Thursday 6 October 2016

സ്‌കൂൾ സ്പോർട്സ് ഡേ - ചില ആലോചനകൾ / അസ്‌ലം മാവില

സ്‌കൂൾ സ്പോർട്സ് ഡേ - ചില ആലോചനകൾ

അസ്‌ലം മാവില

പടല സ്‌കൂളിൽ 2016 -2017  സ്പോർട്സ് ഇന്ന് തുടങ്ങി. RT എല്ലാവർക്കും നല്ല നമസ്കാരം നേരുന്നു,  വിജയാശംസകളും.

മറ്റുസ്‌കൂളുകളിലും ഇതേപോലെ തന്നെ ഈ ആഴ്ചയിൽ തന്നെ  സ്പോർട്സ് നടക്കുന്നുണ്ടാകും.

ഫോട്ടോ കാണുമ്പോൾ കുറച്ചു കളർഫുൾ ആണ് തുടക്കമെന്ന് തോന്നുന്നു. കുട്ടികളുടെ മാർച്ച്പാസ്ററ്, ആ സെറ്റപ്പ്, ഉത്‌ഘാടന വേദി ..... നല്ല നടപ്പുകൾ തന്നെ. എല്ലാ  ഭാവുകങ്ങളും !

കുട്ടികൾ ഓടുന്നതും ചാടുന്നതും എറിയുന്നതും  ഒരുക്കങ്ങൾ നടത്തിയാണെങ്കിൽ തീർച്ചയായും അവരുടെ റിസൽട്ടിൽ പ്രതീക്ഷയുണ്ട്.  നിരന്തരമായ പരിശീലനം ആവശ്യമുള്ള മേഖലയാണ് അറ്റ്‌ലറ്റിക്‌ മീറ്റ് ഇനങ്ങൾ.
സ്പോർട്സ്ഡേയുടെ   തലേന്നാൾ പേര് നൽകിയെന്നത് മാത്രമാണ്  ട്രാക്കിൽ ഓൺ യുവർ മാർച് ന്റെ വെടിയൊച്ച കേൾക്കാൻ ഓടാൻ നിൽക്കുന്നതെങ്കിൽ ഒന്നും പറയാനില്ല. ആദ്യത്തെ ഓട്ടത്തിൽ ഉള്ള ഊർജത്തിൽ ഫിനിഷിങ് പോയിന്റിലെത്തും. പിന്നെ നടക്കുന്ന മത്സരങ്ങളിൽ ഓടാനും ചാടാനും എറിയാനും വലിയ പാടായിരിക്കും. അവിടന്നങ്ങോട്ട് മസിൽ വേദന തുടങ്ങും.

കൈകാലുകളിലെ മസിലിനും ഒരു സിസ്റ്റമൊക്കെ ഉണ്ട്. അതൊക്കെ  റിലാക്‌സായി അറ്റ്‌ലറ്റിന്റെ കയ്യും മെയ്യും കാലും  കാതും  കണ്ണുമാകാൻ  ഒരു പാട് നാടുകളിലെ പരീശീലനമാവശ്യമാണ്.  അവർക്ക് മാത്രമേ സ്പോർട്സ് മത്സരങ്ങൾ കൊണ്ട് തങ്ങളുടെ കരിയർ ഉഷാറാക്കാൻ പറ്റുകയുള്ളൂ.   ഇല്ലെങ്കിൽ ചില വായനശാലക്കാരും - ക്ളബ്ബുകളും ആശുപത്രിക്കാരും കൂട്ടയോട്ടം സംഘടിപ്പിക്കുന്നില്ലേ - അതിന്റെ ഒരു  പ്രതീതിയും ഫലവുമേ ഉണ്ടാകൂ. നിർബന്ധിച്ചത് കൊണ്ട് പങ്കെടുത്തു, ഒരു ടാഗും കിട്ടി, തൊപ്പിയും ബനിയനും ഫ്രീയായി കിട്ടി.

