Wednesday 28 December 2016

ഉപരിപഠനാന്തരീക്ഷം ഉണ്ടാകുന്നതെപ്പോൾ / അസ്‌ലം മാവില

ഉപരിപഠനാന്തരീക്ഷം
ഉണ്ടാകുന്നതെപ്പോൾ

അസ്‌ലം മാവില

ഒന്നാം ക്‌ളാസ്സിലാണ്  എന്റെ മകൻ ; അനിയന്റെ മകളും ഒന്നിൽ തന്നെ.  അവർ പരസ്പരം ഒരു ദിവസം ചോദിക്കുന്നത് കേട്ടു. നിനക്കെന്താകണമെന്നാണ് ആഗ്രഹം ?   കുട്ടികളോട് അധ്യാപകർ നിങ്ങൾ ആരായിത്തീരണമെന്ന്  ഇപ്പോൾ ഒന്നാം ക്‌ളാസ്സ് മുതൽ തന്നെ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു എന്നർത്ഥം. ആ കുഞ്ഞു മനസ്സുകളിൽ  ചിലതൊക്കെ രൂപപ്പെടുന്നുണ്ടാകണം.

ഉപരിപഠന സങ്കൽപത്തിന്റെ കാര്യത്തിൽ  പിന്നെ നമുക്കെവിടെയാണ് പിഴക്കുന്നത് ? ഇതൊരു ചോദ്യമാണ്. എല്ലാ വർഷവും കൃത്യമായി ജയിച്ചാലേ മുന്നോട്ട് പോകൂ എന്നത് എല്ലാവർക്കുമറിയാം. പക്ഷെ, അങ്ങിനെ മുന്നോട്ട് പോകാൻ അത് മാത്രമേ മാർഗ്ഗമുള്ളൂ എന്ന മൈൻഡ് സെറ്റപ്പ് ഉണ്ടാക്കിയാലോ ? അവിടെ തന്നെ പിഴച്ചു. ഒരു തോൽവിയോട് കൂടി എല്ലാം തീരണമെങ്കിൽ ഇവിടെ പലരും ഉന്നത സ്ഥാനത്ത് എത്തിയിട്ടുണ്ടാകില്ല. 1979 ഐ.എ.എസ് ബാച്ചുകാരാനായ അൽഫോൻസ് കണ്ണന്താനം തന്റെ അക്കാദമിക് പഠനത്തിനിടക്കുള്ള പരാജയത്തെക്കുറിച്ചു  .പറയുന്നുണ്ട്.

ഒരു എക്സാം തോറ്റാൽ അതോടെ ''ഉട്ക്കന്നാൾ'' എന്ന രീതിയാണ് വിദ്യാഭ്യാസരംഗത്ത്  കാര്യമായ മണ്ണാംകട്ട   ഉണ്ടാക്കാത്ത/ ഉണ്ടാകാത്ത  നമ്മുടെ നാട്ടിലെ നിലപാട്. ഒരുകാലത്തു നാമൊക്കെ എഡ്യുക്കേഷന്റെ കാര്യത്തിൽ  തള്ളിയ തളങ്കരപോലെയുള്ള പ്രദേശങ്ങളിൽ  എത്രയെത്ര ബിരുദ -ബിരുദാനന്തരധാരികളും ഗവേഷണ വിദ്യാർത്ഥികളും ഉദ്യോഗാര്ഥികളും പ്രൊഫഷണൽ രംഗത്ത് ഉയരങ്ങളിൽ എത്തിപ്പെട്ടവരുമാണ് ഉള്ളത്.

അക്കാദമിക് വിദ്യാഭ്യാസ രംഗത്ത് നാമിപ്പോഴും പിന്നിലായതിന്റെ കാരണം പഠിക്കാൻ തയ്യാറാകണം. ഇപ്പോഴും ചെറിയ കുട്ടികളിൽ വരെ ആരൊക്കെയോ കുത്തിവെച്ചിട്ടുള്ളത് പ്രായം 18 കടന്നാൽ മതി; പിന്നെ ഒന്ന് രണ്ടു കൊല്ലം തേരാപാര നടത്തം; അത് കഴിഞ്ഞു സഹികെടുമ്പോൾ ആരെങ്കിലും അക്കര കടത്തിക്കൊള്ളുമെന്നാണ്.  അതൊക്കെ കൊണ്ടാണ് അധ്യാപകരോട് ഏതാനും വര്ഷം മുമ്പ് വരെ ചില കുട്ടികൾ അച്ഛന്റെ  വരുമാനവും ടീച്ചറുടെ വരുമാനവും താരതമ്യം ചെയ്തു ഡയലോഗ് അടിച്ചിരുന്നത്. (സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള സ്കൈൽ പുതുക്കിയത് കൊണ്ട് ഇനി ഏതായാലും പൂതി ഉണ്ടെങ്കിൽ പോലും  അങ്ങിനെ ഒരു അറ്റകൈക്ക് കുട്ടികൾ നിൽക്കില്ല).

