Saturday, 8 October 2016

ഉരുണ്ടു നീങ്ങുന്ന ആനവണ്ടി ക്ലച്ച് പിടിക്കാന്‍ ഇതാ ചില നിര്‍ദേശങ്ങള്‍ / അസ്‌ലം മാവില

ഉരുണ്ടു നീങ്ങുന്ന ആനവണ്ടി ക്ലച്ച് പിടിക്കാന്‍ ഇതാ ചില നിര്‍ദേശങ്ങള്‍

അസ്‌ലം മാവില
http://www.kvartha.com/2016/10/suggestions-for-save-ksrtc.html


കേരളത്തില്‍ ആയിരക്കണക്കിന് സ്വകാര്യ ബസുകളുണ്ട്. കേരളത്തിന് പുറത്തും അതിന്റെ നൂറുമടങ്ങുണ്ടാകും. ഒരിടത്തും ഒരു പണിക്കാരനും ശമ്പളം തന്നില്ലെന്ന് പരാതി പറഞ്ഞു പണിമുടക്കിയതായി കേട്ടു കേള്‍വിയില്ല. പണി മുടങ്ങിയതായി വാര്‍ത്തയുമില്ല. അവര്‍ പണിമുടക്കിയിട്ടുണ്ട്, കിളിക്ക് അടികിട്ടിയാല്‍, കണ്ടക്ടറെ യാത്രക്കാരാരെങ്കിലും കൊങ്ങയ്ക്ക് പിടിച്ചു പൂശിയാല്‍, അനാവശ്യമായി അവരെ ദേഹോപദ്രവം ഏല്‍പ്പിച്ചാല്‍...

നമ്മുടെ സര്‍ക്കാര്‍ ബസ് ഡ്രൈവര്‍മാര്‍ക്കെന്താണ് പ്രശ്‌നം? അവര്‍ക്ക് ശമ്പളം കിട്ടാത്തതിന്റെ റൂട്ട്‌കോസ് (മൂലകാരണം) എന്താണ്? കിടപ്പാടം മൊത്തം പണയം വെച്ചിട്ടും എന്തുകൊണ്ടാണ് ആ ഡിപ്പാര്‍ട്‌മെന്റ് പിന്നെയും പിന്നെയും പിറകോട്ടു തന്നെ പോകുന്നത്?

അതിന്റെ കാരണം ആ വകുപ്പ് നടത്തുന്നവര്‍ തന്നെ ആലോചിക്കണം. തറവാട്ടില്‍ മാസാമാസം കഞ്ഞികുടി മുട്ടാന്‍ കാരണമെന്തെന്ന് കാരണവന്മാരും കെട്ട്യോളും കുട്ടികളുമാണ് ഒരു പുനരാലോചനയ്ക്ക് വിധേയമാക്കേണ്ടത്, നാട്ടുകാരല്ല. 68 ഡിപ്പോയും പണയം വെച്ചിട്ടു പോലും കുളിര് വരാത്ത ജീവനക്കാരുണ്ടെങ്കില്‍ വണ്ടിക്കല്ല ആദ്യം തകരാറു തീര്‍ക്കേണ്ടത്, അത് പിന്നെയുമാകാം, ആ ഡിപ്പാര്‍ട്‌മെന്റില്‍ ടൈംഷീറ്റില്‍ ഒപ്പിടുന്ന മുഴുവന്‍ ജീവനക്കാര്‍ക്കുമാണ്. ഇല്ലെങ്കില്‍ ബാക്കിയുള്ള 25 എണ്ണം കൂടി പണയം വെച്ച് ഡിപ്പോ മൊത്തം പണ്ടാരമടക്കും.  (ഈ 25ല്‍ തന്നെ അഞ്ചു എണ്ണം വര്‍ക്ക് ഷോപ്പുകളാണ്, അത് പണയപ്പെടില്ല. ബാക്കി ഇരുപതെണ്ണത്തിന് ആധാരവും പട്ടയവും ഇല്ല. ഇത് രണ്ടുമില്ലെങ്കില്‍ ബാങ്കുകള്‍ പോകട്ടെ, നാട്ടിന്‍പ്രദേശത്ത് ഗുണ്ടകളെ വെച്ച് നടത്തുന്ന വട്ടിപ്പലിശക്കാരന്‍ പാണ്ടി അരശു പോലും ഒരു നയാപൈസ മണപ്പിക്കാന്‍ തരത്തുമില്ല).

