Tuesday, 11 October 2016

മാറ്റങ്ങൾ ഉണ്ടാകണം, അതെങ്ങിനെ സാധിക്കും ?/ സാകിർ അഹമ്മദ് പട്‌ല

മാറ്റങ്ങൾ ഉണ്ടാകണം,
അതെങ്ങിനെ സാധിക്കും ?

സാകിർ അഹമ്മദ് പട്‌ല

നാടിന്റെ പൊതുനന്മയ്ക്ക് വേണ്ടി പൊരുതുന്ന യുവാക്കൾ വളർന്നു വരിക തന്നെ വേണം.. രാഷ്ട്രിയവും മതവും അങ്ങിനെ സംഘടനകൾ ഏതുമുണ്ടാവട്ടെ. എല്ലാറ്റിലും നന്മയുടെ പൊതു വശങ്ങൾ കാണാതിരിക്കില്ല. അവക്കെല്ലാമുപരി ഒരു പൊതു ഇടം നമുക്കുണ്ടാവണം. ക്ലബ്ബുകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, ലൈബ്രറികൾ തുടങ്ങിയവയൊക്കെ സജീവമാകണം.
       
ഇവയൊക്കെ ഉണ്ടായാൽ പോര. ക്ലബ്ബുകൾ കാരംസ് കളിക്കാൻ മാത്രമുള്ള ഇടമല്ലെന്നും ലൈബ്രറി പത്രവായനയ്ക്ക്  മാത്രമല്ലെന്നും സാംസ്‌കാരിക കേന്ദ്രമെന്നത് ആണ്ടിലൊരു ഗാനമേളക്കുള്ള സംഘാടന കേന്ദ്രമല്ലെന്നുമുള്ള തിരിച്ചറിവും കുറഞ്ഞ പക്ഷം വേണം. പല ബാനറിന് കീഴിൽ ചില മുന്നേറ്റങ്ങളൊക്കെ പലപ്പോഴായി നടന്നിട്ടുണ്ടെന്നത് ആശ്വാസകരമാണ്. നമ്മുടെ നാട്ടിലെ യുവ സമ്പത്തിന്റെ വിനിയോഗം ഇത്ര പോര എന്ന മട്ടിലുള്ള ചർച്ചകൾ  പലപ്പോഴും നമ്മുടെ വാട്സാപ്പ് കൂട്ടായ്മകളിലൊക്കെ സജീവമായി വന്നിരുന്നു.

ഇത്തരം ചർച്ചകളുടെ ആകെ സാരാംശം   പരിശോധിക്കുമ്പോൾ അതിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന ആശയങ്ങളെ മുഖവിലക്കെടുത്തുകൊണ്ട്  ക്രിയാത്മക പ്രവർത്തനങ്ങളുടെ വാതായനങ്ങൾ തുറക്കുന്നതിൽ നാം ഒരു ചെറു വിരലനക്കമെങ്കിലും നടത്തിയിട്ടുണ്ടോ?. ഇല്ല എന്നാണെന്ന്   ഉത്തരമെങ്കിൽ നമുക്ക് രണ്ട് വഴി സ്വീകരിക്കാം. ചർച്ച നടന്ന വേദിയെയും അതിനെ സജീവമാക്കിയവരെയും വിമർശിച്ചു നാം എല്ലാം തികഞ്ഞവരാണെന്ന മട്ടിൽ തിരിഞ്ഞു നടക്കാം, മറ്റൊന്ന് അതിന്റെ ശരികളെ നല്ല മനസ്സോടെ സ്വീകരിച്ചു സ്വയം വിമർശനം നടത്തി വീഴ്ചകൾ കണ്ടെത്തി മുമ്പോട്ട് പോകാം. നാം യുവ ചേതനയുടെ  പൊതു രംഗത്തെ ഇടപെടലും നാടിൻറെ നിർമ്മാണാത്മകവും സാംസ്കാരികമുമായ മുന്നേറ്റത്തിന് വേണ്ടിയുള്ള നിസ്വാർത്ഥ പ്രവർത്തനങ്ങളും പുതിയ കരുത്തോടെ അതിലുപരി ആവേശത്തോടെ തുടരേണ്ടതിലെ ആവശ്യകത തന്നെയാണ് ഈ ചർച്ച നമ്മെ ശ്രദ്ധ ക്ഷണിക്കുന്നത്.

