Tuesday, 11 October 2016

''പ ട്‌ ല '' , ''പ ട്ട് ള'', ''പ ട്‌ ള'' - ഇനിയും ഒന്നിൽ ഉറപ്പിക്കാൻ നേരമായില്ലേ ? / അസ്‌ലം മാവില

''പ ട്‌ ല '' ,  ''പ ട്ട് ള'',  ''പ ട്‌ ള''
ഇനിയും ഒന്നിൽ ഉറപ്പിക്കാൻ നേരമായില്ലേ ?

അസ്‌ലം മാവില

നമ്മുടെ ഗ്രാമത്തിനു  പേരാണ് പട്‌ല. അങ്ങിനെ മാത്രമേ മുമ്പൊക്കെ ആരും എഴുതിയിരുന്നുള്ളൂ. സർക്കാർ സ്ഥാപനങ്ങളിൽ മൊത്തം പട്‌ല  എന്നാണ്. ഇപ്പോൾ അത് കൂടാതെ   പട്ല, പട്ട്ള എന്നൊക്കെ പേരിനൊപ്പവും , വിലാസത്തിനൊപ്പവും   ചേർക്കുന്നത് കാണാം. ബസ്സിലും ''പട്ട്ള'' എന്നാണ് എഴുതി വെച്ചിരിക്കുന്നത്.

ആകെയുള്ളത് ചെറിയ ഒരു ലൊക്കാലിറ്റി. അത് തന്നെ  നമുക്ക് ''എക്കെസെക്ക്'' ആയാൽ എങ്ങിനെയാണ്? ഇംഗ്ലീഷിൽ എഴുതുമ്പോൾ ശരിയാകുന്നു, PATLA,  മലയാളത്തിൽ എഴുതുമ്പോൾ എന്തേ ഇത്ര സംഭ്രമം, confusion ?

''ട'' എന്ന അക്ഷരം ശരിയായി വായിച്ചാൽ തീരുന്ന പ്രശ്നമാണ്. അവിടെ ''ട്ട'' എന്ന് ഉച്ചരിക്കേണ്ട പ്രശ്നം തന്നെ ഉദിക്കുന്നില്ല. പട്‌ല എന്നത് നമ്മുടെ ധാരണ അത് ''PADLA '' എന്നാണ്. അങ്ങിനെയല്ല PATLA യാണ് പട്‌ല.

''പട്ട്ല'' എന്ന് ആരും എഴുതാറില്ലല്ലോ. അത് പോലെ തന്നെ ശരിയല്ലാത്തതാണ് ''പട്ട്ള'' എഴുതുന്നതും.  ആളുകളുടെ coloquial, വ്യവഹാര ശൈലി നോക്കി ഒരു നാടിനും പേരെഴുതാൻ പറ്റില്ല.  ചീതാംകോൽ എന്ന് പറയുന്നത്   കൊണ്ട് സീതാംഗോളിയെ മാറ്റി എഴുതാൻ പറ്റുമോ ? ഇല്ലല്ലോ. ഉളിയത്തടുക്കയെ വേറെന്തൊക്കെയോ മാറ്റത്തിരുത്തലുകളോടെ എഴുതണമല്ലോ. മറൂറ് എന്നാണ് മധൂരിനെ പലരും പറയുന്നത്.

പട്‌ലയുടെ പേരിന്റെ ചരിത്രമെന്ത് തന്നെയാകട്ടെ. പക്ഷെ അതൊരിക്കലും പട്ട്ള എന്നതിലേക്കെത്തില്ല.

ഒരു കാലത്ത് ഒരു കൃഷിയും നടത്താതെ   പട്‌ല് ഇട്ട  (കൃഷി ചെയ്യാതെ) സ്ഥലമായിരുന്നു ഈ പ്രദേശമെന്നും അങ്ങിനെയാണ്  പിന്നീട് പട്‌ല എന്നായതെന്നൊക്കെ പറച്ചിലുണ്ട്.  എനിക്കാവാദത്തോടും  യോജിപ്പില്ല. നമ്മുടെ നാട്ടിൽ വളരെ പണ്ട് മുതൽ തന്നെ കൃഷി ഉണ്ടായിരുന്നുവെന്നതിനു സാഹചര്യത്തെളിവുകളുണ്ട്. വലിയ നീളത്തിൽ ഒഴുകുന്ന പുഴ.  പുഴയ്ക്കിരുവശമായി കൃഷിക്കളങ്ങൾ.   പിന്നെ എങ്ങിനെയാണ് അത്  തരിശ് നിലമാകുന്നത്.

