Thursday, 6 October 2016

ഹെയർസ്റ്റൈൽ, യൂണിഫോം : അധ്യാപകരും മാനേജ്‌മെന്റും ഉടുമ്പൻ പിടിവാശി മാറ്റാൻ നേരമായി / അസ്‌ലം മാവില

ഹെയർസ്റ്റൈൽ,  യൂണിഫോം :
അധ്യാപകരും മാനേജ്‌മെന്റും
ഉടുമ്പൻ പിടിവാശി  മാറ്റാൻ നേരമായി

അസ്‌ലം മാവില

http://www.kvartha.com/2016/10/school-students-and-hair-style.html

അനുകൂലിക്കാം, സമാന സെൻസോടു കൂടി പ്രതികൂലിക്കുകയുമാകാം. എല്ലാ കാലത്തും മുടി വിവാദവിഷയമായിരുന്നു.

നിർബന്ധമല്ലെങ്കിൽ പോലും അരനൂറ്റാണ്ട് മുമ്പ് വരെ മുസ്ലിംകളുടെ ഇടയിൽ  വലിയവരും ചെറിയവരും മൊട്ടയടിക്കുക എന്നത് ശീലമുണ്ടായിരുന്നു. അന്നൊക്കെ ''മുടിക്രോപ്പ് ചെയ്യുക'' എന്നത് പച്ചപ്പരിഷ്കാരം പോലെയായിരുന്നു കണ്ടിരുന്നത്. മദ്രസ്സയിൽ പഠിക്കുന്ന കാലത്തു, ഒരു ഉസ്താദ് എന്റെ മുടിപിടിച്ചു കുലുക്കിയായിരുന്നു ശിക്ഷ നൽകിയിരുന്നത്.  നെറ്റിയിൽ മുടി വീഴുന്നുണ്ട് എന്നായിരുന്നു അന്നാ ഗുരുനാഥൻ പറഞ്ഞിരുന്ന കാരണം.  അങ്ങിനെയൊരു ശിക്ഷാവിധിയുടെ അശാസ്ത്രീയത  എന്റെ പിതാവ്  ഗുരുനാഥനെ  നല്ല രീതിയിൽ  ബോധ്യപ്പെടുത്തിയപ്പോൾ ആ ശിക്ഷാ നടപടി ഉപേക്ഷിച്ചു.

ആ കാലങ്ങളിൽ  വീട്ടുകാർ  തന്നെയായിരുന്നു  ക്ഷുരകവൃത്തിയിൽ ഏർപ്പെട്ടിയിരുന്നത്.  അന്ന് മിക്കകുട്ടികൾക്കും തലയിൽ ചൊറി, ചിരങ്ങ് അസുഖവുമുണ്ടാകും.   ചുറ്റും കത്രിച്ചു വിടും. ഇല്ലെങ്കിൽ  നീട്ടി മൊട്ടയടിക്കും. മിക്ക സ്ഥലത്തും ചോര ഒലിക്കുന്നുണ്ടാകും.  അന്നൊക്കെ ആൺകുട്ടികൾ ഒരു നിവൃത്തിയില്ലാതെ അതിനായി മനസ്സില്ലാ മനസ്സോടെ തല കാട്ടിക്കൊടുക്കും.

ചില ഗൾഫ് നാടുകളിൽ ജയിലുകളിൽ നിന്നു ശിക്ഷ കഴിഞ്ഞിറങ്ങുന്നവരെ മൊട്ടയടിച്ചായിരുന്നു റിലീസ് ചെയ്യുക. ഇപ്പോഴുമുണ്ടോ ആ നടപടിക്രമം  എന്നറിയില്ല. മിക്ക മതങ്ങളിലും ചില പ്രത്യേക സന്ദർഭങ്ങളിൽ മുടി വെട്ടുക (മുഴുവനായോ ഭാഗികമായോ ) നിർബന്ധവുമാണല്ലോ. ബുദ്ധമതക്കാർ മിക്കവാറും പൂർണ്ണമായും തലമുണ്ഡനം ചെയ്യും. ചിലർ ഫാഷന്റെ ഭാഗമായും തല പൂർണ്ണമായും മുണ്ഡനം നടത്തും. എന്റെ പരിചയത്തിലുള്ള ഒരു ഈജിപ്ഷ്യൻ  എഞ്ചിനീയറും ഇറ്റാലിയൻ എഞ്ചിനീയറും ഉണ്ട്. ഇവർ രണ്ടു പേരുടെയും തലയിൽ മുടി കിളിർത്തതായി ഇവിടെയുള്ള ആരും  കണ്ടീട്ടില്ല. മുടി കൊഴിച്ചിൽ തടയാൻ ഈ രൂപത്തിലുള്ള  ''അതിക്രമം'' ചെയ്ത് നടക്കുന്ന പോഴത്തക്കാരുമുണ്ട് ഇപ്പോഴും, എല്ലായിടത്തും.