ഒരു പൗരനെന്ന നിലയില്‍ എന്റെ അഭ്യര്‍ത്ഥന ബാക്കിയുള്ള 20 ഡിപ്പോകള്‍ക്ക് ഒരു കാരണവശാലും സര്‍ക്കാര്‍ പട്ടയം കൊടുക്കരുത്. (സംഭവം ഫ്‌ളാഷായത് കൊണ്ട് ഈ പേരും പറഞ്ഞു ഉടനെ ഒരു സമരത്തിന് സ്‌കോപ്പുമുണ്ട്). ഇനിയും ഒരുപാട് തലമുറ വരാനുണ്ട്, കെഎസ്ആര്‍ടിസിയില്‍ അവര്‍ക്കൊക്കെ കിളി, കണ്ടക്ടര്‍, ഡ്രൈവര്‍, ആപ്പീസര്‍, തേപ്പ്, തൂപ്പ് ജോലിക്കൊക്കെ അപേക്ഷിക്കാനുമുണ്ട്. അത് കൊണ്ട് പട്ടയമില്ലാത്ത 20 ഡിപ്പോകള്‍ അങ്ങിനെത്തന്നെയിരിക്കട്ടെ.

ഒരു കണക്കു കണ്ടിട്ട് ഉണ്ടായ ഷോക്ക് ഇത് വരെ മാറിയിട്ടില്ല. ഈ സ്ഥാപനത്തില്‍ മൊത്തം ജോലിക്കാര്‍ 44,750, പെന്‍ഷന്‍ പറ്റി അതിന്റെ സുഖത്തില്‍ കഴിയുന്നവര്‍ 38,000. എന്ന് വെച്ചാല്‍ നിലവില്‍ പണിയെടുക്കുന്ന പത്ത് പേര്‍ക്ക് ശമ്പളം കൊടുക്കുമ്പോള്‍ തന്നെ പണിവിട്ട 8 പേര്‍ക്ക് വേറെയും പണം കണ്ടത്തെണം. അങ്ങിനെയാണ് വായ്പ വാങ്ങാന്‍ തുടങ്ങുന്നത്. ഒരു സുന്ദരന്‍ നാടാര്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായപ്പോള്‍ ആ പാവത്തിനെ വളച്ചെടുത്തു ധൃതിയില്‍ പാസാക്കി എടുത്തതാണ് പോലും അന്നത്തെ പെന്‍ഷന്‍ പദ്ധതി. അതില്‍ തന്നെ ഒരുപാട് അപാകത ഉണ്ടത്രെ.

കെഎസ്ആര്‍ടിസിക്ക് വായ്പ കൊടുക്കാന്‍ മാത്രമായി വേറൊരു കോര്‍പ്പറേഷനും നാട്ടുകാരുടെ ചിലവില്‍ തുടങ്ങി ഫിക്‌സഡ് ഡെപ്പോസിറ്റ് വാങ്ങി ഒരു കെടിഡിഎഫ്‌സി. ഇവരാണെങ്കില്‍ അതിലും വലിയ കട്ട വിറ്റാണ്, തോന്നിയപോലെ പലിശ എഴുതിയാണ് ''ആനവണ്ടി''ക്ക്  വായ്പ കൊടുക്കുന്നത്. പതിനാറ് ശതമാനം വരെ പലിശക്ക് പണം കൊടുത്തുവെന്നാണ് കേള്‍ക്കുന്നത്. അങ്ങിനെ വര്‍ഷാവര്‍ഷത്തെ കണക്കില്‍ ''മാത്രം''  കെടിഡിഎഫ്‌സി നല്ല ലാഭത്തിലും കെഎസ്ആര്‍ടിസി പലിശക്കടത്തില്‍ കുത്തു പാളയെടുത്തും!

