Wednesday, 7 December 2016

അവബോധത്തിന്റെ നേർവായന / അസ്ലം മാവില

അവബോധത്തിന്റെ നേർവായന
 ------------------------- --- 
അസ്ലം മാവില
 --------------- 
മുന്നറിവ് പങ്ക് വെക്കലാണ് ബോധവൽക്കരണം. ചുറ്റുഭാഗങ്ങൾ നിരീക്ഷിച്ച് വരുംവരായ്കകൾ കാലേകൂട്ടി മനസ്സിലാക്കി മുൻകരുതലിനായി മനസ്സ് പാകപ്പെടുത്തുക, തെറ്റുധാരണകൾ നീക്കുക, പരാമൃഷ്ട വിഷയം പഠിക്കാൻ അവസരമൊരുക്കുക . 

പ്രബുദ്ധ ഭൂമികയിൽ ബോധവൽക്കരണത്തിന് വലിയ പ്രാധാന്യമുണ്ട്. അത് സുതാര്യമായ അഭിസംബോധനക്കവസരമുണ്ടാക്കുന്നു. ശരിക്കും അവബോധമെന്നാണ് അർഥമാക്കേണ്ടത്. ആംഗലേയത്തിൽ awareness എന്ന് പറയും. മാറ്റം ആഗ്രഹിക്കുന്നതിന്റആദ്യപടിയാണ് അവബോധം. സ്വീകരിക്കാനുള്ള മനസ്സാണ് അതിന്റെ രണ്ടാം ചുവട് വെപ്പ്. 

ഒരു മനുഷ്യന് നാല് വരദാനങ്ങളുണ്ട്. മനസാക്ഷി, സ്വയാവബോധം, സ്വതന്ത്ര മനോധർമ്മം, ക്രിയാത്മക സർഗ്ഗ സൃഷ്ടി. ആത്യന്തികമായി ഒരാളിൽ ചിന്താ സ്വാതന്ത്ര്യം ഒരുക്കൂട്ടുന്നതിൽ ഇവയ്ക്ക് മുഖ്യ പങ്കുണ്ട്. മാറാനും മാറ്റാനും ഉചിതമായ ത് തെരെെഞ്ഞടുക്കാനും ഇത് വഴി വെക്കുന്നു. ഇവിടെയും awareness (അവബോധം/ ബോധവൽക്കരണം ) എണ്ണിയിട്ടുണ്ട്. 

ലഹരി വിരുദ്ധ കാമ്പയിനായാലും ഭിക്ഷാടന മാഫിയാ കാമ്പയിനായാലും സാംസ്കാരിക ഉയർത്തെഴുന്നേൽപ്പിന്റെ തുടികൊട്ടാണെങ്കിലും ബോധമനസ്സുകളിലവ ഉലയൂതാനുള്ളതാണ്. അത് പറയാൻ, കർമ്മ മണ്ഡലത്തിലിറങ്ങി പ്രവർത്തിക്കാൻ ആയിരം പേരെന്തിന്? അങ്ങിനെ വാശി പിടിക്കുന്നതെന്തിന്? 

നിരക്ഷരത അക്ഷരമറിയാത്തതിനെ മാത്രം പറയുന്ന പദമല്ല. അങ്ങിനെയും നാം തെറ്റുധരിച്ചിട്ടുണ്ട്. നമുക്കറിയാത്ത എന്തിലും നാം നിരക്ഷരരാണ്. ചൂഷകർ നമ്മുടെ നിരക്ഷരതയിൽ അടുപ്പ് കൂട്ടുന്നവരാണ്. അലസതയും അശ്രദ്ധയും മുൻഗണനയുടെ കാര്യത്തിലുള്ള ധാരണയില്ലായ്മവും ആത്മവിശ്വാസക്കുറവും ഏത് സമൂഹത്തിലും ഇത്തരം "അടുപ്പുകൾ " നിരന്തരം പൊങ്കാലയൊരുക്കും. 

യുവതലമുറയും വിദ്യാർത്ഥി സമൂഹവും ഇവ തിരിച്ചറിഞ്ഞാൽ അവർക്ക് നന്ന്. അല്ലെങ്കിൽ, ബുദ്ധിപരമായ അടിമത്വമാണ് അവരെ വലയൊരുക്കി കാക്കുന്നത്. അതിന്റെ പരിണിത ഫലങ്ങൾ അതിഭീകരമായിരിക്കും. 

എന്റെ ചുറ്റു ഭാഗം സുരക്ഷിതമാകണമെന്നും അതിനുള്ള മുന്നൊരുക്കം ഞാനാണ് തുടങ്ങേണ്ടതെന്നും തിരിച്ചറിയാത്തതിനെ നിങ്ങൾ എന്ത് പേര് വിളിക്കും? ഇതും EVENT MANAGEMENT നെ ഏൽപ്പിക്കണമെന്നോ?

No comments:

Post a Comment