നൈൽനദീ സംസ്കാരത്തിന്റെ ഈറ്റില്ലമായ  ഈജിപ്തിൽ കുട്ടികളുടെ തലയിൽ ചെറിയ ഒരു മാർക്ക് രൂപത്തിൽ തലമുടിച്ചുരുൾ ഉണ്ടാകുമത്രേ, അത് നോക്കിയായിരുന്നു അവരുടെ പ്രായം പണ്ട് കാലങ്ങളിൽ മനസ്സിലാക്കിയിരുന്നത്. ഈജിപിത് മങ്കമാർ  അന്നൊക്കെ തലമുടിയിൽ പൂക്കൾ കൊണ്ട് മോടിപിടിക്കുമായിരുന്നു. സമാനമായ രീതി ഇന്നും നമ്മുടെ നാട്ടിൻപ്രദേശങ്ങളിൽ കാണാം. പുരാതനഗ്രീസിൽ മിക്കവരും മുടി സ്വർണ്ണനിറഛായം തേച്ചുപതിപ്പിക്കുമായിരുന്നു. ഭടന്മാരല്ലാത്തവർക്കൊക്കെ താടി വയ്ക്കാനും അനുമതി ഉണ്ടായിരുന്നു. സീസറുടെയും നീറോയുടെയും ഹെയർ സ്റ്റൈൽ ചരിത്രങ്ങളിൽ പ്രധാന്യത്തോടെ രേഖപ്പെടുത്തിയതായി കാണാം.  പ്രവാചകനും  മുടി നീട്ടിയായിരുന്നു വളർത്തിയിരുന്നത്.

ഇന്ത്യയിലും വൈദികകാലത്ത്  കുടുമ സമ്പ്രദായം നിലവിൽ  വന്നു. ദൈവത്തിനു സ്വർഗത്തിലേക്ക് പിടിച്ചു വലിച്ചിടാൻ വേണ്ടിയാണ് (God to pull people into heaven ) കുടുമ വെക്കുന്നതെന്ന സങ്കൽപം ഈജിപ്ത്, ഇന്ത്യൻ മിത്തുകളിൽ  ഉണ്ടത്രേ.  പിന്നീട് ഈ ഹെയർ സ്റ്റൈൽ ഉയർന്ന ജാതിയിൽ മാത്രമായി  പരിമിതപ്പെട്ടു. ബുദ്ധന്റെ കാലമാകുമ്പോഴേക്കും മുടി  മുകളിലേക്ക് ചുരുട്ടി മകുട രൂപമുണ്ടാക്കി. ഋഷിവര്യന്മാരിലും നാം ഈ സമ്പ്രദായം അതിപുരാതന കാലം മുതലേ  കാണുന്നുണ്ട്.  ഏഴാം നൂറ്റാണ്ടിൽ  ഇന്ത്യയിൽ മുസ്ലിംകളുടെ വരവോടെ  മറ്റുള്ളവരിലും മുസ്ലിം ഹെയർ സ്റ്റൈൽ  സ്വാധീനിക്കുവാൻ തുടങ്ങി.

ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലും ഹെയർകട്ടിങ് വിഷയത്തിൽ അവരുടേതായ ചില സമ്പ്രദായങ്ങളുണ്ട്. മുൻവശം പൂർണമായി  ക്ഷൗരം ചെയ്തു പിന്നിൽ നീട്ടിവളർത്തി കെട്ടിയിടുക അതിലൊന്ന്.  ആഫ്രിക്കയിൽ വിചിത്ര ആചാരങ്ങളാണ് മുടിയുടെ കാര്യത്തിൽ. ചില ഗോത്രവിഭാഗങ്ങളിൽ വിവാഹതലേന്നാൾ വരനും വധുവും  മൊട്ടയടിക്കണമത്രെ- ഒരു പുതിയ ജീവിതം തുടങ്ങുമ്പോൾ പുതിയ മുടികൂടി കിളിർക്കട്ടെ എന്നാകും അതിന്റെ പിന്നിലുള്ള ചേതോവികാരം. ചില മതങ്ങളിൽ പുരോഹിതരും അനുബന്ധ ചടങ്ങുകാരും  താടി, മീശയും വെക്കുന്നത് നിരോധിച്ച ചരിത്രവും കാണാം. സെമറ്റിക് മതങ്ങളിൽ സ്ത്രീകൾ യഥേഷ്ടം  മുടി വളർത്താം, പക്ഷെ തലമുടി മറക്കണമെന്ന നിയമവും ഉണ്ട്.

നാം ജീവിക്കുന്ന ലോകത്ത്, ഉത്തരകൊറിയയിൽ 28  തരം ഹെയർസ്റ്റൈൽ മാത്രമേ പാടുള്ളൂ എന്നത് അവിടെത്തെ ഭരണാധികാരിയുടെ ഉത്തരവാണ്. അതെങ്ങിനെയുള്ളതാണെന്ന് ഓരോ ക്ഷൗരക്കടയിലും ഫോട്ടോകൾ പതിപ്പിച്ചിട്ടുണ്ട് പോലും.  ഓവർസ്മാർട്ടായാൽ വെട്ടിയവനും വെട്ടിച്ചവനും ശിക്ഷ അങ്ങോട്ട് പോയി വാങ്ങിക്കൊള്ളണം.

അത്പോലെ അപ്പ്രൂവ്ഡ് ഹെയർസ്റ്റൈൽ ചാർട്ട് നമ്മുടെ വിദ്യാലയങ്ങളിൽ അധ്യാപകരും പ്രദർശിപ്പിക്കുന്നത് നല്ലതാണ്.  എല്ലാ ഹെയർസ്‌റ്റൈലും ഒറ്റയടിക്ക് ഫ്രീക്ക് ലിസ്റ്റിൽ പെടുത്തിയാൽ മോനെക്കാളും കൂടുതൽ ചൂടാകുക തന്തയായിരിക്കും എന്നത് ചില സംഭവങ്ങൾ പറയാറുമുണ്ട്.

 പാഠശാലകളിലും പള്ളിക്കൂടങ്ങളിലും മുടി-യൂണിഫോം വിഷയങ്ങൾ  ഇന്നുമിന്നലെയും തുടങ്ങിയതല്ല. കുറച്ചൊക്കെ ഫ്രീഡം കുട്ടികളുടെ മുടിവെട്ടലിൽ കൊടുക്കുന്നതാണ് ബുദ്ധി. അതവർ ഓവറാക്കാതിരുന്നാൽ മതി. ഹെയർസ്റ്റൈലിലും ശ്ലീലവും അശ്ലീലവും കണ്ടെത്തുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. ഒന്നുമില്ലെങ്കിലും കുട്ടികൾ മാസത്തിലൊരിക്കലെങ്കിലും മുടി വെട്ടിയൊതുക്കുന്നുണ്ടല്ലോ. മുടി ഏറ്റവും കുറഞ്ഞത് ചന്തമല്ലേ ? അതവരുടെ മുഖാകൃതിക്കനുസരിച്ചു വെട്ടട്ടെ. ഈ ഒരു നിലപാട് എടുത്താൽ ഒരുമാതിരി വെറുപ്പിക്കൽ കോലം കുട്ടികളും ഉപേക്ഷിക്കും.

