Tuesday 27 December 2016

RT പരിസരത്ത്നിന്ന് മൂന്നാം കൊല്ലത്തിന്റെ ആദ്യനാൾ വായിക്കുമ്പോൾ / അസ്‌ലം മാവില


RT പരിസരത്ത്നിന്ന്
മൂന്നാം കൊല്ലത്തിന്റെ ആദ്യനാൾ
വായിക്കുമ്പോൾ

അസ്‌ലം മാവില

സാങ്കേതികമായി RT ഇന്ന് മുതൽ മൂന്നാം വർഷത്തിന്റെ ആദ്യദിനത്തിലാണ്. ഒന്നിച്ചു ചേർന്നവർ, ഇടക്ക് പിരിഞ്ഞവർ, വീണ്ടും ഒന്നായവർ, വീണ്ടും പിരിയാനായി കാത്തിരിക്കുന്നവർ. മുഷിപ്പിന് മുമ്പ് തീരുമാനം കൈകൊള്ളാൻ RT എന്ന പൊതുഇടത്തിനേ സാധിക്കൂ. ഇത്രകാലം ഈ സാംസ്കാരിക സദസ്സിൽ കൂട്ടായി നിന്ന മുഴുവൻ ആളുകളെയും അഭിവാദ്യം ചെയ്യുന്നു.

RT തുടങ്ങുന്നത് തന്നെ ഒരു പുസ്തക ചർച്ചകൊണ്ടായിരുന്നു. അന്ന് അംഗങ്ങൾ അംഗുലീപരിമിതം. അത്തരമൊരു ആശയം തന്നെ യുവനിരയിൽ നിന്നാണ് ഉയർന്നു കേട്ടത്. ശ്രീ ഫയാസ്  ഇബ്രാഹിം ആ അഭിപ്രായം മുന്നിൽ വെക്കുമ്പോൾ  ഓൺലൈൻ സദസ്സിൽ ഇത്രമാത്രം അനുരണങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

നമ്മുടെ ലൈബ്രറിയുമായി ബന്ധപ്പെട്ട ഒരു ഓൺലൈൻ വേദി ഉണ്ടായിരുന്നു. ശരിക്കും എന്നെപ്പോലുള്ളവർ അവിടെയാണ് വല്ലതും പ്രതീക്ഷിച്ചത്. ആ ഗ്രൂപ്പ് ഇന്നുണ്ടോ എന്നറിയില്ല. അവിടെയും കുറെ ആരാന്റെ ടെക്സ്റ്റും വോയിസും വീഡിയോസും മാത്രം ! പുതുമയുള്ളത് അവിടെയും കണ്ടില്ല. സർഗ്ഗ വാസന തൊട്ടുണർത്തുന്ന ഒന്നും എവിടെയും കാണാത്തപ്പോൾ, അങ്ങിനെയൊരു വേദിയുടെ പരീക്ഷണത്തെക്കുറിച്ചായി  പിന്നെ ആലോചന, കൂട്ടായ ആലോചന. അതാണ് RT യുടെ തുടക്കവും തുടർന്നുള്ള ചലനങ്ങളും.

ഒരു പക്ഷെ, അഭിസംബോധന രീതിക്ക് തന്നെ RT മാറ്റം വരുത്തി എന്ന് പറയാം. പ്രതികരണത്തിനും വക്കും വരമ്പുമുണ്ടെന്ന് RT പറഞ്ഞു തന്നിട്ടുണ്ട്. അരുതാത്തത് കണ്ടപ്പോൾ ആരുടേയും തലേക്കെട്ടും തലക്കനവും നോക്കിയില്ല. അവരോട്  ആവർത്തികരുതെന്നും, തുടർന്നപ്പോൾ  മറ്റുള്ളവരുടെ നന്മ വിചാരിച്ചു ഒഴിവാക്കുന്നുവെന്നും പറഞ്ഞു.  അതിഥികളും സ്ത്രീകളുമുള്ള സദസ്സെന്നറിഞ്ഞിട്ടും അപസ്വരമുണ്ടാക്കിയവരെ  അകറ്റി നിർത്തി.

എഴുതാൻ ഇടം നൽകി, എഴുത്തിലെ ലാഘവ സമീപനം കണ്ടപ്പോൾ ഉണർത്തി. ആരോടെങ്കിലുമുള്ള  പക പറച്ചിലാണ്എഴുത്തെന്ന കരുതിയ പേനയുന്തികളെ RT യുടെ പടിക്കൽ അടുപ്പിച്ചുമില്ല.  ഇടപെടലിന്റെ ഭാഷ അറിയിച്ചു. വരക്കാൻ RT സ്വയം ക്യാൻവാസായി. പാടാനും പാട്ടുകാരെ കൊണ്ടുവരാനും ശ്രമമുണ്ടായി. പാട്ട് നിർത്താനായപ്പോൾ ഇടക്കിടക്ക് നിർത്തുകയും ചെയ്തു.

