Sunday 11 December 2016

ഇരിക്കുന്നവരുടെ ഇടയിലിരുന്ന് ഉറങ്ങാതിരിക്കാൻ...../ അസ്ലം മാവില



ഇരിക്കുന്നവരുടെ
ഇടയിലിരുന്ന്
ഉറങ്ങാതിരിക്കാൻ.....


അസ്ലം മാവില

ഈ കുറിപ്പ് ആരു വായിച്ചില്ലെങ്കിലും RT - PYF ബാനറിൽ ഇരുന്ന വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും വായിക്കുമല്ലോ.

അറിയാനുള്ള കൗതുകമായിരിക്കണം ആഴ്ചകൾക്ക് മുമ്പ്  ഇരുപതോളം കുട്ടികളെ  ആദ്യത്തെ യോഗത്തിൽ എത്തിച്ചത് . പിന്നെ, പ്രതീക്ഷിച്ചത് പോലെ   അംഗബലം നേർപകുതിയോളമായി  കുറഞ്ഞു.  കലങ്ങിത്തെളിയാൻ സമയമെടുക്കുന്നത് വരെ ഏറ്റെടുത്ത ദൗത്യം വഴിയിൽ ഉപേക്ഷിച്ച് തിരികെ നടക്കുന്നത് ശരിയല്ലല്ലോ . അത് കൊണ്ട് ഉള്ളവരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് നീങ്ങി.  ഈ പ്രയാണത്തിൽ എന്തെങ്കിലും നന്മകൾ ആ കുട്ടികൾ  കൈ മുതലാക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.

കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, കൂടെ അവരവരിലുള്ള കഴിവുകൾ  പരിപോഷിപിക്കുക,. സൃഷ്ടിപരവും   സർഗ്ഗ സമ്പന്നവുമായ ഇടപെടലിന്റെ പുതിയ അനുഭവങ്ങൾ ശീലിക്കുക , വരുമ്പോഴും പോകുമ്പോഴും തലക്കനത്തിന്റെ ശരീരഭാഷ ഒഴിവാക്കുക,  തലയെടുപ്പോടെ നിൽക്കുക, മുൻ വിധി ഒഴിവാക്കുക, ഹാജറില്ലാത്തവന്റെ പൊയ് വാക്കിനേക്കാളും ഹാജറുള്ളവന്റെ സാക്ഷിമൊഴിക്കാണ് വിശ്വാസ്യതയെന്ന് തിരിച്ചറിയുക.   നമ്മുടെ മക്കളോട്  നാം ഇത്ര മാത്രമേ പറഞ്ഞുള്ളൂ, പറയാനുമുള്ളൂ.

 ചില വെറുംധാരണകൾ നമുക്ക് മാറാനുണ്ട് . അതിൽ ഒന്ന് RT സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമാകാൻ കുട്ടികൾ സാഹിത്യകാരൻമാരും കവികളും കലാകാരന്മാരുമാകണമെന്നതാണ്. തീർത്തും തെറ്റായ ധാരണയാണ്. RT യുടെ ഭാഗമാകാൻ ഒരു നല്ല സഹൃദയനായാൽ മാത്രം മതി. കാരുണ്യസ്പർശമുണ്ടായാൽ മതി. കൂടെ ക്രിയേറ്റിവിറ്റി  പ്രോത്സാഹിപ്പിക്കാനുള്ള സദ്മനസ്സും. പ്രതികരണശേഷിയും പ്രത്യുൽപന്നമതിത്വവും വായനയിൽ നിന്നും നല്ല സമ്പർക്കങ്ങളിൽ നിന്നു താനേ ഉണ്ടായിക്കൊള്ളും.

ഒന്ന് ഉറപ്പിക്കാം. സാംസ്കാരിക ജഡത്വവും ബൗദ്ധിക അടിമത്വവും അവരെ ബാധിക്കില്ല. അദ്ദിയുടെ വാക്കുകൾ കടമെടുക്കട്ടെ,  ഇരിക്കുന്നവരുടെ ഇടയിലിരുന്ന് അവർ ഉറക്കം തൂങ്ങില്ല. പകരം  ആരുറങ്ങിയാലും  കണ്ണിമ വെട്ടാതെ മറ്റുള്ളവർക്ക് അവർ കാവലാളായേക്കും

No comments:

Post a Comment