Tuesday, 27 December 2016

ചെറുകഥ / മക്കാനി / അസീസ് പട്‌ല

ചെറുകഥ

മക്കാനി


തന്‍റെ കടത്ത് തോണിയെ കുറ്റിയില്‍ തളച്ചു നേരെ കുറുപ്പേട്ടന്‍റെ ചായക്കടയിലേക്ക് ചെന്ന സൈതലവി പൊരിയും പലഹാരങ്ങളും അടുക്കി വെച്ച ചില്ലുകപ്പാട്ടില്‍ നോക്കി പറഞ്ഞു..

“കുറുപ്പേട്ടാ.. ഒരു ചായ,”

ചായ ആട്ടിക്കൊണ്ടിരുന്ന കുറുപ്പേട്ടന്‍ മേല്‍ തിട്ടയില്‍ നിന്നും കുനിഞ്ഞു നോക്കികൊണ്ട്‌

“ആരാ....സൈതാലിയോ?, ഇന്നെന്തേ വൈകീ..?”

കുറുപ്പേട്ടന്‍ ആ കരക്കാരുടെ മാനസപ്രിയനാണ്, ആരെയും സഹായിക്കുന്ന പ്രകൃതം, കടവ് കടന്നു അക്കര ചന്തയില്‍ പോകുന്ന ആരും അവിടന്നൊരു ചായ കുടിക്കുക പതിവാണ്, യു.പി. സ്കൂളും, ഒരു പ്രാഥമികാരോഗ്യ കേന്ദ്രവും, പോസ്ടാപ്പീസുമടങ്ങുന്ന, വെറും കാര്‍ഷികവൃത്തി ഉപജീവനമാക്കിയ ഒരു കൊച്ചു ഗ്രാമം,

കടവിന്നപ്പുറത്തെ ചന്തയില്‍ നിന്ന് പട്ടണത്തിലേക്ക് ബസ്‌ കിട്ടും, ദിവസത്തില്‍ മൂന്നോ നാലോ റൂട്ട്, ഒറ്റ ബസ്‌; അത് കൊണ്ട് തെന്നെ എല്ലാവരെയും പരസ്പരം തിരിച്ചറിയും.

“ഒന്നും പറയണ്ട കുറുപ്പേട്ടാ.., അക്കരെ ചന്തേല്  ഇന്ന് ചക്കാത്തിന് പ്രമേഹം ടെസ്റ്റ്‌ ചെയ്യുന്ന കാമ്പയിന്‍ ഉണ്ട്, കരക്കാരെ കടത്തീട്ടു തീരുന്നില്ല, നാണു ഇന്ന് വന്നതുമില്ല. പിന്നെ ഞാന്‍ ഒറ്റക്കല്ലേ? ന്തന്നാപ്പാ ചെയ്യാ...?”

ചക്കാത്തിന് എന്ന് കേട്ടപ്പോള്‍ തൊട്ടപ്പുറത്തുള്ള ബെഞ്ചില്‍ ചടഞ്ഞിരുന്നു ചായ കുടിച്ചുകൊണ്ടിരുന്ന കേളുനായര്‍ക്ക് ഒരു പൂതി.. ഒരമ്പത് അമ്പത്തഞ്ചു വരും വയസ്സ്....

“എടാ... സൈതാലി, നീ അക്കരെ  പോകുംമ്പോ  ഇന്നെക്കൂടി കൊണ്ടോണേ..., മടുത്തു.... ഈ മധുരമില്ലാത്ത ചായയും കാപ്പിയും കുടിച്ചു, ഇത്തിരി മധുരം കൈച് കാലം മറന്നു...”

ഇതു കേട്ട് പെട്ടെന്ന് ചിരിച്ചുപോയ സൈതാലി ചായക്കപ്പ് താഴെവച്ച് വിമ്മിഷ്ടം വിഴുങ്ങുന്നു, എക്കിളും ചുമയും തോളിലുള്ള മുണ്ട് കൊണ്ടാടക്കിപ്പിടിച്ചു കേളുനായരെ നോക്കി പറഞ്ഞു.

