്ങൾക്കന്ന് ഒരു അധ്യാപകനുണ്ട്. അദ്ദേഹത്തെയാണെങ്കിൽ  എല്ലാവർക്കും പേടിയോട് പേടിയുമാണ്.

എൽ.പി. മുതൽ പത്താം ക്ലാസ്സ് വരെ  ഞങ്ങൾക്ക് കണക്ക് പഠിപ്പിക്കാൻ വന്ന ഏകദേശം അധ്യാപകരോടും   കുട്ടികളധികവും  ഒരകൽച്ച കാണിക്കുമായിരുന്നു. കാരണം മറ്റൊന്നുമല്ല, ഗണിതാധ്യാപകരോട് ചെറുതായൊന്നടുത്താൽ,  അവർ   പേരു വിളിച്ചു ചോദ്യങ്ങൾ  ചോദിച്ചു കൊണ്ടേയിരിക്കും. അതാണെങ്കിൽ കുട്ടികൾക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യവുമാണ്. അസിസ് മാഷിന്റെ കാര്യത്തിൽ പിന്നെ പറയുകയും വേണ്ട.

ക്ലാസ്സിൽ കണക്ക് മാഷ് ഒരു ചോദ്യം ചോദിച്ചു എന്ന് വെക്കുക; മറ്റു വല്ല വിഷയമാണെങ്കിൽ കുട്ടികൾ എന്തെങ്കിലും പറഞ്ഞു ഒപ്പിക്കുകയെങ്കിലും ചെയ്തേക്കും. ഇത് വിഷയം  കണക്കായതിനാൽ  വേറെന്തെങ്കിലും നീട്ടിപ്പരത്തി പറഞ്ഞു തടിയൂരാനും പറ്റില്ല. കണക്കല്ലാത്ത വിഷയത്തിൽ വല്ല മരമണ്ടത്തരം പറഞ്ഞാൽ തന്നെ മറ്റു അധ്യാപകർ ഒന്നു ചിരിക്കുകയെങ്കിലും ചെയ്യും. അസീസ് മാഷിന്റെ കാര്യത്തിൽ ചിരി എന്ന ഭാവം മുഖത്തല്ല, അതിന്റെ ലവലേശം ലാഞ്ചന പരിസരത്ത് പോലും  ഉണ്ടാകില്ല.

ഉത്തരം പറഞ്ഞു തീരുന്നതിന് മുമ്പ് തന്നെ അസിസ് മാഷിന്റെ കയ്യിന്ന് ചുട്ട  അടി പാർസലായി വന്ന്  കൊണ്ടേയിരിക്കും. ചിലപ്പോൾ ചോദ്യവും അടിയും ഒരുമിച്ചായിരിക്കും കിട്ടുക, കാരണം മാഷിന് തന്നെ അറിയാം  സ്കെച്ചിട്ട കുട്ടിക്ക് ഒരു നിലക്കും  ഉത്തരം പറയാൻ പറ്റില്ലെന്ന്.   ക്ലാസ്സിലപ്പോൾ പെൺബെഞ്ചുകളിൽ നിന്ന്,   അടികൊണ്ട ദേഷ്യത്തിലുള്ള പിറുപിറുക്കലും പഴിപറയലും മാത്രം വളരെപ്പതുക്കെ കേൾക്കാമായിരുന്നു.

എന്റെ ക്ലാസ്സിൽ ഒരബദുറഹിമാനുണ്ടായിരുന്നു. ഇയാളാണ് മിക്ക അധ്യാപകർക്കും  ഹോൾസെയിലായി വടികൾ കൊണ്ട് വന്ന് കൊടുത്തിരുന്ന വടിയേജൻറ്. അതിൽ അസിസ് മാഷിന് ജാവോക്ക് (കാറ്റാടി) മരത്തിന്റെ കാമ്പുള്ള ചില്ല തന്നെ വെട്ടിക്കൊണ്ടുവരാൻ അബ്ദുറഹിമാന്  പ്രത്യേക ശ്രദ്ധയും കാണിക്കും. വടി ശരിയാക്കി കൊടുത്തു എന്നത് കൊണ്ട്  അബ്ദുറഹിമാന് ശിക്ഷയിൽ പ്രത്യേക ഇളവൊന്നും അസീസ് മാഷ് നൽകില്ല. രണ്ടടി സഹിച്ചാലും വേണ്ടില്ല,  മറ്റുള്ളവർ മാഷിന്റെ  ചൂരൽ കഷായത്തിൽ ചൂളിപ്പോകുന്നത് ബാക്ക് ബഞ്ചിൽ ഇരുന്ന് ആസ്വദിക്കുക എന്നത് മാത്രമായിരുന്നിരിക്കണം അബ്ദുറഹിമാന്റെ ആ സേവനത്തിന് പിന്നിലെ അമിത ഉത്സാഹത്തിനുള്ള ഏക ഹേതു.