നാലുമാസമായി ശമ്പളം കിട്ടാതെ കഴിയുന്നവര്‍ തൊട്ടടുത്ത പലചരക്ക് കടയില്‍ പോയി സാധനങ്ങള്‍ കടമായി വാങ്ങുമ്പോള്‍ പറ്റുബുക്കില്‍ കടമുതലാളി എത്ര എഴുതി എന്ന് ആ പാവങ്ങളാരും നോക്കാറില്ല. അത്‌പോലെ വായ്പ വാങ്ങാന്‍ പോയ കെഎസ്ആര്‍ടിസിക്കാര്‍ 'ഇക്കുറി പലിശപ്പണം കൂടിയുട്ടുണ്ടല്ലോ, ഇത് ശരിയല്ലല്ലോ, ഞങ്ങള്‍ മുകളില്‍ റിപ്പോര്‍ട്ട് ചെയ്യും' എന്ന് ചോദിക്കാറും പറയാറുമുണ്ടാകില്ല, തിരിച്ചു കൊടുക്കുന്നുണ്ടെങ്കിലല്ലേ അതൊക്കെ ചോദിക്കേണ്ടൂ എന്ന് അവര്‍ കരുതിക്കാണും.

നഷ്ടത്തില്‍ ഓടുന്ന ഈ ഡിപ്പാര്‍ട്ടമെന്റ് നന്നാക്കാന്‍ ഏതായാലും സര്‍ക്കാരും മന്ത്രിയും പുതിയ എംഡിയും ഒരു ശ്രമം നടത്തുമല്ലോ. അക്കൂട്ടത്തില്‍ ഒരു സാധാരണക്കാരന്റെ മനസ്സില്‍ തോന്നുന്ന ചില  നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിലേക്കും വായനക്കാരുടെ മുന്നിലേക്കും കുറിക്കട്ടെ.

1. അതത് ജില്ലയിലെയോ താലൂക്കിലെയോ സ്വകാര്യ ബസ് ജീവനക്കാരെയും അതിന്റെ മുതലാളിമാരെയും കെഎസ്ആര്‍ടിസിക്കാര്‍ കാണണം. എങ്ങിനെയാണ് അവര്‍ ശമ്പള വകയില്‍ വരുമാനം ബാക്കിയാക്കുന്നതെന്ന് അറിയണം. എന്തായാലും കിടപ്പാടം പണയം  വെച്ചായിരിക്കില്ല വട്ടചിലവിനും വണ്ടിചെലവിനും അവര്‍ സോഴ്‌സ് കണ്ടെത്തുന്നത്. ഒരു സ്വകാര്യ ബസ് മുതലാളി ട്വീറ്റ് ചെയ്തത് ഇങ്ങനെ  ''എന്റെ ബസിന് നാല് ജീവനക്കാര്‍. ഡ്രൈവര്‍, കണ്ടക്ടര്‍, കിളി, കിക്കിളി. അവര്‍ക്ക് നാലുപേര്‍ക്കും ഞാന്‍ കൊടുക്കുന്ന ശമ്പളം 95,000 രൂപ. കെ എസ്ആര്‍ടിസിക്കാരന്റെ വണ്ടിയില്‍ പുറത്തു നിന്നുള്ള ഒരാള്‍ കാണുന്നത് 2 പണിക്കാര്‍. അവരുടെ ശമ്പളം+പെന്‍ഷന്‍ ഇനത്തില്‍ രണ്ടര ലക്ഷം രൂപ.''

