Monday 10 October 2016

സബാഷ് , പട്-ല സ്‌കൂൾ സബാഷ് ! / അസ്‌ലം മാവില

സബാഷ് , പട്-ല സ്‌കൂൾ സബാഷ് !

അസ്‌ലം മാവില

നാളെ നമ്മുടെ സ്‌കൂൾ മുറ്റത്ത് അതിഥികളും ആതിഥേയരെയും നിറയും. എം.എൽ. എ.യുടെയും കാസർക്കോട് വികസന പാക്കേജിന്റെയും  ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച  കെട്ടിടങ്ങളാണല്ലോ  വ്യാഴാഴ്ച ഉത്‌ഘാടനം ചെയ്യപ്പെടുന്നത്. ഇതിന്റെ പിന്നിൽ പ്രയത്നിച്ച എല്ലാവരെയും RT അഭിനന്ദിക്കുന്നു.

സർക്കാർ സ്‌കൂളുകൾ പൊതുവെ അവഗണനയാണ് പേറാറുള്ളത്. സർക്കാർ പള്ളിക്കൂടമല്ലേ, അവിടെ പിള്ളേർ എങ്ങിനെയും വന്നോ ളും ഇരുന്നോളും പഠിച്ചോളും എന്നൊരു തോന്നൽ മുമ്പ് കാലങ്ങളിൽ ഉണ്ടായിരുന്നു. ഈയടുത്ത കാലം വരെ അത് തുടരുകയും ചെയ്തിരുന്നു.

ചുറ്റുമതിൽ ഉണ്ടാകില്ല, നല്ല ഒരു ലൈബ്രറി ഉണ്ടാകില്ല,  ലാബാണെങ്കിൽ തീരെ ഉണ്ടാകില്ല.  ഭൂപടങ്ങളും മറ്റും വെച്ച റൂമിൽ കുട്ടികൾക്കും അധ്യാപകർക്കും പോകാൻ തന്നെ പേടിയാകും. റോബിൻസൺ ക്രൂസോയിലെ ചില രംഗങ്ങൾ ഓർമിപ്പിക്കുമാറ്  പണ്ടെങ്ങോ കിട്ടിയ  ഒരു എല്ലൂരി (skeleton) പല്ലിളിച്ചു മൂലയിൽ ചാരി നിൽക്കുന്നുണ്ടാകും.  സ്റ്റാഫ് റൂമിലൊക്കെ ഊഴം കാത്തിരിക്കണം വാധ്യാർക്ക് ഒരു സീറ്റ് കിട്ടാൻ.  ഒരു  സർക്കാർ സ്‌കൂൾ   ഏറ്റവും അടുത്തുണ്ടെന്ന് ഒരു മണിക്കൂർ ദൂരെ നിന്ന് അറിയിക്കുമാറ് ഒരിക്കലും വൃത്തിയാകാത്ത, വൃത്തിയാക്കാത്ത കക്കൂസുകൾ.  പെൺകുട്ടികൾ പ്രാഥമിക കൃത്യം ചെയ്യാൻ  പാടില്ല എന്നൊക്കെ തോന്നിപ്പികുമാറുള്ള സമീപനം.    ഇതൊക്കെയായിരുന്നു മുമ്പുണ്ടായിരുന്ന, ഈയ്യിടെ വരെ ഉണ്ടായിരുന്ന  സർക്കാർ പള്ളിക്കൂട സങ്കപ്പൽപം.

