Wednesday, 21 December 2016

പട്‌ലയുടെ ചരിത്രം എങ്ങിനെ വായിക്കാം ?

പട്‌ലയുടെ ചരിത്രം
എങ്ങിനെ വായിക്കാം ?

ഭാഗം ഒന്ന്

അസ്‌ലം മാവില

വിട്-ള രാജാവ് , അറസു ഭരണം ഏൽപ്പിച്ചിരുന്നത് ബല്ലാക്കമാരെയായിരുന്നു. 1700 -ന്റെ തുടക്കത്തിലാണ് വിട്-ള രാജഭരണം.   ബല്ലാക്കമാൻമാരുടെ കാലം മുതൽ തന്നെ പട്‌ല ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. അതിനു എത്രയോ  മുമ്പ് തന്നെ പട്‌ല യിൽ ജനവാസം ഉണ്ടാകാനാണ് സാധ്യതയും.   ശരിക്കും വലിയ ഭൂഉടമകളാണ് ബല്ലാക്കന്മാർ.

കാർഷിക വൃത്തിക്ക് പറ്റിയ നിലമുള്ള നമ്മുടെ ഗ്രാമത്തെ അത് കൊണ്ട് തന്നെ അവരുടെ ശ്രദ്ധയിൽ കൊണ്ട് വന്നിരിക്കണം. അവരിൽ വിഭാഗീയമായ ചിന്ത ഉണ്ടായിരുന്നില്ലെന്നാണ് ബല്ലാക്കന്മാരുടെ ചരിത്ര പശ്ചാത്തലം കണ്ണോടിക്കുന്നവർക്ക് മനസ്സിലാകുക.

കൃഷിയിറക്കാൻ പാകമാകുന്ന സമയത്തു   തങ്ങൾക്ക് അധീനതയിലുള്ള നാടുകളിലേക്ക് പരിവാരങ്ങളെയും വാല്യക്കാരെയും അയക്കുക പതിവായിരുന്നു. അതത് ക്ഷേത്രങ്ങളിൽ (മേഖല) പരമാവവധി ഉഴുതാനാവശ്യമായ പോത്ത്, കാള, കലപ്പ മുതലായവ സംഘടിപ്പിക്കുകയും ഒറ്റ ദിവസം കൊണ്ട് നിലമുഴുതുന്ന രീതിയായിരുന്നു അവലംബിച്ചിരുന്നത്. കൃഷി ഇറക്കി, നാട്ടിലെ വാല്യക്കാരെ ഉത്തരവാദിത്തം ഏൽപ്പിച്ചു  അന്നോ തൊട്ടടുത്ത ദിവസമോ അവർ തിരിച്ചു യാത്ര പോകും. കൊയ്ത്തു കാലമാകുമ്പോൾ വിളവെടുക്കാനും ധാന്യപ്പുരയിൽ സൂക്ഷിക്കാനും വീണ്ടുമവർ പരിവാരങ്ങളുമായി വരും.  തങ്ങളുടെ അധീനതയിലുള്ള സ്ഥലങ്ങളിൽ അവർ വീടും കുടിയും നൽകി പാർപ്പിച്ചിരുന്നു. പ്രത്യേക സമുദായക്കാരോട് മാത്രമായി ബല്ലാക്കന്മാർക്ക് പ്രത്യേക മമത ഇല്ലായിരുന്നു. വിട്ള രാജാവിന്റെ ആസ്ഥാനത്തിന്റെ പേര് ബാക്കുമാറു എന്നായിരുന്നു. അതേ പേരിനെ ഓർമ്മിപ്പിക്കുന്ന ബാക്കുമാറു (നമ്മൾ പറയുന്ന ബാക്കിത്യമാറു) അരമനയിൽ ഉണ്ട് താനും.