ഒന്നാം ഘട്ടം നാം യുവാക്കക്കിടയിലുള്ള ഐക്യം  സജീവമാവമാകണം. ഒരു മത സംഘടനയുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പ്രവർത്തനം നമ്മെ ഭിന്നിപ്പിക്കരുത്; ഭിന്നിപ്പിക്കാൻ അനുവദിക്കരുത്. മതവും രാഷ്ട്രീയവുമെല്ലാം നമ്മുടെ നന്മക്ക് വേണ്ടിയാണല്ലോ.  അതിലുള്ള പ്രവർത്തനം പൊതു സൗഹാർദ്ദത്തിന് വിഘാതം ഉണ്ടാക്കുമെന്ന് കരുതാൻ നിർവാഹമില്ല. നന്മക്കപ്പുറം ബ്രാൻഡ് ചെയ്യപ്പെട്ട പക്ഷപാതിത്വം ഉണ്ടാകുമ്പോഴാണ് പ്രശ്നം . ഇതിൽ വിജയിച്ചാൽ ലക്ഷ്യ പൂർത്തീകരണത്തിലേക്കുള്ള മുമ്പോട്ട് പോക്ക് സുഗമമായിരിക്കും.

ഇനി നമുക്ക് ചെയ്യാനുള്ളത് മുൻഗണന ക്രമത്തിൽ തീരുമാനിക്കണം. നമ്മുടെ ചുറ്റുപാടിനെ നിരീക്ഷിക്കണം പോരായ്മകളെ കാണണം.പ്രതിവിധികൾ കണ്ടെത്തണം. പൊതുബോധത്തോടൊപ്പം സഞ്ചരിക്കണമെന്നില്ല വേണ്ടിവന്നാൽ ഒഴുക്കിനെതിരെ നീന്താനാകണം. നമ്മുടെ നാടിൻറെ പൊതു പ്രശ്നങ്ങളിലേക്ക് സദാ കണ്ണെറിഞ്ഞു കൊണ്ടേയിരിക്കണം.

മൊഗ്രാലിനും തളങ്കരയ്ക്കും  മാത്രമല്ല പൊതു പൈതൃകവും സംസ്കാരവുമുള്ളത്, നമുക്കുമുണ്ടാവും. ഉണ്ടാകണമല്ലോ. എന്നിട്ടെന്തേ കാസർകോടൻ പൈതൃക ഭൂപടത്തിൽ ഒരു കൊച്ചിടം നമുക്ക് കൈവന്നില്ല? എന്തേ നമുക്ക് സ്വന്തമായി ഒരു കെട്ടിടമുള്ള സാംസ്‌കാരിക കേന്ദ്രം ഉണ്ടായില്ല ? (നമ്മുടെ സ്കൂൾ കുട്ടികൾക്കടക്കം വലിയ സേവനം നൽകാൻ ഇതിലൂടെ സാധിക്കുമായിരുന്നു ).  ഒരു ക്ലബിനോ അതു പോട്ടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പോലുമെന്തേ  ഇല്ലാതെ പോയി ?   (മത സംഘടനകൾക്ക് എത്ര വലിയ മുൻ‌തൂക്കം നമ്മൾ കൊടുക്കുന്നു എന്ന് ഇവിടെ മനസിലാക്കാം.അതിന്റെ പത്തിലൊന്ന് താല്പര്യമെടുത്താൽ ഒരു പൊതു സാംസ്‌കാരിക കേന്ദ്രം നമുക്കുണ്ടാവുമായിരുന്നു).

നല്ല ഫുട്ബോൾ കളിക്കുന്ന കുട്ടികളും ക്ലബ്ബുമുണ്ടായിട്ടും എന്തെ നമ്മളെവിടെയും എത്തിയില്ല ? നാട് മൊത്തം ലഹരിമാഫിയയുടെ കരാളഹസ്തത്തിൽ പിടയുമ്പോൾ നമ്മുടെ സ്കൂൾ പരിസരത്തേക്കും അവർ പാഞ്ഞടുത്തോ എന്ന ആധി നമുക്കെത്ര പേർക്കുണ്ടായി? നാടിന്റെ സമ്പൂർണ്ണ ശുചിത്വത്തിലും പൊതു ഇടങ്ങളുടെ സംരക്ഷണത്തിലും നമ്മുടെ ഭാഗവാക്ക് എന്തേ  നന്നേ കുറഞ്ഞു പോയി  ? ഒരുപാട് ചർച്ച നാം സംഘടിപ്പിച്ച നമ്മുടെ പൊതു വിദ്യാലയം മെച്ചപ്പെടുത്തി സ്വകാര്യ സ്കൂളുകളിലേക്കുള്ള കുത്തൊഴുക്ക് നിരുത്സാഹപ്പെടുത്താൻ ക്രിയാത്മകമായി നമുക്കെന്തേ ഒന്നും ചെയ്യാൻ കഴിയുന്നില്ല ? ഇതൊക്കെ നാം യുവാക്കളെയെങ്കിലും അസ്വസ്ഥമാക്കിക്കൊണ്ടേയിരിക്കണം.