പഠിക്കുന്ന കുട്ടികളെ ആദരിക്കുന്ന,  അവരർഹിക്കുന്ന പരിഗണന നൽകുന്ന സമൂഹം ഉണ്ടാകണം. അവർ ഒരു പരീക്ഷയിൽ തളരുമ്പോൾ അതോടെ പഠനം  നിർത്തുന്ന/ നിർത്തിക്കുന്ന സമീപനം ആരിൽ നിന്നുമുണ്ടാകരുത്. കുട്ടികളുടെ പഠന കാര്യമന്വേഷിക്കുമ്പോൾ പോലും ലക്‌ഷ്യം അവരോടുള്ള ഗുണകാംക്ഷയും അവർക്ക് ലഭിക്കേണ്ടുന്ന  പ്രോത്സാഹനവും സാന്ത്വനവുമായിരിക്കണം. തോറ്റെന്നു കേട്ടാൽ, ഞാനതൊക്കെ അറിഞ്ഞിട്ടുണ്ടെന്ന വ്യംഗ്യമായി സൂചിപ്പിക്കാനാകരുത് ഒരു കുശലാന്വേഷണവും പയക്കം പറച്ചിലും.

അതേപോലെ കൂട്ടുകെട്ടുകൾ അവർക്ക് സപ്പോർട്ട് നൽകണം. അതിനുള്ള പ്രോത്സാഹനമാണ് നൽകേണ്ടത്. പ്രോഗ്രാമുകൾ, ഷെഡ്യൂളുകൾ തയ്യാറാക്കുമ്പോൾ കൂട്ടുകാരന്റെ പഠനം, പരീക്ഷ, ഗൃഹപാഠം തുടങ്ങിയവയൊക്കെ പരിഗണിക്കാൻ കൂട്ടുകെട്ടുകൾ തയ്യാറാകണം. എന്നും മൊബൈൽ വർത്തമാനവും കളിക്കാര്യവും പറഞ്ഞു നേരം കൊന്നാൽ നാടോടും ഒരു സംശയവുമില്ല. നടുവേ നമ്മൾ ഓടാതെ ഓടും. പക്ഷെ, മാറ്റം ''ഒരഫ'' പ്രതീക്ഷിക്കരുത്.

ഒരൊറ്റ ലൊക്കാലിറ്റി എന്റെ ടാർജറ്റേ അല്ല. ഈ കുറിപ്പ് ഒരു ലൊക്കാലിറ്റിയെ മാത്രം ഉദ്ദേശിച്ചുമല്ല. എവിടെയൊക്കെ എന്റെ കുറിപ്പ് പാറിയെത്തുന്നുവോ അവിടെയൊക്കെ എന്റെ ലേഖനത്തിലെ പ്രസക്തമെന്നു തോന്നുന്ന ഭാഗങ്ങൾ വിശകലനം ചെയ്യപ്പെടുമെങ്കിൽ അത് വളരെ നല്ലതുമാണ്. ഇനി പറയട്ടെ, എന്ത് കൊണ്ട് മഹല്ലുകളിൽ കുട്ടികളുടെ വിദ്യാഭ്യാസം ഒരു ചർച്ചയേ ആകുന്നില്ല. അങ്ങിനെ ചർച്ച വരുന്ന രൂപത്തിലുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിട്ടും നാമാരും ഉപയോഗിക്കാത്തത് എന്ത് കൊണ്ട്?  എല്ലാ ലൊക്കാലിറ്റിയിലും കാണും വിദ്യാഭ്യാസ കാര്യത്തിൽ തത്പരരായ വ്യക്തികൾ. ഒരു പക്ഷെ, അവർക്ക് ഉന്നത ബിരുദങ്ങൾ ഉണ്ടായിക്കൊള്ളണമെന്നുമില്ല. പക്ഷെ, കണ്ടും കേട്ടും വായിച്ചും ഇടപ്പെട്ടുമുള്ള ഒരു അനുഭവം അവരെ എല്ലാ ബിരുദങ്ങളെക്കാളും വലിയ യോഗ്യരാക്കിയിരിക്കും. എല്ലാവരും ബിരുദ ദാരികൾ ആകണമെന്നുമില്ല . ഒന്ന് മാറ്റിപ്പിടിക്കാൻ മഹല്ലുകൾ ശ്രദ്ധിച്ചാൽ തന്നെ ചെറിയ ചെറിയ നീക്കങ്ങൾ കൊണ്ട് വലിയ ചലനങ്ങൾ ഉണ്ടാക്കാൻ സാധിക്കും. അതിനൊക്കെ എവിടെ സമയം, അല്ലേ ?