“അയിനു ഇങ്ങക്ക് ടെസ്റ്റ്‌ കൈഞ്ഞിക്കില്ലെന്ന്.... നീം ന്തന്നാപ്പാ, ചികിത്സക്ക് ധര്മ്മാശുപത്രീല് പോണം...നഹാ.. അല്ലാണ്ട് ഓല് മരുന്ന് കൊട്ക്കിണില്ല ”

പ്രായവും രോഗവും സമ്മാനിച്ച കവിളിലെ ചുളിവുകള്‍ പ്രകടമാവുംവിധം മുഖം ചുളിച്ചു നീരസത്തോടെ സൈതാലിയെ നോക്കി, പൊതിയില്‍ നിന്ന് ഒരു ബീഡിയെടുത്തു പുകച്ചു., ഒട്ടിയ കവിള്‍ക്കുഴി താടിരോമം മറച്ചുവച്ചു.


മുളയും ഓലയും തീര്‍ത്ത  തുറന്ന ജാലകത്തില്‍ കടവ് താണ്ടി വന്ന മന്ദമാരുതന്‍ കുളിരു കോരിയിട്ടു, അഞ്ജനക്കാരന്‍ മഷിയില്‍ നോക്കുന്ന സൂക്ഷ്മതയോടെ കുറുപ്പേട്ടന്‍ അടുപ്പത്തുവച്ച പാല് തിളയ്ക്കുന്നതും കാത്തിരുന്നു.. കിഴക്കെപുറത്തെ ബെഞ്ചിലുള്ളവര്‍ ഓരോ പത്രത്താളും മാറി മാറി വായിച്ചുകൊണ്ടിരിക്കുന്നു, അതിലൊരാള്‍ ചോദിച്ചു..

“അല്ല കുറുപ്പേട്ടാ.. നമ്മുടെ സ്കൂളില്‍ ഹെട്മാഷ് ഇല്ലാണ്ടായിട്റ്റ് ഇത് എത്രാമത്തെ മാസം?, മ്മളെ കരയോഗം പ്രസിടന്റ്റ് ന്നിനും കൊള്ള്ലാന്നൂ.....”

“ഈയായ്ച്ച വരുമെന്നല്ലോ  ഇന്നലെ പ്രസിടന്റ്റ് പറഞ്ഞത്”

തിളച്ച പാല്‍ വാങ്ങിവെച്ചു കുറുപ്പേട്ടാന്‍  താഴെ നിരത്തിലിറങ്ങി ഒരു ബീഡി കത്തിച്ചു വിദൂരതയില്‍ നോക്കി, ദൂരെ നിന്നും നടന്നു വരുന്ന ഒരപരിചിതനെ നോക്കി  സൈതലിയോടു പറഞ്ഞു,

“ആരാ......... ആ വരുന്നേ.... ഇന്ക്കറിയോ?”

ഓലയില്‍ തീര്‍ത്ത ചെറിയ ജനാലയില്‍ നോക്കി സൈതാലി പറഞ്ഞു...

“ആ.......നിക്കറിയില്ല”


അയാള്‍ നേരെ വന്നു കടയില്‍ കയറി, എല്ലാരോടും പുഞ്ചിരിച്ചുകൊണ്ട് കുറുപ്പേട്ടനെ നോക്കി ചോദിച്ചു..

“ഒരു ചായ തരുമോ?, മധുരം വേണ്ട!”

നല്ല ആരോഗ്യവാന്‍, വലതുവശത്തേക്ക് ചീകിവെച്ച ചുരുളന്‍ മുടി, കട്ടി കുറഞ്ഞ മീശ, അലക്കിതേച്ച വസ്ത്രം, പോക്കറ്റില്‍ പേനയുമുണ്ട്..ഒരു നാല്പതു നാല്പത്തഞ്ചു വയസ്സിനു മേലെ പോവൂല.....

സൈതാലിയും കേളുനായരും മുഖത്തോട് മുഖം നോക്കി...

“ഇങ്ങളെവിടുന്ന?” സൈതാലിയാണ് ചോദിച്ചത്


“കുറച്ചു തെക്കിന്നാ......”

“പേര്”

“ശേഖരന്‍”

“ഇങ്ങളെ കണ്ടിട്ട് മധുരത്തിന്‍റെ സൂക്കാട്‌ ബര്ണ്ട പ്രായം ആയിട്ടില്ലാലപ്പാ.., നല്ല ആരോഗ്യവും, മ്മളെ കേളുനായരെപ്പോലെയാ ങ്ങളെക്കണാന്‍?!”

അത് കേട്ട കേളുനായര്‍ ഈര്‍ഷ്യയോടെ ഒന്നൂടെ അമര്‍ന്നിരുന്നു..., അയാളും വിട്ടില്ല...

