Monday, 26 December 2016

പ്ലസ്ടു പഠനം ഊഫ്.... എന്ത്കൊണ്ട് ടഫ് ? / അസ്‌ലം മാവില

പ്ലസ്ടു പഠനം ഊഫ്.... എന്ത്കൊണ്ട് ടഫ് ?

അസ്‌ലം മാവില

എസ് എസ് എൽസി യിൽ മികച്ച മാർക്ക് വാങ്ങിയ   മിക്ക കുട്ടികളും പറയുന്ന പരാതികളിൽ ഒന്നാണ് അത് കഴിഞ്ഞുള്ള ക്‌ളാസ്സുകൾ കടമ്പകൾ ഏറെയുണ്ടെന്ന്.

ശരിയാണ്,  മുകളിലോട്ടുള്ള ക്‌ളാസ്സുകളിലേക്ക് പോകുന്തോറും താഴെ ക്‌ളാസ്സുകളിൽ ഉള്ളത്ര എളുപ്പമായിരിക്കില്ല. പക്ഷെ, ശരാശരി പഠിക്കുന്ന ചില കുട്ടികൾ ഉദ്ദേശിച്ചതിനെക്കാളും കൂടുതൽ മികവ് പുലർത്തുന്നതും കാണാം. പക്ഷെ അവർ എണ്ണത്തിൽ കുറവായിരിക്കും.

എന്ത് കൊണ്ട് ?

നമുക്കറിയാം പത്താംക്‌ളാസ്സ് കഴിഞ്ഞാൽ പതിനൊന്ന് മുതലിങ്ങോട്ട് തൊട്ടു മുമ്പത്തെ കോഴ്‌സിൽ പഠിച്ച പല വിഷയങ്ങളും ഒഴിവാക്കിയാണ് പഠിക്കുന്നത്. അതായത്, പത്താം ക്‌ളാസിൽ ഉള്ളപ്പോൾ എല്ലാ വിഷയങ്ങളും കുത്തിയിരുന്ന് പഠിക്കണം. പഠിച്ചിട്ടുമുണ്ട്. പതിനൊന്നിൽ എത്തുമ്പോൾ കണക്ക് മരുന്നിന് പോലും പഠിക്കാത്ത കോഴ്‌സുണ്ട്. ചില കോഴ്‌സിൽ സയൻസും ചരിത്രവുമില്ല.  പ്ലസ് ടു കഴിഞ്ഞു ഡിഗ്രിക്ക് പഠിക്കുമ്പോൾ വീണ്ടും സബ്ജക്ട് കുറഞ്ഞു വരും. ഡിഗ്രിയുടെ അവസാന വര്ഷമാകുമ്പോഴേക്കും ഒരൊറ്റ സബ്‌ജെക്ടിൽ കൂടുതൽ ശ്രദ്ധ ചെലുത്തി സിലബസ് തയ്യാറാക്കിയിരിക്കുക. പോസ്റ്റ് ഗ്രേഡുയേഷൻ മുതൽ അങ്ങോട്ട് സ്പെഷ്യലൈസേഷ് ചെയ്തു കുറച്ചുകൂടി ഒരൊറ്റ വിഷയം തന്നെ ഡീപായി പഠിക്കുകയാണ്.

അപ്പോൾ എങ്ങിനെയാണ് കുട്ടികൾ പഠനം മുകളിലേക്ക് പോകുന്തോറും  ബുദ്ധിമുട്ട് എന്ന് പറയുക ?
അത് വലിയ സ്‌കൂട്ടിങ് ആണ്. എന്റെ മക്കൾ അടക്കം രക്ഷിതാക്കളെ ''കപ്പലാ''ക്കുന്ന ഒരേർപ്പാടാണത്.

പ്ലസ് വൺ മുതൽ അങ്ങോട്ട് പഠിക്കുന്ന കുട്ടികളെ, പ്രത്യേകിച്ച് ആൺമക്കളെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? എത്രമണിക്കാണ് അവർ സ്‌കൂളിൽ എത്തുന്നത് ? എത്രമണിക്കാണ് തിരിച്ചു വരുന്നത്. വൈകുന്നതിന്റെ കാരണം ? നേരത്തെ വരുന്നതിന്റെ കാരണങ്ങൾ ? വൈകിട്ടു വീട്ടിൽ എത്തിയാൽ പിന്നെ അവർ എവിടെ പോകുന്നു ? ഇരിക്കുന്ന കുളക്കടവും വാ നോക്കുന്ന  കവലയും നേരം കൊള്ളുന്ന  കല്യാണ വീടും പിന്നെ പിന്നെ.... ഒഴിവ് ദിവസങ്ങളിലോ ? കൂടുതൽ വേണ്ട മൂന്ന് മണിക്കൂർ അവർ പഠിക്കാൻ ഇരിക്കുമോ ? ശനിയും ഞായറും ?