സംവിധായകർക്കും സംപൂജ്യർക്കും സിനിമാ നടന്മാർക്കും  അപൂർവം ചില രാഷ്ട്രീയക്കാർക്കും  മുടി എങ്ങിനെയും വളർത്താം എന്ന കാഴ്ചപ്പാടും മാറണം. വലിയവർ പുക വലിച്ചാൽ  പ്രശ്നമില്ല, സിഗരറ്റ്കൂടിൽ വലിയ അക്ഷരത്തിൽ ഹാനികരം എന്നെഴുതുന്നതോടെ ഉത്തരവാദിത്വവും കഴിഞ്ഞു എന്ന അന്ധവിശ്വാസം ലോകം മൊത്തം വെച്ച് പുലർത്തുന്നുണ്ടല്ലോ. എന്നാൽ പിന്നെ അവർക്ക്  കാൻസറും വരില്ലായിരിക്കും എന്ന തെറ്റായ സന്ദേശം അത് വഴി ലഭിക്കും.

ചില സ്‌കൂളിലും കോളേജിലുമൊക്കെ കുട്ടികളുടെ പ്രവേശന ദിവസത്തിൽ രക്ഷിതാക്കളെ മുന്നിൽ നിർത്തി പറയുന്ന പത്തു കല്പനകളിൽ ഒന്ന് ആൺപിള്ളേരുടെ ഹെയർസ്‌റ്റൈൽ എങ്ങിനെയായിരിക്കണമെന്നാണ്.   ''മുടിയൊക്കെ ചെറുതാക്കി വന്നേക്കണം'' ആദ്യത്തെ ഉത്തരവ്.  എന്നിട്ടു ഒരു മനുഷ്യനും തിരിഞ്ഞു നോക്കാത്ത ''മംഗാളൻ'' നിറക്കൂട്ടുള്ള യൂണിഫോമുമിട്ടു വരാൻ പറയും. ചില സ്ഥാപനങ്ങളിൽ ആഴ്‌ച മൊത്തം  ഈ കോലവും കെട്ടിയാണ് കുട്ടികൾ ക്‌ളാസ്സിൽ ഇരിക്കുന്നത്. അതിനായി വാശിപിടിക്കുന്ന അധ്യാപകരോ , അവർ നല്ല പൂക്കുപ്പായവും പുത്തൻ സാരിയും ഉടുത്തു സ്റ്റാഫ് റൂമിലും ക്‌ളാസ്സ് മുറികളിലും ഉണ്ടാകും. ''മകൻ അമിതമായി പഞ്ചസാര കഴിക്കുന്നു ഉപദേശിക്കണമെന്ന്'' പറഞ്ഞു മകനെ കൊണ്ട് വന്ന പിതാവിനോട് ഗുരുജി തൊട്ടടുത്ത ആഴ്ച  മകനെയും കൂട്ടി വരാൻ പറയാനുള്ള കാരണം, ആദ്യമാശീലം ഗുരുജി ഒഴിവാക്കാൻ വേണ്ടിയായിരുന്നു.  ഞാൻ ഇങ്ങിനെ വിചാരിക്കുന്നു -  പിള്ളേർ ''കൺഫോർട്ട്'' അല്ലെങ്കിൽ പിന്നെ അവരുടെ റിസൾട്ടും അത്രയൊക്കെ തന്നെയല്ലേ നാം പ്രതീക്ഷിക്കേണ്ടത്.

ഞാൻ കുട്ടികളുടെ പക്ഷം നിൽക്കുകയല്ല, വിഷയത്തെ നിസ്സാരവൽക്കരിക്കുകയുമല്ല, പക്ഷെ ഹെയർകട്ടിങ്ങിന്റെയും  യൂണിഫോമിന്റെയും വിഷയത്തിൽ അധ്യാപകരും മാനേജ്‌മെന്റും കാണിക്കുന്ന ഉടുമ്പൻ പിടിവാശി  അടിമുടി മാറ്റാൻ സമയമായി എന്ന് തന്നെയാണ് എന്റെ പക്ഷം.

എല്ലാത്തിനും കമ്മീഷൻ വെക്കുന്നുണ്ടല്ലോ, ഇത് പഠിക്കാനും ഒരു കമ്മീഷൻ ആകാം.  പന്ന്യൻ രവീന്ദ്രനെപ്പോലുള്ളവർക്ക് ഈ വിഷയത്തിൽ നിക്ഷപക്ഷമായി വല്ലതും പറയാനും നിർദ്ദേശിക്കാനുമുണ്ടാകും, അത്തരമൊരു കമ്മീഷൻ അദ്ദേഹം നയിക്കട്ടെ. 

No comments:

Post a Comment