കുറച്ചു കാലങ്ങളായി ഇതിനൊക്കെ മാറ്റം വരാൻ തുടങ്ങിയിട്ട്. ചോദിക്കാനും പറയാനും ആളുണ്ടെങ്കിൽ അവ അനുഭാവ പൂർവ്വം പരിഗണിക്കാൻ അധികാരികൾ ഉണ്ടെന്നത് തോന്നൽ മാത്രമല്ല യാഥാർഥ്യമെന്നത് നമ്മുടെ സ്‌കൂൾ തന്നെ ഉദാഹരണം. പറയേണ്ട വിഷയങ്ങൾ പറയേണ്ട വേദിയിൽ പറയുമ്പോലെ പറഞ്ഞാൽ ''പറപറാ''ന്ന് കിട്ടുമെന്നതിനും നമ്മുടെ സ്‌കൂൾ തന്നെ ഉദാഹരണം.  നമ്മുടെ പിടിഎക്കും എസ്.എം.സി.ക്കും മർമ്മമറിഞ്ഞു ചുവട് വെക്കാൻ അറിഞ്ഞത് ചെറിയ കാര്യമല്ല.  അധികാരികളും പടല സ്‌കൂളിനെ അവരുടെ വികസന ചാർട്ടിൽ ഉൾപ്പെടുത്താൻ കൂട്ടാക്കിയത് ഇവയൊക്കെ  കൊണ്ടാണല്ലോ.

രണ്ടു വർഷം മുമ്പ് നടന്ന ഒരു സമരത്തിന്റെ ഒരുക്കൂട്ടൽ നാം മറന്നിട്ടില്ല. അന്ന് നാട്ടുകാർ സകല അഭിപ്രായ വ്യത്യാസങ്ങളും മറന്നു സമര രംഗത്തേക്ക് ഇറങ്ങി. ബന്ധപ്പെട്ടവർക്ക് അതിന്റെ സൂചനകൾ നൽകി. ഭരണ-പ്രതിപക്ഷങ്ങൾ നാം തെരഞ്ഞെടുത്ത സമയം ശ്രദ്ധിച്ചു. ജില്ലാപോലീസ് സൂപ്രണ്ടിന്റെ ഓഫീസിൽ നാം പ്രകടനാനുമതിക്കായി പോയി. പ്രതിഷേധ മാർച്ചിനും ബഹുജനപ്രക്ഷോഭത്തിനും കൂടെക്കൂടെയുള്ള മീറ്റിങ്ങുകളിൽ  തന്ത്രങ്ങൾ ആവിഷ്കരിച്ചു. പത്രങ്ങളിൽ നമ്മുടെ തീരുമാനങ്ങൾ അറിയിച്ചു വാർത്തകൾ നൽകിക്കൊണ്ടേയിരുന്നു. പ്രഭാകരൻ കമ്മീഷൻ ഉണ്ടായിട്ടും പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂൾ എന്ത് കൊണ്ട് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ വരുന്നില്ലെന്ന് നാം കൂടെക്കൂടെ ചോദിച്ചു കൊണ്ടേയിരുന്നു.

തൊട്ടടുത്ത ദിവസമാണ് നമ്മുടെ പ്രതിഷേധ മാർച്ച്. തലേന്നാൾ പന്തംകൊളുത്തി വിളംബര ജാഥയ്ക്കുള്ള തയ്യാറെടുപ്പും. മുദ്രാവാക്യങ്ങളും ഉണർത്തുപ്പാട്ടുകളും അവസാനത്തെ മിനുക്ക് പണിയിലായിരുന്നു. നാളത്തെ സമര സന്നാഹത്തിന് പ്ളേക്കാർഡുകൾ പകുതിയും തയ്യാറായി. കുഞ്ഞുമക്കൾക്ക് നടന്നു ക്ഷീണിക്കുമ്പോൾ വഴിയരികിൽ  ദാഹം തീർക്കാനുള്ള റിഫ്രഷ്മെന്റ് പോയിന്റുകൾ    ഒരുങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി.