ക്ലാസ്സൊക്കെ കഴിഞ്ഞു വൈകുന്നേരം സ്കൂൾ വിട്ടാൽ മധൂരിലുള്ള എന്റെ ഉപ്പയുടെ കടയിലേക്ക് പലവ്യഞ്ജനങ്ങൾ വാങ്ങാൻ  ഞാൻ ഇടക്കിടക്ക് പോകും. പോകുന്ന പോക്കിൽ ഒരു കുടയും പിടിച്ച് അസീസ് മാഷും മധൂർ ലക്ഷ്യമാക്കി ചെറിയ വേഗതയിൽ നടക്കുന്നുണ്ടാകും. ഞാനൽപ്പം മുമ്പിലാണ് നടത്തമെങ്കിൽ അദ്ദേഹം പേരു വിളിച്ചു എന്നോട് നിൽക്കാൻ പറയും. ഞാൻ പിറകിലാണെങ്കിൽ,  അടുത്തെത്തുന്നത് വരെ അദ്ദേഹം നടത്തത്തിന് വേഗത കുറക്കും.

അന്നാ റോഡിൽ മുഴുവനായും താറിട്ടിട്ടില്ല എന്നാണ് ഓർമ്മ. താറിട്ടതാണെങ്കിൽ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയിക്കാണണം. അസീസ് മാഷ് മുന്നിൽ നടക്കും. ഞാനദ്ദേഹത്തിന് കഷ്ടിച്ച് ഒരടി പിന്നിലും. അപ്പോൾ മാഷിന് ചോക്ക് എന്ന് പറയുന്നത് തന്റെ കാലൻ കുടയാണ്. എന്റെ ഉപ്പയുടെ കടയെത്തുന്നത് വരെ ക്ലാസ്സിൽ എനിക്ക് മനസ്സിലാകാത്തത് കുടക്കാല് കൊണ്ട് റോഡിൽ എഴുതി എന്റെ സംശയം തീർത്തു കൊണ്ടേയിരിക്കും. പക്ഷെ, അന്നേരം സ്കൂളിൽ ഞങ്ങൾ  കാണാറുള്ള
അധ്യാപകനേ ആയിരിക്കില്ല അദ്ദേഹം. തികച്ചും ശാന്തനും സൗമ്യനുമായിരിക്കും.

ഉള്ളത് പറയാമല്ലോ അസിസ് മാഷിന്റെ കണക്കുക്ലാസിൽ എനിക്ക് പേരിനു  പോലും ഒരു അടി  കിട്ടാത്തതിന്റെ രഹസ്യങ്ങളിൽ ഒന്ന്, അദ്ദേഹത്തിന്റെ വൈകുന്നേരങ്ങളിലെ  സവാരിക്കിടയിൽ നടക്കുന്ന പട്ല - മധൂർ റോഡിനെ  "ബ്ലാക്ക് ബോർഡാ"ക്കിയുള്ള  കണക്ക് ട്യൂഷൻ തന്നെയായിരുന്നു.

മാഷ് ഏതു നാട്ടുകാരനാണ്, ഇപ്പോൾ എവിടെയാണെന്നൊന്നും എനിക്കറിയില്ല. ചിലപ്പോഴൊക്കെ ഈ  വഴിക്കുള്ള എന്റെ നടത്തങ്ങളിൽ ,    മുറുക്കിത്തുപ്പിയ വായയുമായി തൂവെള്ള വേഷവും ധരിച്ചു നടന്നുp00 വരുന്ന ആ ക്ഷുഭിത കണക്കധ്യാപകനെ, അസീസ് മാസ്റ്ററെ, ഞാൻ  വല്ലാതെ മിസ്സ് ചെയ്യാറുണ്ട്.

ആശംസിക്കാം, ഈ അധ്യാപക ദിനവും സന്തോഷകരമാകട്ടെ.

No comments:

Post a Comment