“സൈതാല്യേ.. ഇക്ക് പ്രമേയം ബന്നത് രണ്ടു കൊല്ലം മുമ്പാ, ഇപ്പൊ ബയസ്സു ഐമ്പത്തൊമ്പതു.”

“നിങ്ങളാരും തര്‍ക്കിക്കണ്ട” ചിരിച്ചുകൊണ്ട് ശേഖരന്‍ കേളുനായരെ നോക്കി ചോദിച്ചു

“നിങ്ങളുടെ പേര്..........?”,

“കേളു, കേളുനായര്‍ എന്ന് പറയും”,

“കേളു ചേട്ടാ.... നിങ്ങള്‍ ഷുഗര്‍ വന്നതിനു ശേഷമാണു മധുരം ഒഴിവാക്കിയത്, അല്ലെയോ?”

“അതെ”

“അതിനര്‍ത്ഥം പ്രമേഹം നിങ്ങളെ കീഴ്പെടുത്തി...”


കുറുപ്പ് ചായ ടാബ്ലിളില്‍ വച്ചു, കടിയോ പഴമോ വേണ്ടിവരുമോ എന്നമട്ടില്‍ ശേഖരനെ നോക്കി

“ഒരു പഴം പൊരി”

സൈതലിയും കേളുനായരും വീണ്ടും മുഖത്തോടു മുഖം നോക്കി.......

“അപ്പൊ ഇങ്ങക്ക് പ്രമേയോം ഇല്ലേ..?”, ആശ്ചര്യത്തോടെ കേളുനായര്‍

“ഹാ.. ഞാന്‍ പറഞ്ഞല്ലോ, കേളു ചേട്ടന്‍ പ്രമേഹത്തിനു കീഴ്പ്പെട്ടു, ഞാന്‍ പ്രമേഹത്തിനെ കീഴ്പെടുത്തും”

“അതെങ്ങനെ, ങ്ങള് മനസ്സിലാന്ന ഭാഷെല് പറീന്നൂ ....” സൈതാലിക്കു ക്ഷമ കെട്ടു ..

പഴംപൊരി കടിച്ചുകൊണ്ട് ശേഖരന്‍ തുടര്‍ന്ന്.........

“അതെ..... എനിക്ക് ഷുഗര്‍ ഇല്ലെട്ടോ, ഇപ്പോള്‍ ഞാന്‍ മധുരമില്ലാത്ത ചായയും കാഫിയും കുടിച്ചു പ്രമേഹതിനെ കീഴ്പെടുത്തി.......ഇനി വന്നാലും എനിക്ക് പുത്തനാവില്ല......പ്രമേഹത്തിന് എന്നെ ജയിക്കാനും കഴിയില്ല.....”


“കൊള്ളാലേ......ങ്ങളെ ബുദ്ധി,......... “ കുറുപ്പിനെ നോക്കി സൈതാലി പറഞ്ഞു

ഇനി മേല്‍ മ്മക്കും പഞ്ചാരയില്ലാത്ത ചായ മതീട്ടാ..........

കുറുപ്പ് ഉറക്കെ ചിരിച്ചുകൊണ്ട് ... “എല്ലാരും ഇങ്ങനെ വിചാരിക്കാച്ചാ ഇക്ക് ലാഭെയിനു ...

കൂട്ടച്ചിരി......

കേളുനായര്‍ക്കതത്ര രസിച്ചില്ല!


ഈ ബുദ്ധി നേരത്തെ ആരും പറഞ്ഞു തന്നില്ലല്ലോ എന്ന്‍ പിറുപിറുത്തു പൊതിയില്‍ നിന്നും അടുത്ത ബീഡിക്ക് തീ കൊളുത്തി...

കാശ് കൊടുക്കാന്‍ നേരത്ത് ശേഖരന്‍ പറഞ്ഞു

“ഞാന്‍ പുതീയ ഹെഡ്മാഷാണ്, രാത്രി നന്നേ ഇരുട്ടിയാ എത്തിയത്, നാണു എന്ന് പറയുന്നയാളാ എന്നെ കടവ് കടത്തിയതും  റുമിലെത്തിച്ചതും, നല്ല നാട്ടുകാര്‍, എല്ലാരോടും നന്ദിയുണ്ട്, ഇറങ്ങട്ടെ...

“സൈതാലി അറിയാതെ എണീറ്റ്‌ നിന്നു പോയി, കരയോഗം പ്രസിഡന്റിനെ കുറ്റപ്പെടുത്തിയവര്‍ പത്രത്താളില്‍ മുഖം മറച്ചു....

No comments:

Post a Comment