Tuesday 4 October 2016

ഛായക്കൂട്ടിനോട് എന്നെന്നേയ്ക്കുമായി വിടചൊല്ലി യൂസുഫ് അറക്കല്‍ / അസ്‌ലം മാവില

ഛായക്കൂട്ടിനോട് എന്നെന്നേയ്ക്കുമായി വിടചൊല്ലി യൂസുഫ് അറക്കല്‍

http://www.kvartha.com/2016/10/yousuf-arakkal-no-more.html 

അസ്‌ലം മാവില

(www.kasargodvartha.com 04/10/2016) ബംഗളൂരു പ്രവര്‍ത്തന കേന്ദ്രമാക്കിയ മലയാളി, ചാവക്കാട്ടുകാരന്‍, പ്രശസ്ത തെന്നിന്ത്യന്‍ ചിത്രകാരന്‍, ഹിന്ദു പത്രം അദ്ദേഹത്തെ വിശേഷിപ്പിച്ചത് ''സമകാലീന മൗലിക കലാകാരന്‍'' എന്നാണ്(seminal contemporary artist). വരയ്ക്ക് പുറമെ അദ്ദേഹം നല്ലൊരു ശില്പികൂടിയാണ്. മണ്ണിലും മരത്തിലും കല്ലിലും വെങ്കലത്തിലും അദ്ദേഹം ശില്‍പങ്ങള്‍ തീര്‍ത്തിട്ടുണ്ട്.  കവിതകളും വഴങ്ങുമായിരുന്നു. സഹകലാകാരന്മാരെ കുറിച്ചുള്ള വാങ്മയചിത്രം പറയുന്ന അദ്ദേഹത്തിന്റെ പുസ്തകം ഇയ്യിടെയാണ് പുറത്തിറങ്ങിയത്. പേര് faces of creativity (സര്‍ഗ്ഗശക്തിയുടെ മുഖഭാവങ്ങള്‍).

ജനനം മലയാളത്തില്‍. HAL സ്ഥാപനത്തില്‍ ഡൈ മേക്കര്‍ ടെക്‌നീഷ്യനായി ജോലിയില്‍ പ്രവേശനം. വരയോടുള്ള  താല്‍പര്യം കര്‍ണാടക ചിത്ര കലാ പരിഷത്തില്‍ എത്തിച്ചു. 70 കളിലെ അദ്ദേഹത്തിന്റെ രചനകളില്‍ അധികവും  ചമഞ്ഞൊരുങ്ങിയ നഗരക്കാഴ്ചകളായിരുന്നു. തുടര്‍ന്ന് നഗരവല്‍കരണത്തിന്റെ ഇരകളുടെ ചിത്രങ്ങള്‍ പ്രമേയങ്ങളായി വന്നു. തുടര്‍ന്നദ്ദേഹതിന്റെ ശ്രദ്ധ സാമൂഹിക വിഷയങ്ങളിലൂന്നിയായി. ഓടകളിലും കല്‍ത്തറകളിലുമുള്ള മനുഷ്യ ജീവിതത്തെ കോറിയിട്ട അദ്ദേഹത്തിന്റെ പെയിന്റിങ്ങിനാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്.

രചനയുടെ വഴിയില്‍ സ്വന്തമായ ഇടം കണ്ടെത്തി. ഒരുപാട് ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. നടേപറഞ്ഞ 1983 ലെ ദേശീയ പുരസ്‌കാരവും അവയില്‍ പെടും. എന്നും കടുപ്പിച്ച ഛായങ്ങളോടായിരുന്നു അറയ്ക്കലിന് കൂടുതല്‍ ഇഷ്ടം. ഗംഗ, പാത്തുമ്മയുടെ ആട് തുടങ്ങിയവ അദ്ദേഹത്തിന്റെ വരകളില്‍ ഇടം നേടിയിട്ടുണ്ട്.