അന്നാണ് ജില്ലാ ഭരണ നേതൃത്വം ചർച്ചയ്ക്ക് വിളിക്കുന്നത്. മേശക്കപ്പുറവുമിപ്പുറവുമാദ്യം സൗഹൃദത്തിന്റെ ഇടപെടലുകൾ, പിന്നെ വാദങ്ങൾ, പ്രതിവാദങ്ങൾ, നമ്മുടെ ആത്മാർത്ഥത എത്രത്തോളമുണ്ടെന്ന് ജില്ലാധികാരികൾ പരീക്ഷിക്കുന്നത് പോലെയാണ് ആ സിറ്റിങ്ങിൽ എനിക്ക് തോന്നിയത്. കാരണം, അവർ നൽകാൻ തയ്യാറാണ്, പക്ഷെ, അത് ഏറ്റെടുക്കാൻ നമ്മുടെ കൈകൾ എത്രത്തോളം പാകമെന്നത് അവർക്കും അറിയണ്ടേ ? തുടർന്ന് അതൊന്ന്കൂടി ഉറപ്പിക്കാൻ ജില്ലാ കളക്ടറുടെ ചേമ്പറിലേക്ക്. അദ്ദേഹത്തിന്റെ ചില നിർദ്ദേശങ്ങൾ.  ജില്ലാപ്രസിഡന്റും ജില്ലാകളക്ടറും എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും പക്വമായി ഇടപ്പെട്ടു. പേപ്പർ വർക്കുകൾ പഴുതടച്ചു ചെയ്തു. നല്ല ഫോളോഅപ്പുകൾ.  പ്രഭാകരകമ്മീഷനിൽ ഇത്രേം ഫണ്ടോ ? കാസർകോട് വികസന പാക്കേജിന് ഇമ്മാതിരി ഒരുക്കൂട്ടങ്ങളോ ?

നാം അതുകൊണ്ടും നിർത്തിയില്ലല്ലോ. ആവശ്യക്കാരനെന്ത് ഔചിത്യബോധം.  എം.എൽ.എയോടും എംപിയോടും കണ്ടിടത്ത്നിന്നൊക്കെ  നമ്മുടെ  ഇല്ലാപ്പാട്ട്. അവയോടവരുടെ അനുഭാവ പൂർണ്ണമായ സമീപനങ്ങൾ.  എപ്പോഴും തയ്യാറാക്കി കയ്യിൽ കൊണ്ട് നടക്കുന്ന നമ്മുടെ പ്രൊപ്പോസലുകൾ ! ചിന്നംപിന്നം പെയ്ത് തുടങ്ങിയത്  പി ന്നെ തുള്ളിക്കൊരു കുടമായി മഴയായി വന്നു.  അതാണ് വ്യാഴാഴ്ച നാം സ്‌കൂൾ ക്യാംപസിൽ മനം കുളിർക്കെ കാണാൻ പോകുന്നത്.

ഇതൊന്നുംകൊണ്ട് പിടിഎയോ എസ് .എം.സിയോ സ്‌കൂൾ ഹെഡ്മിസ്ട്രസ്സൊ പ്രിൻസിപ്പലോ അടങ്ങിയിരിക്കരുത്. നമുക്ക് ഇനിയും ഒരുപാട് ആവശ്യങ്ങൾ ബാക്കിയുണ്ട്. വെറുതെ ചോദിക്കുന്നതല്ലല്ലോ. കുട്ടികളെ പഠിപ്പിക്കേണ്ട  രൂപത്തിൽ പഠിപ്പിച്ചാണ്, അവരുടെ സൗകര്യങ്ങൾക്ക് വേണ്ടി ചോദിക്കുന്നത്.  100 ശതമാനം എസ്.എസ് .എൽ.സി വിജയമെന്നത് ഇപ്പോൾ നമ്മുടെ സ്‌കൂളിൽ ഒരു സാധാരണ സംഭവമായി മാറിയിട്ടുണ്ട്. അത് ഇനി ഹയർസെക്കണ്ടറിയിൽ കൂടി എത്തണം. ഇവിടെ വരുന്ന ഒരുകുട്ടിയും സ്‌കൂൾ വിട്ട് പോകുന്നത് കലങ്ങിയ കണ്ണുകൊണ്ടാകരുത്, അവരുടെ രക്ഷിതാക്കൾ ''അയച്ചു പറ്റിപ്പോയി'' എന്ന അവസ്ഥ ഉണ്ടാകരുത്. അതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണം. അതിനാവശ്യമായ പഠനപദ്ധതികൾ ആവിഷ്കരിക്കുന്നതോടൊപ്പം നമുക്ക് ഇനി എന്തൊക്കെ ബാക്കിവരുന്ന ഭൗതിക സൗകര്യങ്ങളുടെ അഭാവങ്ങളുണ്ടെന്ന് മുന്ഗണന നൽകി ചാർട്ട് തയ്യാറാക്കണം. അതിനു വേണ്ട സപ്പോർട്ടിങ് ഡോക്യൂമെന്റുകൾ എപ്പോഴും നമ്മുടെ കയ്യിൽ ഉണ്ടാകണം. ''ഒരു ഫണ്ടുണ്ട്, അതിന് നിങ്ങളുടെ കയ്യിൽ മതിയായ രേഖകളും അപേക്ഷയും ഉണ്ടോ?'' എന്ന് ചോദിച്ചു നാക്കെടുക്കുന്നതിന് മുമ്പ് അതിന്റെ നാല് കോപ്പിയെങ്കിലും നൽകാൻ പാകത്തിൽ available, unavoidable  required business dox നമ്മുടെ ''ഉക്കത്തും ഉറിയിലും'' എപ്പോഴുമുണ്ടാകണം.