2. 13 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്താല്‍ ഡബിള്‍ ഡ്യൂട്ടി എന്ന വിചിത്ര സമ്പ്രദായം പിന്‍വലിപ്പിക്കാന്‍ ആനവണ്ടിയുടെ ഉപ്പും ചോറും തിന്നുന്നവര്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയേ തീരൂ. പകരം യാത്രക്കാരൊന്നിനു ഇത്ര ശതമാനം കമ്മീഷന്‍ ജീവനക്കാര്‍ക്ക് നല്‍കുക. എങ്കിലേ അവര്‍ക്കും ഒരു താല്‍പര്യമുണ്ടാകൂ. ഇല്ലെങ്കില്‍ ചന്ദ്രഗിരി പാലത്തില്‍ കൂടി ഒന്നിന്റെ പിന്നാലെ മറ്റൊന്ന് എന്ന കണക്കെ ഇങ്ങനെ നേരവും കാലവുമില്ലാതെ ഓടുന്ന അവസ്ഥ നിലനില്‍ക്കുകയേയുള്ളൂ. ഒരു എക്‌സെല്‍ ഷീറ്റില്‍ ചില ഫോര്‍മുലകള്‍ ചേര്‍ത്താല്‍ തീരുന്ന പ്രശനങ്ങളാണ് കമ്മീഷന്‍ കണക്കൊക്കെ.

3. മിക്ക സ്ഥലങ്ങളിലും കെഎസ്ആര്‍ടിസിക്ക് സ്വന്തമായ ബസ് സ്റ്റാന്‍ഡുകളുണ്ട്. അവ എങ്ങിനെ കൂടുതല്‍ കൊമേഴ്‌സ്യലാക്കാമെന്ന് ഉന്നതര്‍ ആലോചിക്കണം. ജനങ്ങള്‍ ആകര്‍ഷിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്ന വിഭവങ്ങള്‍ ആണ് അവിടെയുള്ള ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ ഒരുക്കേണ്ടത്. ഗുജ്‌ലി കടയും മുറുക്കാന്‍ കടയും പിന്നെ ഒയഞ്ഞ ഉഡുപ്പി റെസ്‌റ്റോറെന്റും തുറന്നാല്‍ ഇക്കാലത്തു ആരാണ് അവിടെ അടുക്കുക? ഇടക്കിടക്ക് ബമ്പര്‍ സമ്മാനങ്ങളൊക്കെ വെച്ച് വ്യാപാരത്തിന് കൊഴുപ്പ് കൂട്ടാമല്ലോ.

വേറെയും ചില നിര്‍ദേശങ്ങള്‍ അനുബന്ധമായി ചുവടെ

1. ആനവണ്ടിക്കകത്തു തീരെ വൃത്തിയില്ല എന്ന് ഒരു പറച്ചിലുണ്ട്. സ്വകാര്യ ബസിലെ ഡ്രൈവറും കണ്ടക്ടറും കിളിയും എങ്ങിനെയാണ് രാത്രി കഴുകി വൃത്തിയാക്കുന്നത് അത്‌പോലെ നിങ്ങള്‍ക്കും ചെയ്യാമല്ലോ. അവനവന്റെ കുടുംബം നിലനിര്‍ത്തുന്ന ജീവിയാണ് എന്ന പരിഗണന ഇതിന്  നല്‍കണം.

2. അഞ്ഞൂറ് രൂപയുടെ ചില്ലറ (നോട്ടായും കോയിനായും) രാവിലെ തന്നെ കണ്ടക്ടര്‍മാര്‍ ബാഗില്‍ നിര്‍ബന്ധമായും വെക്കണം. ഒരത്യാവശ്യത്തിനു അതിരാവിലെ ഈ ആനവണ്ടിയില്‍ കയറിയാല്‍ ബസ്സിനകത്തു കാണുന്ന പ്രധാന ഇഷ്യൂ ചില്ലറ ഇല്ലാത്തതിന്റെ പേരില്‍ കസ്റ്റമറോടു കണ്ടക്ടര്‍ തല്ലുകൂടുന്നതാണ്. അടുത്ത ദിവസത്തേക്കുള്ള 500 രൂപയുടെ ചില്ലറ ബാക്കിവെച്ചുള്ള അക്കൗണ്ട് ക്ലോസിംഗ് മതി എല്ലാ ദിവസവും ഡ്യൂട്ടി തീരുമ്പോള്‍.

