Thursday 6 October 2016

ഉബൈദിന്റെ ഓര്‍മകള്‍ ; കവിയരങ്ങിൽ സാനിന്റെ ആദ്യ ചുവടു വെപ്പ്

ഉബൈദിന്റെ ഓര്‍മകള്‍ ; കവിയരങ്ങിൽ സാനിന്റെ ആദ്യ ചുവടു വെപ്പ് 

കാസര്‍കോട്: (www.kasargodvartha.com 03/10/2016)

പലതും സഹിക്കാന്‍ കഴിയാത്ത കാലത്തിലേക്ക് നമ്മുടെ നാട് മാറിയെങ്കിലും ഉബൈദ് ജീവിതത്തിലും എഴുത്തിലും കാണിച്ചുതന്ന നന്മകള്‍ ഇവയെയൊക്കെ ശുദ്ധീകരിക്കാന്‍ സഹായകമാകുന്നുണ്ടെന്ന് പ്രശസ്ത സാഹിത്യകാരന്‍ കാനേഷ് പൂനൂര്‍ പറഞ്ഞു. ഉബൈദ് ദിനത്തോടനുബന്ധിച്ച് കാസര്‍കോട് സാഹിത്യവേദി നഗരസഭാ വനിതാഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലം മാറിക്കൊണ്ടിരിക്കുന്തോറും ടി ഉബൈദിന്റെ രചനകള്‍ക്ക് പ്രസക്തിയേറുകയാണ്. മലയാളത്തെ മാത്രമല്ല, ഭാഷകളെ മൊത്തം സ്‌നേഹിച്ച ഉബൈദ് കന്നഡ, മലയാള ഭാഷകള്‍ക്കിടയിലെ പാലമായി വര്‍ത്തിച്ചുവെന്നും കാനേഷ് പറഞ്ഞു. സാഹിത്യവേദി വൈസ് പ്രസിഡന്റ് നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു. ടി ഉബൈദിന്റെ രചനകളും ഓര്‍മകളും ഉള്‍പ്പെടുത്തി ടി കെ അബ്ദുല്ലക്കുഞ്ഞി എഡിറ്റ് ചെയ്ത് മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമി പുറത്തിറക്കിയ 'ടി ഉബൈദ് രചനകള്‍, ഓര്‍മകള്‍, പഠനങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രൊഫ. ഇബ്രാഹിം ബേവിഞ്ചക്ക് നല്‍കി കാനേഷ് പുനൂര്‍ നിര്‍വഹിച്ചു.

