Wednesday 12 October 2016

മജൽ അബ്ദുല്ല സാഹിബ് / അസ്‌ലം മാവില


അനുസ്മരണം

മജൽ അബ്ദുല്ല സാഹിബ്

പട്‌ലയിലെ കാരണവന്മാരുടെ നിരയിൽ നിന്ന്  ഒരാൾ കൂടി വിട പറഞ്ഞു. പടച്ചവന്റെ സന്നിധിയിലേക്ക് അദ്ദേഹം നടന്നടുത്തു. നമ്മുടെ പ്രിയപ്പെട്ട  മജൽ അബ്ദുല്ല സാഹിബ്, ഇന്നാലില്ലാഹ് ...

അദ്ലച്ച ഞങ്ങളുടെ വീടും കഴിഞ്ഞാണ് മജലിലേക്ക്  നടന്നു പോകാറുള്ളത്, ഇപ്പോൾ കുറെ വർഷങ്ങളായി അദ്ദേഹം അങ്ങോട്ടൊന്നുമില്ല. പ്രായത്തിന്റെ പ്രയാസമാകാം വീടും പരിസരവുമായി അദ്ദേഹം ഒതുങ്ങിയത്. ഇന്നദ്ദേഹം നമ്മോടൊപ്പമില്ല , ഇന്ന്  (12/ 10/ 2016 ) രാവിലെ അദ്ദേഹം,  തിരിച്ചു വരാൻ പറ്റാത്ത ലോകത്തേക്ക് യാത്രയായി. ഇന്നാലില്ലാഹ് ... വ ഇന്നാ ഇലൈഹി റാജിഹൂൻ.

സൗമ്യരിൽ സൗമ്യനും വളരെ കുറച്ചു മാത്രം സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയുമാണ് അദ്ദേഹം . മജലിലാണ് താമസമെങ്കിലും അദ്ദേഹത്തിന്റെ കൂട്ടുകാരും ബന്ധുക്കളുമൊക്കെ പട്‌ലയിലാണ്.  പട്‌ലയിലെ വലിയ പള്ളിയിൽ ദീർഘകാലം ഖത്തീബായിരുന്ന മർഹൂം അലിമൗലവി,  മുൻ വാർഡ് മെമ്പർ മർഹൂം ബിഎസ്‌ടി അബൂബക്കർ ഇവരൊക്കെ അദ്ദേഹത്തിന്റെ സഹോദരരാണ്. വേറെയും ബന്ധുക്കൾ .  അത് കൊണ്ട് ദിവസത്തിൽ ഒരു വട്ടം അദ്ദേഹത്തിന് വന്നേ തീരൂ. പോകുന്ന പോക്കിൽ ബഷീറിന്റെ വീട്ടിൽ കയറും. ഞങ്ങൾ ഇച്ച എന്ന് രണ്ടക്ഷരത്തിൽ ഒതുക്കി വിളിക്കാറുള്ള ബഷീറിന്റെ  സഹോദരനോടും  ഉമ്മയോടും അദ്ദേഹം സംസാരിക്കും. അവർ ബന്ധുക്കൾ കൂടിയാണ്. ഇച്ച നല്ല രാഷ്ട്രീയം പറയുന്ന കൂട്ടത്തിലാണ്. അന്നും ഇന്നും.

എല്ലാം കേൾക്കാൻ ചെവികൊടുക്കുക എന്നതായിരുന്നു അദ്ലച്ചാന്റെ നല്ല ഗുണങ്ങളിൽ ഒന്ന്. ആവശ്യത്തിലേറെ പൊതു വിവരങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു.  പത്രം നന്നായി വായിക്കും. അറിയാത്ത കാര്യങ്ങൾ  പ്രായ വ്യത്യാസം മറന്നു ആരോടും അദ്ദേഹം ചോദിക്കാനും മടി കാണിച്ചിരുന്നില്ല. പഠിക്കുന്ന കുട്ടികളോട് അദ്ദേഹം പ്രത്യേക സ്‌നേഹബന്ധം പുലർത്തിയിരുന്നു.