''പാടല'' എന്ന വാക്കിനു പശു എന്നർത്ഥം കാണുന്നു, പക്ഷെ ദക്ഷിണ കർണാടകയുടെ ഭാഗമായിരുന്ന കാസർകോട് ഭാഗങ്ങളിൽ  ഒരിക്കലും മലയാള പേരുകൾക്ക് വലിയ സാധ്യതയില്ല. ഏതോ ഒരു കന്നഡ പേര് ഇതിന്റെ പിന്നിലുണ്ട്, അതറിയാൻ തീർച്ചയായും കന്നഡ ഭാഷയിൽ നല്ല അവഗാഹമുള്ളവരെ സമീപിക്കണം. മായിപ്പാടി, മധൂർ തുടങ്ങിയവയൊക്കെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ പേരും ഊരുമാണ്. അതിനവർക്ക് വീമ്പ് പറയാൻ മാത്രം കുറച്ചു അവശേഷിപ്പുകൾ ഉണ്ടും താനും. നമ്മുടെ നാട്ടിൽ പറയാൻ മാത്രം ഒരു ചരിത്രമുറങ്ങി കിടക്കുന്നുണ്ടോ ? പേരിന്റെ വേരന്വേഷിക്കുമ്പോൾ തീർച്ചയായും ഉണ്ടാകുന്ന സംശയമാണ്.

ഒരാൾപോലും തലമുറ-തലമുറയായി  കൈമാറാൻ പാകത്തിന് ഒരു ചരിത്രവും എഴുതാതെയും പറയാതെയുമാണ് മണ്മറഞ്ഞത്. അത്കൊണ്ട് തന്നെ ആധികാരികവും പ്രാമാണികവുമായ പിൻബലം നാം എഴുന്നള്ളിക്കുന്ന  ഒരു അവകാശവാദത്തിനുമില്ല. 7 കുടുംബങ്ങൾ, 14 കുടുംബങ്ങൾ, 21 കുടുംബങ്ങൾ ഇങ്ങിനെ ഏഴിന്റെ പെരുക്കങ്ങൾ കൊണ്ടുള്ള ചരിത്രവായന പലപ്പോഴും കേൾക്കാറുണ്ട് നമ്മുടെ നാട്ടിൽ. അതൊരു പക്ഷെ മുസ്ലിം കമ്മ്യൂണിറ്റിയുടെ ചരിത്രം പറയാൻ ഉപയോഗിക്കുന്ന സൂത്രവാക്യങ്ങളാകാം.

ഞാൻ മനസ്സിലാക്കുന്നത് മുസ്ലിംകൾക്ക് മുമ്പ് ഇവിടെ ഹിന്ദുക്കൾ ഉണ്ടായിരിക്കണമെന്നാണ്. ജാതി സമ്പ്രദായം നിലനിന്നിരുന്ന ഒരു അന്തരീക്ഷവും ഉണ്ടായിരിക്കണം. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ ഇവർ വെവ്വേറെ പ്രദേശങ്ങളിൽ താമസിച്ചിരുന്നത് പോലെ തോന്നിയിട്ടുമുണ്ട്. വൈശ്യരുടെ സൂചന അല്പം കുറവാണ്.