ടി കെ അബ്ദുല്ല കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തി. ഉബൈദ് മാഷ് മാപ്പിളപ്പാട്ടിന് പുനര്‍ജന്മം നല്‍കിയ കവി വര്യനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് മാപ്പിളപ്പാട്ടുകള്‍ ഇത്രമാത്രം ജനകീയമാകുന്നതിനും സിനിമകളിലടക്കം സ്വാധീനം ചെലുത്തുന്നതിനും തുടക്കം കുറിച്ചത് ഉബൈദാണെന്നും അദ്ദേഹം പറഞ്ഞു. സിനിമകളില്‍ മാപ്പിളപ്പാട്ട് ഉപയോഗിക്കണമെന്ന് ആദ്യം പറഞ്ഞതും എഴുതിയതും ടി ഉബൈദാണ്. എന്നാല്‍ ഉബൈദ് കൂടുതല്‍ പോപ്പുലറാവാതെ പോയത് അദ്ദേഹത്തിന്റെ കൃതികള്‍ ലഭ്യമല്ലാതിരുന്നത് കൊണ്ടാണെന്നും അബ്ദുല്ല കുഞ്ഞി പറഞ്ഞു. 'ടി ഉബൈദ് രചനകള്‍, ഓര്‍മകള്‍, പഠനങ്ങള്‍' എന്ന ഗ്രന്ഥം തയ്യാറാക്കാന്‍ തനിക്ക് സഹായവും പ്രചോദനവുമായത് പ്രൊഫ. ഇബ്രാഹിം ബേവിഞ്ചയും ടി ഇ അബ്ദുല്ലയുമാണെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിജിയെക്കുറിച്ച് നമ്മള്‍ ഏറെ വാചാലരായിരിക്കുന്ന നേരത്താണ് ഉബൈദ് ദിനം കടന്നുവന്നതെന്നും ഒരര്‍ത്ഥത്തില്‍ ഗാന്ധിജിയുടെയും ഉബൈദിന്റെയും ജീവിതമൂല്യങ്ങള്‍ ഒന്നു തന്നെയായിരുന്നുവെന്നും പ്രശസ്ത കഥാകാരന്‍ പ്രൊഫ. അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. ഉബൈദും പി കുഞ്ഞിരാമന്‍ നായരും ഗോവിന്ദപൈയും അടക്കമുള്ളവരുടെ ഗ്രന്ഥങ്ങള്‍ ശേഖരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും കാസര്‍കോട് ആസ്ഥാനമായി ഒരു ഭാഷാ അക്കാദമി സ്ഥാപിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോടിന്റെ ഭാഷാപദങ്ങളെ നമുക്കെടുത്ത് തന്നത് ഉബൈദാണ്. ഉബൈദ് കവി മാത്രമല്ല ഒരു ആക്ടിവിസ്റ്റ് കൂടിയായിരുന്നു. ഉബൈദിനെ പ്രാണനില്‍ കൊണ്ടു നടന്ന അഹ് മദ് മാഷിനെക്കൂടി ഓര്‍ക്കുന്ന ദിനമാണിതെന്നും ഉബൈദില്ലാതെ അഹ് മദ് മാഷിന് മറ്റൊന്നും ഉണ്ടായിരുന്നില്ലെന്നും അംബികാസുതന്‍ പറഞ്ഞു. കാര്‍ട്ടൂണിസ്റ്റ് ഗഫൂര്‍ മാസ്റ്ററും ഉബൈദിനെക്കുറിച്ചുള്ള ഓര്‍മകളുടെ ചില്ലലമാര തുറന്നിട്ടു. കാസര്‍കോട്ടെ വിദ്യാഭ്യാസ കാലത്ത് തീവണ്ടിയിറങ്ങി ഗവ. ഹൈസ്‌കൂളിലേക്കുള്ള യാത്രക്കിടയില്‍ ഉബൈദിന്റെ കടയില്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ പോയിരുന്ന കഥയും ഉബൈദ് മാഷിനെ അടുത്തറിയാന്‍ സാധിച്ച അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. കാസര്‍കോട് ഗവ. കോളജിന്റെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു താനെന്നും ഗഫൂര്‍ പറഞ്ഞു.

ടി ഇ അബ്ദുല്ല, പത്മനാഭന്‍ ബ്ലാത്തൂര്‍, അഷ്‌റഫലി ചേരങ്കൈ, വി വി പ്രഭാകരന്‍, എ എസ് മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു. സാഹിത്യവേദി സെക്രട്ടറി ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും മധൂര്‍ ഷരീഫ് നന്ദിയും പറഞ്ഞു. അനുസ്മരണ ചടങ്ങിന് മുമ്പായി നടന്ന കവിയരങ്ങ് പ്രശസ്ത കവി രാധാകൃഷ്ണന്‍ പെരുമ്പള ഉദ്ഘാടനം ചെയ്തു. സാഹിത്യവേദി വൈസ് പ്രസിഡന്റ് പി എസ് ഹമീദ് അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണ ഉളിയത്തടുക്ക, രാഘവന്‍ ബെള്ളിപ്പാടി, ബാലകൃഷ്ണന്‍ ചെര്‍ക്കള, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, എരിയാല്‍ അബ്ദുല്ല, കെ എച്ച് മുഹമ്മദ്, കെ ജി റസാഖ്, ഇബ്രാഹിം അങ്കോല, എ ബെണ്ടിച്ചാല്‍, താജുദ്ദീന്‍ ബാങ്കോട്, മധു എസ് നായര്‍, സാൻ മാവില , പി വി കെ അരമങ്ങാനം എന്നിവര്‍ കവിത ചൊല്ലി. സാഹിത്യവേദി ട്രഷറര്‍ മുജീബ് അഹ് മദ് സ്വാഗതവും, വിനോദ് കുമാര്‍ പെരുമ്പള നന്ദിയും പറഞ്ഞു.

No comments:

Post a Comment