3. ബസ്സിന്റെ ഏറ്റവും പിന്നിലായി ഇടതു വശത്തെ നിരയില്‍ ഒരു സീറ്റ് കണ്ടക്ടര്‍ക്ക് റിസര്‍വ്വ് ചെയ്തിട്ടുണ്ട്. അത് ഒഴിവാക്കണം. ആ സീറ്റില്‍ തന്നെ നീങ്ങി നിരങ്ങി ഇരിക്കുകയുള്ളൂ എന്ന വാശി കണ്ടക്ടര്‍മാര്‍ ചിലപ്പോഴൊക്കെ കാണിക്കാറുണ്ട്. സീറ്റുണ്ടെങ്കില്‍ എവിടെയും ഇരിക്കാമല്ലോ. പ്രൈവറ്റ് ബസിലിമ്മാതിരി ഏര്‍പ്പാട് തന്നെയില്ല. ആ സീറ്റ് കൂടി സീനിയര്‍ സിറ്റിസണിനു വിട്ടുകൊടുക്കുക.

4. സാധാരണ ബസ് സ്‌റ്റോപ്പിന് പത്തു മീറ്റര്‍ മുമ്പില്‍ നിര്‍ത്തുക അല്ലെങ്കില്‍ 15 മീറ്റര്‍ പിറകില്‍ നിര്‍ത്തുക എന്നത് കെഎസ്ആര്‍ടിസി ബസ് ഓപ്പറേഷനില്‍ മാത്രം കാണുന്ന കീഴ് വഴക്കമാണ്. ആനവണ്ടിയുടെ ബ്രേയ്ക്കിന് വല്ല പ്രശ്‌നം ഉണ്ടെങ്കില്‍ അത് തീര്‍ക്കണം. യാത്രക്കാര്‍ക്ക് ഇതെപ്പോഴും കണ്‍ഫ്യുഷനാണ്. കൈക്കുഞ്ഞുങ്ങളായും അല്ലാതെയും ഓടുന്ന സ്ത്രീകളാണ് പെട്ട് പോകുന്നത്. അല്ലെങ്കില്‍ തന്നെ ബസ് യാത്രക്കാര്‍ കുറഞ്ഞു കുറഞ്ഞു വരികയാണ്. 2010 ല്‍ 32 ലക്ഷം യാത്രക്കാര്‍ എന്നത് 2015 ആകുമ്പോഴേക്കും 28 ലക്ഷമായി കുറഞ്ഞു. ഇക്കൊല്ലം അത് 27ല്‍ ഒതുങ്ങുമെന്നാണ് കേള്‍ക്കുന്നത്. ഇതും കൂടിയാകുമ്പോള്‍ ആനവണ്ടിയില്‍ കയറുന്നത് മാക്‌സിമം ഒഴിവാക്കും.

5. ഒരു കിളി ഇല്ലാത്ത കാരണം പലപ്പോഴും ബസ് യാത്രക്കാര്‍ അപകടത്തില്‍ പെടാറുണ്ട്. മിക്ക ബസപകടങ്ങളിലും ആനവണ്ടി ഏന്തി വലിഞ്ഞുണ്ടാകും. കയറിയോ ഇല്ലയോ എന്നൊന്നും ഉറപ്പാക്കാതെ ആനവണ്ടിയുടെ ഒരു തലക്കല്‍ നില്‍ക്കുന്ന കണ്ടക്ടര്‍ക്ക് നേരെ ചൊവ്വെ സിഗ്‌നല്‍ നല്കാന്‍ എന്തായാലും സാധിക്കില്ല. വണ്ടിയൊന്നിന് എട്ട് ജീവനക്കാര്‍ ഉണ്ടെന്നാണ് കണക്ക്. മുകളില്‍ നിന്ന് ഒരെണ്ണത്തെ കുറച്ചു ഏറ്റവും താഴെ ഒരു 'കിളി' പോസ്റ്റ് ഉണ്ടാക്കിയാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ. പത്തില്‍ തോറ്റ പിള്ളേര്‍ക്ക് അങ്ങിനെയും ഒരു ജോലി കിട്ടട്ടെ. തുടര്‍ച്ചയായുള്ള അപകടങ്ങള്‍ മൂലം ഉണ്ടാകുന്ന നഷ്ടം കവര്‍ ചെയ്യാനാണ് യാത്രാക്കൂലി ഇടക്കിടക്ക് വര്‍ദ്ധിപ്പിക്കുന്നതെന്ന പറച്ചില്‍ പൊതുവെ ഉണ്ട്.

