Monday 24 October 2016

ആവേശം പകരുന്ന മാറ്റം / കെ.എം. അബ്ബാസ്

ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ ഏതാണ്ട് 50 മലയാളം കൃതികളാണ് പ്രകാശനം ചെയ്യപ്പെടുന്നത്. ഈയിടെ ഇറങ്ങിയ ചില പുസ്തകങ്ങളുടെ ചര്‍ച്ച കൂടി ചേര്‍ത്താല്‍ 60ലധികം ചടങ്ങുകള്‍ നടക്കും. 


പതിവുപോലെ, മിക്ക മുന്‍ നിര പ്രസാധകരും പവലിയനുകള്‍ ഒരുക്കും. എം ടി വാസുദേവന്‍ നായര്‍ അടക്കം നിരവധി പ്രഗത്ഭര്‍ പ്രഭാഷണത്തിനുണ്ട്. ആകെക്കൂടി ഈവര്‍ഷവും മലയാളം സജീവമാണ്. 


50ഓളം പ്രകാശനം ചെയ്യപ്പെടുമ്പോള്‍ ഗുണമേന്മയെകുറിച്ച് ചോദ്യം ഉയരുന്നത് സ്വഭാവികം. അത് 'പന്നിപ്പേറ്' പ്രയോഗം പോലെ അപഹസിക്കലല്ലേ എന്ന മറുചോദ്യവും അന്തരീക്ഷത്തിലുണ്ട്. മലയാളത്തില്‍ പ്രസാധകര്‍ വര്‍ധിച്ചതും സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രചാരം ലഭിക്കുന്നതും പലരെയും എഴുത്തിലേക്ക് തിരിച്ചിട്ടുണ്ട്. മുമ്പ്, കുറച്ചു പ്രസാധകരെ ഉണ്ടായിരുന്നു. ഗള്‍ഫ് മലയാളികളുടെ സൃഷ്ടികളെ സംശയത്തോടെയാണ് അവരില്‍ പലരും നോക്കിക്കണ്ടിരുന്നത്.
ഇന്ന് അങ്ങിനെയല്ല. നവീന ഭാവുകത്വം പ്രദാനം ചെയ്യുന്ന കൃതികള്‍ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ ഉണ്ടെന്ന് കണ്ടതും ഷാര്‍ജ രാജ്യാന്തര പുസ്തകമേള ജനകീയമായതും പ്രസാധകരെ മാറ്റി ചിന്തിപ്പിച്ചു. വ്യത്യസ്ത പ്രമേയങ്ങള്‍ രംഗത്തുവരുന്നതും സവിശേഷതയാണ്. ഹണി ഭാസ്‌കറിന്റെ പിയേത്തയും സോണിയാ റഫീഖിന്റെ ഹെര്‍ബേറിയവും തീര്‍ത്തും വേറെ വേറെ ജീവിത പരിസരങ്ങളെ അടയാളപ്പെടുത്തുന്നു. ലേഖന സമാഹരങ്ങളുടെ കാര്യത്തിലും ഈ വൈവിധ്യതയുണ്ട്. ഇ എം അശ്‌റഫ്, ഷാബു കിളിത്തട്ടില്‍, വനിത വിനോദ്, ഇ കെ ദിനേശന്‍ തുടങ്ങിയവര്‍ ഭിന്നരുചികളാണ് പ്രദാനം ചെയ്യുന്നത്.

നാട്ടില്‍ നിന്ന് അനേകം കൃതികള്‍ കടല്‍ കടന്നു വരുന്നതിനെയും വായനക്കാര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. വായന മരിച്ചുവെന്ന് വിലപിച്ചിരുന്ന കാലത്തില്‍ നിന്ന് സാഹിത്യലോകം പൊടുന്നനെ ഉയര്‍ത്തേഴുന്നറ്റതിന്റെ ബാക്കി പത്രമാണ് ഷാര്‍ജയിലെ ആഘോഷക്കാഴ്ച.

സാമൂഹിക മാധ്യമങ്ങള്‍, ഗൗരവമായ വായനയുടെ അന്തകനാകും എന്ന ഭീഷണി അസ്ഥാനത്തായതിനെയും ഇതിനോട് ചേര്‍ത്തു വായിക്കണം. മികച്ച സൃഷ്ടികള്‍ എളുപ്പം ലഭ്യമാകുന്ന വേദിയായി സാമൂഹിക മാധ്യമങ്ങള്‍ മാറി. മറ്റൊന്ന്, പുതിയ കൃതികളെ കുറിച്ചുള്ള സന്ദേശം ആളുകളിലെത്തിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപാധിയായി. ഷാര്‍ജയില്‍ പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകങ്ങള്‍ ഏതൊക്കെയെന്ന് വായനക്കാരന് സാമാന്യധാരണ മുന്‍കൂട്ടിത്തന്നെ ലഭിച്ചിരിക്കുന്നു. വായനക്കാര്‍, അവ ഏറ്റെടുക്കുന്നതോടെ എഴുത്തുകാരന്റെ ദൗത്യം പൂര്‍ത്തിയാകുന്നു.k m abbas

No comments:

Post a Comment