Thursday 22 December 2016

ചർച്ച : നാടിന്റെ പേരും പെരുമയും / അസ്‌ലം മാവില


ചർച്ച :

നാടിന്റെ പേരും പെരുമയും

ഇന്നലെ പോസ്റ്റ് ചെയ്ത ലേഖനം  ശരിക്കും ഒരു ചർച്ചയ്ക്ക് വഴിതുറക്കാൻ വേണ്ടി ഉദ്ദേശിച്ചാണ്. അതിനനുസരിച്ചായിരിക്കും തുടർലേഖനങ്ങൾ ഈ ഫോറത്തിൽ പോസ്റ്റ് ചെയ്യുക.

ഇനി അഥവാ മറ്റു ഫോറങ്ങളിൽ ഇത് കൊണ്ടുപിടിച്ച ചർച്ച നടക്കുന്നുണ്ടോ ആവോ ? ഏതായാലും നമ്മുടെ നാടിന്റെ ചരിത്രപശ്ചാത്തലം ആരും ആധികാരികമായി നമുക്ക് കൈമാറിയിട്ടില്ല.  ഇക്കഴിഞ്ഞ ഒക്ടോബറിൽ ഉത്തരദേശത്തിൽ റിട്ട. പ്രധാനാധ്യാപകൻ  എച്ച് എ മുഹമ്മദ് മാസ്റ്റർ (അംഗഡിമൊഗർ) എഴുതിയ ''പതിനെട്ടാം നൂറ്റാണ്ടിലെ ബാക്കിമാറുലെ നെൽകൃഷി...'' എന്നോ മറ്റോ പേരുള്ള ഒരു ചരിത്ര ലേഖനത്തിലെ താത്പര്യമുണർത്തുന്ന ചില പരാമർശങ്ങളാണ് ഇന്നലെ (21 ഡിസംബർ 2016 ) അങ്ങിനെ ഒരു ലേഖനം എഴുതാൻ  എന്നെ പ്രേരിപ്പിച്ചത്.

നമ്മുടെ നാട്ടിൽ ഇന്നും ബാക്കിയുള്ള പേരുകളുമായി ഒരുപാട് സാമ്യങ്ങളും സാദൃശ്യങ്ങളും അതിൽ ഞാൻ ശ്രദ്ധിച്ചിരുന്നു. അരമന, ബൂഡ്, ബാക്കിമാറു, മൂഡവളപ്പ് തുടങ്ങിയ പദങ്ങളൊക്കെ നമ്മുടെ നാട്ടിൻപ്രദേശത്തെ ചുറ്റിപ്പറ്റികണ്ടപ്പോൾ എന്റെ അന്വേഷണ തൃഷ്‌ണയെക്കാളുപരി  കൗതുകമാണ് അങ്ങിനെ ഒരു എഴുത്തിനു  തുടക്കമിടാൻ എന്നെ നിർബന്ധിച്ചത്.  കഴിഞ്ഞ ആഴ്ച  ആർ ടി യിൽ ഈ വിഷയം സജീവമാക്കാനുള്ള  ''ഗ്രൗണ്ട് ഒരുക്കൽ'' അങ്ങുമിങ്ങുനിന്നും തുടങ്ങുകയും ചെയ്തിരുന്നു.

 സിപി യിൽ ഇടക്കാലത്ത് നിർത്തിയ ക്രിയാത്മകവും സർഗ്ഗാത്മകവുമായ ഇടപെടലുകൾക്ക് തുടക്കമിടാൻ ഗവർണിങ്ങ് ബോഡിയിൽ ഈയ്യിടെ  ഉയർന്നു വന്ന നിർദ്ദേശത്തെ തുടർന്ന് ഒരു  തുടക്കമെന്ന നിലയിൽ ഈ വിഷയം ആർടി മാറ്റി,  CP യിൽ ഞാൻ   പോസ്റ്റ് ചെയ്യുകയായിരുന്നു. അനുഭവസ്ഥരുടെ അഭിപ്രായങ്ങളും ഖണ്ഡനങ്ങളും മറ്റും കേൾക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. പ്രസ്തുതത ലേഖനത്തിലെ പരാമര്ശങ്ങളെ  ഖണ്ഡിക്കാൻ വേണ്ടി അസീസ് മാത്രമേ ശ്രമിച്ചിട്ടുള്ളൂ.

ഏതായാലും, നിങ്ങളുടെ പ്രതികരണമനുസരിച്ചു എന്റെ അന്വേഷണങ്ങളും നിരീക്ഷണങ്ങളും തിരുത്തലുകളും പുനർവായനകളും തുടർ ലേഖന രൂപത്തിൽ പ്രസിദ്ധീകരിക്കാനായിരുന്നു ഉദ്ദേശിച്ചത്. ഇപ്പോൾ നാട്ടിൽ ഉള്ളവർക്ക് തീർച്ചയായും ഹോം വർക്ക് നടത്താൻ പറ്റുമെന്നാണ് ഞാൻ കരുതുന്നത്. നിങ്ങളുടെ നിഗമനങ്ങളും ചോദിച്ചറിയലുകളും ഈ ഫോറത്തിൽ പങ്കുവെച്ചാൽ ഏറ്റവും നല്ലത്.

നാല് വര്ഷം കൂടിക്കഴിഞ്ഞാൽ  മകന്റെ കൂടെ ഹിസ്റ്ററിയിൽ പോസ്റ്റ് ഗ്രാജുവേഷനും തുടർ പഠനവും നടത്തുവാൻ തയ്യാറെടുക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം  ചരിത്രത്തെക്കുറിച്ചു  എക്കാലത്തെയുമുള്ള നിലപാട് ഇവിടെയും ആവർത്തിക്കുന്നു - ചരിത്രമെന്നത് അങ്ങിനെത്തന്നെയുള്ള പകർത്തി എഴുത്തല്ല. അങ്ങിനെ പ്രാപ്യവുമല്ല.  ചരിത്രം സാഹചര്യങ്ങൾക്കനുസരിച്ചുള്ള വായനയാണ്. ചരിത്രകാരന്റെ നിലപാടുകളും വീക്ഷണങ്ങളും ചരിത്രത്തെയും സ്വാധീനിക്കും.  അതറിയണമെങ്കിൽ  ചരിത്രകാരന്മാരായ ഇ.എം.എസ്സും ശ്രീധരമേനോനും വെവ്വേറെ എഴുതിയ കേരള ചരിത്ര ഗ്രന്ഥങ്ങളുടെ  ഏതാനും പുറങ്ങൾ ഒന്ന് കണ്ണോടിച്ചാൽ മതി.

വീണ്ടും,  ഇത്തരം ചർച്ചകളും എഴുത്തുകളും നമ്മുടെയിടയിൽ ഒരു കാലത്ത് നടന്നിരുന്നു എന്ന് വരും തലമുറകൾക്ക് കണ്ണോടിക്കുവാനെങ്കിലും RTPEN ബ്ലോഗിന്റെ ആർച്ചീവ്‌സിൽ വരമൊഴികളായി  എന്നുമുണ്ടാകും.


അസ്‌ലം മാവില


No comments:

Post a Comment