6. ഏറ്റവും അവസാനം, ഈ വകുപ്പ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഏറ്റെടുക്കണം. കത്തി തീരാറായ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്‌മെന്റിനെ പൗര്‍ണ്ണമി രാവാക്കിയ ഒരു മന്ത്രി ഉണ്ടെങ്കില്‍ അത് ശ്രീ പിണറായി വിജയന്‍ മാത്രമാണ്. അന്ന് അദ്ദേഹം കാണിച്ച മാന്ത്രിക സ്പര്‍ശം കെഎസ്ആര്‍ടിസി വകുപ്പിലുമുണ്ടായാല്‍ ഈ പൊതുമേഖല സ്ഥാപനം മുന്നോട്ട് പോകും. എ കെ ശശീന്ദ്രന് വേറെ വകുപ്പ് കൊടുക്കാമല്ലോ.

എത്രകാലം ഈ ഡിപ്പാര്‍ട്‌മെന്റ് പണയം വെച്ച് ശമ്പളം കൊടുക്കും. ബാങ്കിന്റെ പരിസരത്തു പെട്ടിയും പ്രമാണവും പിടിച്ചു വല്ല ട്രാന്‍സ്‌പോര്‍ട്ട്  ഉദ്യോഗസ്ഥനെ കണ്ടാല്‍ ബാങ്കുകാര്‍ ഇനി പൂവിട്ടു സ്വീകരിക്കുമോ? പണയപ്പെടുത്തുക എന്ന് പറഞ്ഞാല്‍ അത് പിന്നീട് തിരിച്ചടക്കുക എന്ന് പരോക്ഷാര്‍ത്ഥമില്ലേ? 

അത് കൊണ്ട് അടിമുടി മാറിയേ പറ്റൂ. തൊട്ടടുത്ത സംസ്ഥാനങ്ങളിലും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും വണ്ടിയും ഓട്ടവുമൊക്കെയുണ്ടല്ലോ. പുറം രാജ്യങ്ങളിലും ഇതേ പോലെ നിരത്തില്‍ ബസുകള്‍ ഓടുന്നുമുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, പ്രാഥമിക സൗകര്യങ്ങള്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനും പകര്‍ത്താനും വിദേശങ്ങളില്‍ നിന്നും സ്വദേശത്തു നിന്നും കേരളത്തിലേക്ക് ചില സംഘങ്ങള്‍ വരാറില്ലേ? ''ബാക്കിയൊക്കെ ഞങ്ങള്‍ ഓക്കേയാണ്. ആനവണ്ടി നടത്തിപ്പില്‍ ക്ലച്ചു പിടിച്ചില്ല'' എന്നും പറഞ്ഞു നമുക്ക് അങ്ങോട്ടും ഒന്ന് രണ്ടു സംഘങ്ങളെ അയച്ചാല്‍ എന്താ കുഴപ്പം? ഡിപ്പോ പണയം വെച്ചതൊന്നും പറയണ്ട, ബാക്കിയൊക്കെ പറയാമല്ലോ. പ്രായോഗികമെങ്കില്‍ നമുക്കും നടപ്പിലാക്കാം.

പണ്ട് സ്റ്റാലിന്‍ പറഞ്ഞത് പോലെ (Death is the solution to all problems), കെഎസ്ആര്‍ടിസിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം അത് പൂട്ടിയിടലാണ് എന്നാകുന്നതിന് മുമ്പ് അധികൃതര്‍ ഉണരട്ടെ.

No comments:

Post a Comment