ബൂഡ്, അരമന എന്നീ പേരുകൾ ബല്ലാക്കന്മാർ ഭരിച്ച സ്ഥലങ്ങളിലൊക്കെ കാണാൻ സാധിക്കും. അവർ താമസിച്ചിരുന്ന അരമനയുടെ പേരാണത്രെ ബൂഡ്.   നമ്മുടെ പട്‌ല യിലെ ബൂഡ്  പോലെ തന്നെ കരിങ്കലയിലും ബൂഡ് ഉണ്ട്.  രാജാക്കന്മാരുടെ പ്രതിനിധികൾ താമസിക്കുന്ന സ്ഥലമാണ് അരമന. ഒറ്റപ്പെട്ട തുരുത്ത് എന്നർത്ഥത്തിൽ  മൊഗറും നമ്മുടെ നാട്ടിലുണ്ട്.  മൊഗർ അടക്കം ചുറ്റുഭാഗത്തുള്ള കൃഷിക്കാര്യങ്ങൾ ഒരൊറ്റ സ്ഥലത്തു നിന്ന് കൊണ്ട്  നിരീക്ഷിക്കാൻ കൂടിയായിരിക്കണം ബൂഡിൽ തന്നെ അവർ അരമനയ്ക്കായി സ്ഥലം തെരെഞ്ഞെടുത്തത്.

അതത് ഗ്രാമങ്ങളിൽ അവരോട് കൂറും കടപ്പാടും കാണിക്കുന്നവരായിരുന്നു അവരുടെ പ്രതിനിധികളും വാല്യക്കാരും. (വിശദമായ വായനയും പഠനവും ഇനിയും ആവശ്യമുള്ളത്കൊണ്ട് ഇവിടെ കൂടുതൽ വിശദീകരിക്കാൻ  ഭയപ്പെടുന്നു). ചിലരുടെ അഭിപ്രായത്തിൽ നമ്മുടെ നാട്ടിലെ ചൂതർമാർ  കേരളത്തിലെ നായന്മാർക്ക് തുല്യമോ അവരുടെ തന്നെ വള്ളിയോ ആകാനാണ് സാധ്യത. അല്ലെങ്കിൽ നായന്മാർക്ക്സമാനമായ ജാതിസ്ഥാനം അവർക്കുണ്ടെന്നെങ്കിലും അനുമാനിക്കാം. നമ്മുടെ ഗ്രാമത്തിന്റെ കൈകാര്യ കർതൃത്വം ഇവരുടെ കയ്യിൽ ഉണ്ടായിരിക്കണം.

സ്രാമ്പിയിൽ ചൂതർമാർ ഉള്ളതായും നമുക്ക് അറിയാം. ഇന്നത്തെ പതിവ്  പോക്ക് വരവ് വഴിയൊന്നുമല്ല അന്നത്തെ കാലത്തേത്. വലിയ പള്ളിയുള്ള ജങ്ഷനെക്കാളും കൂടുതൽ ആളുകൾ പോക്കുവരവിനായി ഉപയോഗിച്ചിരുന്നത് ഇബ്‌റാൻചാന്റെ  മമ്മീൻചാന്റെ പഴയ കടയുള്ള ഭാഗത്തുള്ള വഴികളായിരുന്നു. മധൂരിലേക്ക്(രണ്ടു ഭാഗത്തേക്കായാലും) പോകാൻ എളുപ്പവും അതായിരുന്നല്ലോ. മൊഗർ ഭാഗങ്ങളിൽ ഉള്ളവർക്ക് മധൂരിലെത്താൻ  മാത്രമായിരിക്കണം ഇപ്പോഴുള്ള വഴി അന്ന് ഉപയോഗിച്ചിരുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇപ്പോഴും ഭൂപ്രകൃതി നോക്കിയാൽ ഇന്ന് കാണുന്ന പട്‌ല ജംഗ്‌ഷൻ, സ്‌കൂൾ പരിസരമൊക്കെ അത്ര വലിയ  ആൾപെരുമാറ്റമില്ലാത്ത സ്ഥലങ്ങൾ ആകാനാണ് സാധ്യത കൂടുതൽ.സ്വാഭാവികമായും ഒരു കേന്ദ്രമാകാൻ എന്ത്കൊണ്ടും സാധ്യത സ്രാമ്പി തന്നെയാണ്. മാത്രവുമല്ല മീത്തൽ, സ്രാമ്പി ഭാഗങ്ങളിൽ സ്ത്രീകൾ വരെ കുട്ടികൾക്കു അക്ഷരം പഠിപ്പിക്കാൻ  അധ്യാപികമാരായുണ്ടായിരുന്നു. ഓതിക്കാൻ മക്കളെ അയച്ചിരുന്നതും മീത്തൽ ഭാഗത്തായിരുന്നു എന്നാണ് പറഞ്ഞു കേട്ടിരുന്നത്.   പഴമക്കാരുടെ  ഓർമ്മയിലും ആദ്യത്തെ ഏകാധ്യാപക പള്ളിക്കൂടവും സ്രാമ്പി ആണല്ലോ. ആ പള്ളിക്കൂടവുമായി മൂന്ന് തലമുറകൾക്കപ്പുറമുള്ള ഒരു ബന്ധവും ഞങ്ങൾക്കുണ്ട്.