 സ്‌കൂൾ തുറന്ന ദിവസം തൊട്ട് സ്പോർട്സ് ഡേയെ   കുറിച്ച് ക്‌ളാസ്സിലും സ്റ്റാഫ് റൂമിലും പിടിഎ യിലും ചർച്ച ഉണ്ടാകുന്നിടത്തേ സ്‌കൂൾ തലമത്സരം കഴിഞ്ഞു കുട്ടികൾ  ഉപജില്ലാ മത്സരങ്ങളിൽ  മുന്നിലെത്തൂ.  ജില്ലാ മത്സരങ്ങളിൽ ഇടവും കിട്ടൂ. ഇപ്പ്രാവശ്യം 9 -ൽ ഓടിയവനെ അറിയാം, കഴിഞ്ഞ വർഷം 9 തൊട്ടു താഴെക്കുള്ള ക്‌ളാസ്സിലെ കുട്ടികൾ തന്നെയാണ് ഇപ്രാവശ്യം 10 ലും താഴോട്ടുള്ള ക്‌ളാസ്സുകളിലും ഒരു വർഷം സീനിയറായി പഠിക്കുന്നത്. അവരിൽ ആരൊക്കെയാണ് സ്പോർട്സ് ഇനങ്ങളിൽ മെച്ചപ്പെട്ട നില  കഴിഞ്ഞ വർഷം  കൈവരിച്ചതെന്നു സ്‌കൂൾ സ്പോർട്സ് വിഭാഗത്തിന്റെ കയ്യിൽ തീർച്ചയായും റിക്കോർഡും ഉണ്ടാകും. അവർക്ക് തുടക്കം മുതൽ തന്നെ അതിനുള്ള പരിശീലനം നൽകിയിട്ടുണ്ടെങ്കിൽ ഇന്നു നടക്കുന്ന  സ്പോർട്സിൽ  മെച്ചപ്പെട്ട റിസൾട്ട് തീർച്ചയായും ലഭിക്കും.  അങ്ങിനെയൊരു തയ്യാറെടുപ്പ് നടന്നിട്ടില്ലെങ്കിൽ അടുത്ത വർഷത്തേക്കുള്ള സ്പോർട്സ് അജണ്ടയിൽ ഇതിന് പ്രാമുഖ്യം നൽകുകയും വേണം.

ഒരു നല്ല ഗ്രൗണ്ട് പോലുമില്ലാത്ത നമ്മുടെ സ്‌കൂളിൽ തീർച്ചയായും സ്പോർട്സ് ഇനങ്ങളിൽ തിളങ്ങണമെങ്കിൽ നല്ല ഹോം വർക്കും ട്രെയിനിങ്ങും  ആവശ്യമാണ്. പരിശീലനം എന്നത് വളരെ പ്രധാനമാണ്.  ''കുഞ്ഞിഞ്ഞ ആനയെ ഉക്കത്തു വെക്കണ''മെങ്കിൽ അത് ദിനേന ജീവിത ചര്യയാക്കിയല്ലേ സാധിക്കൂ.  നെറ്റി ചുളിഞ്ഞാലും ചുളിച്ചാലും വേണ്ടില്ല,  ഇതൊക്കെ പ്രകൃതിയുടെ ചില നടപടി ക്രമങ്ങളാണ്.

നടന്നു പോകാൻ മാത്രമുള്ള സ്വന്തം വീട്ടിലേക്ക്  സ്കൂൾ വിട്ട് നടക്കുന്നതിന് പകരം ബൈക്കിന്റെ പിന്നിലും  റിക്ഷയുടെ മുന്നിലും പോകാൻ തിരക്ക് കൂട്ടുന്ന ഒരു സാഹചര്യത്തിൽ ഓട്ടത്തിന് പോകട്ടെ, നടത്തത്തിനു തന്നെ വലിയ സ്കോപ്പില്ല. ബന്തട്ക്ക പോലുള്ള പ്രദേശങ്ങളിലെ കുട്ടികൾ പരുന്തിന്റെയും   പറവകളുടെയും കുഞ്ഞുങ്ങളല്ല. പുലിയും പുള്ളിമാനും പെറ്റതല്ല. അവരൊക്കെ ഓടിയും ചാടിയും നീന്തിയും നീർക്കാൻ കുഴിയിട്ടും മെഡൽ വാരിക്കൂട്ടുന്നതും  ഒന്നാമതാകുന്നതും സെർട്ടിഫിക്കറ്റിൽ ഗ്രേഡ് വരുത്തുന്നതും കഠിന പ്രയത്നം കൊണ്ടാണ്.

അവസാനം ഇതുകൂടി കുറിക്കട്ടെ, എന്റെ ഗ്രാമത്തിലെ സ്‌കൂളിന് മാത്രം വായിച്ചു എന്നെ പഴിചാരാനുള്ളതല്ല ഈ കുറിപ്പ്, ഏതു സ്‌കൂളിലെ വിദ്യാർത്ഥികൾക്കും നടത്തിപ്പുകാർക്കും ഇത് വായിക്കാനുള്ളതാണ്, ആലോചിക്കാനുളളതും.

No comments:

Post a Comment