കൃഷിയാവശ്യത്തിനോ കച്ചവട ആവശ്യത്തിനോ മറ്റോ  ഈ പ്രദേശത്തേക്ക് വന്ന ഒരു മുസ്ലിമിനെ, തങ്ങൾക്ക് കൽപ്പിക്കാത്ത പരിഗണന ഉയർന്ന ജാതിയിൽ പെട്ടവർ നൽകുന്നത് താഴ്ന്ന വിഭാഗങ്ങളുടെ  ശ്രദ്ധയിൽ പെടാൻ സാധ്യത കൂടുതലാണ്. അവർ അത്തരമൊരു വിശ്വാസത്തെ കുറിച്ച് അന്വേഷിച്ചിരിക്കണം. ജാതി നീരാളി പിടുത്തത്തിൽ നിന്നും വിടുതി നേടാൻ അന്ന് പൊതുവെ ഉണ്ടായിരുന്ന രീതി അവരും അവലംബിച്ചിരിക്കണം.   പിന്നീട് കുടുംബബന്ധങ്ങൾ ഉണ്ടായതാണ് നമ്മുടെ നാട്ടിലെ ഏഴിന്റെ പെരുക്കങ്ങളിൽ പറഞ്ഞ വീട്ടുകാർ.  അതിലും കൂടുതൽ സാധ്യത പുറം നാടുകളിൽ നിന്ന് വന്നു പെട്ടവർ തന്നെയാണ്.

പൊതുവെ നമ്മുടെ ഗ്രാമം ഒരു ഒറ്റപ്പെട്ട തുരുത്തായിരുന്നല്ലോ. നല്ല മഴ വന്നാൽ പിന്നെ പുറം ലോകവുമായി ഒരു ബന്ധവുമില്ല. പുറം നാടുകളിൽ നിന്നുള്ള കെട്ടു ബന്ധങ്ങൾക്ക് അതുകൊണ്ട് തന്നെ സാധ്യത കുറവുമാണ് . അങ്ങിനെയാണ് കൂടുതലും വേറൊരു വഴിയുമില്ലാത്തത് കൊണ്ട് കെട്ടുബന്ധങ്ങൾ കൂടുതൽ നാട്ടിൽ തന്നെ ഉണ്ടായത്. (വെള്ളം അഞ്ചാറ് മാസക്കാലം വെള്ളം കെട്ടിയ സ്ഥലത്തേയ്ക്ക് മക്കളെ ആരും കെട്ടിച്ചു വിടില്ലല്ലോ ).  കടവ് കടക്കാനുള്ള സൗകര്യമായതോട് കൂടിയായിരിക്കണം പട്‌ലക്ക് പുറത്തുള്ള വിവാഹ ബന്ധങ്ങൾ  ഉണ്ടായത്. അത്കൊണ്ട് ഒറ്റപ്പെട്ട സ്ഥലമെന്ന പേരോ മറ്റോ ഇതിനോട് യോജി ക്കുന്നുണ്ടോ എന്നുകൂടി അന്വേഷിക്കണം.

പട്‌ലയെ മുമ്പൊക്കെ പുറം നാട്ടുകാർ വിളിച്ചിരുന്നത് ഗുഡ്ഡെ എന്നാണ്, അതായത്  ഒന്നിനും കൊള്ളാത്ത കുന്ന്. അങ്ങിനെ വല്ല ചെല്ലപ്പേരാണോ പട്‌ല എന്നതും ആലോചിക്കേണ്ടതാണ്. പട്‌ല് ഇട്ട സ്ഥലമെന്നതും അത്രനല്ല വിശേഷണമല്ലല്ലോ.  ഒന്നിനും കൊള്ളാത്ത പ്രദേശമെന്നർത്ഥമാണല്ലോ അതിനുമുള്ളത്.

 ഇനി അഥവാ പഴയ വല്ല നാട്ടു തമ്പ്രാക്കളുടെയോ നാട്ടുമൂപ്പന്മാരുടെയോ  മറ്റോ  പേരുമായി സാമ്യമുണ്ടോ എന്നും നോക്കണം. 

പട്ടന്മാർ (ഹെബ്ബാർ, റാവു ) താമസിച്ചിരുന്നത് കുന്നിൻ പ്രദേശത്താണ്. ഇന്നും അവർ കുതിരപ്പാടി ഭാഗങ്ങളിലാണ് വീടും കുടിയും. ഷെട്ടി (ശൂദ്ര വിഭാഗം )മാർ അങ്ങിനെ തന്നെ. അതിൽ ഒരു കുടുംബം  മാത്രം സ്രാമ്പി ഭാഗത്തുണ്ടായിരുന്നു. ഈഴവ വിഭാഗക്കാർ പതിക്കാൽ ഭാഗത്തും.  അവിടെയുള്ള ക്ഷേത്രമാകാം അവരെ അങ്ങോട്ടേക്ക് എത്തിച്ചത്. നേരെ തിരിച്ചും  പട്ടികജാതിക്കാരും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു, അതും വിരലിൽ എണ്ണാവുന്ന കുടുംബങ്ങൾ. അവർ പാലത്തട്ക്ക ഭാഗത്താണ്.  ദലിതുകളും അങ്ങിനെ തന്നെ. ഇവരാരും താഴോട്ട് വന്നു കൃഷി നടത്തിയതായി ആരും പറഞ്ഞതായി അറിവില്ല. 

