Saturday, 24 December 2016

യൂസ്ഡ് വസ്ത്ര ശേഖരണം : നൽകുന്നവർ ശ്രദ്ധിക്കേണ്ടത്/ അസ്‌ലം മാവില

യൂസ്ഡ് വസ്ത്ര ശേഖരണം :
നൽകുന്നവർ ശ്രദ്ധിക്കേണ്ടത്

അസ്‌ലം മാവില

ഓൺ ലൈൻ ഗ്രൂപ്പിലെ ഉത്തരവാദപ്പെട്ടവർ എനിക്ക് ചില ഫോട്ടോകൾ അയച്ചു തന്നു. വളരെ പ്രയാസം തോന്നി.

ഓൺലൈൻ ഗ്രൂപ്പിന്റെ നല്ല സംരംഭങ്ങളിൽ ഒന്നായ ഉപയോഗയോഗ്യമായ വസ്ത്രശേഖരണത്തിന് പട്‌ല ജംഗ്‌ഷനിൽ ഒരു കളക്ഷൻ ബിൻ സ്ഥാപിച്ചിരുന്നവല്ലോ. ഒരു നല്ല ഉദ്ദേശത്തോടു കൂടിയാണ് അങ്ങിനെയൊരു ബിൻ സ്ഥാപിച്ചത്.  അങ്ങിനെ അവരുദ്ദേശിച്ച രീതിയിൽ തന്നെ സഹകരിക്കുകയും ഉപകാരപ്പെടുന്ന സ്റ്റഫ് അവർക്ക് ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുമുണ്ട്. കൂട്ടത്തിൽ ഒരു കാര്യം കൂടി പറയാതെ വയ്യ,    തികച്ചും ഉപയോഗ ശൂന്യമായ വസ്ത്രങ്ങളും അതിൽ നിറയുന്നു. അത്തരം ചില ഫോട്ടോകളാണ് എന്റെ ഈ കുറിപ്പിനാധാരം.

മാസങ്ങൾക്ക് മുമ്പും ഞാൻ ഈ വിഷയം സോഷ്യൽ മീഡിയയിൽ എഴുതിയിരുന്നു. ഓൺലൈൻ ഗ്രൂപ്പിന്റെ ഈ സദുദ്യമത്തെ ചൂണ്ടിക്കാണിച്ചു.  ഒരു കുഞ്ഞുടുപ്പ് വാങ്ങാൻ പ്രയാസപ്പെടുന്നവർക്ക്  ഒരു ആഴ്ചയെങ്കിലും ധരിക്കാൻ പാകത്തിന്  ഉപയോഗിക്കാൻ സാധിക്കണമെന്ന് തോന്നുന്നത് മാത്രം ആ ബിന്നിൽ നിക്ഷേപിക്കുക. വീട്ടിൽ നിന്ന് ഒരു വെയിസ്റ്റ് മാറിക്കിട്ടട്ടെ എന്ന തോന്നൽ ഇതിനു പിന്നിൽ ഉണ്ടാകരുത്. കീറിപ്പറിഞ്ഞതും ബട്ടൺ പൊട്ടിയതൊക്കെ ആരെങ്കിലും ഉപയോഗിക്കുമോ ? ഇല്ലല്ലോ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം used cloth collection bin കാണാം. ഗൾഫ് നാടുകളിൽ അന്താരാഷ്ട്രാ സംഘടനയായ  റെഡ് ക്രസന്റിന്റ പോലെയുള്ള സംഘടനകളാണ് ഈ ഉത്തരവാദിത്തമൊക്കെ ചെയ്യുന്നത്. പുതിയ ഒരുടുപ്പ് കൊടുക്കാൻ നമുക്കേതായാലും സാധിക്കില്ല. പക്ഷെ, നമ്മുടെ വീടുകളിൽ പുതിയ ഉടുപ്പുകൾ കാണും, വീട്ടിലെ ആർക്കും പല കാരണങ്ങളാൽ ഉപയോഗിക്കാൻ സാധിച്ചിച്ചിട്ടുണ്ടാകില്ല. നീളക്കുറവ്, ഇറക്കക്കൂടുതൽ, നിറം ഉദ്ദേശിച്ചതല്ല, തുന്നലിലെ തന്നെ പ്രശ്നങ്ങൾ, കമ്പനിയിൽ നിന്ന് ഓസിന് കിട്ടിയത് , വീട്ടിൽ കുട്ടികൾ ഉപയോഗിക്കാത്തത്, ഔട്ട് ഓഫ് ഫാഷനായത് അങ്ങിനെ പലതും. അത് നല്കാൻ സാധിക്കും.  ഒരു സൽക്കാരത്തിനോ കല്യാണത്തിനോ വിരുന്നിനോ വിസ്താരത്തിനോ ഒരൊറ്റ വട്ടം മാത്രം ഉപയോഗിച്ച ഒരു പാട് വസ്ത്രങ്ങൾ നമ്മുടെ അലമാരയിലും തട്ടിൻപുറത്തും പ്ലാസ്റ്റിക് കൊട്ടയിലും കട്ടിലിന്നടിയിലും ഡംപ് ചെയ്തു വെച്ചിട്ടുണ്ട്.

ഒരു ഒഴിവ് ദിവസം. കുട്ടികളെയൊക്കെ കൂട്ടി, കെട്ട് പൊട്ടിക്കുക. നിങ്ങൾക്കത് കുടുംബങ്ങളിൽ ഉപയോഗിക്കാം. ബാക്കിയുള്ളത് വീണ്ടും അങ്ങിനെ തന്നെ കെട്ടിവെക്കുന്നതിന് പകരം ഇതേപോലെയുള്ള ബിന്നുകളിൽ നിക്ഷേപിക്കാം. അലക്കി, വൃത്തിയാക്കി, ഇസ്തിരിയിട്ട്.

ഒരു പരിധിയൊക്കെ കഴിഞ്ഞാൽ ഏത് വസ്ത്രവും നിറം മാറും, തുന്നൽ പൊട്ടും, ദ്രവിച്ചു പോകും. ഉപകാരപ്പെടാതിരിക്കുന്നതിലും നല്ലതല്ലേ നമ്മുടെ കണ്ണിന് മുന്നിൽ ഞങ്ങളെ ഏൽപ്പിക്കൂ, അർഹരെ കണ്ടെത്തി കൊടുക്കാം എന്ന് പറഞ്ഞു, നമുക്ക് തന്നെ അറിയുന്നവർ മുന്നോട്ട് വരുമ്പോൾ, അവരെ ഇതൊക്കെ ഏൽപ്പിക്കുക എന്നത്.

ഇതെഴുതിയത് ഗുണകാക്ഷയോടെയാണ്. 90 ശതമാനവും നല്ല വസ്ത്രങ്ങൾ തന്നെയാണ് ആ ബിന്നിൽ ലഭിച്ചത്. അബദ്ധം മൂലമോ അശ്രദ്ധമൂലമോ വന്ന പിഴവാകാം ബാക്കി 10 ശതമാനം. ഏതായാലും എന്തിനും ഒരു ജാഗ്രത നല്ലതാണല്ലോ.

നന്മ ചെയ്യുന്നവരുടെ കൂടെ നമുക്ക് കൈകോർക്കാം, മനസ്സ്‌കൊണ്ടെങ്കിലും അവർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാം. 

No comments:

Post a Comment