2014-ൽ ലബ്ബ കമ്മീഷൻ നിർദ്ദേശം പാസാക്കുന്നത് വരെ പ്ലസ്‌ ടു വിദ്യാർഥികൾ രാവിലെ 0930 മുതൽ 0415 വരെ ഇരുന്നാൽ മതി. പക്ഷെ ശനിയാഴ്ചയും സ്‌കൂളിൽ (കോളേജിൽ) പോകണം. പിന്നീട് ശനി ഒഴിവ് ദിനമാക്കി. പക്ഷെ നമ്മുടെ മക്കൾ 09.00  മുതൽ 04.45 ഇരിക്കണം. ഒരു ദിവസം മൊത്തം ലീവ് വേണം. പകരം ഒരു മണിക്കൂർ ദിവസം കൂടുതൽ ഇരിക്കില്ല. ഇതാണ് പിള്ളേരുടെ നയം. പല സ്‌കൂളിലും ഉച്ചയ്ക്ക് കുട്ടികളില്ല. ചില സ്‌കൂളുകളിൽ സ്പോർട്സ് ക്വാട്ടയിൽ വന്ന പിള്ളേരുണ്ട്. അവര് നേരത്തെ പരിശീലനത്തിന്റെ പേര് പറഞ്ഞു ഇറങ്ങും. ബാക്കിയുള്ള പിള്ളേർ ഇവരെ വായ നോക്കി സ്‌കൂൾ കട്ട് ചെയ്യും.  തന്റെ മക്കൾ കൃത്യ സമയത്തു സ്‌കൂളിൽ  എത്ര ദിവസമെത്തി എന്ന് ചോദിക്കുമോ ? ചേർക്കാൻ പോകാൻ ഉപ്പയും ഉമ്മയും അമ്മായിയും അയലോത്തോനും കൂട്ടത്തിൽ മൂത്ത സഹോദരനും സഹോദരീ ഭർത്താവും അമ്മാവനും എല്ലാവരും  ഉണ്ടാകും. പിന്നെ ആ സ്‌കൂളിന്റെ പടി കടക്കാൻ എല്ലാവർക്കും മടി. ആ മടി നമ്മുടെ വീട്ടിലെ പിള്ളേർക്ക് നന്നായി അറിയാം.

പതിനൊന്നു തൊട്ടങ്ങോട്ട് കുട്ടികൾ സ്വയം അന്വേഷണ തൃഷ്ണയോട് കൂടിയാണ് പുസ്തകത്തിന്റെ മുന്നിൽ ഇരിക്കേണ്ടത്. നമ്മുടെ കുട്ടികളോ ? മൊബൈലിൽ ആണ് ''തൃഷ്ണ'' കാണിക്കുന്നത്. അത് വാങ്ങിക്കൊടുത്തതോ നമ്മളും . പിന്നെ ഇവർക്ക് എന്ത് പറഞ്ഞാലും തലയിൽ കേറുമോ ? ഹോം വർക്കും തൊട്ട് തലേന്ന് പഠിപ്പിച്ചത് ഒരാവർത്തി വായിക്കാതെയും ചെയ്യേണ്ട നോട്ട് ദിനേന ചെയ്യാതെയും ആരുടെ മക്കളായാലും പച്ച കാണില്ല. ഒന്ന് പറ്റുമെങ്കിൽ പ്ലസ്‌ടു മക്കളുടെ പുസ്തകങ്ങൾ നോക്കുന്നത് നല്ലത്. 50 ശതമാനം പുസ്തകം നോട്ടും ടെക്സ്റ്റും അടക്കം  അവർ വാങ്ങിയിട്ടുണ്ടെങ്കിൽ, അത് കയ്യിൽ ഉണ്ടെങ്കിൽ  നിങ്ങൾ ഭാഗ്യവാനായ രക്ഷിതാവാണ്.

നമ്മുടെ നാടുകളിലെ, പ്രത്യേകിച്ച് മുസ്ലിം ഭൂരിപക്ഷമുള്ള ഏരിയകളിൽ,  രക്ഷിതാക്കളെ നിയന്ത്രിക്കുന്നത് ആരാണ് ? സ്‌കൂളും ബുക്കും പേനയും കണ്ടാലും കേട്ടാലും ''ക്ഷ'' പിടിക്കുന്ന ചില കൂട്ടുകാർ. കാരണം അവർക്ക് മഗ്‌രിബ് കഴിഞ്ഞു നാട്ടിലെ കുറ്റവും കുറവും പറഞ്ഞു നേരം കളയാൻ   ഈ പാവം മിസ്കീനുകളെ വേണം. അതിനനുസരിച്ചുള്ള ഒരു തിരക്കഥ ഇവർ മെനഞ്ഞുണ്ടാക്കിയിരിക്കും. മക്കളുടെ അടുത്ത് വെറുതെയെങ്കിലും അവരുടെ കൂടെ ഇരിക്കാൻ സമയം കണ്ടത്തേണ്ട നമ്മൾ, രക്ഷിതാക്കൾ, ഇരുട്ടത്ത് കുത്തിയിരുന്ന് നമ്മുടെ സ്വന്തം കൂട്ടുകാരന്റെ  നിറം പിടിപ്പിച്ച വാർത്ത കേട്ട് കോൾമയിർ കൊള്ളുന്ന തിരക്കിലും.  ഇതൊക്കെ നമ്മുടെ പിള്ളേർ ശ്രദ്ധിക്കുന്നുണ്ട്. അവർക്ക് മീശയും താടിയും മാത്രമല്ല വളരുന്നത്. നമ്മുടെ കൂട്ടുകെട്ട് കാണാനും വിലയിരുത്താനുമുള്ള  വിവേചന ബുദ്ധിയും വളരുന്നുണ്ട്.  നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാൻ  പറയേണ്ടത് പറഞ്ഞു.

അവസാനം ഒന്ന് കൂടി. എന്നെപ്പോലുള്ള പ്രവാസികളുടെ മക്കൾ കടമ്പ വല്ലതും കടന്നാൽ തമ്പുരാൻ പുണ്യമെന്നേ പറയേണ്ടൂ. അവരെ ആര്  നിയന്ത്രിക്കാൻ ! പടച്ചോൻ അവർക്ക് നേർവഴി കാണിക്കാൻ പ്രാർത്ഥിക്കാമെന്നേയുള്ളൂ.

No comments:

Post a Comment