എത്ര എഴുത്തുകളാണ് വെളിച്ചം കണ്ടത് ! എത്ര പേരാണ് സകുടുംബം RT യിലെ പ്രേക്ഷകരും അനുവാചകരുമായത് ! ഒരു പാട് അവതാരകർ , ചിത്രകാരന്മാർ ! അനുസ്മരണങ്ങൾ വരെ അത്ഭുതപ്പെടുത്തി.

ഒന്നും സ്ഥായായി കൊണ്ട് പോയില്ല. സാംസ്‌കാരികപ്രതലത്തിൽ ഒന്ന് തന്നെ തുടർന്ന് പോവുക ശരിയുമല്ല. RT പ്രായത്തിനനുസരിച്ചുള്ള കുപ്പായമിടാനാണ് പിന്നീട് ശ്രമിച്ചത്. അത് കൊണ്ട് പക്വതയുടെ ഒരു പരിവേഷത്തിലാണ് ഇന്നാർട്ടി. ഈ ''ഇട''ത്തെ മൗനം പോലും സാംസ്‌കാരിക സദസ്സിന്റെ സക്രിയതയുടെ ഭാഗമെന്ന നിഗമനത്തിലാണ് ഞാൻ. പക്ഷെ RT എന്നും ജാഗ്രതയുടെ കണ്ണുകളുമായി നിലനിൽക്കണമെന്ന് മറ്റു പരിസരങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നുമുണ്ട്.

നാട്ടിൽ ഇക്കഴിഞ്ഞ മാസം കുറച്ചു കുട്ടികൾക്ക്  RTയെ  പരിചയപ്പെടുത്തി. അന്നാജരായവരിൽ  കുറച്ചു പേർക്കും  അവരുടെ രക്ഷിതാക്കൾക്കും കുറച്ചക്ഷരംവിരോധികൾ  അവരുടെ തയ്യൽക്കടയിൽ ദുഷ്ടമനസ്സിന്റെ സൂചി-നൂലിൽ  കുപ്പായമുണ്ടാക്കി   RTക്ക് ധരിപ്പിച്ച്‌  പരിചയപ്പെടുത്തി.  ആർക്ക് പോയി ? പക്ഷെ, കുട്ടികളത്  തിരിച്ചറിഞ്ഞിട്ടുണ്ട്. പറയാനുള്ളത് ഇത്രമാത്രം.   നട്ടുച്ചനേരത്തും ഭീമാകാരമുള്ള നിഴലുണ്ടാക്കി സ്വയം ഭയപ്പെടുന്നവർ ഭയക്കട്ടെ, നമ്മെ സംബന്ധിച്ചിടത്തോളം  ഇരുട്ട്,  വെളിച്ചത്തിനു തൊട്ടു  മുമ്പിലുള്ള ചെറിയ മറ  മാത്രം. അതൊരു വെല്ലുവിളിയേ അല്ല.

RT എന്നാൽ റീഡേഴ്സ് തിയേറ്റർ മാത്രമല്ല, റൈറ്റ് ഡിസിഷൻ കൂടിയാണ്. RT യുടെ നിലപാടുകളും തീരുമാനങ്ങളും എല്ലാം ശരിയെന്നു ശഠിക്കുന്നില്ല. പക്ഷെ, സാംസ്കാരിക കൂട്ടായ്മ എന്ന നിലയിൽ RT എന്നും ശരിയുടെ പക്ഷത്താണെന്ന് അനുവാചകർ പറയും, ഞങ്ങൾക്കതുറപ്പ്.

സംസ്കാരമെന്നാൽ  മനസ്സിന്റെയും ആത്മാവിന്റെയും വികാസമെന്നു പറഞ്ഞത് നെഹ്‌റു.  RT യുടെ ചമയങ്ങളില്ലാത്ത ബ്ലോഗിൽ (Rtpen) തെരയുന്ന അക്ഷര സ്നേഹികൾക്കും  മനുഷ്യ സ്നേഹികൾക്കും  ഈ വികാസം ദർശിക്കാൻ സാധിക്കും.

നമ്മെ തിരുത്താനും പുതുക്കാനുമുള്ളതാണ് RT.  നമ്മോട് തന്നെ നിരന്തരം സാംസ്കാരിക കലപില കൂടാനുള്ളതാണ്RT. പ്രിയ  സന്മനസ്സുകളെ, നിങ്ങൾക്ക് വീണ്ടും അഭിവാദ്യങ്ങൾ. 

No comments:

Post a Comment