ആ അസ്വസ്ഥയിൽ നിന്നും  പുതു ഊർജ്ജം കൈവരിക്കാനാകണം. എല്ലാം ഒറ്റയടിക്ക് ചെയ്തു കളയാമെന്ന മൗഢ്യതയൊന്നുമല്ല. ഇടയ്ക്കു നിന്ന് പോകാത്ത പ്രവർത്തനങ്ങൾക്ക് മനസ്സിനെ പാകപ്പെടുത്തി ഒരു തുടക്കമിട്ടാൽ നമുക്ക് കർമ്മപഥത്തിൽ വിജയിക്കാവുന്നതേയുള്ളു.  സജീവമായ പ്രാദേശിക ക്ലബ്ബുകളും ഒരു പൊതു സാംസ്‌കാരിക വേദി യുമൊക്കെ നിറഞ്ഞു നിന്ന് മത്സരാത്മകമായി രചനാത്മക മുന്നേറ്റങ്ങൾ നടത്തിയ തൊണ്ണൂറുകളുടെ നിറമുള്ള ഓർമ്മ നമുക്ക് മുമ്പിലുണ്ട്. പിന്നീട് ആ നന്മകളിൽ പലതും പിറകോട്ട് പോയത് പോലെ,  ചിലത് നിര്ജീവവും. ആരെയും കുറ്റപ്പെടുത്തുകയല്ല , പുതിയ സാഹചര്യങ്ങളുടെ സമ്മർദ്ദവും ജീവിത ശൈലിയിലെ മാറ്റവുമൊക്കെ ഈ കിതപ്പിന്റെ ഹേതുഭവിച്ചു.

ഒരു നാടിനെസംബന്ധിച്ചിടത്തോളം ചാരിറ്റി പ്രവർത്തങ്ങളോടും സാന്ത്വനപ്രവർത്തങ്ങനളോടുമൊപ്പം മേല്പറഞ്ഞവയോരോന്നും അനിവാര്യമാണ്. ചവുട്ടി നിൽക്കുന്ന ഭൂമിയിൽ ഈ നല്ല കാലത്തു നമ്മുടെ കയ്യൊപ്പു ചാർത്തിയില്ലെങ്കിൽ  ഒന്നിനും കൊള്ളാത്ത കാലത്ത് വരും തലമുറയുടെ മുൻപിൽ നാം തല താഴ്ത്തി ലജ്ജയോടെ നിൽക്കേണ്ടി വരും.

നമ്മുടെ ജില്ലയിലെ യുവാക്കളുടെ ഫാഷൻ ഭ്രമത്തിൽ മാത്രം ശ്രദ്ധ കേന്ദ്രികരിക്കുന്ന മനോഭാവത്തെ വിമർശിച്ചും പരിഹസിച്ചും സാമൂഹ്യ മാധ്യമങ്ങൾ  ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണല്ലോ. അവിടെയും ചർച്ച ചെയ്യുന്നത് നമ്മൾ യുവാക്കൾ തന്നെയാണ്. ഒരു ആഘോഷത്തിന് മാസങ്ങൾക്ക് മുമ്പേ ഈ വർഷത്തെ മോഡൽ എന്താണെന്നറിയാനും മറ്റും കാണിക്കുന്ന വ്യഗ്രത നിരാശാജനകമാണ്. ഓരോ സീസണിലും വ്യാപാരികൾ അവരുടെ സൗകര്യത്തിനുമിങ്കിതത്തിനുമനുസരിച്ച് തയ്യാറാക്കുന്ന ഡിസൈനിലുള്ള വസ്ത്രങ്ങൾ അതേപടി സ്വീകരിക്കുകയും, അല്ലാത്തതൊക്കെ പഴഞ്ചനുമെന്ന ചിന്ത നമ്മുടെ യുവാക്കളിൽ നല്ലൊരു ശതമാനത്തിനുണ്ടാക്കുന്നു. സ്വയം ഇഷ്ടങ്ങളെ അടിയറവ് വെച്ചു കച്ചവട തന്ത്രത്തിൽ ഫാഷന്റെ പേരിൽ വീണു പോകുന്ന യുവത്വത്തിനെങ്ങിനെ  ക്രിയാത്മകവും രചനാത്മകവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുമെന്നതും നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ട്.

 ഒരു മാറ്റം ഉണ്ടാക്കിയേ മതിയാവു. നമ്മെ പിന്നോട്ട് വലിക്കാൻ കാരണമെന്തെന്ന്  മേലെ പറഞ്ഞ സാഹചര്യം ഇന്നും അതേപടി നില നിൽക്കുകയാണെന്ന യാഥാർഥ്യം മനസ്സിലാക്കിക്കൊണ്ട് തന്നെ നമുക്ക്  വെല്ലുവിളി ഏറ്റെടുക്കേണ്ടതുണ്ട്. പുതിയ കാലത്തേക്ക് നമ്മുടെ നാടിനെ പൂർണാർത്ഥത്തിൽ സുസജ്ജമാക്കുന്നതിനു നമുക്ക് ഒരേ മനസ്സോടെ നില കൊള്ളാം. നാമൊരുങ്ങിപ്പുറപ്പെട്ടാൽ മാറ്റം നമുക്കൊപ്പമുണ്ടാവും.

No comments:

Post a Comment