പട്‌ല എന്ന പേരിലും മറ്റൊരു സാധ്യതയാണ് ഞാൻ കാണുന്നത്. ബല്ലാകന്മാരുടെ ആസ്ഥാനം വിട്-ലയാണ്. അവിടെയും സമാനമായ അരമന, ബൂഡ് പേരുകൾ മാത്രമല്ല, അവരുടെ വംശ പരമ്പരയുടെ ശേഷിപ്പുകളും കാണാൻ സാധിക്കും. ടിപ്പുവിന്റെ അധീനതയിലായിരുന്ന ഈ പ്രദേശങ്ങളിലെ നാട്ടു രാജാക്കന്മാർക്ക് കരപ്പണം കൂടുതൽ ചുമത്തിയതിൽ പ്രതിഷേധിച്ചതും തുടർന്ന് അവർക്ക് നാട് വിടേണ്ടി വന്നതും പിന്നീടുള്ള ചരിത്രം. അന്നത്തെ അവരുടെ മേൽനോട്ടക്കാർക്ക് തങ്ങളുടെ സ്വത്തും വിഭവങ്ങളും ഏല്പിച്ചാണ് അവർ നാട് വിട്ടതത്രെ. ആ ചരിത്രമൊന്നും നമുക്ക് ഇവിടെ വിഷയമേ അല്ലല്ലോ. കൂട്ടത്തിൽ പറഞ്ഞെന്നേയുള്ളൂ. അത്കൊണ്ട് പട്‌ല & വിട്-ല എന്നീ പേരുകൾ ബല്ലാക്കന്മാരുടെയോ അല്ലെങ്കിൽ അവരുടെ കൈകാര്യ കർത്താക്കളുടെയോ  വകയാകാനാണ് കൂടുതൽ സാധ്യത. വിട്-ലയുടെ ഒരു ഹ്രസ്വഘടന (miniature) ഇവിടെയും ഉള്ളത് കൊണ്ട് അവർ ''ഇല്ലി വിട്ട്ള , അല്ലി പട്-ള'' എന്ന് പ്രാസമൊപ്പിച്ചു പറഞ്ഞതായിരിക്കുമോ ? അല്ലാതെ  ഇത്രമാത്രം കാർഷിക വിളകൾ  നമ്മുടെ നാട്ടിലെ പണിക്കാർ അന്തി വരെ പണിയെടുത്തു ബല്ലാക്കന്മാർക്കും അവരുടെ മേസ്തിരിമാർക്കും നൽകിയിട്ട് പിന്നെയും നമ്മുടെ നാട് ''പട്-ല്'' (തരിശ്) ഇട്ടിരിക്കുകയാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്. ആ പ്രയത്ന ശാലികളായ പ്രപിതാക്കളോട് അങ്ങിനെയൊരു കഥയ്ക്ക് പിന്തുണ നൽകി നീതികേടു കാണിക്കാൻ എനിക്ക് പറ്റില്ല.

(നിങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും കേട്ട് കേൾവികളും കൈവശമുള്ള നേരിയ രേഖകളും സമർപ്പിക്കുക. നമുക്ക് നീണ്ട ചർച്ചയ്ക്ക് വിധേയമാക്കാമല്ലോ. )

No comments:

Post a Comment