എന്റെ ചെറുപ്പ കാലം മുതൽ തന്നെ മജൽ അദ്ലച്ചാനെ അറിയാം. ഒരു ഉറുമ്പിനെ പോലും വേദനിപ്പിക്കാതെ നടക്കുന്ന  രംഗം മനസ്സിൽ നിന്ന്  ഇപ്പോഴും മാറുന്നില്ല. അന്നൊക്കെ ഇശാ നമസ്കാരം കഴിഞ്ഞുള്ള തിരിച്ചുപോക്കിൽ മജൽ അദ്ലച്ചയാണ് അവസാനം നടക്കുന്നത്. കൂടെ ഖാദർ ഹാജാർജ്ച്ചാന്റെ അദ്ലൻച്ചായും ഉണ്ട്.  എന്റെ ഉപ്പയോടുള്ള സ്നേഹം തന്നെയാകാം എന്നെയും അദ്ദേഹത്തിന് വലിയ കാര്യമായിരുന്നു. സ്നേഹാന്വേഷണങ്ങൾക്കപ്പുറത്ത് അദ്ദേഹം എന്നോട് സംസാരിക്കും. തൊട്ടടുത്ത്കൂടി  നടന്നുപോകുന്നവർക്ക് പോലുമറിയില്ല അദ്ദേഹം സംസാരിക്കുകയാണോ മിണ്ടാതെ നിൽക്കുകയാണോ എന്ന്. അത്രയും പതിയെയാണ്  അദ്ദേഹം സംസാരിക്കുക.

പലരും പറയുന്നത് കേട്ടിട്ടുണ്ട് , ഇടപാടിൽ അദ്ദേഹം വളരെ വളരെ  കൃത്യ നിഷ്ഠ പാലിച്ചിരുന്നുവെന്ന്. തനിക്ക് അവകാശപ്പെട്ടത് മാത്രം ആഗ്രഹിക്കുകയും അതിലൂന്നിക്കൊണ്ടുള്ള ജീവിതം നയിക്കുകയും ചെയ്ത മാന്യനായ വ്യക്തിത്വം.  ഒരുകാലത്തു പട്‌ലയുടെ അപ്രഖ്യാപിത ഖാസിയായിരുന്ന സഹോദരൻ, പൗരപ്രമുഖനായിരുന്ന മറ്റൊരു സഹോദരൻ ഇവർ രണ്ടാളുകളുടെയും പേരും പ്രശസ്തിയും ഉണ്ടായിട്ടു പോലും, തന്റേതായ ഒതുങ്ങിയുള്ള ജീവിതത്തിനു ഇടമാഗ്രഹിച്ച വ്യക്തിയായിരുന്നു മജൽ അബ്ദുല്ല സാഹിബ്.

നല്ലൊരു കർഷകനാണ്  മജൽ അദ്ലച്ച. അയൽപക്ക ബന്ധം സൂക്ഷിച്ച മാന്യ സഹോദരൻ കൂടിയാണ് അദ്ദേഹം. കുറച്ചു കാലമായി വാർധക്യ സഹജമായ അനാരോഗ്യം കാരണം പുറത്തെവിടെയും പോകാറുമില്ല. മകന്റെ മരണവും അദ്ദേഹത്തെ ഏറെ തളർത്തിയിരിക്കണം  (കഴിഞ്ഞ റമദാനിലാണല്ലോ  അദ്ദേഹത്തിന്റെ മൂത്ത  മകൻ റഹീം മരണപ്പെട്ടത്)

റഹീമിനെ കൂടാതെ  ഷാഫി, ഹമീദ്,  കരീം,സഹീദ്, അഷ്‌റഫ്, അബ്ബാസ്, ഫാത്തിമത് സുഹറ എന്നിവർ മക്കൾ.  ഭാര്യ  ആയിഷ. കുതിരപ്പാടിയിൽ താമസമുണ്ടായിരുന്ന മർഹൂം മുഹമ്മദ് മറ്റൊരു സഹോദരനായിരുന്നു.

നമുക്ക് ഇനി ചെയ്യാനുള്ളത് പ്രാർത്ഥനകൾ മാത്രം.  മജൽ അബ്ദുല്ല സാഹിബിന്റെ   നന്മകൾ എന്നും ബർസഖീ ജീവിതത്തിൽ കൂട്ടാകട്ടെ.  അദ്ദേഹത്തെയും  നമ്മിൽ നിന്ന് വിട്ടുപോയ  നമ്മുടെ മാതാപിതാക്കളെയും ബന്ധുമിത്രാദികളെയും നാം സ്നേഹിക്കുന്ന എല്ലാവരെയും  അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.

അസ്‌ലം മാവില 

No comments:

Post a Comment