Sunday 30 October 2016

editorial


എഡിറ്റോറിയൽ ...................

ഓൺലൈൻ കൂട്ടായ്മകൾ ചില സന്ദർഭങ്ങളിൽ വലിയ അനുഗ്രഹമായിട്ടുണ്ട്. അതിൽ പെടുത്താവുന്ന ഒന്നാണ് RT എന്ന സാംസ്കാരിക കൂട്ടായ്മ. അക്ഷരങ്ങളെയും വായനയേയും സാമൂഹിക സാംസ്കാരിക ഇടപെടലുകളെയും  സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു ഗ്രാമത്തിലെ തെരഞ്ഞെടുക്കപ്പെട്ട നൂറ്റിച്ചില്ലാനം വരുന്നവരുടെ ഒരു പൊതു ഇടമാണ് RT. കഴിഞ്ഞ രണ്ടു വർഷത്തോളമായി ചെറുതല്ലാത്ത രൂപത്തിൽ സജീവവുമാണ്. 

ഇടപെടലിന്റെ ഭാഷയും പുതിയ രീതിയും പരിചയപ്പെടുത്താൻ സാധിച്ചു എന്നതാണ് RT യുടെ ആകെയുള്ള നേട്ടം. തനിക്ക് അപ്രിയമെങ്കിലും അത് കേൾക്കാനും വായിക്കാനും അവയോട് ആരോഗ്യപരമായും  സൃഷ്ടിപരമായും  പ്രതികരിക്കാനുള്ള ഒരു സംവിധാനമൊരുക്കാനും RT ക്ക് സാധിച്ചിട്ടുണ്ട്. 

ചെറിയ ചെറിയ ഇടവേളകൾ RT മാനേജ്‌മെന്ത് മനഃപൂർവ്വമോ അല്ലാതെയോ ഉണ്ടാക്കിയിട്ടുണ്ട്.  മറ്റു ഗ്രൂപ്പുകളിൽ അനഭിലഷണീയമായ രീതിയിലേക്ക് ചില സന്ദർഭങ്ങൾ വഴി മാറുന്നുവെന്ന് ശ്രദ്ധയിൽ പെടുമ്പോഴൊക്കെ അത്തരം ഇടവേളകൾക്ക് വിരാമമിട്ട്  RT സജീവമാകാൻ ശ്രമിക്കാറുമുണ്ട്. കാരണം നമ്മുടെ സാംസ്കാരിക  കൂട്ടായ്മയിലെ അംഗങ്ങൾ പരോക്ഷമായി പോലും മറ്റു കൂട്ടായ്‍മകളിൽ പ്രതിബന്ധം സൃഷ്ടിക്കേണ്ടവരല്ലെന്ന സന്ദേശം വളരെ അവശ്യമാണ്. 

RT, റീഡേഴ്സ് തിയേറ്റർ, എപ്പോഴും സജീവമാകണമെന്നത് വിവിധ കോണുകളിൽ നിന്നുയരുന്ന ആവശ്യമാണ്. കാരണം ഇതിന്റെ പ്രതലം സാംസ്കാരിക ചുറ്റുപാടിൽ കെട്ടിപ്പടുത്തതാണ്. ഒരു ഗ്രാമത്തിൽ ഇത്രയൊക്കെ പേര് ഒന്നിച്ചു കേൾക്കാനും പറയാനും വായിക്കാനും ഉണ്ടാവുകയെന്നതും ചെറിയ കാര്യമല്ലല്ലോ. ഇനിയും നമ്മുടെ ഈ പൊതു ഇടം ഉപയോഗിച്ച് പുതിയ പരീക്ഷണങ്ങളും പരിശീലനങ്ങളും നടത്തേണ്ടതുണ്ട്.

എല്ലാവരുടെയും സജീവ പങ്കാളിത്തം അവയ്ക്കായുണ്ടാകട്ടെ. വിഭാഗീയതയുടെയും വിദ്വെഷത്തിന്റെയും അസഹിഷ്ണുതയുടെയും ദുഷ്ട ചിന്തകളുടെയും കൂരിരുട്ട് പരക്കുന്നേടത്തൊക്കെ ദീപം തെളിക്കാൻ,  ഈ ചന്ദ്ര വിളക്കിനു ഒരു നൂൽത്തിരിയാകാനെങ്കിലും ഈ കൂട്ടായ്മയിലെ ഓരോരുത്തർക്കുമാകട്ടെ. ശരിയേയും നേരിനെയും നേർവായനയെയും ആശയ-ആസ്വാദന-വീക്ഷണ  വൈജാത്യങ്ങളിലെ ആകാശത്തെയും നക്ഷത്രങ്ങളെയും നമുക്ക് ചാരിനിൽക്കാം. RT യുടെ നിറ സാന്നിധ്യം അതിനിടയാവട്ടെ. 

എഡിറ്റോറിയൽ ബോർഡ് 

No comments:

Post a Comment