കേൾക്കാൻ തുടങ്ങിയിട്ടുണ്ട്, പടല സ്‌കൂളിൽ പലരും മക്കളെ അയക്കാൻ മാനസികമായി തയ്യാറെടുക്കുന്നുണ്ടെന്ന്. സൗകര്യങ്ങൾ കൂടുന്തോറും രക്ഷിതാക്കൾ അപേക്ഷാ ഫോറവുമായി ഇനിയും ക്യൂവിലുണ്ടാകും.  സമർപ്പിത അധ്യാപകരും അവർക്ക് സപ്പോർട്ടായി രക്ഷകർതൃസമിതിയും സജീവമായ നാട്ടുകാരുമുണ്ടെങ്കിൽ പദ്ധതികൾ അതെത്ര ചെറുതാകട്ടെ, വലുതാകട്ടെ, ഇവിടെയേ വരൂ. ഇവിടെ ഒന്ന് നോക്കിയിട്ടേ അധികൃതർ വേറെ സ്ഥലങ്ങൾ പരിഗണിക്കൂ.

എനിക്ക്  പറയാനുള്ളത് ഒരു പ്ലാസ്റ്റിക്  ബക്കറ്റ് കിട്ടാൻ വകുപ്പുണ്ടെങ്കിൽ,  നമ്മുടെ അപേക്ഷ ഫോറം ബന്ധപ്പെട്ട അധികൃതരുടെ  മേശപ്പുറത്തു ആദ്യം എത്തണം. ഇത്രയൊക്കെയുള്ള നിങ്ങൾക്കെന്തിനാ ഇനി ഈ ബക്കറ്റു കൂടി'' ചോദിക്കുമ്പോൾ, അതും വാങ്ങി, അടുത്ത ഊഴത്തിൽ  വേറെ രണ്ടെണ്ണത്തിനും അതിനാവശ്യമായ അഞ്ചാറു മഗ്ഗിനും കൂടി  അഡിഷണൽ അപേക്ഷയും കൊടുത്തായിരിക്കണം പടിയിറങ്ങേണ്ടത്.

അവസാനം - നമ്മുടെ സ്‌കൂൾ മുറ്റത്തു  ഭൗതിക സൗകര്യങ്ങൾ വന്നുകൊണ്ടിരിക്കുന്നത് കാണുമ്പോൾ, കേൾക്കുമ്പോൾ  അഭിമാനം തോന്നുന്ന നിമിഷങ്ങൾ ! സബാഷ് , പട്-ല സ്‌കൂൾ സബാഷ് !  

No comments:

Post a Comment