ഹ്രസ്വകാലത്തെ പരിപാടികളും പദ്ധതികളുമാണ് നമുക്ക് ആകെ അറിയുന്നത്. അതാണെങ്കിൽ വല്ലതും കൈവെള്ളയിൽ വെച്ച് കൊടുക്കുന്നതോടെ നമ്മുടെ ഉത്തരവാദിത്തവയും തീരുന്നുവെന്നു തെറ്റുധരിക്കുകയും ചെയ്യുന്നു.  ദീർഘകാലമെന്ന ഒന്ന് ആരുടേയും അജണ്ടയിൽ  ഇല്ല. ഉപരിപഠനത്തിനു, പ്ലസ്‌ ടു മുതൽ മുകളിലോട്ടു, മുൻ‌തൂക്കം നൽകിയുള്ള ഒരു എഡ്യു-സപ്പോർട്ടിങ് വിഷൻ ആലോചിക്കാൻ നേരമായി.

നാടുനീളെ ഇന്ന് പ്ലസ്‌ ടു കുട്ടികളാണ്. അവർക്ക് ശരിയായ ദിശാബോധം നൽകാനും അവരുടെ അഭിരുചികൾ പരസ്പരം പങ്കുവെക്കാനും അതിനനുസരിച്ചുള്ള ഗൈഡൻസ് നൽകാനുമുള്ള കർമ്മപദ്ധതി ബഹുജനപങ്കാളിത്തത്തോടെ നടപ്പിലാക്കാൻ  മഹല്ലു സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം.   അതിന്റെ ഗുണഭോക്താക്കൾ എല്ലാ ''ബ്രാൻഡിൽ'' പെട്ട കുട്ടികളുമാകണം.

എങ്ങിനെ ഏത് രൂപത്തിൽ എന്നൊക്കെ ഒരു കുറിപ്പിൽ പറയേണ്ട വിഷയങ്ങളല്ല. നിരന്തരം  ക്ഷമാപൂർവ്വം അവധാനപൂർവ്വം ഇരിക്കാനും ഫോള്ളോഅപ്പ് ചെയ്യാനും ഒരു ഇടമൊരുങ്ങിയാലേ അത്തരം ''എന്ത്, ഏത്, എപ്പോൾ,  എങ്ങിനെ''കൾക്ക് പ്രസക്തിയുള്ളൂ.

മുമ്പ് എല്ലാ വീട്ടു മുറ്റത്തും കൊക്കോ ചെടികൾ നട്ടിരുന്നു. കാരണം ചോദിച്ചപ്പോൾ പറഞ്ഞിരുന്നത് എല്ലാരുടെയും  മുറ്റത്തും കണ്ടു, അങ്ങിനെ ഞാനും നട്ടു. അതുപോലെയായിട്ടുണ്ട് കുട്ടികളെ പ്ലസ് ടു വിനു ചേർക്കുന്നതും കടമ്പ കടന്നാൽ തുടർ പഠനത്തിന് അയക്കുന്നതും. ആ കോഴ്സ് എന്തിനായിരുന്നു തെരഞ്ഞെടുത്തതെന്ന് ചോദിച്ചാൽ പോകുന്നവനോ അയക്കുന്നവർക്കോ ഒരു ഉത്തരമല്ലാതെ വേറൊയൊന്നുമുണ്ടാകില്ല. അതെന്താണെന്ന് ഞാൻ ഇനിയും  പ്രത്യക്ഷമായി എഴുതേണ്ടല്ലോ.

No comments:

Post a Comment