വളരെ മുമ്പ് തന്നെ സാംസ്കാരിക കേന്ദ്രം സ്രാമ്പി എന്നാണ് സാഹചര്യ തെളിവുകൾ പറയുന്നത്. ഓതിക്കാനും മറ്റും ആ ഭാഗങ്ങളിൽ ഉള്ളവർക്കായിരുന്നു കൂടുതൽ താൽപര്യം. നമ്മുടെ ആദ്യത്തെ ഒറ്റമുറി വിദ്യാലയം നൂറ്റാണ്ട്  മുമ്പ് തുടങ്ങിയതും അവിടെയാണല്ലോ. വൈദ്യർ കുടുംബമടക്കമുള്ളവർ സ്രാമ്പിയിൽ ഉള്ളവരാണ്. 
പതിക്കാൽ ക്ഷേത്രത്തിൽ നടന്നിരുന്ന ഉത്സവവും ഹൈന്ദവ സഹോദരുമായുള്ള സമ്പർക്കവും അത് പോലെ അവിടെ വീടുകൾ കേന്ദ്രീകരിച്ചു നടന്നിരുന്ന ''ഓത്തുപുരകൾ'' തുടങ്ങിയവയൊക്കെയാകാം സ്രാമ്പി പട്‌ലയുടെ സാംസ്കാരിക കേന്ദ്രമാകാൻ കാരണമെന്ന് എനിക്ക് തോന്നുന്നു. (പഴയ സാംസ്കാരിക കേന്ദ്രം, പുതിയ സാംസ്കാരിക കേന്ദ്രം എന്നിവയെ  കുറിച്ച് ഭിന്നാഭിപ്രായമുള്ളവർക്ക് ചർച്ച  പിന്നൊരിക്കലാകാം )

ഞാൻ ഇതൊക്കെ എഴുതുന്നത് പട്‌ല എന്ന പേരിനോട് കൂട്ടിക്കെട്ടാൻ വല്ലതും നിങ്ങൾക്ക് കിട്ടുമെങ്കിൽ കിട്ടട്ടെ എന്ന ഉദ്ദേശത്തിലാണ്. പാലത്തട്ക്ക എന്ന പേരുമായി പട്‌ല യെ കൂട്ടിക്കെട്ടാൻ പറ്റുമോ എന്നും കൂട്ടത്തിൽ ആലോചിക്കുന്നത് നല്ലതാണ്. ആ പേരിനകത്തു ''പ'' ''ട്'' ''ല'' എന്നീ മൂന്ന് പദങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്. 

ഒരു കാര്യം  ഉറപ്പ്,  പട്‌ലയുടെ മലയാള വേരും തേടി പോയാൽ നാം എവിടെയുമെത്തുകയുമില്ല. ഇനി എത്തിയാലും ഇല്ലെങ്കിലും നമ്മുടെ ഗ്രാമത്തിനെ പട്‌ല എന്ന് തന്നെ എഴുതണം, പട്ട്ള എഴുതി വക്രീകരിക്കരുത്.
കന്നഡയിലാണ് ഈ പേരിന്റെ ധാതു (root-word) ഉള്ളത്.

_________________________________________________


ഒരു ചർച്ച ഇവിടെമാത്രമല്ല, എവിടെയും നടത്താം. ഒരു ദിവസമല്ല, കുറെ ദിവസങ്ങൾ.  നിങ്ങളുടെ കൂട്ടായ്മകളിൽ, കൂടിയിരിക്കുന്നിടത്ത്, കുടുംബ സദസ്സിൽ, കൂട്ടുകാർക്കിടയിൽ - എ .എം. 

No comments:

Post a Comment