കര്‍ണ്ണാടകയില്‍ നടന്ന എല്ലാ കലാസാംസ്‌കാരിക സമ്മേളനങ്ങളിലും ചിത്രപ്രദര്‍ശനങ്ങളിലും യൂസുഫ് അറയ്ക്കല്‍ നിറസാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളും. ഇന്ത്യയിലങ്ങോളമിങ്ങോളം മുപ്പതിലധികം പ്രദര്‍ശനങ്ങള്‍ അദ്ദേഹം സംഘടിപ്പിച്ചു. ദല്‍ഹി മുതല്‍ തിരുവനന്തപുരം വരെ. തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹമെത്തി. മോസ്‌കോ, യു.എസ്.എ, ജപ്പാന്‍, ഹവാനാ, ധാക്ക, ന്യൂയോര്‍ക്ക്, ലണ്ടന്‍ തുടങ്ങിയ അവയില്‍ പെടും. സ്വന്തമായും അദ്ദേഹം വിദേശരാജ്യങ്ങളില്‍ ആര്‍ട്ട് എക്‌സിബിഷന്‍ സംഘടിപ്പിച്ചുണ്ട്. ഫ്രാന്‍സ്, സിംഗപ്പൂര്‍, ന്യൂയോര്‍ക്ക്, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആര്‍ട്ട് ഗാലറികള്‍ അദ്ദേഹമതിനായി ഉപയോഗിച്ചു. അത് കൊണ്ട് തന്നെ ഒരുപാട് അദ്ദേഹത്തിന്റെ എണ്ണച്ഛായ ചിത്രങ്ങള്‍ വിറ്റുപോയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയായിയിരുന്നു വിദേശികള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വിലയുറപ്പിച്ചിരുന്നത്.

www.yarakkal.com വെബ്‌പേജിന്റെ ആദ്യ പുറത്തു അദ്ദേഹം കുറിച്ചത് നിങ്ങള്‍ക്ക് ഇങ്ങിനെ വായിക്കാം. 'There is an anguished being, disturbed and in distress somewhere deep inside me. A human being who yearns for a meaningful existence. It is the human presence that arouses my attention and stirs my creative inner space. I have been committed through my work, seeking a definition of human situations.' ഞാന്‍ മനസ്സിലാക്കിയ ഭാഷാന്തരം കൂടി എഴുതാം.

കഠിനമായ വ്യഥ, എന്റെ മനസ്സിലെവിടെയോ ആഴത്തില്‍ പ്രയാസപ്പെടുത്തുകയും അതസഹ്യമാക്കുകയും ചെയ്തു.  മനുഷ്യനെന്നാല്‍ അര്‍ത്ഥവത്തായ നിലനില്‍പ്പ് അഭിലഷിക്കുന്നവനാണ്. എന്റെ ശ്രദ്ധയെ ഉദ്ധീവിപ്പിക്കുന്നതും സൃഷ്ടിപരമായ എന്റെ അന്തരാളത്തെ ഉത്തേജിപ്പിക്കുന്നതുമായ അത്തരമൊരു മനുഷ്യന്റെ സജീവസാന്നിധ്യമാണത്.  രചനകളിലും പ്രയത്‌നങ്ങളിലുമായുള്ള എന്റെ നിയോഗമെന്നത് മനുഷ്യഭാവത്തെ കുറിച്ചുള്ള ശരിയായ നിര്‍വചനം അന്വേഷിച്ചു കണ്ടെത്തുന്നതിലാണ്'' 

ഇനി പേജുകളില്‍ അദ്ദേഹത്തിന്റെ കരസ്പര്‍ശമുണ്ടാകില്ല എന്നത് മാത്രമാണ് യൂസുഫ് അറക്കലിനെ സ്‌നേഹിക്കുന്നവരുടെ ദുഃഖം. അപരന്റെ ദുഃഖം തന്റേതുകൂടിയാണെന്ന് തിരിച്ചറിഞ്ഞ ആ കലാകാരന്‍ ഇന്നേയ്ക്ക്  (ചൊവ്വ) ഛായക്കൂട്ടിനോട് വിടചൊല്ലി. ആ ജീവിതകാലം ഇനി 1945 മുതല്‍ 04 ഒക്ടോബര്‍ 2016 വരെ. യുവ കലാകാരന്മാര്‍ അദ്ദേഹത്തിന്റെ സൃഷ്ടികളെയും ഛായാചിത്രങ്ങളെയും ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ സമകാലികര്‍ അനുശോചന സന്ദേശങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തി. കേരളത്തിന്റെ പുത്രനായ യൂസഫ് അറക്കലെന്ന പ്രതിഭയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ അശ്രുകണങ്ങള്‍ !

No comments:

Post a Comment